കഥ
സീനത്തുസാര്‍
''എന്ത്? സീനത്തുസാറു മരിച്ചെന്നോ?''വിശ്വസിക്കാന്‍ തോന്നുന്നില്ല.കഴിഞ്ഞ ആഴ്ചയിലും അമ്മാമ്മയുടെ കിഴക്കേമുറ്റത്തുള്ള പ്ലാവിന്‍ചുവട്ടില്‍നിന്നു
നീളമുള്ള കൈക്കമ്പികൊണ്ടു
പ്ലാവിലകുത്തുന്നതു കണ്ടതാണ്.
സീനത്തുസാര്‍ അഞ്ചാറു പ്ലാവിലകള്‍ തുടരെത്തുടരെ കുത്തി ഇടത്തേക്കൈകൊണ്ടു മുകളിലേക്കു വലിച്ചടുപ്പിക്കുന്നതു കാണുമ്പോള്‍ കൊതി തോന്നുമായിരുന്നു.
പലപ്പോഴും വിചാരിക്കും സീനത്തുസാറിന്‍റെ കൈയില്‍നിന്നു ആ കൈക്കമ്പി വാങ്ങി നിറയെ പ്ലാവില കുത്തിക്കൊടുക്കണമെന്ന്.
പക്ഷേ ബഹുമാനംകൊണ്ടോ ജാള്യംകൊണ്ടോ ഒരിക്കലുമതിനു കഴിഞ്ഞിട്ടില്ല.
അമ്മാമ്മയുടെ വീടിന്‍റെ രണ്ടു വീടിന്നപ്പുറത്താണു സീനത്തുസാറിന്‍റെ വീട്.
വീടിന്നടുത്തുള്ള സര്‍ക്കാര്‍വിദ്യാലയത്തിലെ അധ്യാപികയായിരുന്നു സീനത്തുടീച്ചര്‍.എല്ലാവരും സീനത്തുസാര്‍ എന്നു വിളിച്ചിരുന്നതിനാല്‍ താനുമങ്ങനെതന്നെ വിളിച്ചു.
സീനത്തുസാര്‍ കഴിഞ്ഞവര്‍ഷം റിട്ടേര്‍ഡായി.അതിനുശേഷം സമയം പോകാന്‍ രണ്ടാട്ടിന്‍കുട്ടികളെ വാങ്ങി.അവയ്ക്കു നല്കാനാണത്രേ പ്ലാവിലകുത്തുന്നത്.
സാറിന് മൂന്നാണ്‍മക്കളാണ്.അവര്‍ വിവാഹമൊക്കെക്കഴിഞ്ഞു ആ പറമ്പില്‍ത്തന്നെ വേവ്വേറെ വീടുവച്ചു താമസിക്കുന്നു.
അങ്ങനെ ആ പറമ്പില്‍നിന്ന വൃക്ഷങ്ങളെല്ലാം മുറിക്കപ്പെട്ടു.
കഴിഞ്ഞയാഴ്ചയില്‍ ഒരവധിദിവസം താന്‍ അമ്മാമ്മയുടെ വീട്ടില്‍പ്പോയി.അപ്പോള്‍ അമ്മാമ്മയുടെ വീടിന്‍റെ ഉമ്മറത്തു സാര്‍ അമ്മാമ്മയുമായി സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.
സാറിന്‍റെ പ്ലാവിലക്കമ്പിയില്‍ മുക്കാല്‍ ഭാഗത്തോളം പ്ലാവിലകള്‍.
''ഇന്നെന്താ പതിവില്ലാതെ രാവിലെ അമ്മാമ്മവീട്ടിലേയ്ക്ക്??കോളജില്‍ പോയില്ലേ?.'' സാര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
സാറിനെക്കണ്ടു അറിയാതെതന്നെ കൈകൂപ്പിപ്പോയി.
''സാര്‍ ,ഇന്നു ഹര്‍ത്താലല്ലേ,ഇവിടെവന്നു അമ്മാമ്മയെ കാണാമെന്നു കരുതി.ഏതായാലും സന്തോഷമായി,സാറിനെയും കാണാന്‍ സാധിച്ചല്ലോ?''
തന്‍റെ മറുപടികേട്ടു ആ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
''എന്താ കുഞ്ഞേ,എപ്പോള്‍ വേണമെങ്കിലും നിനക്കെന്‍റെ വീട്ടില്‍ വരാമല്ലോ? ഞാനവിടെ ഒറ്റയ്ക്കല്ലേ?..'' സാര്‍ കൂട്ടിച്ചേര്‍ത്തു,
''പെണ്‍മക്കളുള്ളവര്‍ ഭാഗ്യമുള്ളവരാണ്,അല്ലേ സുമതിയമ്മേ? വേഗം കെട്ടിച്ചുവിട്ടാല്‍പ്പിന്നെ കുഞ്ഞുമക്കളൊക്കെ ഇങ്ങനെ ഇടയ്ക്കിടെ വന്നും പോയും നില്ക്കുമല്ലോ?''
സാറിന്‍റെ സ്വരത്തിന് ദുഃഖത്തിന്‍റെ ലാഞ്ഛനയുള്ളതായിത്തോന്നി.
അമ്മാമ്മ വെറുതെ ചിരിച്ചതേയുള്ളൂ.
സാര്‍ മെല്ലെ പ്ളാവിനടുത്തേയ്ക്കു നീങ്ങി.പ്ലാവില്‍നിന്നു ഒന്നുരണ്ടണ്ണാറക്കണ്ണന്‍മാര്‍ ഒന്നിനുപിറകെ ഒന്നായി താഴോട്ടിറങ്ങി വരുന്നുണ്ടായിരുന്നു.
സാറിന്‍റെ കാല്പെരുമാറ്റം കേട്ടിട്ടാവണം അവ വേഗത്തില്‍ മുകളിലോട്ടു കയറിപ്പോയി.
''സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഒരു വിഷമവും ഇല്ലായിരുന്നു.വീട്ടിലിരുന്നു മടുത്തു.ഇവിടെ ഈ പ്ലാവുള്ളതുകൊണ്ടു ഇതിന്‍റെപേരില്‍ ഇങ്ങോട്ടു വരുന്നു.ഈ പരിസരത്തിപ്പോള്‍ സുമതിയമ്മയുടെ മുറ്റത്തു മാത്രമേ പ്ലാവുള്ളൂ.ഇനി ഇതും എത്രകാലമുണ്ടാകും?''
സാര്‍ നെടുവീര്‍പ്പിട്ടുകൊണ്ടു അമ്മാമ്മയുടെ പ്രതികരണത്തിനു കാത്തുനില്ക്കാതെ പ്ലാവിലക്കമ്പിയുമായി കനംകുറഞ്ഞ ചുണ്ടില്‍ പുഞ്ചിരിയൊളിപ്പിച്ചു നടന്നുനീങ്ങി.
നടന്നകലുന്ന സാറിന്‍റെ കാലുകളിലേക്കു നോക്കിയപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം .
സാറിനോട് തനിക്ക് തീര്‍ത്താലും തീരാത്ത കടപ്പാടുണ്ട്.താന്‍ മൂന്നാം ക്ളാസ്സിലായിരുന്നു എന്നാണോര്‍മ്മ .
അന്നൊക്കെ ഉച്ചയ്‌ക്ക് സ്ക്കൂള്‍വിട്ടാല്‍ വീട്ടില്‍പ്പോയി ഭക്ഷണം കഴിച്ചിട്ടുവരുകയാണ് പതിവ്.ഏതാണ്ട് ഒന്നരകിലോമീറ്റര്‍ ദൂരമുണ്ടാകും സ്ക്കൂളും വീടും തമ്മില്‍.
ഇതിനിടയില്‍ ഒരുപള്ളിയുടെയും ശ്മശാനത്തിന്‍റെയും മതിലിനുമുന്നിലൂടെ വേണമായിരുന്നു വീട്ടിലെത്താന്‍.
പകുതി ദൂരംവരെ കുറെ കടകളും ആളുകളുമൊക്കെയുണ്ടാവും.
പിന്നീടു വിജനമാണ്.
പള്ളിപ്പറമ്പിലെ വെള്ളമതിലിന് ഉയരം കുറവായിരുന്നതിനാല്‍ അവിടുത്തെ ഖബറടക്കവും മറ്റും ഞങ്ങള്‍ കുട്ടികള്‍ എത്തി നോക്കുമായിരുന്നു .
പള്ളിമതില്‍ കഴിഞ്ഞാല്‍ ശ്മശാനത്തിന്‍റെ മതില്‍ തുടങ്ങുകയായി .
ഒരുപാടുയരത്തിലുള്ള മതിലുകളുടെ നിറം നരച്ച ചുവപ്പായിരുന്നെങ്കിലും പായലുപിടിച്ചു പച്ചനിറവും ഇടവിട്ട് കാണാമായിരുന്നു.
ശ്മശാനത്തിന്‍റെ വലിയ ഗേറ്റിനുള്ളിലൂടെ നോക്കിയാല്‍ വിശാലമായ പറമ്പു കാണാമെങ്കിലും ദൂരെയായി മരങ്ങള്‍ തിങ്ങി ഇരുട്ടുമൂടിക്കിടക്കുമായിരുന്നു.
പറങ്കിമാവുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ആ ശ്മശാനം കുട്ടിക്കാലത്ത് മനസ്സില്‍ എന്നും ഭീതി വിതച്ചിരുന്നു.
ഗേറ്റിനടുത്തെത്തുമ്പോള്‍
അകത്തേക്ക് നോക്കരുതെന്നു കരുതും.പക്ഷേ
എത്രവിചാരിച്ചാലും കഴിയില്ല. ചിലപ്പോഴൊക്കെ ശവം ദഹിപ്പിക്കുന്ന ഗന്ധം സ്കൂളിലിരിക്കുമ്പോഴും അനുഭവപ്പെടും.
വഴിയിലോട്ടു ചാഞ്ഞുനില്‍ക്കുന്ന കശുമാവില്‍ നിറയെ പഴങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ പറങ്കിപ്പഴം ഇന്നും പേടിപ്പെടുത്തുന്ന ഒരോര്‍മ്മയാണ്.
മുതിര്‍ന്നകുട്ടികള്‍ പേടിപ്പിക്കാന്‍ ഓരോ നുണക്കഥകള്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഒറ്റയ്ക്കതുവഴി വരാന്‍ ഭയമായിരുന്നു.
അന്നൊരു വെള്ളിയാഴ്ച ഉച്ചയ്ക്കു സ്ക്കൂള്‍വിട്ടു വീട്ടില്‍പ്പോയി ഭക്ഷണവും കഴിച്ചു സ്‌ക്കൂളിലേക്ക് മടങ്ങുമ്പോള്‍ വഴി വിജനമായിരുന്നു.
പള്ളിമതില്‍ കഴിഞ്ഞപ്പോള്‍ ഭയം വര്‍ദ്ധിച്ചു.ഒറ്റയോട്ടം.
ശ്മശാനത്തിന്‍റെ ഗേറ്റുകഴിഞ്ഞു കുറച്ചകലെയായി ഒരു വളവുണ്ട്. ആ വളവ് കഴിഞ്ഞാലേ സ്ക്കൂളിലേക്കുള്ള വഴിയാകൂ.
ഏതായാലും ഓടി ശ്മശാനത്തിന്‍റെ വളവു കടന്നുകിട്ടി.പക്ഷേ അപ്പോ
ഴേക്കും തന്‍റെ പഴയചെരുപ്പിന്‍റെ വള്ളികളില്‍ ഒന്നു പൊട്ടിപ്പോയതിനാല്‍ അത് വഴിയില്‍ ഉപേക്ഷിക്കുകയേ
നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഒന്നുരണ്ടടി വച്ചപ്പോള്‍ കാലുകള്‍ ചുട്ടു പൊള്ളുന്നു. ഓരോ പാദവും പരസ്പരം കാലുകളുടെ മുകളില്‍ വച്ചുവെച്ചു കുറച്ചു നടന്നു.ചൂട്...രക്ഷയില്ല,വീണ്ടും ഓടി.
അപ്പോഴതാ കുടയും പിടിച്ചുകൊണ്ട് സാറു മുന്നേ നടക്കുന്നു.സാറിനെ മറികടന്നോടാന്‍ തന്‍റെ കുഞ്ഞുമനസ്സ് അനുവദിച്ചില്ല.
പിന്നില്‍ ഓടുന്ന ശബ്ദം പെട്ടെന്നു കേള്‍ക്കാതായതിനാലാകും സാര്‍ തിരിഞ്ഞു നോക്കി. ഓരോ കാല്പാദവും മാറിമാറി ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിക്കുന്ന ആ പൊരിവെയിലത്തുള്ള തന്‍റെ അവസ്ഥ കണ്ടു ചോദിച്ചു,
''എന്താ കുട്ടീ കാലുപൊള്ളുന്നോ?''
സാറിന്‍റെ അഞ്ചു കല്ലുപതിച്ച വലിയ മൂക്കുത്തിയും കല്ലുകമ്മലുകളും ഉച്ചവെയിലത്തു വെട്ടിത്തിളങ്ങി.നിറയെ കരിമഷിയെഴുതിയ കണ്ണുകളില്‍ സ്നേഹത്തിന്‍റെ ഓളങ്ങള്‍.
''ചെരുപ്പു പൊട്ടിപ്പോയി''
വിളറിയതും വേദനനിറഞ്ഞതുമായ മുഖത്തോടെ താന്‍ പറഞ്ഞു.
സ്നേഹത്തോടെ സാര്‍ ക്ഷണിച്ചു,
''വരൂ, ഈ കുടക്കീഴിലോട്ടു കയറൂ''
സാറിനൊപ്പം നടക്കാന്‍ ജാള്യം തോന്നി.
കുടയുടേയും സാറിന്‍റെയും കുറുകിയ നിഴലില്‍ ചൂടുകുറഞ്ഞതായി തോന്നിയെങ്കിലും തൃപ്തിയാകാതെ സാര്‍ കാലില്‍ക്കിടന്ന ചെരുപ്പൂരി എന്‍റെ മുന്നിലേക്ക് നീക്കി ''ഇട്ടോളൂ'' എന്നുപറഞ്ഞു.
സാറിന്‍റെ സ്നേഹത്തിനും അനുകമ്പയ്ക്കും മുന്നില്‍ തലകുനിച്ച് ആ ചെരുപ്പിട്ടപ്പോള്‍ സാറിന്‍റെ കാലിലെ ഇളംചൂട് തന്‍റെ കുഞ്ഞിക്കാലുകളില്‍ പടരുന്നതായിത്തോന്നി.
സാറിനോട് വല്ലാത്ത സ്നേഹം തോന്നി.
തനിക്കവ പാകമായിരുന്നില്ലെ
ങ്കിലും സ്ക്കൂള്‍ വരാന്തവരെ അതിട്ടു.
മടക്കി ചോദിച്ചില്ലെങ്കിലും എത്രയും വേഗം തിരികെയേല്പിക്കാന്‍ മനസ്സുവെമ്പി.
''മതി ,ഇനി ചൂടില്ല'' എന്നുപറഞ്ഞു സ്ക്കൂള്‍ വരാന്തയിലേക്കു കയറി സാറിന്‍റെ മുന്നിലേക്കു ചെരുപ്പ് നീക്കിവച്ചു.
സാറൊന്നും പറയാതെ പുഞ്ചിരിച്ചു. നന്ദി എങ്ങനെ പറയണമെന്നുപോലും അന്ന് അറിയില്ലായിരുന്നു.
ഇപ്പോള്‍ മരിച്ചെന്നറിഞ്ഞെങ്കിലും മനസ്സിലിപ്പോഴും ഒരു കെടാവിളക്കുപോലെ സാര്‍ കത്തിനില്‍ക്കുന്നുണ്ട്.
പാഠപുസ്തകത്തിലില്ലാത്ത അറിവിന്‍റെ പ്രകാശവും പരത്തിക്കൊണ്ട്....
''ലക്ഷ്മീ '' അമ്മയും അമ്മാമ്മയും നടന്നുകഴിഞ്ഞു.അമ്മാമയ്ക്കിനി കൂട്ടുകാരിയില്ലല്ലോ?
''വേഗംവാ മോളേ'' പതിഞ്ഞ ശബ്ദത്തില്‍ അമ്മ വീണ്ടും വിളിച്ചു.
അതേ, വേഗം പോകണം, സാറിന്‍റെ മയ്യത്തെടുക്കുന്നതിന് മുമ്പെത്തണം.ചലനമറ്റ ആ ശരീരം കാണണം.ഉള്ളിലൊരു തേങ്ങല്‍.
നിറയെ ആള്‍ക്കൂട്ടം,സാറിന്‍റെ പേരക്കുട്ടികള്‍ ആണെന്നു തോന്നുന്നു.മുറ്റത്ത് ഓടിക്കളിക്കുന്നു.
പുഞ്ചിരി ഒളിപ്പിച്ചിരുന്ന നേര്‍ത്ത ചുണ്ടുകളും നിറയെ കണ്‍മഷിയെഴുതിയ കണ്ണുകളും കാണാന്‍ ധൃതിയായി.
ആരുടെയെങ്കിലും നിലവിളിക്കായി കാതുകൂര്‍പ്പിച്ചെങ്കിലും ഒന്നും കേട്ടില്ല.കുറെആളുകള്‍ മൃതശരീരത്തിനു ചുറ്റും നില്‍ക്കുന്നുണ്ട്.
താഴെയിരുന്ന് കരയുന്ന ഒറ്റസ്ത്രീകളെയും കണ്ടില്ല.
ഇപ്പോള്‍ ആരും അലമുറയിടാറില്ലല്ലോ? സാറിന്‍റെ മക്കളെവിടെ?കണ്ണുകള്‍ ചുറ്റും പരതി.
അല്ലെങ്കിലും ആണ്‍മക്കള്‍ ഉറക്കെ കരയാറില്ലല്ലോ? സങ്കടം ഉള്ളിലൊതുക്കി അവര്‍.....
അമ്മയും അമ്മാമ്മയും ഒരൊഴിഞ്ഞകോണില്‍ ഇരുന്നു. ഞാന്‍ മെല്ലെ അടുക്കളഭാഗത്തെ വാതിലിനടുത്തേയ്ക്കു വെറുതെ നടന്നു.
ആ അടുക്കളപ്പടിയില്‍ കുറച്ചുനേരം മുഖം
താഴ്ത്തിയിരുന്നു. കണ്ണുകള്‍ പടിക്കുതാഴെക്കിടക്കുന്ന സാറിന്‍റെ ചെരുപ്പുകളിലുടക്കി.
കഴിഞ്ഞ ആഴ്ച സാറിനെക്കണ്ടപ്പോള്‍ ഇതുതന്നെയാണ് ധരിച്ചിരുന്നത്.
ആ ചെരുപ്പുകളിലേക്ക് മെല്ലെ എന്‍റെ കാലുകള്‍ ചേര്‍ത്തുവെച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പനുഭവിച്ച അതേ ചൂട് കാലുകളിലേക്കു പടര്‍ന്നുകയറി...
''സാര്‍'' ഒന്നുറക്കെ കരയാനാകാതെ മുഖം പൊത്തി ഞാന്‍.....
സിന്ധു സുരേഷ്
(repost)
No comments:
Post a Comment