വീട്ടാക്കടം
കൊടിയ താപത്തില്‍ കുളിര്‍ക്കാറ്റുപോലെയാ
വിളിയിനി കേള്‍ക്കില്ല കാതില്‍.
കൊടുംമഞ്ഞില്‍ക്കുളിരുമ്പോളിളംചൂടുപോലെയാ-
മൊഴിയിനി കേള്‍ക്കില്ല കാതില്‍.
സ്നേഹംനിറഞ്ഞുതുളുമ്പുമാക്കണ്ണിനാല്‍
യാത്രാമൊഴിയിനിയില്ല.
ഉണ്ണാതുറങ്ങാതുഴറിക്കരയുമ്പോള്‍
താരാട്ടുപാട്ടിനിയില്ല.
തിങ്ങിനിറയും വാത്സല്യച്ചൂടുമായ്
മൂര്‍ദ്ധാവിലില്ലിനി മുത്തം.
കനിവിന്നുറവയായ്, സ്നേഹത്തലോടലായ്,
ഉയരില്ലിനിയാക്കരങ്ങള്‍.
ഊറ്റിവലിച്ചുകുടിച്ചയാ,യമൃതിന്‍റെ
കടംമാത്രമിനിയെന്നും ബാക്കി.
അഴിയാത്ത ബന്ധച്ചരടുകള്‍ ചുറ്റിലു-
മെങ്കിലുമില്ലിനിയിതുമാത്രം.
മായുന്നുമറയുന്നു,മറക്കാത്തൊരോര്‍മ്മയായ്
വിറകിന്‍നിരകള്‍ക്കുമുള്ളില്‍,
തീയായഗ്നിയായ്,പുകയായൊരുപിടി-
ച്ചാരമായ് നിറയുന്നെന്‍ നെഞ്ചില്‍.
ഏകാകിയായിഞാനോര്‍മ്മതന്‍ കടവത്ത്
താരാട്ടു കേള്‍ക്കാന്‍ കൊതിച്ചും,
പഴന്തുണിക്കെട്ടില്‍ പതുങ്ങുംപഴമണം
നെഞ്ചോടമര്‍ത്തി മണത്തും,
അണച്ചുംമടക്കിയും വീട്ടാക്കടവുമായ്
വീണ്ടുമീയാള്‍ത്തിരക്കിലേക്ക്....
No comments:
Post a Comment