പുനര്‍ജ്ജനനം
ഉരുകും വേനലില്‍
അപരിചിതത്വം പഠിപ്പിക്കേണ്ടിയിരിക്കുന്നു
മനസ്സിനെ..
തൂവലാല്‍ മൂടിയ
ഉടലിനെ വീണ്ടുംമറയ്ക്കേണ്ടിയിരിക്കുന്നു
ചൂടുനോക്കാതെ.....
സ്നേഹത്തിന്‍റെ കൂട്
ഒളിപ്പിച്ചുവയ്ക്കേണ്ടിയിരിക്കുന്നു
കാണാത്ത മരപ്പൊത്തുകളില്‍...
ശിഖരങ്ങളില്‍ പ്രവേശനം
നിഷേധിക്കേണ്ടിയിരിക്കുന്നു
ഇല കൊഴിയുവോളം....
വര്‍ണക്കായ്കനികളേയും
സൂക്ഷിക്കേണ്ടിയിരിക്കുന്നു
നൊമ്പരസ്വാദുണ്ടായേക്കാം....
തപിക്കുന്ന കാറ്റില്‍
ചില്ലയില്‍മുറുകെപ്പിടിക്കേണ്ടിയിരിക്കുന്നു
ചിറകറ്റുവീഴാതെ...
ചൂടിന്‍റെ പ്രഹരത്തില്‍
കൂര്‍ത്തനഖങ്ങളമര്‍ത്തിയിരിക്കേണ്ടിവന്നേക്കാം
മരത്തെ നോവിക്കാതെ...
എങ്കിലും കൊടുംചൂടില്‍
അപരിചിതത്വം ശീലമാക്കേണ്ടിയിരിക്കുന്നു
പുലരുവോളവും പിന്നെയും.....
മായമാര്‍ന്ന കായ്കനികള്‍
തരുപ്പടര്‍പ്പുമേകിയെന്നിരിക്കാം
വിശപ്പ് ശീലമാക്കാം......
അപരിചിതത്വത്തിന്‍റെ
നീണ്ടചുറ്റുമതിലാലകന്നിരിക്കാം
കെട്ടുപാടുകളില്ലാതെ.....
വിശന്നുമരിക്കുമ്പോള്‍ വീണ്ടും
വളമായ്,പുഴുവായ് പുനര്‍ജ്ജനിച്ചേക്കാം
മായമില്ലാതെ.......
സിന്ധു സുരേഷ്
30.6.2019
No comments:
Post a Comment