Saturday, September 26, 2020

കവിത

പുനര്‍ജ്ജനനം

ഉരുകും വേനലില്‍
അപരിചിതത്വം പഠിപ്പിക്കേണ്ടിയിരിക്കുന്നു
മനസ്സിനെ..

തൂവലാല്‍ മൂടിയ
ഉടലിനെ വീണ്ടുംമറയ്ക്കേണ്ടിയിരിക്കുന്നു
ചൂടുനോക്കാതെ.....

സ്നേഹത്തിന്‍റെ കൂട്
ഒളിപ്പിച്ചുവയ്ക്കേണ്ടിയിരിക്കുന്നു
കാണാത്ത മരപ്പൊത്തുകളില്‍...

ശിഖരങ്ങളില്‍ പ്രവേശനം
നിഷേധിക്കേണ്ടിയിരിക്കുന്നു
ഇല കൊഴിയുവോളം....

വര്‍ണക്കായ്കനികളേയും
സൂക്ഷിക്കേണ്ടിയിരിക്കുന്നു
നൊമ്പരസ്വാദുണ്ടായേക്കാം....

തപിക്കുന്ന കാറ്റില്‍
ചില്ലയില്‍മുറുകെപ്പിടിക്കേണ്ടിയിരിക്കുന്നു
ചിറകറ്റുവീഴാതെ...

ചൂടിന്‍റെ പ്രഹരത്തില്‍
കൂര്‍ത്തനഖങ്ങളമര്‍ത്തിയിരിക്കേണ്ടിവന്നേക്കാം
മരത്തെ നോവിക്കാതെ...

എങ്കിലും  കൊടുംചൂടില്‍
അപരിചിതത്വം ശീലമാക്കേണ്ടിയിരിക്കുന്നു
പുലരുവോളവും പിന്നെയും.....

മായമാര്‍ന്ന കായ്കനികള്‍
തരുപ്പടര്‍പ്പുമേകിയെന്നിരിക്കാം
വിശപ്പ് ശീലമാക്കാം......

അപരിചിതത്വത്തിന്‍റെ
നീണ്ടചുറ്റുമതിലാലകന്നിരിക്കാം
കെട്ടുപാടുകളില്ലാതെ.....

വിശന്നുമരിക്കുമ്പോള്‍ വീണ്ടും
വളമായ്,പുഴുവായ് പുനര്‍ജ്ജനിച്ചേക്കാം
മായമില്ലാതെ.......

സിന്ധു സുരേഷ്
30.6.2019

Wednesday, September 16, 2020

വീട്ടാക്കടം(കവിത)

വീട്ടാക്കടം

കൊടിയ താപത്തില്‍ കുളിര്‍ക്കാറ്റുപോലെയാ
വിളിയിനി കേള്‍ക്കില്ല കാതില്‍.

കൊടുംമഞ്ഞില്‍ക്കുളിരുമ്പോളിളംചൂടുപോലെയാ-
മൊഴിയിനി കേള്‍ക്കില്ല കാതില്‍.

സ്നേഹംനിറഞ്ഞുതുളുമ്പുമാക്കണ്ണിനാല്‍
യാത്രാമൊഴിയിനിയില്ല.

ഉണ്ണാതുറങ്ങാതുഴറിക്കരയുമ്പോള്‍
താരാട്ടുപാട്ടിനിയില്ല.

തിങ്ങിനിറയും വാത്സല്യച്ചൂടുമായ്
മൂര്‍ദ്ധാവിലില്ലിനി മുത്തം.

കനിവിന്നുറവയായ്, സ്നേഹത്തലോടലായ്,
ഉയരില്ലിനിയാക്കരങ്ങള്‍.

ഊറ്റിവലിച്ചുകുടിച്ചയാ,യമൃതിന്‍റെ
കടംമാത്രമിനിയെന്നും ബാക്കി.

അഴിയാത്ത ബന്ധച്ചരടുകള്‍ ചുറ്റിലു-
മെങ്കിലുമില്ലിനിയിതുമാത്രം.

മായുന്നുമറയുന്നു,മറക്കാത്തൊരോര്‍മ്മയായ്
വിറകിന്‍നിരകള്‍ക്കുമുള്ളില്‍,

തീയായഗ്നിയായ്,പുകയായൊരുപിടി-
ച്ചാരമായ് നിറയുന്നെന്‍ നെഞ്ചില്‍.

ഏകാകിയായിഞാനോര്‍മ്മതന്‍ കടവത്ത്
താരാട്ടു കേള്‍ക്കാന്‍  കൊതിച്ചും,
പഴന്തുണിക്കെട്ടില്‍ പതുങ്ങുംപഴമണം
നെഞ്ചോടമര്‍ത്തി മണത്തും,

അണച്ചുംമടക്കിയും വീട്ടാക്കടവുമായ്
വീണ്ടുമീയാള്‍ത്തിരക്കിലേക്ക്....

Sunday, September 13, 2020

കവിത(അമൃതം തേടി)

അമൃതം തേടി

വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവയ്പ്.

പിഴുതെറിയുംതോറും അസുരപ്പടകളായ്
ചൂവന്നും വെളുത്തും വീണ്ടും .

ചുവര്‍ക്കണ്ണാടിയിലെ അരണ്ടവെളിച്ചത്തിലും
വെളുപ്പിന്‍റെ പകപ്പ്.

ക്ഷമകേടിന്‍റെ തെരയലിനൊടുവില്‍
കൈക്കണ്ണാടിയുടെ കണ്ടുകിട്ടലും,
സൂര്യവെളിച്ചത്തിലെ കാഴ്ചയും.

ആഗതമായ വാര്‍ദ്ധക്യത്തിന്‍റെ
പോര്‍വിളിയുമായി
വെളുത്ത അസുരന്‍മാരുടെ
അട്ടഹാസത്തില്‍
അമൃതംതേടി പാഞ്ഞു.

പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴികടയാതെ
കറുത്തചായാമൃതംകൊണ്ടു
വെളുത്തവരകളെ നിരന്തരമൂട്ടി...

എന്നിട്ടും അവള്‍ മരിച്ചു!!

Friday, September 11, 2020

കഥ(അമ്മു വെയിറ്റിംഗ് ലിസ്റ്റിലാണ്)

അമ്മു വെയിറ്റിംഗ് ലിസ്റ്റിലാണ്.

തെക്കേമുറ്റത്തെ കോഴിക്കൂടിന്‍റെ സമീപത്ത് അടുക്കിവെച്ചിരുന്ന പഴയ ചുടുകട്ടകള്‍ ഓരോന്ന് നെഞ്ചോടുചേര്‍ത്ത് എടുത്തുകൊണ്ടുവന്ന് അമ്മു മുറ്റത്ത് ഇടുകയാണ്‌. നാളെ വല്യമ്മയുടെ മകള്‍ മഞ്ചുച്ചേച്ചിയുടെ കല്യാണമാണ്.

രാവിലെ മുതലുള്ള തോരാത്ത മഴയാല്‍ മുറ്റംനിറയെ  വെള്ളവും ചെളിയുമാണ്.ഏഴുകല്ലുകള്‍
പെറുക്കിക്കൊണ്ടിട്ടു.ഒന്നുകൂടി
വേണ്ടിവരും പടിവരെ എത്താന്‍.

പഴയ ചായിപ്പ് പൊളിച്ചുമാറ്റി
യപ്പോള്‍ അമ്മ എന്തിനോവേണ്ടി അടുക്കി വെച്ചിരുന്നതാണ് ചുടു കട്ടകള്‍.

ചുടുകട്ടയുടെയും കൈകളുടെയും നിറം ഒരുപോലെ ആയെങ്കിലും അമ്മുവിന് സംതൃപ്തി തോന്നി.നെഞ്ചത്തുപറ്റിപ്പിടിച്ച ചുടുകട്ടപ്പൊടി കൈകൊണ്ട് തട്ടിക്കളഞ്ഞു.

അമ്മയും അച്ഛനും മഞ്ചുച്ചേച്ചിയുടെ വീട്ടിലോട്ട് പോയിരിക്കുകയാണ്,കല്യാണവിശേഷങ്ങളറിയാന്‍.

ചിന്നുച്ചേച്ചിയ്ക്ക്  ഓണ്‍ലൈന്‍ക്ളാസ്സ് നടക്കുന്നു.അതിനാല്‍  ചേച്ചി അകത്തെ മുറിയിലാണ്.

തയ്ച്ചുവെച്ചിരിക്കുന്ന പുത്തന്‍ പട്ടുപാവാടയും ഉടുപ്പുമിട്ടിറങ്ങു
മ്പോള്‍ പാവാടയില്‍ ചെളിയാകാ
തിരിക്കാനുള്ള വിദ്യയാണ് അമ്മു ചെയ്യുന്നത്.

രാവിലെ   കല്യാണത്തിനു പോകാന്‍ പട്ടുപാവാടയും ബളൗസ്സുമിട്ടിറങ്ങുന്ന രംഗം അവള്‍ ഭാവനയില്‍ കണ്ടു.

അമ്മു കൈയും മുഖവും കഴുകി അകത്തുകയറി. മഞ്ഞപ്പട്ടുപാവാട അരയോടുചേര്‍ത്തുവെച്ചു കണ്ണാടിയില്‍ നോക്കി ഒന്നുകറങ്ങി.

നാളെ ഏങ്ങനെ മുടികെട്ടും? അവള്‍ പലരീതിയില്‍ കുഞ്ഞിത്തലമുടി കെട്ടി നോക്കി.
ഇരുവശവും കെട്ടി പൂവെച്ചാല്‍ നല്ല ചേലാവും...കണ്ണാടിയില്‍ തന്നെത്തന്നെ നോക്കി അമ്മു ചിരിച്ചുകൊണ്ടുനില്‍ക്കവേ മുറ്റത്ത് അച്ഛന്‍റെയും അമ്മയുടെയും ശബ്ദം കേട്ടു.

''ആളു തികഞ്ഞസ്ഥിതിയ്ക്ക്  ഇവിടുന്ന് രണ്ടുപേര്‍ക്കല്ലേ പോകാന്‍ പറ്റൂ?''അമ്മയുടെ  ശബ്ദം.

''അപ്പോള്‍ മക്കളോ?''
അച്ഛന്‍റെ വിഷമിച്ച ശബ്ദം.

''അല്ല നിങ്ങളും അമ്മുവുംകൂടി പൊയ്ക്കോളൂ, അവള്‍ ഇന്നലെമുതല്‍ ഒരുങ്ങിയിരിക്കുകയല്ലേ..പാവം.

ചിന്നുവിന് ഓണ്‍ലൈന്‍
ക്ളാസ്സുള്ളതിനാല്‍ അവള്‍ക്ക് വിഷമമുണ്ടാകില്ല. ഞാനും ചിന്നുവും വരുന്നില്ല  ,നിങ്ങള്‍ പൊയ്ക്കോളൂ .''

വാടിയമുഖത്തോടെ അമ്മു പട്ടുപാവാട അലമാരയില്‍ മടക്കിവെച്ചു.വേണ്ട ...ചിന്നുച്ചേച്ചി യില്ലാതെ തനിക്ക് കല്യാണത്തിന് പോകേണ്ട..

നിറഞ്ഞകണ്ണുകള്‍ ചുടുകട്ടപ്പൊടി പറ്റിയ പാവാടയില്‍ തുടച്ചുകൊണ്ട് അമ്മു തിണ്ണയില്‍  വിഷമിച്ചിരിക്കുന്ന അമ്മയുടെ   അടുത്തെത്തി.
''അമ്മേ,ഞാന്‍ കല്യാണത്തിന്  വരുന്നില്ല..എനിക്ക് ചിന്നുച്ചേച്ചിയോടൊപ്പം ഇവിടിരുന്നാല്‍മതി,എനിക്ക് കല്യാണത്തിന്  വരണ്ടാമ്മേ''
അമ്മു കരയാന്‍ തുടങ്ങി.

അച്ഛനും അമ്മയും പരസ്പരം  നോക്കിമിഴിച്ചിരുന്നു.
'' വേറെ ആരെങ്കിലും  രണ്ടുപേര്‍ വരാതിരുന്നാലോ?'' അച്ഛന്‍റെ  ഇടറിയശബ്ദം അമ്മു അകത്തേക്കു നടക്കുമ്പോള്‍ കേട്ടു.

സിന്ധു സുരേഷ്
6.06.2020

കഥ(അയല്ക്കാര്‍ കോറന്‍റൈനില്‍)

അയല്ക്കാര്‍ കോറന്‍റൈനില്‍...

''ഹലോ....സുഷമേ..ടിക്കറ്റ് ശരിയായി,17ാം തീയതി,റെഡിയായിക്കൊള്ളൂ''.
ജോര്‍ജ്ജങ്കിളിന്‍റെ  ഫോണ്‍ വന്നപ്പോള്‍  തുള്ളിച്ചാടാന്‍ തോന്നി.

എത്രനാളത്തെ കാത്തിരിപ്പിനുശേഷമാണ് ടിക്കറ്റ് റെഡിയായത്.

പതിനാലുദിവസത്തെ കോറന്‍റൈന്‍  ഒരു പ്രശ്നമല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എവിടെവേണമെങ്കിലും പോയിത്താമസിക്കാം.

എത്രനാള്‍ വേണമെങ്കിലും കേരളത്തില്‍ കോറന്‍റൈന്‍  ഇരിക്കാന്‍ തയ്യാറാണ്.കുഴപ്പമില്ല.
ഇവിടുന്നങ്ങ് എത്തിയാല്‍മതി.

രണ്ടരവര്‍ഷമായി നാട്ടില്‍പ്പോയിട്ട്. വീടുപൂട്ടിയിട്ടിരിക്കുകയാണ് നാട്ടില്‍. അയലത്തെ രാഗിണിച്ചേച്ചി ഇടയ്ക്കുപോയി വീടൊക്കെ നോക്കും .

അമ്മ മരിച്ചതില്‍പ്പിന്നെ ഒറ്റയ്ക്കായതാണ്.

ദാസേട്ടനും ചേച്ചിയും  വിവാഹം കഴിഞ്ഞ് അവരവരുടെ കുടുംബവുമായി സുഖമായി കഴിയുന്നു. ചേച്ചിയെ പാലക്കാടാണ് വിവാഹം കഴിച്ചയച്ചത്.

ആലപ്പുഴയില്‍ത്തന്നെ കുടുംബവീട്ടിന് കുറച്ചകലെയാണ് ദാസേട്ടന്‍ താമസിക്കുന്നത്.

ചേച്ചിയൊക്കെ മുന്‍പ്  ഡെല്‍ഹിയില്‍ ആയിരുന്നു .
അമ്മ മരിച്ചപ്പോള്‍ അവര്‍ തന്നെയും ഡെല്‍ഹിയിലേക്ക് കൊണ്ടുവന്നതാണ്.

കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ചേട്ടന്‍റെ അമ്മ  അസുഖബാധിത
യായി കിടപ്പിലായപ്പോള്‍ ചേച്ചിയും മക്കളും ചേട്ടന്‍റെ  സ്ഥലമായ പാല
ക്കാട്ടേക്കു മടങ്ങി.കുറച്ചുനാള്‍ 
കഴിഞ്ഞ് ചേട്ടനും നാട്ടിലായി.

ഡെല്‍ഹിയില്‍ ഒാഖലയിലെ ഒരു ഓഫീസില്‍ ജോലികിട്ടിയതിനാല്‍ തനിക്ക് മടങ്ങാന്‍ തോന്നിയില്ല.

ആദ്യമൊക്കെ  ദാസേട്ടന്‍  എല്ലാ ആഴ്ചയും  മുടങ്ങാതെ വിളിക്കുമായിരുന്നു.ക്രമേണ വിളി കുറഞ്ഞു.

ചേച്ചിയാണെങ്കില്‍ സുഖമില്ലാത്ത അമ്മയും കൃഷിയും മറ്റ് കുടുംബ പ്രാരാബ്ധങ്ങളുമായി പാലക്കാടാണ്.ഫോണ്‍വിളി പോലും അപൂര്‍വ്വം.ചേച്ചിയെ ബുദ്ധിമുട്ടിക്കാനും തോന്നില്ല.

ദാസേട്ടന്‍ ഒരിക്കല്‍ വിളിച്ചുപറഞ്ഞു ഒരാലോചനയുണ്ട് നാട്ടിലോട്ടൊന്നു വരാന്‍. ദീപാവലി സീസണ്‍ ആയതിനാല്‍ മലയാളികള്‍ക്ക് ആ സമയം ഓഫീസില്‍നിന്ന് ലീവ്കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.അതിനാല്‍
അന്ന്  പോകാന്‍ കഴിഞ്ഞില്ല.

ഗള്‍ഫുകാരനായിരുന്നു പയ്യന്‍ , അയാള്‍ ലീവ് കഴിഞ്ഞ് മടങ്ങി ഇനി ഉടനെ  നാട്ടില്‍ വരേണ്ടതില്ലെന്ന് ദാസേട്ടനറിയിച്ചപ്പോള്‍ വേദനതോന്നി.

അതിനുശേഷമാണ് കോവിഡെന്ന ഈ മഹാവ്യാധി രാജ്യമാകെ പടര്‍ന്നത്. ആദ്യമൊക്കെ ദാസേട്ടന്‍ ഉത്ക്കണ്ഠയോടെ  കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു,ഡെല്‍ഹിയിലെ അവസ്ഥയറിയാന്‍. കോവിഡ് മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍
ക്രമേണ വിളിയും നിന്നു.

രണ്ടരവര്‍ഷംമുന്‍പുവരെ എല്ലാവര്‍ഷവും നാട്ടില്‍പ്പോകു
മായിരുന്നു.നാട്ടിലെത്തുമ്പോള്‍ അയലത്തെ രാഗിണിച്ചേച്ചിയുടെ അമ്മ കൂട്ടിന് വീട്ടില്‍വന്നു
നില്‍ക്കും.അമ്മയുടെ കൂട്ടുകാരി
യായിരുന്നു പത്മാവതിയമ്മ.
അമ്മയെപ്പോലെയായിരുന്നു
തനിക്കവര്‍.

രണ്ടരവര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് അവര്‍ മരിച്ചതിനാല്‍ ആ തുണയും ഇല്ലാതായി.അന്ന് പത്മാവതിയമ്മ മരിച്ചപ്പോള്‍ നാട്ടില്‍പ്പോയതാണ്.
മടങ്ങാന്‍നേരം താക്കോലുകളില്‍ ഒന്ന് രാഗിണിച്ചേച്ചിയെ ഏല്പിച്ചു.

ഡെല്‍ഹിയിലെ  ഈ ഇടുങ്ങിയ വാടകമുറിയില്‍ നാലുപേരൊന്നി
ച്ചാണ് താമസം.നാലുപേരും
അവിവാഹിതര്‍.

ജിസിയും ജിപ്സിയും ഇരട്ടകളാണ്.രണ്ടുപേരും  നഴ്സിംഗ് പഠനത്തിനെത്തിയതാണ്. പഠനം കഴിഞ്ഞ്  അതേ ഹോസ്പിറ്റലില്‍ പരിശീലനത്തിലായിരുന്നു.

അവര്‍ കഴിഞ്ഞയാഴ്ച അവരുടെ ആന്‍റിയോടൊപ്പം കേരളത്തി
ലെത്തി.ഇനിയൊരുമടക്കം ഇല്ലത്രേ...ഡെല്‍ഹിയിലേക്ക്.

ഇരുവര്‍ക്കും കല്യാണാലോചന
കളും നടക്കുന്നുണ്ട്.അവര്‍
വന്നില്ലെങ്കില്‍ പകരം രണ്ടുപേരെ കിട്ടുന്നതുവരെ  ബുദ്ധിമുട്ടാണ് .
വാടക കൂടുതല്‍  കൊടുക്കേണ്ടി വരും.പിന്നെ ലേഖ.ലേഖയും ഒരോഫീസില്‍ പണിചെയ്യുന്നു.
ഇരുപത്തിനാല് വയസ്സേയുള്ളൂ.ലേഖയ്ക്ക് നാട്ടില്‍പ്പോകണമെന്നില്ല,ആറുമാസമായതേയുള്ളൂ നാട്ടില്‍നിന്നും  വന്നിട്ട്.

മുപ്പത്തിമൂന്ന് വയസ്സു കഴിഞ്ഞിട്ടും തന്‍റെ വിവാഹത്തെപ്പറ്റി ആര്‍ക്കും ഒരു ചിന്തയുമില്ല. ഇനിയും അതിനെപ്പറ്റി ചിന്തിക്കേണ്ടതി
ല്ലെന്നു  തോന്നുന്നു .ജീവിതം എന്താണെന്ന് പഠിച്ചുതുടങ്ങി.

ചേട്ടന്‍റെ  പഴയപരിചയക്കാരനാണ് ജോര്‍ജ്ജങ്കിള്‍.ചേട്ടനും ചേച്ചിയുമൊക്കെ നാട്ടില്‍ ഷിഫ്റ്റായപ്പോള്‍ ജോര്‍ജ്ജങ്കിളും
റോസിയാന്‍റിയുമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. ഇപ്പോഴും  ആ സഹായത്തിന് ഒരു കുറവുമില്ല.

ജോര്‍ജ്ജങ്കിളിന്‍റെ  കസിനും ഭാര്യയും നാട്ടിലോട്ടു പോകുന്നു .
അവര്‍ ഗര്‍ഭിണിയായതുകൊണ്ട് കുറച്ച് പരിഗണനകളും ഇളവുമൊക്കെയുണ്ട്.അതിനാല്‍  ജോര്‍ജ്ജങ്കിളാണ് അവരെ പരിചയപ്പെടുത്തിയത്.

നാട്ടിലെത്തിയാല്‍ ഇപ്പോള്‍ അസുഖമില്ലാത്തവര്‍ക്ക് ഹോം കോറന്‍റയിനാണത്രേ..
ഹാവൂ! സമാധാനമായി.
ദാസേട്ടനെയൊന്നുവിളിക്കാം.

വിളിച്ചിട്ടൊന്നും ഫോണ്‍ എടുക്കുന്നില്ല.ഇനി രണ്ടു ദിവസമേയുള്ളൂ ,യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ധൃതിയിലാവണം.

സാരമില്ല  വീടിന്‍റെ ചാവി കയ്യിലുണ്ട് .രാഗിണിച്ചേച്ചിയെ വിളിച്ചപ്പോള്‍ വീട് വൃത്തിയാക്കിയിട്ടേക്കാം പോന്നോളൂ എന്നറിയിച്ചു.

വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴവരെ  സര്‍ക്കാര്‍വക വാഹനം ലഭിക്കും.പക്ഷേ  ആലപ്പുഴയില്‍ നിന്നും വീട്ടിലാരെത്തിക്കും?

ജോര്‍ജ്ജങ്കിള്‍തന്നെ അതിന് മാര്‍ഗ്ഗം കണ്ടുപിടിച്ചു. കസിനും വൈഫും കൊല്ലത്താണ് പോകുന്നത്. തന്‍റെ ദൈന്യാവസ്ഥ അവരെ അറിയിച്ചപ്പോള്‍
ഏതായാലും  അവര്‍ ആലപ്പുഴവഴി കൊല്ലത്തുപൊയ്ക്കോളാം.തന്നെ
വീട്ടില്‍ എത്തിക്കാന്‍ അവര്‍
സഹായിക്കാം എന്നറിയിച്ചത്രേ.

ദൈവത്തിന്‍റെ കരങ്ങള്‍  പ്രവര്‍ത്തിച്ചുകൊണ്ടേ
യിരിക്കുന്നുവെന്ന് തോന്നി.

ദാസേട്ടനെ പിന്നീട്  വിളിക്കാന്‍ തോന്നിയില്ല .യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍തുടങ്ങി.

സാധാരണ  രണ്ടുംമൂന്നും ബാഗുണ്ടാവും.ഒന്നില്‍നിറയെ
തന്‍റെ വസ്ത്രങ്ങള്‍,മറ്റുരണ്ടിലും ദാസേട്ടന്‍റെ വീട്ടിലേക്കും പാലക്കാ
ട്ടേക്കുമുള്ള വസ്ത്രങ്ങളും മറ്റും.

ഇത്തവണ ഒരുബാഗുമാത്രം..
വസ്ത്രങ്ങളൊന്നും എടുക്കാന്‍ തോന്നുന്നില്ല.എവിടെപ്പോകാ
നാണ്?

ലോക്ക്ഡൗണ്‍ ആയതില്‍പ്പിന്നെ രണ്ടുമൂന്ന് ജോഡി വസ്ത്രങ്ങള്‍ തന്നെ മാറിമാറിയിടും. ഒന്നിനോടും ആഗ്രഹമില്ലാതായി.കണ്ണാടിയില്‍  നോക്കിയിട്ട് രണ്ട്മൂന്നുമാസമായി.
മുത്തുമാലകളില്‍ പൊടിപിടിച്ചുവോ?

പൊട്ടുവേണ്ട,കണ്‍മഷിവേണ്ട,കുളികഴിഞ്ഞാല്‍ മുടിപോലും ചീകിയൊതുക്കാന്‍ തോന്നുന്നില്ല.
എല്ലാത്തിനോടും ഒരുതരം വിരക്തി.

സ്വര്‍ണം ഉപയോഗിക്കാത്ത
തിനാല്‍ ആര്‍ട്ടിഫിഷ്യല്‍ കമ്മലുകളാണ് ഇടുന്നത്. ഇപ്പോള്‍  മാസങ്ങളായി കമ്മലിടാത്തതി
നാല്‍ കമ്മലിടാനുള്ള ദ്വാരവും അടഞ്ഞെന്നു തോന്നുന്നു.

കൈകഴുകുക,കുളിക്കുക,വിശക്കുമ്പോള്‍ വല്ലതും ഉണ്ടാക്കിക്കഴിക്കും. ഇതാണ് ഇപ്പോള്‍  ദിനചര്യ.

ലോക്ക്ഡൗണിന്‍റെ ആദ്യദിനങ്ങളില്‍ ഉറങ്ങാന്‍ കൊതിയായിരുന്നു. ഇപ്പോള്‍  ആ കൊതിയും തീര്‍ന്നു .ഉറക്കം എങ്ങോപോയി.

നാടണയാനുള്ള വെമ്പലാണി
പ്പോള്‍ .കുറച്ചുനാള്‍  നാട്ടില്‍ നിന്നിട്ടുവരുമ്പോള്‍ ഒരാശ്വാസ
മാകും. ഓഫീസില്‍ അവധി അനുവദിച്ചതിനാലാണ് നാട്ടില്‍പ്പോകാന്‍ തിടുക്കം.

ടിക്കറ്റിന്‍റെ കോപ്പി ഭദ്രമായെടുത്തുവെച്ചു.സങ്കടം സഹിക്കാന്‍ കഴിയുന്നില്ല .
ദാസേട്ടന്‍ ഇന്നലെരാത്രി തിരിച്ചുവിളിച്ചു.

ഇപ്പോള്‍  എന്തിനാണ് നാട്ടില്‍ ചെല്ലുന്നതെന്ന്? ഡെല്‍ഹിയില്‍നിന്നും മുംബൈയില്‍ നിന്നുമൊക്കെ വരുന്നവരെ എല്ലാവര്‍ക്കും  പേടിയാണത്രേ!..ദാസേട്ടന്‍ വിളിക്കാന്‍ വരില്ലെന്ന്. പതിനാലുദിവസം കോറന്‍റൈന്‍  ഇരിക്കാനാവില്ലെന്ന്.ദാസേട്ടന്‍റെ അയല്ക്കാരൊക്കെ വഴക്കു
പറയുന്നെന്ന്...

ഫ്രണ്ട്സ് വീട്ടിലെത്തിച്ചോളും ദാസേട്ടന്‍ വിളിക്കാന്‍  വരേണ്ടെന്നു പറഞ്ഞു ഫോണ്‍ വെച്ചു.

വിമാനത്താവളത്തിലെ നിബന്ധനകളനുസരിച്ച് ഫ്ളൈറ്റില്‍ കയറി.എല്ലാവര്‍ക്കും  എന്തൊരു കരുതല്‍....

കൊച്ചിവിമാനത്താവളത്തില്‍ ഫ്ളൈറ്റില്‍ നിന്നും ഇറങ്ങി
ക്കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റുംമഴയും.

അവിടുന്ന് പോലീസ് എക്സ്കോര്‍ട്ടോടുകൂടിയ ആ
യാത്ര രസകരമായിത്തോന്നി.
വി എെ പി പരിഗണനപോലെ തോന്നിച്ചു ആ യാത്ര.

പരിശോധനകള്‍ക്കൊടുവില്‍ സര്‍ക്കാര്‍വക ബസ്സില്‍  മൂവരും  ആലപ്പുഴയില്‍  ഇറങ്ങി.

ടാക്സിഡ്രൈവറുടെ സീറ്റും സജ്ജീകരണങ്ങളും കണ്ടപ്പോള്‍  അല്പംഭയം തോന്നി. എങ്കിലും  കേരളത്തിന്‍റെ സുരക്ഷാനടപടി
യില്‍ അഭിമാനം തോന്നി.

വീട്ടിനുമുന്നില്‍ എത്തിച്ചിട്ട് അവര്‍ യാത്രയായി. രാഗിണിച്ചേച്ചി വീടും പരിസരവും വൃത്തിയാക്കി
യിട്ടിട്ടുണ്ട്. കതകുതുറന്ന് അകത്തുകയറിയപ്പോ
ഴത്തേക്കും സ്ഥലം എസ് എെയുടെ ഫോണ്‍.

ചുമയോ പനിയോ ഉണ്ടോ?അസ്വസ്ഥതയൊന്നുമില്ലല്ലോ?ചുമയോ പനിയോ ഉണ്ടെങ്കില്‍  ആശാവര്‍ക്കറെ അറിയിക്കണം,
ഫോണ്‍നമ്പരും തന്നു.

സ്നേഹിക്കാന്‍ അധികമാരും ഇല്ലാത്തതിനാലാണോ എന്തോ എന്‍റെ കണ്ണുനിറഞ്ഞു.
നന്മമനസ്സുകള്‍ക്കുമുമ്പില്‍ ഹൃദയംകൊണ്ട് നന്ദിയര്‍പ്പിച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ അംഗന്‍വാടിടീച്ചര്‍,ആശാവര്‍ക്കര്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എല്ലാവരു
ടെയും  ഫോണ്‍വന്നപ്പോള്‍
കോരിത്തരിച്ചു. വല്ലാത്തൊരു സുരക്ഷാബോധം തോന്നി.

മന്ത്രിമാര്‍ക്കുപോലും ഇത്രയും ശ്രദ്ധ കിട്ടാറുണ്ടോ എന്നതിശയിച്ചു.
വിശേഷങ്ങള്‍ ക്കൊടുവില്‍ ഒരു താക്കീതും തന്നു.പതിനാലുദിവസം  യാതൊരുകാരണവശാലും പുറത്തിറങ്ങരുതെന്ന്. ഇറങ്ങിയാല്‍ കേസും പൊല്ലാപ്പുമാവുമെന്ന്.
വീടിനുചുറ്റും നിരീക്ഷകരുണ്ടത്രേ!..
കതകടച്ച് അകത്തുതന്നെയിരുന്നു കുറച്ചുനേരം .ഇല്ല ഈ മുറ്റംവിട്ട് താനെങ്ങോട്ടുമില്ല പതിനാലുദിവസം.

ഈ സുരക്ഷ നാടിനുംകൂടി വേണ്ടിയാണ്...

ആശാവര്‍ക്കറുടെ നമ്പരിലേക്ക് വിളിച്ചുപറഞ്ഞു  ഒരുകുപ്പി വെള്ളം വേണമെന്ന്. അരമണിക്കൂറിനകം അഞ്ചുകുപ്പി വെള്ളവും അരിയും പയറും തെയിലെയും പരിപ്പും പഞ്ചസാരയുമടങ്ങുന്ന ഒരുകിറ്റ് ആരോ തിണ്ണയില്‍  വെച്ചിട്ട് പോയി.

പിറ്റേന്നു രാവിലെ പഞ്ചായത്തില്‍നിന്നും ആരോ ഫോണില്‍ വിളിച്ചു പറഞ്ഞു.ഭക്ഷണം  ആവശ്യ
മുണ്ടെങ്കില്‍ അറിയിച്ചാല്‍മതി വീട്ടിലെത്തിക്കുമെന്ന്.സന്തോഷം  തോന്നി.

രാഗിണിച്ചേച്ചി  ചോറും കറികളും കൊണ്ടുവെച്ചിട്ടുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടായില്ല.

കതകുതുറന്ന്  പുറത്തേക്കുനോക്കാന്‍ കൊതിയായി.

കുളികഴിഞ്ഞ് തുണിവിരിച്ചി
ടാനായി തിണ്ണയിലോട്ടൊ
ന്നിറങ്ങിപ്പോള്‍ അയലത്തെ വീട്ടിലെ വാതിലുകള്‍ വലിച്ചടയ്ക്കുന്ന ശബ്ദം
ഹൃദയത്തില്‍ ആഞ്ഞുപതിച്ചു.

പാലും വാങ്ങിച്ചുകൊണ്ടുപോകുന്ന മുഖാവരണവും ധരിച്ച രണ്ടുസ്ത്രീകള്‍ ഓടിയത് തന്നെ കണ്ടിട്ടാണോ? തിരിച്ചറിയാന്‍ കഴിയുന്നില്ല.

കിഴക്കതിലെ നസീമയുടെ വീടിന്‍റെ ജനലില്‍ കൂടി  ആരോ കൊറോണയെ ഒളിഞ്ഞു
നോക്കുന്നതുപോലെ തന്നെ നോക്കുന്നു.

വടക്കുഭാഗത്ത് കിണറ്റിന്‍കരയിലേക്കൊന്നു നോക്കിയപ്പോള്‍ അടുത്തവീട്ടിലെ  സുരേന്ദ്രന്‍ചേട്ടന്‍റെ മരുമകള്‍ കുഞ്ഞിനെ വലിച്ചുപിടിച്ച് അകത്തേക്കുകയറ്റുന്നു.

സത്യത്തില്‍ എനിക്കുപേടിയാകുന്നു. ഞാന്‍ കൊറോണയാണോ?

വേഗം അകത്തുകയറാം.
അയല്ക്കാരെല്ലാം കോറന്‍റൈനിലായി .കഷ്ടം!

ആരും വിഷമിക്കേണ്ട!! പതിനാലുദിവസം ഇനി ഞാന്‍ പുറത്തേക്കുവരുന്നില്ല .കൊതികൊണ്ടാണ്  തിണ്ണയിലോട്ടൊന്നു വന്നത്. തെറ്റാണ്.... അറിയാം...

ഫോണടിക്കുന്നു..ദാസേട്ടനാണ്.
''സുഷമേ  ...എപ്പോള്‍  എത്തി..ഞാനങ്ങോട്ടുവരണമെന്നു വിചാരിച്ചതാണ്..പക്ഷേ  ഇവിടുന്ന് ഇവരാരും സമ്മതിക്കുന്നില്ല.നിന്‍റെ ഏടത്തിക്ക് വലിയ  പേടിയാണേ..
എന്തെങ്കിലും  ആവശ്യമുണ്ടെങ്കില്‍ പറയണം..ഞാനെത്തിക്കാം.പതിനാലുദിവസം  കഴിഞ്ഞ് ഞാന്‍വരാം''.

''ശരി ദാസേട്ടാ,ആവശ്യമുണ്ടെങ്കില്‍  അറിയിക്കാം.''സ്വരം പതറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തിങ്ങിനിറഞ്ഞ ഗദ്ഗദം ഉള്ളില്‍ത്തന്നെ അമര്‍ന്നടങ്ങട്ടെ!

തിണ്ണയിലെ അയയിലിട്ടിരുന്ന തുണി പെറുക്കി അകത്തിടാം. ഇനി തുണിയും വെളിയിലിടുന്നില്ല.

അയലത്താരുടെയോ ശബ്ദം,
''ഇവരൊക്കെ എന്തിനാണാവോ ഇങ്ങോട്ടെഴുന്നള്ളുന്നത്?''
തന്നെയാണോ പറയുന്നത്?..

ആണോ? ആവില്ല അല്ലേ?

പതിനാലുദിവസം  കഴിയുന്ന അന്ന് എനിക്ക് മടങ്ങിപ്പോകാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? എനിക്ക് മടങ്ങണം. എത്രയുംവേഗം.

ജോര്‍ജ്ജങ്കിളിനേയും റോസിയാന്‍റിയേയും വിളിച്ചപ്പോള്‍  സമാധാനം തോന്നി.

നിസ്സഹായന്‍റെ നിലവിളിപോലെ
ആ ചോദ്യങ്ങളുമായി ആ മുറികളില്‍ ഞാനൊറ്റയ്ക്ക് കതകടച്ചിരുന്നു....പതിനാലുദിവസവും എണ്ണിയെണ്ണി....

രാഗിണിച്ചേച്ചി  ഭക്ഷണം  കൊണ്ടുവയ്ക്കുന്ന പതിവ് തെറ്റിച്ചതേയില്ല.....

സിന്ധു സുരേഷ്
14.06.2020

കവിത(മനസ്സ്)

മനസ്സ്
അനുസരണയില്ലാത്തൊരു വികൃതിപ്പെണ്ണ്...

ചിന്തിക്കരുതെന്നോര്‍ക്കുമ്പോള്‍
കനവുകളുടെ പൂക്കാലമേകുന്നവള്‍...

മറവിയുടെ മാറാലയില്‍ ഒളിച്ചിരിക്കവേ
ഓര്‍മ്മയുടെ വെളിച്ചം തെളിക്കുന്നവള്‍...

ശത്രുവെന്നോര്‍ത്ത് മുഖം തിരിക്കവേ
പുഞ്ചിരിപ്പൂവിടര്‍ത്തുന്നവള്‍....

നൊമ്പരം കടിച്ചിറക്കുമെന്നു നിനയ്ക്കവേ
കണ്ണീര്‍മഴ പെയ്യിക്കുന്നവള്‍.....

ഹൃദയം മൂകമലറിക്കരയുമ്പോഴും
പൊട്ടിച്ചിരിയ്ക്കാന്‍ പഠിപ്പിക്കുന്നവള്‍....

സ്നേഹത്തിന്നതിരിടണമെന്നുറയ്ക്കവേ
സ്നേഹപ്പാലാഴിയൊഴുക്കുന്നവള്‍...

മനസ്സ്
ഇവളെന്‍റെ വികൃതിപ്പെണ്ണ്.....

പറയാതെയും ആശംസകള്‍ (കഥ)

പറയാതെയും ആശംസകള്‍ ..

ഇന്നെന്താണാവോ മുഖപുസ്തകത്തില്‍ നിറയെ
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളാണല്ലോ മിക്കവരും പങ്കുവച്ചിരിക്കുന്നത്?
രേണു ചിന്തയിലാണ്ടു.

മുഖപുസ്തകത്തിലൂടെ അലഞ്ഞുതിരിയവേ അതാ ഒരു പോസ്ററ്.നാളെ ജൂണ്‍ 21.
Father's day.

ആഘോഷങ്ങള്‍ എപ്പോഴും  ഇങ്ങനെയാണല്ലോ.
ഒരുദിനമെങ്കിലും മുന്‍പേ തുടങ്ങും.

പക്ഷേ  ചിലസുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ വായിച്ചപ്പോള്‍ അവരോടൊപ്പം തന്‍റെ കണ്ണും
നിറഞ്ഞുപോയി.

സ്വന്തം അച്ഛന്‍  ഏവര്‍ക്കും  എത്ര പ്രിയപ്പെട്ടതാണ്.ചിലര്‍ അച്ഛനോടൊപ്പമുള്ള
ഫോട്ടോയുമിട്ടിരുന്നു,
തിളക്കമുള്ള കണ്ണുകളുള്ള അച്ഛന്‍മാര്‍.സന്തോഷം 
തോന്നി.

മക്കളുടെ  സ്നേഹവും കരുതലും കിട്ടുന്ന അച്ഛന്‍റെ കണ്ണുകള്‍  തിളങ്ങിക്കൊണ്ടേയിരിക്കും.

സന്ധ്യയ്ക്ക്  വിളക്കുകൊളുത്തു
മ്പോഴും മനസ്സ് ശാന്തമായി
രുന്നില്ല.നാട്ടില്‍ ചുറ്റിത്തിരിയുന്ന മനസ്സിനെ ചെറിയ ഒറ്റത്തിരി നാളത്തിലേക്ക്  ആവാഹിക്കു
വാനായില്ല.വാര്‍ത്തകള്‍ക്കും 
സംസാരങ്ങള്‍ക്കുമിടയില്‍
പാളിപ്പോകുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നുകൂടി.

രേണു ഓര്‍ത്തു..

രാവിലെ  അച്ഛന്‍ വിളിച്ചിരുന്നു,
എപ്പോള്‍  നാട്ടിലെത്താന്‍ പറ്റുമെന്നറിയാന്‍.വീടുപണി തുടങ്ങണമെന്നു പറഞ്ഞിട്ടെന്താണ് അനങ്ങാത്തതെന്ന്?

അതിനുമപ്പുറം എല്ലാവരേയും എന്നിനി കാണാനാകും എന്നറിയാനാണ് ആ വിളിയെന്നറിയാം.

ഇനി നാളെ അച്ഛന്‍ വിളിക്കില്ല.കാരണം ദിനവും വിളിക്കുന്ന പതിവില്ലല്ലോ തങ്ങള്‍ക്കിടയില്‍.

അല്ലെങ്കില്‍ത്തന്നെ നാളെ വിളിച്ചാല്‍  'ഹാപ്പി ഫാദേഴ്സ് ഡെ'
എന്നൊന്നും താന്‍പറയില്ല.അച്ഛന്‍ ഇതൊന്നും ഒരിക്കലും കേട്ടിട്ടുമില്ലല്ലോ?

എന്നാലും നാളെ വെറുതെയൊന്നു വിളിക്കാം.മനസ്സങ്ങനെ പറയുന്നു.

അത്താഴം കഴിക്കാനിരിക്കുമ്പോള്‍ മക്കളുടെ കമന്‍റ്..

''അച്ഛാ,നാളെ 'ഫാദേഴ്സ് ഡേ' ആണേ, പഞ്ചാബിദാബേന്ന്  ഭക്ഷണം ...''

വിനോദേട്ടന്‍ അതിശയിച്ചു,

''ഫാദേഴ്സ് ഡേയോ?.കഴിഞ്ഞമാസം ഏതോ ഡെ ഉണ്ടായിരുന്നല്ലോ?ഇതൊക്കെ  കഴിഞ്ഞില്ലേ...''

''അല്ലെങ്കിലും വെളിയില്‍ നിന്നുള്ള ഭക്ഷണം  ഇവിടെ വാങ്ങില്ല.
മിണ്ടാതിരിക്കവിടെ രണ്ടും..
വിനോദേട്ടാ,ഞാനുണ്ടാക്കാം നല്ല ഭക്ഷണം .ഒന്നും ഓര്‍ഡര്‍
ചെയ്യല്ലേ..കൊറോണയും പിടിച്ച് വെളിയില്‍നിന്ന് ഭക്ഷണം വേണംപോലും....''

രേണുവിന്‍റെ വാക്കുകള്‍  മക്കളില്‍ നിരാശപരത്തി.അവര്‍ മൊബൈലുമായി അവരുടെ  ലോകത്തിലേക്കുപോയി.

വിനോദേട്ടന്‍ ഒന്നുംമിണ്ടാതെ പോയി കട്ടിലില്‍ ചിന്തയിലാണ്ടുകിടന്നു.
''സമയം ഒന്‍പതര കഴിഞ്ഞു അച്ഛനും വീട്ടിലെല്ലാവരും ഇപ്പോള്‍ ഉറങ്ങിക്കാണും അല്ലേ രേണൂ..ഒന്നു വിളിച്ചാലോ അച്ഛനെ?''

''വേണ്ട വിനോദേട്ടാ,
അസമയത്തുള്ള വിളി അവരെ ഭയപ്പെടുത്തും..രാവിലെ  വിളിക്കാം.''

അശാന്തതയുടെ കറുത്ത ഇരുട്ടിലും അച്ഛനെന്ന വെളിച്ചത്തെയോര്‍ത്ത് അവരുറങ്ങുമ്പോഴും  പബ്ജികളിയുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.

ഞായറാഴ്ചയായതിനാല്‍ ഉണരാന്‍ വൈകി. മുഖപുസ്തകത്തില്‍  ഒന്നുകയറാന്‍ പറ്റാതെ രേണു അസ്വസ്ഥയായെങ്കിലും വേഗം പുട്ടുണ്ടാക്കി.പഴമുള്ളതിനാല്‍ എളുപ്പം പണികഴിഞ്ഞു.

തന്‍റെ അച്ഛനെ ഉച്ചയ്ക്ക് മുന്‍പുവിളിക്കാം,രേണു തീരുമാനിച്ചു.

വിനോദേട്ടന്‍ പ്രാതല്‍ കഴിക്കുന്നതിനു മുന്‍പുതന്നെ അച്ഛനെ വിളിച്ചു.ഞാനും അച്ഛനോട് വിശേഷങ്ങള്‍ തിരക്കിയതല്ലാതെ ആശംസകള്‍  അറിയിച്ചില്ല.

കുളിച്ചിട്ട് പ്രാതല്‍ കഴിക്കാമെന്നുകരുതി എണ്ണ കൈയിലൊഴിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാതെ  തന്‍റെ അച്ഛന്‍റെ ഫോണ്‍.

അടുപ്പിച്ച് രണ്ടുദിവസം  അച്ഛന്‍ വിളിക്കാറില്ലല്ലോ?
മനസ്സ് വല്ലാതെ സന്തോഷിച്ചു.

''എന്താ അച്ഛാ?''

''അല്ല അടുത്തമാസം കര്‍ക്കിടകം തുടങ്ങും,മഴയായിരിക്കും.വീടിന് ഇപ്പോള്‍ അടിസ്ഥാനം കെട്ടിയിടുന്നതാണ് നല്ലത്. നിങ്ങളെന്നാണ് വരുന്നത്?''

കണ്ണുനിറയുകയാണ്.

''വരാം അച്ഛാ,കുറച്ചു ലോണ്‍ ശരിയാകാനുണ്ട്.ശരിയായാല്‍ ഉടനെത്തും.അല്ലെങ്കിലും  ഇപ്പോള്‍ വരാന്‍പറ്റില്ലല്ലോ? എല്ലായിടത്തും കൊറോണ കൂടുതലല്ലേ..വരാം എത്രയും വേഗം..അച്ഛന്‍ വല്ലതും കഴിച്ചോ..''

''ങാ കഴിച്ചു..എന്നാല്‍ വയ്ക്കട്ടെമോളേ..''

''ങും..''

ഒന്നും പറഞ്ഞില്ല,അച്ഛനോട്..
ഒരാശംസയും പറഞ്ഞില്ല.

പക്ഷേ മനസ്സ് പറഞ്ഞുകൊണ്ടേ
യിരുന്നു.അച്ഛാ ആശംസകള്‍  ഹൃദയംനിറഞ്ഞ ആശംസകള്‍ !!

സിന്ധു സുരേഷ്
21.06.2020