*റീനടീച്ചര്‍ റിക്കോര്‍ഡിംഗ് റൂമിലാണ്.*
''ആരും ശബ്ദമുണ്ടാക്കരുത്!
ടി.വി ഓഫ്ചെയ്യൂ ,കണ്ണാ പ്ളീസ്സ്,..
കുറച്ചുകൂടി റിക്കോര്‍ഡ് ചെയ്യാനുണ്ട്.''
എല്ലാവരോടുമായാണ് റീനയുടെ താക്കീത്...ഞാന്‍ ന്യൂസ്പേപ്പറുമായി മുറ്റത്തേക്കിറങ്ങി. ടിവിയില്‍ നല്ലൊരു സിനിമ കണ്ടുകൊണ്ടിരുന്നതാണ്. സാരമില്ല.ലോക്ക്ഡൗണ്‍ പ്രമാണിച്ചാണ് സിനിമകാണല്‍ ഭ്രമം തുടങ്ങിയത്. ഒക്കെ നിര്‍ത്തണം ,പതുക്കെ പഴയരീതിയിലേക്കെത്തണം.
കണ്ണന്‍ ടിവി ഓഫ്ചെയ്ത് ഇയര്‍ഫോണ്‍ ചെവിയില്‍ത്തിരുകി ആരോമലിനോടു ചേര്‍ന്നുകിടന്ന് മൊബൈലില്‍ പാട്ടുകേട്ടു.
വെളിയില്‍ നല്ല ചൂട്.
ഈ ജനലിനോടു ചേര്‍ന്നുനിന്നാല്‍
റീന പഠിപ്പിക്കുന്നതുകേള്‍ക്കാം.
ഒരുകാര്യംതന്നെ എത്രതവണ റിക്കോര്‍ഡ് ചെയ്യുന്നു..ഡിലീറ്റ് ചെയ്യുന്നു. ഏതായാലും റീന ക്ഷമാശീലം പഠിച്ചുവെന്നു തോന്നുന്നു .
അപ്പോഴാണ് ശ്രദ്ധിച്ചത്,
അടുത്തമരക്കൊമ്പിലിരിക്കുന്ന കാക്കയുടെ ''കാ,കാ'' എന്നുള്ള ചിലപ്പ്.
ഒരു കല്ലെടുത്ത് ആഞ്ഞ് കാക്കയെ ഓടിച്ചുവിട്ടു. ചിലപ്പോള്‍ ഈ അലോസര ശബ്ദംതന്നെ പലവട്ടമുള്ള റിക്കോര്‍ഡിങ്ങിനും കാരണമാകുന്നുണ്ടാകാം.
പാവം റീന, ഫാന്‍പോലും ഇടാതെയാണ് മുറിയില്‍ സ്കൂളിലേക്കു വേണ്ടിയുള്ള കാര്യങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നത്.
റീന പഠിപ്പിക്കുന്നതിന്‍റെ ശബ്ദം ,
കാതിലേയ്ക്കെത്തുന്നു.വീടൊരുവിദ്യാലയംപോലെ.
പക്ഷേ ഈ സമയത്ത് റീനയൊഴികെ മറ്റാര്‍ക്കും ശബ്ദിച്ചുകൂടാ... വീട്ടിലെല്ലാവരും നിശ്ശബ്ദര്‍..
കുട്ടികള്‍ മുന്നില്‍ ഇരിക്കുന്നതുപോലെ അഭിനയിച്ച് അവള്‍ പഠിപ്പിക്കുന്നതു കേള്‍ക്കാന്‍ നല്ലരസം.
റിക്കോര്‍ഡിംഗ് കഴിഞ്ഞാലും രാത്രി പന്ത്രണ്ടുമണിവരെ വായനയും നോട്ടുകുറിക്കലുമൊക്കെയാണ്.വെളുപ്പിനെയും എന്തൊക്കെയോ കുത്തിക്കുറിക്കുന്നതുകാണാം.റീനയുടെ ജീവിതചര്യയാകെ മാറിയതുപോലെ...
എന്തൊക്കെയാണെങ്കിലും ഇത്രയും ആത്മാര്‍ത്ഥത വീട്ടിലെ മറ്റുപണിക്കൊന്നും റീനയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല .
ആരോമല്‍ ഉറങ്ങുകയാണ്. ഇല്ലെങ്കില്‍ അവന്‍റെ ഒച്ചയും റീനയുടെ ടെന്‍ഷനും എല്ലാംകൂടി ഒരുമേളമാണ്.
അവനുണരുകയാണെങ്കില്‍ റെക്കോര്‍ഡിംഗ് കഴിയുന്നതുവരെ അവനെയുമെടുത്ത് പറമ്പില്‍ നടക്കണം. അതാണ് തന്‍റെ ഒരു ജോലി. വെളിയിലെങ്ങും
പോകാനും പറ്റില്ല.
''വേണുവേട്ടാ,
വേണുവേട്ടാ''
റീനയുടെ വിളിയോടൊപ്പം ചുമയ്ക്കുന്നുമുണ്ടല്ലോ..
''ദാ വരണു റീനാ ഞാന്‍ മുറ്റത്താണ്.''
റീനയുടെ ഭാവവും വിയര്‍ത്തൊലിച്ചുള്ള വരവും കണ്ട് വല്ലാതെ സങ്കടം തോന്നുന്നു .
തന്നെ കാണാഞ്ഞിട്ടാവും ഫ്ളാസ്കില്‍ നിന്നും ഒരുഗ്ളാസ്സ് ചൂടുവെള്ളവും എടുത്ത് വീണ്ടും മുറിയില്‍ കയറി വാതിലടച്ചു .
ഫാനെല്ലാം ഓഫ് ചെയ്തിട്ടാണ് ഈ ഓഡിയോയും വീഡിയോയു
മൊക്കെ റിക്കോര്‍ഡ് ചെയ്യുന്നത്. തലയില്‍ വിയര്‍പ്പും താഴുന്നുണ്ടാവും.അതാണ് ചുമ.
ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എല്ലാവരേയും കഴിപ്പിച്ചിട്ട് രാവിലെ മുതല്‍ മുറിയില്‍ കയറിയിരുന്നു റിക്കോര്‍ഡിങ്ങായിരുന്നു.
അടുത്തവീട്ടിലെ നായയുടെ നിരന്തരമായ കുരകാരണം ഇടയ്ക്കെപ്പോഴോ ഗേറ്റിന്‍റടുത്തുപോയി
''മോനേ
ടോമീ ഇത്തിരി നേരം കുരയ്ക്കാതിരിക്കുമോ?''
എന്ന് സ്നേഹത്തില്‍ റീന ചോദിക്കുന്നതുകേട്ടു.
അദ്ധ്യാപകരുടെ ആത്മാര്‍ത്ഥത മനസ്സിലാക്കിയിട്ടാണോ എന്തോ ടോമി പിന്നീട് ശാന്തനായിരുന്നു.
അല്ലെങ്കിലും മൃഗങ്ങള്‍ക്ക് തിരിച്ചറിവുണ്ടല്ലോ...
മുറ്റത്തുനിന്ന് കുറച്ച് തുളസിയില
നുള്ളി കഴുകി വൃത്തിയാക്കി ഏലയ്ക്ക,കറുകപ്പട്ട,
ചുക്കുപൊടി,കുരുമുളക്,ശര്‍ക്കര
എല്ലാം ചേര്‍ത്ത് കാപ്പിയുണ്ടാക്കി
വെച്ചു.
കഞ്ഞിക്കുള്ള വെള്ളം തിളച്ചപ്പോള്‍ ശബ്ദമുണ്ടാക്കാതെ അരി കഴുകിയിട്ടു.ഉച്ചയ്ക്ക് കഞ്ഞിയും അച്ചാറും മതി..റീനയ്ക്ക് ആശ്വാസമാകട്ടെ.
ഒരുഗ്ളാസ്സില്‍ കാപ്പിയുമായി റീനയുടെ മുറിയുടെ വാതില്ക്കല്‍ വരെയെത്തി..വേണ്ട വിളിച്ചാല്‍
റിക്കോര്‍ഡിംഗിന് തടസ്സമായാലോ?
പക്ഷേ തന്‍റെ കാല്പെരുമാറ്റം കേട്ടാകണം റീന കതകുതുറന്നു.
വിയര്‍ത്തുകുളിച്ച് പരവശയായിരിക്കുന്നു. ''ഇനി വൈകിട്ടുമതി വേണുവേട്ടാ,മൂന്നുക്ളാസ്സിലേക്കുള്ളത് ചെയ്തു,സമാധാനമായി''.
അവള്‍ക്കായിട്ട് ഉണ്ടാക്കിയ കാപ്പി തന്‍റെ കൈയിലിരിക്കുന്നതു കണ്ടപ്പോള്‍ റീനയുടെ കണ്ണുനിറഞ്ഞു. അവള്‍ കാപ്പികുടിച്ചപ്പോഴും കണ്ണുനിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.എന്തിനെന്നറിയാതെ ...
ഞാനവളെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചപ്പോള്‍ റീനയുടെ ചിന്ത അടുത്ത ക്ളാസ്സിലെ റിക്കോര്‍ഡിംഗുകളെ ക്കുറിച്ചായിരുന്നുവോ?....
സിന്ധുസുരേഷ്
10.06.2020
No comments:
Post a Comment