Friday, September 11, 2020

കഥ(ഡിസംബറിലെ സന്ധ്യ)

രചനയുടെ ജന്മരഹസ്യം ഭാഗം-02
* * * * * * * * * * * * * * * * * * * * *

വായനപ്പുര സാഹിത്യകുടുംബത്തിലെ പ്രിയസഹോദരരേ,
എല്ലാവർക്കും നമസ്കാരം !

എന്നും പുതുമകള്‍ കൊണ്ടുവരുന്ന വായനപ്പുര , ഒരു സര്‍ഗ്ഗസൃഷ്ടി  എങ്ങനെ പിറന്നു എന്ന് പറയാന്‍,  അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി    "രചനയുടെ ജന്മരഹസ്യം"   എന്ന പുതിയൊരു പംക്തി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കാര്യം  അറിയിച്ചിരുന്നുവല്ലോ.  നല്ലൊരു ചിത്രമോ വിവരണമോ കവിതയോ കഥയോ ആക്ഷേപഹാസ്യമോ  എന്തുമാകട്ടേ, അത് പിറക്കാനുണ്ടായ സാഹചര്യം എന്താണെന്ന്   അറിയുന്നത് രസകരമാവില്ലേ. ഒരുപക്ഷേ ആ സൃഷ്ടിയുടെ ആസ്വാദനത്തിന് അത് മാറ്റുകൂട്ടിയേക്കാം.

ഇന്നിവിടെ ശ്രീമതി.സിന്ധു സുരേഷിൻ്റെ " ഡിസംബറിലെ സന്ധ്യ " എന്ന കഥയുടെ രചനയുടെ ജന്മരഹസ്യമാണു് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഏവരുടെയും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഏവരേയും സ്വാഗതം ചെയ്യുന്നു
സസ്നേഹം
ആറ്റൂർ സുരേഷ്

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

*രചനയുടെ  ജന്‍മരഹസ്യം*

ഞാന്‍ വിവാഹം  കഴിഞ്ഞ് ഹസ്ബന്‍റിനൊപ്പം  ഉത്തര്‍പ്രദേശിലെ ബറേലിയിലായിരുന്നു കുറച്ചുനാള്‍ താമസിച്ചിരുന്നത്.അവിടെ എയര്‍ഫോഴ്സ്  ഉദ്യോഗസ്ഥനായിരുന്നു ഹസ്ബന്‍റ് .

കല്യാണം  കഴിഞ്ഞ് രണ്ടുവര്‍ഷംകഴിയാതെ എയര്‍ഫോഴ്സ് കോര്‍ട്ടേഴ്സ് ലഭിക്കില്ല.

അതിനാല്‍  ഒരു ഒറിയക്കാരുടെ  കോര്‍ട്ടേഴ്സിന്‍റെ ഒരുമുറി വാടകയ്ക്കെടുത്താ
യിരുന്നു വാസം.

ഞാന്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കല്യാണം. ഒരുമാസം നാട്ടില്‍നിന്ന് ഹസ്ബന്‍റിന്‍റെ വീട്ടില്‍നിന്നും കോളജില്‍പ്പോയി.

ക്രമേണ ജോലിസ്ഥലം കാണാന്‍ മോഹമുദിച്ചു. കോളേജില്‍ സ്റ്റഡിലീവിനുള്ള സമയവും.

ബറേലിയില്‍പോയിരുന്ന് പഠിച്ചോളാം എന്നുകരുതി കുറെ പുസ്തകവുമായി ഹസ്ബന്‍റിനോടൊപ്പം ബറേലിയിലെത്തി.

അന്ന് ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നുമില്ല.ഒറ്റമുറിജീവിതവും മുറിഹിന്ദിയും ഒറിയഭാഷയും എല്ലാം ഞാന്‍ ശരിക്കാസ്വദിച്ചു.

ആവശ്യത്തിനുള്ള പാത്രങ്ങളോ മിക്സിയോ ഒന്നും ഉണ്ടായിരുന്നില്ല.
കാരണം ജീവിതം തുടങ്ങാന്‍ പോകുന്നതേയുള്ളല്ലോ?

ഒരു സൈക്കിളില്‍ ആയിരുന്നു  ഞങ്ങളുടെ യാത്രയെല്ലാം.വലിയ  സൈക്കളാണ് കേട്ടോ...

സൗകര്യങ്ങളില്ലെങ്കിലും രസകരമായിരുന്നു ആ ജീവിതം.
ഹസ്ബന്‍റ് ഓഫീസില്‍  പോകുന്നതും സൈക്കിളില്‍
ത്തന്നെയായിരുന്നു.

ഡ്യൂട്ടികഴിഞ്ഞുവരുന്ന മണിയടികേള്‍ക്കാന്‍ കൊതിച്ചിരുന്ന  ദിവസങ്ങള്‍...

ഒറിയക്കാരുടെകൂടെയായിരുന്നു താമസം എന്നു പറഞ്ഞല്ലോ?നല്ലൊരു ആന്‍റിയും അങ്കിളും രണ്ട് ആണ്‍കുട്ടികളും.

അങ്കിള്‍ ജോലിക്കുപോയി
ക്കഴിഞ്ഞാല്‍ ആന്‍റി കുളിച്ച് വിളക്കുകൊളുത്തി പൂജയാണ്.അപ്പോഴേക്കും മക്കളുണര്‍ന്ന് കുളിച്ച് രണ്ട് പലകകളില്‍ നിലത്തിരിക്കും.

പൂജകഴിഞ്ഞ് ചൂട് ചപ്പാത്തിയും കറിയും പാലും കുട്ടികള്‍ക്ക്  അവര്‍ കൊടുക്കും.ഇത്ര അനുസരണയുള്ള കുട്ടികളെ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു.
നാട്ടില്‍ ഞാന്‍ ചെയ്തിട്ടുള്ള കുസൃതികളെക്കുറിച്ച് വെറുതെ  ഓര്‍ത്തുപോകും പലപ്പോഴും.

ചപ്പാത്തിപ്പലകയോ തവയോ ഞങ്ങള്‍ക്കില്ലായിരുന്നു.
ഒരുപുട്ടുകുടവും കുറ്റിയും രണ്ടുചരുവം രണ്ട് പാത്രം ഒരുതവി അങ്ങനെ ഒരുകെട്ടുമായാണ് നാട്ടില്‍നിന്നും വന്നത്.

മാത്രമല്ല ഞാനുടനെ മടങ്ങാനുള്ളതാണല്ലോ?പരീക്ഷ എഴുതാന്‍ .

എന്നും രാവിലെ  ഗോതമ്പിന്‍റെ പുട്ടായിരുന്നു പ്രാതല്‍.പഴംവാങ്ങി വെച്ചിരിക്കും.

പലപ്പോഴും  പുട്ടുകണ്ട് ആന്‍റി കൗതുകത്തോടെ  നോക്കും.പക്ഷേ  കഴിക്കാന്‍  ഇഷ്ടമല്ലത്രേ!

ഇടയ്ക്കിടെ  അവര്‍ ചൂട് ചപ്പാത്തിയും ദാല്‍കറിയും തരും.അതിന്‍റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല കേട്ടോ....

അതുപോലെ  അവര്‍
കടുകെണ്ണയില്‍ കോളിഫ്ളവര്‍
പക്കാവടയും പലഹാരവുമൊക്കെ ഉണ്ടാക്കിത്തരുന്നത് സ്വാദോടെ കഴിച്ചിരുന്നു.

എന്നാല്‍ രണ്ടുമാസം കഴിയും മുന്‍പേ എനിക്ക് നാട്ടില്‍ മടങ്ങാന്‍ മോഹമുദിച്ചു. വെളിച്ചെണ്ണയുടെ മണവും ചമ്മന്തിയുമൊക്കെയായി എന്നെ കേരളം  മടക്കി വിളിക്കുന്നതുപോലെ.

ഹസ്ബെന്‍റിന് സ്വസ്ഥത കൊടുക്കാതെ പട്ടിണികിടന്നു.
കടുകെണ്ണയെ വെറുത്തു.

നാട്ടിലെ ദോശയും ചോറും കറിയും തിന്നാന്‍ കൊതിയായി.

ഒറിയക്കാരി ആന്‍റി അടുക്കളയില്‍ കടുകെണ്ണയെടുത്താല്‍ ഞാന്‍ ഛര്‍ദ്ദിക്കും. എല്ലാവര്‍ക്കും  പ്രശ്നമായി.ഞാന്‍ ഭക്ഷണം  കഴിക്കാതെ അവശതയിലായി.

രക്ഷയില്ലെന്നുമനസ്സിലാക്കിയ ഹസ്ബെന്‍റ്  എന്നെയും കൊണ്ട് നിന്നനില്പില്‍ ട്രെയിന്‍ കയറി... റിസര്‍വേഷനില്ലാതെ.

ഒരു ദുരിതയാത്രയായിരുന്നു അത്.
ആ യാത്ര പീന്നീട് പലപ്പോഴും  എന്‍റെ ഉറക്കം  കെടുത്തി.

അങ്ങനെ ഞാന്‍ ഡെലിവറിക്ക് നാട്ടിലും ഹസ്ബന്‍റ് ജോലിസ്ഥലത്തു
മായിരുന്നപ്പോള്‍ മനസ്സില്‍ ഉടലെടുത്ത വരികളാണിവ...

''ഡിസംബറിലെ സന്ധ്യ ''എന്ന കഥാരൂപത്തില്‍...

*ചെറുകഥ*
*ഡിസംബറിലെ സന്ധ്യ*
...........................................

''മോനേ വിശ്വം,ദേവുവിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റുചെയ്തു.കാലില്‍ കുറച്ച് നീരുണ്ട്.ഇടയ്ക്കിടെ  പ്രഷര്‍ ചെക്ക് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു.വേറെ കുഴപ്പമൊന്നുമില്ല.''

അമ്മയ്ക്ക്  ചെറിയകാര്യം മതി,ടെന്‍ഷനാണ്.വീണ്ടും  അമ്മയുടെ  ശബ്ദം ഫോണില്‍.

''നീ വേഗം വരില്ലേ മോനേ?''

''ങാ നോക്കാം,അമ്മ വിഷമിക്കാതിരിക്ക്.''

അയാളിലേക്ക് അസ്വസ്ഥത പടര്‍ന്നുകയറി.

ഇനിയും മൂന്നാഴ്ച കൂടിയുണ്ടല്ലോ? ഇത്രപെട്ടെന്ന് അഡ്മിറ്റ് ചെയ്തത് കാലില്‍ നീരുള്ളതുകൊണ്ടാകാം.

വിശ്വം വേഗം തോമസ്സ്സാറിന്‍റെ കോര്‍ട്ടേഴ്സിലേക്ക് നടന്നു.സമയം വൈകിട്ട്  അഞ്ച് കഴിഞ്ഞതേ
യുള്ളെങ്കിലും ഏഴുമണി കഴിഞ്ഞ
തുപോലെ തോന്നുന്നു.

മഞ്ഞുമൂടിക്കിടക്കുന്ന ഈ അന്തരീക്ഷം  സുപരിചിതമാണെ
ങ്കിലും ഇന്നിവിടെ നിറഞ്ഞു
നില്‍ക്കുന്ന ഏകാന്തത വല്ലാതെ ഭയമുളവാക്കുന്നതുപോലെ.

പക്ഷികളെല്ലാം നേരത്തേതന്നെ കൂടണഞ്ഞിരിക്കുന്നു.ചില പക്ഷികള്‍ നേരത്തേവന്ന സന്ധ്യയോട് കലഹിച്ച്  കൊണ്ട്
ചേക്കേറാനുള്ള തിരക്കിലാണ് .
അവയുടെ കലപിലശബ്ദം അരോ
ചകമായി തോന്നി.

ദൂരെനിന്ന് ആരൊക്കെയോ  നടന്നുവരുന്നുണ്ട്.സ്വെറ്ററും ഷാളുമൊക്കെ പുതച്ച് നടക്കാനിറങ്ങിയിരിക്കുകയാണ്.

തണുപ്പുകാലത്ത് ഹീറ്ററിനുമുന്നില്‍ റൂമില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖം കുറച്ച് നടക്കുന്നതാണെന്ന് തോമസ്സ്സാര്‍ ഇടയ്ക്കിടെ  പറയാറുണ്ട്.

വിക്രംസിംഗാണെന്നു തോന്നുന്നു.കൂടെ ആരോ ഉണ്ടല്ലോ ?.ഭാഗ്യം...
അയാളുടെ ഭാര്യയാണ്.
അയാള്‍  ഒറ്റയ്ക്കാണെങ്കില്‍
പ്പിന്നെ സംസാരിച്ചാല്‍ വിടില്ല.
രക്ഷപ്പെട്ടു .വിശ്വം അവരെ നോക്കി ഒന്നുപുഞ്ചിരിച്ച് തലകുലുക്കി വേഗം നടന്നു.

തോമസ്സ്സാറിന്‍റെ കോര്‍ട്ടേഴ്സിലെത്തി സാറിനോട്  വിവരമെല്ലാം പറഞ്ഞു.ലീവിന്‍റെ കാര്യമെല്ലാം സാറ് ശരിയാക്കി
ക്കൊള്ളാമെന്നു പറഞ്ഞപ്പോള്‍ വല്ലാത്ത ആശ്വാസംതോന്നി.

രണ്ടാഴ്ച കഴിഞ്ഞുള്ള ടിക്കറ്റ്  റിസര്‍വേഷന്‍ ചെയ്തിട്ടുണ്ടെ
ങ്കിലും ഇന്നുതന്നെ പോകാന്‍ തീരുമാനിച്ചുകൊണ്ട് മെസ്സിലെ റൂമിലേക്ക് നടന്നു.

ഏതൊക്കെയോ   രണ്ടുമൂന്നു
ജോഡി  ഡ്രെസ്സും ഒരു ബെഡ്ഷീറ്റും ടവ്വലുമെടുത്ത് ബാഗില്‍ വെച്ചു.കാന്‍റീനില്‍നിന്നും സോപ്പൊക്കെ വാങ്ങണമെന്നു കരുതിയതാണ്...ഒന്നുംനടന്നില്ല.

ഡോറിലാരോ മുട്ടുന്നു. വിശ്വം കതകുതുറന്നു.തോമസ്സ്സാറാണ്.

''എന്താ ,റെഡിയായോ? ഒന്‍പതുമണിക്ക് മുന്‍പ് റെയില്‍വേ സ്റ്റേഷനിലെത്തണം.''
എന്നുപറഞ്ഞുകൊണ്ട് സാര്‍ റൂമില്‍ക്കയറി മേശപ്പുറത്ത് ഒരു പൊതിവെച്ചു.

''ഇതില്‍ കുറച്ച് പൂരിയും കറിയുമുണ്ട്.ഇന്ന് രാത്രിയിലും രാവിലെയും കഴിക്കാം.
ഒരു കുപ്പിവെള്ളംകൂടി കരുതിക്കോളൂ. കാശ് വല്ലതും  ആവശ്യമുണ്ടോ?''

''വേണ്ടസാര്‍, കാശുണ്ട്.''

''എന്തെങ്കിലും  ആവശ്യം വന്നാല്‍ വിളിക്കാന്‍ മടിക്കരുത്.
ബെഡ്ഷീറ്റൊക്കെയുണ്ടല്ലോ?
ഞാന്‍ ബൈക്കില്‍ കൊണ്ടാക്കാം സ്റ്റേഷന്‍വരെ''.

''വേണ്ടസാര്‍,അടുത്തല്ലേ സ്റ്റേഷന്‍..ഞാന്‍ സൈക്കിള്‍ റിക്ഷയില്‍പൊയ്ക്കോളാം.സാറ് വെറുതെതണുപ്പ്  കൊള്ളേണ്ട.''

''അല്പം നേരത്തേ ഇറങ്ങിക്കൊള്ളൂ വിശ്വം.ഞാന്‍ ഗാര്‍ഡ്റൂമിന്‍റടുത്തു
പോയി റിക്ഷ വിളിച്ചുകൊണ്ടു
വരാം.റെഡിയായിക്കൊള്ളൂ.''
സാര്‍ പുറത്തേക്കിറങ്ങി.
വിശ്വന്‍റെ ഹൃദയം വല്ലാതെതുടിച്ചു.

വാറന്‍റോഫീസറാണ് സാര്‍.തന്നെക്കാള്‍ എത്രയോ ഉയര്‍ന്ന റാങ്കിലുള്ള വ്യക്തി.എന്നാലും എന്തൊരുസ്നേഹവും കരുതലുമാണ്.ചിലര്‍ ഇങ്ങനെയാണ് .അപൂര്‍വ്വം ചിലര്‍മാത്രം.

ഇവിടെ ഏകദേശം  എല്ലാമലയാളികളും പരസ്പരം സഹകരണമുള്ളവരാണ്. ഇവിടെ കുറച്ചുമലയാളികളല്ലേയുള്ളൂ.
അതിനാലാവാം ഈ അടുപ്പം .

സൈക്കിള്‍റിക്ഷയില്‍  കയറി സാറെത്തി.ബാഗ് സാറുതന്നെ
റിക്ഷയിലെടുത്തുവെച്ചു.

''ജാക്കറ്റുകൂടി ഇട്ടോളൂ  വിശ്വം,നല്ല തണുത്ത കാറ്റും മഞ്ഞുമുണ്ട്.''
വിശ്വം ജാക്കറ്റും ധരിച്ച് റൂം പൂട്ടിയിറങ്ങി.

ഒരുപാട് സംസാരിക്കാറില്ലെങ്കിലും സാറിന്‍റെ വാക്കുകള്‍ക്ക് സ്നേഹത്തിന്‍റെ ആജ്ഞാശക്തിയാണ്.

സാറിനോട് യാത്രപറഞ്ഞ് റിക്ഷയില്‍ കയറുമ്പോള്‍ എന്തിനോ കണ്ണുനിറഞ്ഞു .
ഡിസംബറിലെ ഈ കൊടുംമഞ്ഞില്‍ തന്നെ യാത്രയാക്കാന്‍ എത്തിയ സാറിനോട് ബഹുമാനത്തേ
ക്കാളേറെ സ്നേഹംതോന്നി.

ചെറിയ  കുലുക്കത്തോടെ റിക്ഷ നീങ്ങിത്തുടങ്ങി.ചെവിയിലൂടെ തണുത്തകാറ്റ് നുഴഞ്ഞുകയറി.
മഞ്ഞിനെ അവഗണിച്ചുകൊണ്ട് സൈക്കിള്‍റിക്ഷ മുന്നോട്ടു
കുതിച്ചു.തടിച്ച മേഘപാളികള്‍
ക്കിടയിലൂടെ പോകുന്നതുപോലെ.. പല്ലുകള്‍ കൂട്ടിയിടിക്കുന്നു.
മെയിന്‍ റോഡിലെത്തിയ
പ്പോഴേക്കും തിക്കുംതിരക്കുമായി.
പത്തിരുപത് സൈക്കിള്‍
റിക്ഷകളും കാറുകളും മറ്റുവാഹനങ്ങളും കൂട്ടംകൂട്ടമായി നീങ്ങുകയാണ്.

''അരെ ഭായീ,ആഗേ ചലോ..ആഗെചലോ..''ഓരോരുത്തരും വിളിച്ചു പറഞ്ഞുകൊണ്ട് മത്സരിച്ച് മുന്നോട്ട് കുതിക്കുകയാണ്.

വല്ലാതെ ഭയംതോന്നി. മറ്റുറിക്ഷകളില്‍ കുടുങ്ങി കാല്‍ നഷ്ടപ്പെടുമോയെന്ന് പേടിച്ചു.
സീറ്റിന്‍റെ മദ്ധ്യഭാഗത്തായി ബാഗ് മടിയില്‍വെച്ച് അമര്‍ത്തിപ്പിടിച്ചി
രുന്നു.

എങ്ങനെയോ സ്റ്റേഷനെത്തി.
ശത്രുപാളയത്തില്‍ നിന്നും  രക്ഷപ്പെട്ട പോരാളിയെപ്പോലെ
വിശ്വന്‍ സൈക്കിള്‍റിക്ഷയില്‍  നിന്നിറങ്ങി.

ടിക്കറ്റ്കൗണ്ടറിലെത്തിയപ്പോള്‍ ആഗ്രയിലേക്കുള്ള ട്രെയിന്‍ അരമണിക്കൂറിനകം എത്തുമെന്നറിഞ്ഞു.ഉത്തര്‍പ്രദേശിലുള്ള ഈ എയര്‍ഫോഴ്സ്
സ്റ്റേഷനിലേക്ക് സ്ഥലംമാറി വന്നിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ.

അധികം  തിരക്കില്ലെങ്കിലും പ്ളാറ്റ്ഫോമിലെ ബഞ്ചുകളൊന്നും കാലിയായിരുന്നില്ല.

അപരിചിതരുടെ കലപിലശബ്ദം അസഹ്യമായിത്തോന്നി.ഈ അപരിചിതത്വത്തിന്‍റെ ഏകാന്തതയില്‍ ഇനി അരമണിക്കൂര്‍ തള്ളിനീക്കണം.

അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍ പലവഴിക്ക് സഞ്ചരിക്കുകയാണ്.ആകാശം
മൂടല്‍മഞ്ഞിനാല്‍ മറഞ്ഞു
കിടക്കുന്നു.നക്ഷത്രങ്ങളെ കാണാന്‍ അയാളുടെ  കണ്ണുകള്‍ കൊതിച്ചു.

കൃത്യം അരമണിക്കൂറിനു
ള്ളില്‍ത്തന്നെ ആഗ്രയിലേക്കുള്ള ട്രെയിന്‍ എത്തി.ട്രെയിനില്‍ അധികം  തിരക്കുണ്ടായിരു
ന്നില്ല.ജനറല്‍കംപാര്‍ട്ടുമെന്‍റായിരുന്നതിനാല്‍ അല്പം ഭയമുണ്ടായി
രുന്നു സീറ്റുകിട്ടുമോയെന്ന്.
ഏതായാലും  ഇരിക്കാന്‍ സീറ്റുകിട്ടി. ഇനി ഇവിടുന്ന് എട്ടുമണിക്കൂര്‍ യാത്രചെയ്താല്‍ ആഗ്ര. അവിടുന്ന്  ഉച്ചയടുക്കുമ്പോ
ഴാണ് കേരള എക്സ്പ്രസ്സ് .

മിലിട്ടറിക്കോട്ടയിലെങ്കിലും ഒരുസീറ്റ് അതില്‍ കിട്ടിയാല്‍  മതിയായിരുന്നു . വിശ്വന്‍ തന്‍റെ ബാഗ് മുറുകെപ്പിടിച്ചിരുന്നു.

ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും തിരക്കുവര്‍ദ്ധിക്കുകയാണ്.
ശ്വാസം മുട്ടുന്നതായ ഇ അന്തരീക്ഷത്തില്‍ ഏതൊക്കെയോ ഭാഷകള്‍ കാതിനെ അസ്വസ്ഥമാക്കി
ക്കൊണ്ടിരുന്നു.കുട്ടികളുടെ  നിലവിളിയും ചുമയും അമ്മമാരുടെ ശകാരവര്‍ഷങ്ങളും കേട്ട് വിശ്വന്‍ കണ്ണടച്ചിരുന്നു.

തന്‍റെ സമീപത്താരോ വന്നിരിക്കുന്നതായി അയാളറിഞ്ഞു.

''തോഡാ ജഗാ ദേദോ ബേട്ടാ.''
ശബ്ദംകേട്ട് കണ്ണുതുറക്കുന്നതിന് മുന്‍പുതന്നെ മുഷിഞ്ഞ ഭാണ്ഡക്കെട്ടുപോലെയുള്ള ഒരുവൃദ്ധന്‍ മറ്റൊരു
ഭാണ്ഡക്കെട്ടുമായി വിശ്വനരുകിലേക്ക് ഇരുന്നുകഴിഞ്ഞിരുന്നു.

വൃദ്ധന്‍ ഒരു കൈകൊണ്ട് വിശ്വന്‍റെ തോളില്‍ അമര്‍ത്തിപ്പിടിച്ചു. തണുപ്പ്കാലത്തിന്‍റെ  മരവിപ്പ് മുഴുവന്‍ വൃദ്ധന്‍റെ കൈവിരലുകളിലൂടെ വിശ്വന്‍ അറിഞ്ഞു.

അഴുക്ക് നിറഞ്ഞ സ്വെറ്ററുകളുടെയും ഷാളുകളുടെയും രൂക്ഷഗന്ധം മഞ്ഞുകാലത്തെ മലിനപ്പെടുത്തുന്നത് നേരിട്ടറിഞ്ഞു.

ഈ ദുര്‍ഗ്ഗന്ധത്തില്‍ നിന്നൊന്ന് രക്ഷപ്പെടാന്‍ ആരുടെയെങ്കിലും പാന്‍ ചവച്ചരയ്ക്കുന്ന ഗന്ധത്തിനായി  വല്ലാതെ കൊതിച്ചു.

വൃദ്ധന്‍ പതുക്കെ  വിശ്വന്‍റെ തോളില്‍നിന്നും കൈയെടുത്തു
മാറ്റി.എന്നിട്ട്  മുഷിഞ്ഞ ഭാണ്ഡക്കെട്ടില്‍നിന്നും
ബീഡിപോലെ ഒരുസാധനം എടുത്ത് കത്തിച്ച് ആഞ്ഞാഞ്ഞു
വലിക്കാന്‍ തുടങ്ങി.

പുകമുഴുവന്‍ പുറത്തേക്ക് പോകുന്നതിന് മുന്‍പ് ചുമയും തുടങ്ങി.ചുമയിലൂടെ തെറിച്ചുവീണ കണികകളില്‍ ചിലത് വിശ്വന്‍റെ  മുഖത്തേക്ക്  പതിച്ചു.
മയങ്ങാന്‍ തുടങ്ങിയ വിശ്വന്‍  അബോധാവസ്ഥയിലെന്നവണ്ണംതന്‍റെ കര്‍ച്ചീഫെടുത്ത് അസഹ്യതയോടെ മുഖംതുടച്ചു.

വൃദ്ധന്‍റെ കൈയിലിരിക്കുന്ന പുകക്കുറ്റി വാങ്ങി വലിച്ചെറിയാന്‍ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു.

ഈ രാത്രിയൊന്നുകഴിഞ്ഞെങ്കില്‍!
അയാള്‍ ആത്മാര്‍ത്ഥമായാ
ഗ്രഹിച്ചു.

തിങ്ങിഞെരുങ്ങിയിരിക്കുന്ന ആളുകളെയും വഹിച്ചുകൊണ്ട്
ട്രെയിന്‍  അതിവേഗം കുതിച്ചുനീങ്ങി.വിശ്വന്‍ 
ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു.

റിസര്‍വേഷനില്ലാത്തതുകാരണം ഇവിടെയിരിക്കേണ്ടി വന്ന നിമിഷത്തെ ശപിച്ചെങ്കിലും എത്രയും വേഗം നാട്ടിലെത്താമല്ലോ
എന്നാശ്വസിച്ചു.

എല്ലാവരും  ഇരുന്നിടത്തുതന്നെ ചാഞ്ഞുംചരിഞ്ഞുമൊക്കെ ഉറങ്ങാനുള്ള ശ്രമത്തിലാണ്.

ഒരുമാര്‍വാഡി  സ്ത്രീ തന്‍റെ പിഞ്ചുകുഞ്ഞുമായി താഴെ വെറുംനിലത്ത് കിടക്കുന്നു.
മുലപ്പാലും മാറിലെ അഴുക്കും നുണഞ്ഞ് കുഞ്ഞ് സുഖമായുറങ്ങുന്നു.

വെളുത്തുമെലിഞ്ഞ ഒരു സര്‍ദാര്‍പയ്യന്‍ കുത്തിയിരുന്നുറ
ങ്ങുന്നു.അതിനടുത്തായി ഒരു മുസല്‍മാന്‍ പുകഞ്ഞുതീരാറായ ഒരുസാമ്പ്രാണിപ്പാട്ടയുമായി ഉണര്‍ന്നിരിക്കുന്നു.ഈ പാട്ടയും പുകയുന്ന സാമ്പ്രാണിയുമായി ഇത്തരം ആള്‍ക്കാര്‍  തെരുവോരക്കടകളില്‍ കയറുന്നതും കച്ചവടക്കാര്‍ പൈസയിട്ടു കൊടുക്കുന്നതും കാണാം. എന്തിനായിരിക്കുമത്?

ഓ! ഇതൊക്കെ  താനിപ്പോള്‍ എന്തിന് ചിന്തിക്കണം!!

അഴുക്കും ഛര്‍ദ്ദിയും തുപ്പലുമൊക്കെ ഉണങ്ങിപ്പിടിച്ചിരിക്കുന്ന ജനല്‍ക്കമ്പിയിലോട്ട് ചാഞ്ഞ് വിശ്വന്‍  ഉറങ്ങാന്‍  ശ്രമിച്ചു .

അടുത്തിരുന്ന വൃദ്ധന്‍റെ ശിരസ്സ് വിശ്വന്‍റെ  തോളിലോട്ട് ചായുകയാണ്. ദുര്‍ഗ്ഗന്ധം വമിക്കുന്നതും ചൂടുള്ളതുമായ ശ്വാസനിശ്വാസങ്ങള്‍ വിശ്വന്‍റെ കഴുത്തില്‍ ആഞ്ഞുപതിച്ചു.
അതിലും അസഹനീയമായിരുന്നു അയാളുടെ  കൂര്‍ക്കംവലി.

വിശ്വന്‍  മെല്ലെ വൃദ്ധന്‍റെ  തല തന്‍റെ തോളില്‍നിന്നും മാറ്റി മറുഭാഗത്തേക്ക് ചായ്ച്ചുകൊണ്ട്
അഴുക്ക് നിറഞ്ഞ ജനല്‍ക്കമ്പി
യിലോട്ട് കൂടുതല്‍  ചേര്‍ന്നിരുന്നു
മയങ്ങാന്‍ തുടങ്ങി .

സാമ്പ്രാണിയുടെയും  ചന്ദനത്തിരിയുടെയും പേടിപ്പിക്കുന്ന ഗന്ധത്തിനും പുകയ്ക്കുമിടയിലായി ഒരുകുഞ്ഞും അമ്മയും.അത് ആ മാര്‍വാഡിസ്ത്രീയും കുട്ടിയുമാണോ? ദേവുവാണോ? അമ്മയാണോ?കുഞ്ഞുറക്കെ കരയുന്നല്ലോ? ദേവു എവിടെ?

''ദേവൂ....''
വിശ്വന്‍  ഉറക്കെവിളിച്ചു.

വൃദ്ധന്‍  ഉണര്‍ന്നു ചോദിച്ചു,

''ക്യാഹുവാ ബേട്ടാ?  ക്യാഹുവാ?''

ആ കൊടും തണുപ്പിലും വിശ്വന്‍  വിയര്‍ത്തു.
''കുച്ച് നഹി''എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

ഉറങ്ങാന്‍  തുടങ്ങിയ പലരും അസ്വസ്ഥതയോടെ തലപൊക്കി നോക്കി വീണ്ടും  ഉറങ്ങാന്‍  തുടങ്ങി.

അവിടെ നിറഞ്ഞുനിന്ന സാമ്പ്രാ
ണിയുടെ ഗന്ധം ഒരസ്വസ്ഥതയായി
വിശ്വനില്‍ പുകഞ്ഞു കൊണ്ടിരുന്നു.

സിന്ധു സുരേഷ്

No comments:

Post a Comment