വൈകിവന്ന വസന്തം
എഴുതിയവരികളിലൂടെ മാധവി ഒന്നുകൂടി കണ്ണോടിച്ചു.കണ്ണു നിറയ്‌ക്കുന്ന കഥകളാണല്ലോ താന്‍ എപ്പോഴും എഴുതുന്നതെന്ന് വെറുതെ ഓര്‍ത്തു.
എങ്ങനെഴുതിയാലും ഒടുവില്‍ കഥ അങ്ങനെ പര്യവസാനിക്കുന്നു.
ധൃതിയിലെഴുതി കഥ ടൈംലൈനില്‍ പോസ്റ്റുചെയ്യുമ്പോള്‍ വല്ലാത്ത സംതൃപ്തിതോന്നി.
ചന്തുമോന്‍ എഴുന്നേറ്റില്ലല്ലോ?ലോക്ക്ഡൗണ്‍ ആയതിനാല്‍ സ്കൂളില്‍ പോകേണ്ടല്ലോ?കുറച്ചുനേരംകൂടി അവനെ കെട്ടിപ്പിടിച്ചുകിടക്കാം.
അച്ഛനും അമ്മയും ഡെല്‍ഹിയിലായതിന്‍റെ വിഷമമൊന്നും ചന്തുവിനില്ല.
പ്രസവിച്ച് അന്‍പതിന്‍റന്നുമുതല്‍ അവന്‍റെ അമ്മയായതാണ് താന്‍.
ബീന നഴ്സായതിനാല്‍ നൈറ്റ്ഡ്യൂട്ടിയുണ്ടാകും. അതിനാല്‍ കുഞ്ഞിനെ ഇവിടെ നിര്‍ത്തിയിട്ടാണ് അവര്‍ ഡെല്‍ഹിക്ക് മടങ്ങിയത്.
ഗിരിയ്ക്ക് പത്രപ്രവര്‍ത്തനമായ
തിനാല്‍ അധികസമയവും വീട്ടിലുണ്ടാവില്ല.
ചന്തു ഇപ്പോള്‍ രണ്ടാം ക്ളാസ്സിലായി .
അവര്‍ക്കവനെ ഡെല്‍ഹിയില്‍ കൊണ്ടുപോകണമെന്നും
അവനുപോകണമെന്നുമില്ല.
ചൊവ്വാദോഷക്കാരിയായതിനാല്‍ വിവാഹം തനിക്ക് നിഷിദ്ധവുമായി. വയസ്സ് മുപ്പത്തിരണ്ടുകഴിഞ്ഞു.
ഇനിയിപ്പോള്‍ മോഹങ്ങളുമില്ല.
മരിക്കുവോളവും തന്നെക്കുറിച്ചുള്ള വേദനയായിരുന്നു അമ്മയ്ക്ക് .
ചന്തുവിന് മൂന്നുവയസ്സുള്ള
പ്പോഴാണ് തനിക്കമ്മയെ നഷ്ടമായത്.താന്‍ ഒറ്റയ്ക്കാകരുത് എന്നുകൂടി
കരുതിയാവാം ഗിരി ചന്തുവിനെ കൊണ്ടുപോകാന്‍ നിര്‍ബ്ബന്ധം പിടിക്കാത്തതെന്നുതോന്നുന്നു.
തന്‍റെകാര്യത്തില്‍ വേവലാതി
യില്ലെങ്കിലും ബീനയ്ക്കും തന്നെ
വിശ്വാസമാണ്.മകനെപൊന്നു
പോലെ നോക്കുമെന്നറിയാം.
കോളിംഗ്ബെല്ലടിക്കുന്നല്ലോ?
ആരാവും?
ജനലില്‍ക്കൂടി നോക്കി.
പടിഞ്ഞാറേവീട്ടില്‍ കോറന്‍റൈനില്‍ കഴിയുന്ന അഹമ്മദാണല്ലോ?
പുറത്തിറങ്ങരുതെന്നാണല്ലോ നിയമം.
എന്തോ അത്യാവശ്യമുണ്ടാകും.
മാസ്ക്ക്ധരിച്ചിട്ട് കതകുതുറക്കാം.
''എന്താണ്? എന്തുപറ്റി?''
''അടിവയറ്റില്‍ വല്ലാത്തവേദന ,ചേട്ടത്തി ഭക്ഷണം കൊണ്ടുവരാന്‍ വൈകും.എനിക്കിത്തിരി ചൂടുവെള്ളം തരുമോ?സഹിക്കാന്‍ വയ്യ.'' അഹമ്മദ് വയറുപൊത്തിപ്പിടിച്ചു
''അയ്യോ! ആരോഗ്യകേന്ദ്രത്തില്‍ വിളിച്ചുപറഞ്ഞാല്‍ മതിയായിരുന്നല്ലോ?പുറത്തിറങ്ങുന്നത് ശിക്ഷാര്‍ഹമല്ലേ?''
''പതിനാലുദിവസം ഹോട്ടലില്‍ കഴിഞ്ഞതാണ്.സിറ്റിയില്‍...ഇനി പതിനാലുദിവസം ഇവിടെ .കുടുംബത്ത് എല്ലാവരും ഉള്ളതിനാലാണ് ചേട്ടത്തിയുടെ ഈ വീട് കാലിയാക്കിത്തന്നത്.പക്ഷേ എല്ലാവര്‍ക്കും ഞാനൊരധികപ്പറ്റാണെന്നു തോന്നുന്നു.''
''അഹമ്മദ് അകത്തേക്കുവരൂ..ആരെങ്കിലും കണ്ടാല്‍ പ്രശ്നമാകും .ഞാന്‍ വെള്ളം ചൂടാക്കിത്തരാം.''
''വേണ്ടാ ഞാനീസിറ്റൗട്ടില്‍ താഴെയിരിക്കാം. ഇവിടിരുന്നാല്‍ ആരും കാണില്ല.''
മാധവി വേഗം അകത്തേക്കുപോയി ഒരുമൊന്തയില്‍ ഇളംചൂടുവെള്ളം കൊണ്ടുകൊടുത്തു.
ഒറ്റവലിക്ക് അയാള്‍ കുടിച്ചുതീര്‍ത്തു.
''സ്റ്റോണിന്‍റെ ആരംഭമാണെന്ന് തോന്നുന്നു.ഇനി കോറന്‍റൈന്‍ കഴിഞ്ഞിട്ടുവേണം ചെക്കപ്പ്ചെയ്യിക്കാന്‍.ഇപ്പോള്‍ ആശ്വാസമായി.''
''എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞോളൂ.
ഞാന്‍ ഹെല്‍പ്പ്ചെയ്യാം.''
''മാധവിയുടെ നമ്പര്‍തരുമോ?''
''അതിനെന്താ?''
''ഹസ്ബന്‍റ് എവിടാണ്?''
മാധവി ചിരിച്ചു.
''കല്യാണം കഴിഞ്ഞില്ല.''
അയയില്‍ ഇട്ടിരുന്ന കുഞ്ഞുനിക്കറു
കളിലേക്ക് ചോദ്യഭാവത്തില്‍ അഹമ്മദ് നോക്കി.
''അത് ഗിരിയുടെ മകന്‍റെ വസ്ത്രങ്ങളാണ്.ഗിരിയും ഭാര്യയും ഡെല്‍ഹിയിലാണ്. അവരുടെ മകന്‍ എന്‍റെകൂടെയാണ്.''
''സോറി ,ഒന്നും അറിയില്ല.വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു.എട്ടുവര്‍ഷത്തിനിടയില്‍ രണ്ടുതവണ നാട്ടില്‍ വന്നു. ഉമ്മ മരിച്ചപ്പോഴും ഉപ്പ മരിച്ചപ്പോഴും..എല്ലാവര്‍ക്കും പണം മതിയല്ലോ.എന്നെപ്പറ്റി ചിന്തിക്കാന്‍ മറന്നുപോയെതെന്‍റെ തെറ്റെന്നുതോന്നുന്നു ഇപ്പോള്‍ .''
അഹമ്മദിന്‍റെ തൊണ്ടയിടറുകയും കണ്ണുനിറയുകയും ചെയ്തു.
നമ്പരുമായി അയാള്‍ വേഗം നടന്നുപോയി.
മാധവി വേഗം അകത്തുപോയി കൈകളും മൊന്തയും സോപ്പിട്ടു കഴുകി.
വാട്ട്സപ്പില്‍ പലതവണ ചൂടുവെള്ളം ആവശ്യപ്പെട്ടുകൊണ്ട്
അഹമ്മദിന്‍റെ മെസ്സേജുവന്നു.
ആരുംകാണാതെ വെള്ളം ഫ്ളാസ്കിലാക്കി ഗേറ്റിന്‍റിടയില്‍ക്കൂടി വെച്ചുകൊടുക്കും മാധവി.
ഇടയ്ക്കിടെ നാലുമണിപ്പലഹാരവും കൊടുത്തു.
അഹമ്മദിന്‍റെ കോറന്‍റൈന്‍ കഴിഞ്ഞപ്പോഴേക്കും മാധവിയുടെ ഫെയ്സ്ബുക്ക് സുഹൃത്തും ആരാധകനും കൂടിയായി അഹമ്മദ്.
മാധവിയുടെ കഥയ്ക്ക്
വേണ്ടി അഹമ്മദ് കാത്തിരിക്കാന്‍ തുടങ്ങി.
പുതിയ കഥയുടെ കമന്‍റുവായിച്ചപ്പോള്‍ മാധവിയുടെ കണ്ണുനിറഞ്ഞു.
''പ്രിയഎഴുത്തുകാരീ കദനംനിറഞ്ഞ കഥകള്‍ക്കുപകരം സന്തോഷംനിറഞ്ഞ ഒരുകഥയും പ്രതീക്ഷിച്ചോട്ടേ...''
ഒപ്പംതന്നെ വാട്ട്സപ്പില്‍ ഒരു മെസേജും...
''ഞാന്‍ പുതിയകഥയിലെ നായകനായിക്കോട്ടേ, മാധവി എന്‍റെ ജീവിതത്തിലോട്ടു
വരുകയാണെങ്കില്‍ നമുക്കൊരു നോവല്‍ രചിക്കാം...അല്ലെങ്കില്‍ ഇതിഹാസം.എനിക്കും നാല്പതുവയസ്സുണ്ട്.ജാതിയും മതവും തടസ്സമില്ലെങ്കില്‍ എന്‍റെ ജീവിതത്തിലേക്കുവരാം...ഞാന്‍ പൊന്നുപോലെ നോക്കാം.ഒരുദോഷവും നമുക്കുണ്ടാവില്ല...''
മാധവിയുടെ ഹൃദയംവല്ലാതെ മിടിച്ചു.സന്തോഷമാണോ സങ്കടമാണോ??
''മാധവീ...മൗനം സമ്മതമെന്നു കരുതുന്നു.ഗിരിയുമായി ഞാന്‍ സംസാരിക്കട്ടേ..''
നാണത്തില്‍പൊതിഞ്ഞ ഒരുസ്മൈലിയും hmmm എന്ന ഒരുമൂളലും പകരം നല്‍കി.
അഹമ്മദ് അപ്പോഴേക്കും ഗിരിയെ വിളിക്കുന്ന തിരക്കിലായി.
സിന്ധു സുരേഷ്
No comments:
Post a Comment