Friday, September 11, 2020

കവിത(കൂട്ടുകാരനെത്തേടുമ്പോള്‍)

കൂട്ടുകാരനെത്തേടുമ്പോള്‍....

തുറന്നുവോ വാതായനങ്ങ-
ളിനി,യന്ധകാരത്തിന്‍ കണികയുമകറ്റിടാം.

വിടരുകയായീ പൊന്‍പ്രഭാതവുമെന്‍
മനതാരില്‍ നിറയെ നല്‍ പുഷ്പങ്ങളും.

പഠിച്ചിടാന്‍ കൗതുകമേറുന്നുണ്ടൊട്ടു
കളിച്ചിടാന്‍, ഓടിച്ചാടിടാന്‍ കൊതിയുമേറെ.

മനമൊട്ടുവാടുന്നുണ്ടാ ജനലരുകില്‍
നീയെത്തിടാനിനിയും വൈകുവതെന്തേ?

ഇറ്റുതേന്‍തുള്ളിയ്ക്കായ്
കൊതിച്ചുപറക്കുമാത്തുമ്പിയെ
നമുക്കൊരുപോല്‍
നോക്കിടാമാനന്ദിച്ചിടാം.

എങ്ങുനീ? തുറക്കുകില്ലേ,യാ
വാതിലും,തുറന്നൊന്നുപുറത്തു
വരുകയില്ലയോ നീ സഖേ?

ശൂന്യമാം വീഥിയുമാ
നിശ്ശബ്ദവീടുകളു
മൊരുനൊമ്പരത്താലുണ്ണി
നോക്കിനില്‍ക്കവേ...

''മുറ്റത്തേക്കുറ്റുനോക്കി
യെത്രനേരമീനില്‍പ്പു
നില്‍ക്കുമെന്നുണ്ണീ..

വരൂ,നേരംപുലര്‍ന്നോട്ടേ,
ഇനിയും മദ്ധ്യാഹ്നവും
സായന്തനവും കഴിഞ്ഞിടും.

കൊടുംകറുപ്പുമായിരുട്ടെത്തിടും
പിന്നെയും വെളുക്കും നേരം
വെണ്‍മയേറിടും പകലുമെത്തും.''

അമ്മതന്‍ തേന്‍സ്വരമവന്‍തന്‍
കരളിലൊരുമധുരമേകിയെങ്കിലു-മെന്തിനോ ഉഴറുന്നാചെറുമനം
വെയില്‍മഴപോല്‍..

മദ്ധ്യവേനലവധിയും കഴിഞ്ഞുവല്ലോ
നമുക്കിനി പോയിടാം സഖേ
വിദ്യാലയമതിലാനന്ദിച്ചിടാം.

അമ്മതന്‍ തോളത്തു
ചാഞ്ഞുണ്ണിയാ വാതില്‍ക്ക
ലൊന്നുകൂടി നോക്കവേയീ,
വാതിലുമടച്ചമ്മ.

''തുറക്കുകില്ലുണ്ണീയിന്നുമാ
വിദ്യാലയം പഠിച്ചിടാമകത്തിരുന്നമ്മയില്ലേ നിനക്കൊപ്പം?

ഏറെനേരം നമുക്കൊന്നിച്ചിരുന്നാ
നന്ദിച്ചിടാമീ ദിനങ്ങളിനി
കിട്ടുകില്ലെന്നോര്‍ത്തമ്മയും
മോദിച്ചിടാം''.

തോളത്തുചാഞ്ഞുണ്ണിയ-
മ്മയോടൊട്ടി വീണ്ടും വീണ്ടും
കുഞ്ഞുണ്ണിയായ,മ്മയെ
പുണര്‍ന്നു മയങ്ങി.

സിന്ധു സുരേഷ്
1.07.2020

(ഫോട്ടോയ്ക്ക് കടപ്പാട്
രമ്യ കണ്ണന്‍)

No comments:

Post a Comment