പറയാതെയും ആശംസകള്‍ ..
ഇന്നെന്താണാവോ മുഖപുസ്തകത്തില്‍ നിറയെ
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളാണല്ലോ മിക്കവരും പങ്കുവച്ചിരിക്കുന്നത്?
രേണു ചിന്തയിലാണ്ടു.
മുഖപുസ്തകത്തിലൂടെ അലഞ്ഞുതിരിയവേ അതാ ഒരു പോസ്ററ്.നാളെ ജൂണ്‍ 21.
Father's day.
ആഘോഷങ്ങള്‍ എപ്പോഴും ഇങ്ങനെയാണല്ലോ.
ഒരുദിനമെങ്കിലും മുന്‍പേ തുടങ്ങും.
പക്ഷേ ചിലസുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ വായിച്ചപ്പോള്‍ അവരോടൊപ്പം തന്‍റെ കണ്ണും
നിറഞ്ഞുപോയി.
സ്വന്തം അച്ഛന്‍ ഏവര്‍ക്കും എത്ര പ്രിയപ്പെട്ടതാണ്.ചിലര്‍ അച്ഛനോടൊപ്പമുള്ള
ഫോട്ടോയുമിട്ടിരുന്നു,
തിളക്കമുള്ള കണ്ണുകളുള്ള അച്ഛന്‍മാര്‍.സന്തോഷം
തോന്നി.
മക്കളുടെ സ്നേഹവും കരുതലും കിട്ടുന്ന അച്ഛന്‍റെ കണ്ണുകള്‍ തിളങ്ങിക്കൊണ്ടേയിരിക്കും.
സന്ധ്യയ്ക്ക് വിളക്കുകൊളുത്തു
മ്പോഴും മനസ്സ് ശാന്തമായി
രുന്നില്ല.നാട്ടില്‍ ചുറ്റിത്തിരിയുന്ന മനസ്സിനെ ചെറിയ ഒറ്റത്തിരി നാളത്തിലേക്ക് ആവാഹിക്കു
വാനായില്ല.വാര്‍ത്തകള്‍ക്കും
സംസാരങ്ങള്‍ക്കുമിടയില്‍
പാളിപ്പോകുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നുകൂടി.
രേണു ഓര്‍ത്തു..
രാവിലെ അച്ഛന്‍ വിളിച്ചിരുന്നു,
എപ്പോള്‍ നാട്ടിലെത്താന്‍ പറ്റുമെന്നറിയാന്‍.വീടുപണി തുടങ്ങണമെന്നു പറഞ്ഞിട്ടെന്താണ് അനങ്ങാത്തതെന്ന്?
അതിനുമപ്പുറം എല്ലാവരേയും എന്നിനി കാണാനാകും എന്നറിയാനാണ് ആ വിളിയെന്നറിയാം.
ഇനി നാളെ അച്ഛന്‍ വിളിക്കില്ല.കാരണം ദിനവും വിളിക്കുന്ന പതിവില്ലല്ലോ തങ്ങള്‍ക്കിടയില്‍.
അല്ലെങ്കില്‍ത്തന്നെ നാളെ വിളിച്ചാല്‍ 'ഹാപ്പി ഫാദേഴ്സ് ഡെ'
എന്നൊന്നും താന്‍പറയില്ല.അച്ഛന്‍ ഇതൊന്നും ഒരിക്കലും കേട്ടിട്ടുമില്ലല്ലോ?
എന്നാലും നാളെ വെറുതെയൊന്നു വിളിക്കാം.മനസ്സങ്ങനെ പറയുന്നു.
അത്താഴം കഴിക്കാനിരിക്കുമ്പോള്‍ മക്കളുടെ കമന്‍റ്..
''അച്ഛാ,നാളെ 'ഫാദേഴ്സ് ഡേ' ആണേ, പഞ്ചാബിദാബേന്ന് ഭക്ഷണം ...''
വിനോദേട്ടന്‍ അതിശയിച്ചു,
''ഫാദേഴ്സ് ഡേയോ?.കഴിഞ്ഞമാസം ഏതോ ഡെ ഉണ്ടായിരുന്നല്ലോ?ഇതൊക്കെ കഴിഞ്ഞില്ലേ...''
''അല്ലെങ്കിലും വെളിയില്‍ നിന്നുള്ള ഭക്ഷണം ഇവിടെ വാങ്ങില്ല.
മിണ്ടാതിരിക്കവിടെ രണ്ടും..
വിനോദേട്ടാ,ഞാനുണ്ടാക്കാം നല്ല ഭക്ഷണം .ഒന്നും ഓര്‍ഡര്‍
ചെയ്യല്ലേ..കൊറോണയും പിടിച്ച് വെളിയില്‍നിന്ന് ഭക്ഷണം വേണംപോലും....''
രേണുവിന്‍റെ വാക്കുകള്‍ മക്കളില്‍ നിരാശപരത്തി.അവര്‍ മൊബൈലുമായി അവരുടെ ലോകത്തിലേക്കുപോയി.
വിനോദേട്ടന്‍ ഒന്നുംമിണ്ടാതെ പോയി കട്ടിലില്‍ ചിന്തയിലാണ്ടുകിടന്നു.
''സമയം ഒന്‍പതര കഴിഞ്ഞു അച്ഛനും വീട്ടിലെല്ലാവരും ഇപ്പോള്‍ ഉറങ്ങിക്കാണും അല്ലേ രേണൂ..ഒന്നു വിളിച്ചാലോ അച്ഛനെ?''
''വേണ്ട വിനോദേട്ടാ,
അസമയത്തുള്ള വിളി അവരെ ഭയപ്പെടുത്തും..രാവിലെ വിളിക്കാം.''
അശാന്തതയുടെ കറുത്ത ഇരുട്ടിലും അച്ഛനെന്ന വെളിച്ചത്തെയോര്‍ത്ത് അവരുറങ്ങുമ്പോഴും പബ്ജികളിയുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.
ഞായറാഴ്ചയായതിനാല്‍ ഉണരാന്‍ വൈകി. മുഖപുസ്തകത്തില്‍ ഒന്നുകയറാന്‍ പറ്റാതെ രേണു അസ്വസ്ഥയായെങ്കിലും വേഗം പുട്ടുണ്ടാക്കി.പഴമുള്ളതിനാല്‍ എളുപ്പം പണികഴിഞ്ഞു.
തന്‍റെ അച്ഛനെ ഉച്ചയ്ക്ക് മുന്‍പുവിളിക്കാം,രേണു തീരുമാനിച്ചു.
വിനോദേട്ടന്‍ പ്രാതല്‍ കഴിക്കുന്നതിനു മുന്‍പുതന്നെ അച്ഛനെ വിളിച്ചു.ഞാനും അച്ഛനോട് വിശേഷങ്ങള്‍ തിരക്കിയതല്ലാതെ ആശംസകള്‍ അറിയിച്ചില്ല.
കുളിച്ചിട്ട് പ്രാതല്‍ കഴിക്കാമെന്നുകരുതി എണ്ണ കൈയിലൊഴിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാതെ തന്‍റെ അച്ഛന്‍റെ ഫോണ്‍.
അടുപ്പിച്ച് രണ്ടുദിവസം അച്ഛന്‍ വിളിക്കാറില്ലല്ലോ?
മനസ്സ് വല്ലാതെ സന്തോഷിച്ചു.
''എന്താ അച്ഛാ?''
''അല്ല അടുത്തമാസം കര്‍ക്കിടകം തുടങ്ങും,മഴയായിരിക്കും.വീടിന് ഇപ്പോള്‍ അടിസ്ഥാനം കെട്ടിയിടുന്നതാണ് നല്ലത്. നിങ്ങളെന്നാണ് വരുന്നത്?''
കണ്ണുനിറയുകയാണ്.
''വരാം അച്ഛാ,കുറച്ചു ലോണ്‍ ശരിയാകാനുണ്ട്.ശരിയായാല്‍ ഉടനെത്തും.അല്ലെങ്കിലും ഇപ്പോള്‍ വരാന്‍പറ്റില്ലല്ലോ? എല്ലായിടത്തും കൊറോണ കൂടുതലല്ലേ..വരാം എത്രയും വേഗം..അച്ഛന്‍ വല്ലതും കഴിച്ചോ..''
''ങാ കഴിച്ചു..എന്നാല്‍ വയ്ക്കട്ടെമോളേ..''
''ങും..''
ഒന്നും പറഞ്ഞില്ല,അച്ഛനോട്..
ഒരാശംസയും പറഞ്ഞില്ല.
പക്ഷേ മനസ്സ് പറഞ്ഞുകൊണ്ടേ
യിരുന്നു.അച്ഛാ ആശംസകള്‍ ഹൃദയംനിറഞ്ഞ ആശംസകള്‍ !!
സിന്ധു സുരേഷ്
21.06.2020
No comments:
Post a Comment