Friday, September 11, 2020

ഓര്‍മ്മക്കുറിപ്പ്(മൂന്നാംസ്ഥാനം)പുര

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരുത്രാടദിനം.ഊണുകഴിഞ്ഞാല്‍ വൈകുന്നേരത്തേക്കുള്ള പാലുവാങ്ങണം.അതെന്‍റെ ജോലിയാണ്.പതിവായി വാങ്ങുന്നവീട്ടില്‍  ഉത്രാടമായാലും പോയേപറ്റൂ.
തൊട്ടടുത്തുതന്നെയാണ് പാലുവാങ്ങാന്‍ പോകുന്ന 'കൊച്ചുതുണ്ടില്‍ വീട്'.

കളിക്കാന്‍ കൂട്ടുകാരൊത്തു
കൂടുന്ന സമയമായി.ഞാന്‍ പാല്‍പ്പാത്രവുമായി  'കൊച്ചുതുണ്ടില്‍'വീട്ടിലേക്കോടി.

അടുക്കളവശത്തൊന്നും ആളനക്കമില്ല.അടുക്കളക്കതകും അടഞ്ഞു കിടക്കുന്നു.

ഇവിടെ എനിക്കിഷ്ടപ്പട്ട ഒരു മുത്തശ്ശിയുണ്ട്.ചിലദിവസങ്ങളില്‍ കുളികഴിഞ്ഞ് വെളുത്ത മുടിവിടര്‍ത്തി കസേരയിലിരിക്കും.

വിലാസിനയക്ക പാലെടുക്കുന്ന സമയം ഞാന്‍ മുത്തശ്ശിയുടെ  കൈകളിലെ ചുളുങ്ങിയ തൊലിയില്‍ തൊടും,തലോടും.മുടി ചീകിക്കൊടുക്കും. അപ്പോഴൊക്കെ
മുത്തശ്ശി ചിരിക്കും.

അതുകൊണ്ടുതന്നെ അവിടെ പാലുവാങ്ങാന്‍ പോകാന്‍ എനിക്കിഷ്ടമായിരുന്നു.

രണ്ടുമൂന്നു വര്‍ഷം മുന്‍പുവരെ മുത്തശ്ശി  പുറത്തേക്കൊക്കെ പോകാറുണ്ടായിരുന്നു.

കിഴക്കതിലെ ലക്ഷ്മിയമ്മയുടെ വീട്ടിലൊക്കെ വരാറുണ്ട്. ഇൗയിടെയായി എങ്ങും പോകാറില്ല.

ഞാന്‍ നേരെ മുത്തശ്ശിയുടെ മുറിയുടെ ജനലിനു സമീപം ചെന്നു വിളിച്ചു.

''മുത്തശ്ശീ,മുത്തശ്ശീ,പാലെടുത്തു തരുമോ?''

എന്‍റെ വിളികേട്ട് മുത്തശ്ശിയിറങ്ങിവന്നു.ആ കണ്ണുകള്‍ എപ്പോഴും  നിറഞ്ഞിരിക്കും.വയസ്സായാല്‍ എല്ലാവരുടെയും  കണ്ണുകള്‍  ഇങ്ങനെയാകുമോ?

മുത്തശ്ശി പാലൊഴിച്ചു തന്നു.
എന്തിനെന്നറിയാതെ എന്‍റെ തലയില്‍ തഴുകിക്കൊണ്ടിരുന്നു.
''മുത്തശ്ശീ ,എന്‍റെ വീട്ടില്‍വരുന്നോ?''എനിക്ക് വല്ലാത്ത സ്നേഹം  തോന്നി.

മുത്തശ്ശി ചിരിച്ചു.

വെള്ളമുണ്ടും ബ്ലൗസ്സുമായിരുന്നു വേഷം.അകത്തുപോയി ഒരു തോര്‍ത്ത് ദേഹത്തിട്ടിട്ട് എന്നോടൊപ്പം വീട്ടിലേക്കു വന്നു.

വിളിച്ചതെന്തിനെന്നോ വന്നതെന്തിനെന്നോ ഞങ്ങള്‍ക്കു രണ്ടിനുമറിയില്ല.

ആ മൃദുവായ കൈകളില്‍ പിടിച്ചു വീടുവരെ നടന്നതിന്‍റെ സുഖം എങ്ങനെയാണെഴുതുക?

അടുക്കളയില്‍ നാരങ്ങ അച്ചാറിടുകയായിരുന്ന അമ്മയുടെ പിന്നില്‍ ചെന്നുനിന്നു ഞാന്‍.

മുത്തശ്ശി ഇറയത്തിരുന്നു.

ഞാന്‍ പാല്‍പാത്രം അടുക്കളയിലെ ഷെല്‍ഫില്‍ വച്ചിട്ട് ഒരു ജേതാവിനെപ്പോലെ അമ്മയെ തോണ്ടി.

''എന്താടീ?'' അമ്മ.

''കൊച്ചുകുറുമ്പിയമ്മ'' ഞാന്‍.

''പോ പെണ്ണേ,പിച്ചും പേയും പറയാതെ,എനിക്കു പണിയുണ്ട്,പറമ്പിലെങ്ങാനും പോയിക്കളിക്ക്''.

''അമ്മേ,ഇന്നലെയുണ്ടാക്കിയ ഉപ്പേരിയെവിടെ?''

''എന്തിനാണ്?..ചായയുടെ കൂടെത്തരാം.''

ഞാന്‍ അമ്മയുടെ കൈപിടിച്ച് ഇറയത്തേക്കു കൊണ്ടുപോയി.

കൊച്ചുകുറുമ്പിയമ്മയെക്കണ്ട അമ്മ അതിശയിച്ചുപോയി.
അവര്‍ മോണകാട്ടിച്ചിരിച്ചു
കൊണ്ടിരുന്നു.

ഞാനൊരുപാത്രത്തില്‍ ചിപ്സുമായി മുത്തശ്ശിയുടെ അരികിലെത്തി.

''മുത്തശ്ശിയ്ക്ക് പല്ലില്ലല്ലോ കുട്ടീ...എങ്ങനെയാ കഴിക്കുക?''

ഞാന്‍ അകത്തുപോയി ഒരു പാത്രത്തില്‍ ചോറും മോരും  തീയലും ഒഴിച്ചുകൊണ്ടു വന്നു കൊടുത്തു.

''ഞാന്‍ ഊണു കഴിച്ചതാ കുട്ടീ..ഇങ്ങടുത്തു വരൂ..''
മുത്തശ്ശി എന്നെ ചേര്‍ത്തു നിറുത്തി കരഞ്ഞുകൊണ്ടിരുന്നു.

എന്തിനാവാം മുത്തശ്ശി കരഞ്ഞത്?

അപ്പോഴേക്കും  അമ്മ വേഷം മാറിവന്നു,മുത്തശ്ശിയെ കൊണ്ടാക്കാന്‍.

കാരണം,ആരോടും പറയാതെ  വന്നതല്ലേ?

വര്‍ഷങ്ങള്‍ എത്രകഴിഞ്ഞിട്ടും മറക്കാത്തൊരോണയോര്‍മ്മയായെന്നില്‍  ഇന്നും  ഈ സംഭവം നിറഞ്ഞു നില്‍ക്കുന്നു.

പിറ്റേവര്‍ഷം ഓണത്തിന് കൊച്ചുകുറുമ്പിയമ്മ ഈ ലോകത്തില്ലായിരുന്നു.

അമ്മയുംമറ്റും ഈ സംഭവം എപ്പോഴും പറയുകയും പറയുമ്പോഴൊക്കെ സ്നേഹത്തോടെ  എല്ലാവരും എന്നെ നോക്കുകയും ചെയ്തതുകൊണ്ടാവാം ഇതൊരിക്കലും മറക്കാനാവാത്തത്....
പിന്നീട് ..പിന്നീട് ...ഇപ്പോള്‍  ഓര്‍മ്മിപ്പിക്കാന്‍ അമ്മയുമില്ലല്ലോ?..
എന്നിട്ടും ഞാനോര്‍ക്കുന്നതെന്തേ....

എല്ലാവര്‍ക്കും
ഓണാശംസകള്‍.

No comments:

Post a Comment