Friday, September 11, 2020

ഏകാന്തവാസം(കഥ)

ഏകാന്തവാസം    (കഥ)

മഴ ആര്‍ത്തലച്ചുപെയ്യുക
യാണല്ലോ? സൗദാമിനിയുടെ ചിതയെരിഞ്ഞടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.

തെക്കുവശത്തെ ജനല്‍
തുറന്നിട്ടിട്ട് ഗോവിന്ദന്‍
ജനല്‍പ്പടിയില്‍പിടിച്ച്   വെളിയിലേക്കു നോക്കിനിന്നു.

സൗദാമിനിയുടെ മരണത്തിനുശേഷം
തെക്കുവശത്തെ ലൈറ്റ് പുലരുവോളം തെളിച്ചിടും.
സമയം രാവിലെ നാലരയായിട്ടുണ്ടാവുമെന്നു തോന്നുന്നു.

ചായ്പ്പിന്‍റെ വലതുവശത്തെ തെങ്ങിന്‍ചുവട്ടില്‍  വീണുകിടക്കുന്ന ഓലമടലുകളില്‍ പതിക്കുന്ന മഴത്തുള്ളികള്‍ ശബ്ദമുണ്ടാക്കി വിളിക്കുന്നതാരെയാണ്?

നേര്‍ത്തവെളിച്ചത്തില്‍ മഴ ഊര്‍ന്നിറങ്ങുന്ന  വാഴയിലകളിലേക്കും മണ്ണിലേക്കും അയാള്‍ സൂക്ഷിച്ചുനോക്കി.  ആ വാഴയുടെ കിഴക്കുഭാഗത്തെ മണ്ണിലാണവള്‍ ലയിച്ചുചേര്‍ന്നിരിക്കുന്നത്.

മങ്ങിയ കാഴ്ചയ്ക്കിടയിലും മണ്ണൊലിച്ചിറങ്ങുന്നതുകാണാം.
ചെറിയ ചെമന്ന ചരല്‍ക്കല്ലുകളും മണ്ണിനൊപ്പം എങ്ങോട്ടൊക്കെയോ ഒലിച്ചിറങ്ങുന്നു.

ചെമന്ന ചരല്‍ക്കല്ലുകള്‍ തനിക്ക് ഓര്‍മ്മയുടെ നൊമ്പരങ്ങളാണ്.
പക്ഷേ  സൗദാമിനിക്കോ?തന്‍റെ സ്നേഹത്തിന്‍െറ അടയാളങ്ങളും.

ചെരിപ്പിടാതെ അവള്‍  ആ ചരലിലൂടെ അമ്മിണിപ്പശുവിന്‍റെ കയറില്‍ പിടിച്ചു തെങ്ങിന്‍ചുവട്ടി
ലോട്ടും മറ്റും പോകുമ്പോള്‍    തനിക്കെന്തേ വേദനിച്ചിരുന്നു എന്ന് ഇപ്പോഴുമറിയില്ല.

ആ ചരലിലൂടെ നടന്നാല്‍ തന്‍റെകാല്‍ നോവുന്നതുകൊണ്ടാ
യിരുന്നോ അവള്‍ക്കും നോവുമെന്നു തോന്നിയത്?

അവളുടെ പ്ലാസ്റ്റിക്ചെരിപ്പും കൈയില്‍പ്പിടിച്ച്  പിന്നാലെ  ചെല്ലും.സൗദാമിനി  തെങ്ങില്‍ അമ്മിണിയെ കെട്ടുമ്പോഴേക്കും താന്‍ ചെരുപ്പ് താഴെവയ്ക്കും.
തന്നെനോക്കി ഒന്നുചിരിച്ചിട്ട് അവള്‍ ചെരിപ്പിടും.
പിന്നെ ഇരുവരുംചേര്‍ന്ന്  അമ്മിണിയെ കുളിപ്പിക്കും.

മഴയുടെ വേഗത കൂടുകയാണ്. തെക്കുവശത്തെ  മുറിഞ്ഞമാവിന്‍ കൊമ്പുകളില്‍നിന്നും  വെള്ളം തടിയിലൂടെ വേഗത്തില്‍ ഒഴുകിയൊഴുകി മണ്ണില്‍ ലയിക്കാന്‍ വെമ്പല്‍ക്കൂട്ടുന്നുവോ?സൗദാമിനിയെപ്പോലെയാണോ ഈ മഴവെള്ളവും...

അവള്‍ അലിഞ്ഞുചേരട്ടെ..!ആ മണ്ണിലെല്ലാമങ്ങനെ ഒഴുകിനടക്കട്ടെ..!

അല്ലെങ്കിലും അവളുടെ കാല്പാദം പതിയാത്ത ഏതുമണ്‍തരിയാണീ പറമ്പിലുള്ളത്? അവളുടെ കരസ്പര്‍ശമേല്ക്കാത്ത ഏതുപുല്‍ച്ചെടിയാണിവിടെയുള്ളത്?

സൗദാമിനിയുടെ ശബ്ദം  കേള്‍ക്കുന്നുവോ?.

''അമ്മിണിയുടെ കാടിയിങ്ങോട്ടൊന്നെടുക്കുന്നുണ്ടോ നിങ്ങള്?
അങ്ങോട്ടു നീങ്ങെടീ...ശ്ശോ...മേല് മൊത്തം ചാണകമാക്കിയല്ലോ? എന്നാലിനി ഒന്നുകൂടി  കുളിച്ചിട്ടുമതി കാടികുടിക്കുന്നത്..മാറങ്ങോട്ട്...
ഒാ...എന്തിയേ നിങ്ങള്? ഈ മനുഷ്യനെ വിളിച്ചാലും കേള്‍ക്കില്ലല്ലോ?''

അയാള്‍ വേഗം  ജനലിനടുത്തുനിന്നും മാറി വെളിയിലേക്കുള്ള കതകുതുറക്കാന്‍ ഭാവിച്ചു..

കാടി അടുക്കളയിലല്ലേ..
എടുത്തില്ലല്ലോ?..
സൗദാമിനിയുടെ ചെരിപ്പെവിടെ?ലൈറ്റിട്ടു.
അടുക്കളയിലേക്കു പോകാന്‍  ഭാവിച്ചപ്പോള്‍ മേശപ്പുറത്ത്  ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന സൗദാമിനിയുടെ ഫോട്ടോയിലാണ്  കണ്ണുപതിഞ്ഞത്. ആരോ ഫോട്ടോയില്‍ കുറി തൊടുവിച്ചിരിക്കുന്നുവോ?

അയാള്‍ കട്ടിലില്‍ വന്നിരുന്നു.
ഇല്ല ..കേട്ടതൊക്കെ തോന്നലാണ്...അവളിനിയില്ല..
ഇനിയൊരിക്കലും സൗദാമിനി അമ്മിണിപ്പശുവിനെ കുളിപ്പിക്കില്ല.ചാണകം കോരില്ല,കാടികൊടുക്കില്ല...തന്നെ ശകാരിക്കില്ല.

അയാള്‍ കണ്ണടച്ചു കിടന്നോരോന്നോര്‍ത്തു.

മരിപ്പുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം എല്ലാവരും മടങ്ങി.രണ്ടുപെണ്‍
മക്കളുടെയും  വീട് അധികം  ദൂരത്തല്ല.

ഇരുവരും മാറിമാറിവിളിച്ചു.
പോയില്ല.പകലൊക്കെ  ആരെങ്കിലുമൊക്കെ വന്നുംപോയുമിരിക്കുന്നു.
എത്രനാള്‍?..

ഭക്ഷണം എത്തിക്കുവാന്‍ അടുത്തുള്ള ബന്ധുവിനെ  ഏര്‍പ്പെടുത്തി മക്കള്‍.

അമ്മിണിപ്പശുവിനെ മനസ്സില്ലാമനസ്സോടെ സഹോദരിയ്ക്കു കൊടുത്തു.

'സൗദാമിനിയില്ലാതെ
എനിക്കിനി ആവില്ലകുഞ്ഞേ നിന്നെനോക്കാ'നെന്നു വിതുമ്പി
അവളെ തഴുകിയാത്രയാക്കി
യപ്പോള്‍  ആ പരുപരുത്ത നാക്കുകൊണ്ട്  അമ്മിണി തന്റെ കൈയില്‍ നക്കിയത് എന്തിനായിരുന്നെന്ന്  തനിക്കും സൗദാമിനിക്കും അമ്മിണിക്കുമേ അറിയൂ.

അമ്മിണിപ്പശുവിന്‍റെ ആ കറുത്ത വലിയകണ്ണുകളില്‍നിന്നും കണ്ണു
നീരൊലിച്ച് കവിളില്‍ ഉണങ്ങി
പറ്റിപ്പിടിച്ചിരുന്നതെന്തിനെന്നും
തങ്ങള്‍ മൂവരും മാത്രമേ
യറിഞ്ഞുള്ളൂ.

തങ്ങളുടെ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും സാക്ഷിയായ അമ്മിണിയും വീടുവിട്ടുപോയ
പ്പോള്‍ താനും സൗദാമിനിയുടെ ഓര്‍മ്മകളും മാത്രമായി.

അടുത്തമാസം  ഇളയമകള്‍ എന്തായാലും തന്നെ കൊണ്ടുപോകുമത്രേ...
താനിവിടെ  ഒറ്റയ്ക്കായാല്‍ അവര്‍ക്ക് സമാധാനമില്ലെന്ന്..
തന്‍റെ ഏകാന്തവാസം അവര്‍ക്കുസഹിക്കില്ലെന്ന്.

അവര്‍ക്കറിയില്ലല്ലോ താനിവിടെ ഒറ്റയ്ക്കല്ലെന്ന്...തന്‍റെ സൗദാമിനി
യുടെ ഓര്‍മ്മകളുള്ളപ്പോള്‍ താനെങ്ങനെയാണ് ഏകനാകു
ന്നത്?

സൗദാമിനിയുടെയും അമ്മിണി
പ്പശുവിന്‍റെയും ഗന്ധം തനിക്കു
ചുറ്റും എപ്പോഴും പരന്നിരിക്കുമെന്ന് ഇവര്‍ക്കെന്തേ അറിയാന്‍ കഴിയുന്നില്ലാ....?
ഈ ഏകാന്തവാസത്തിലും എന്‍റെ  സൗദാമിനി ഈ മുറ്റത്തും മനസ്സിലുമുണ്ട്.

ഉറക്കംവരാതെ അയാള്‍ വീണ്ടും എഴുന്നേറ്റു.മുറ്റത്ത്  മഴതകര്‍ക്കു
മ്പോള്‍  അയാള്‍ കട്ടിലിന്‍റെ അടിയില്‍ ഭദ്രമായി വച്ചിരുന്ന പ്ലാസ്റ്റിക്‌ കവറെടുത്ത് മെല്ലെ തുറന്നു .

ആ  പഴകിയ പാദുകങ്ങളിലേക്കു
നോക്കിയിരുന്നപ്പോള്‍   ഇരമ്പിയാര്‍ത്തത് മഴയോ? അയാളുടെ  ഹൃദയമോ?

സിന്ധു സുരേഷ്

No comments:

Post a Comment