കണ്ണീര്‍മഴ..
പ്രഭാതത്തിലെ ഇളംതണുപ്പുമാസ്വദിച്ച് മഴത്തുള്ളികള്‍വീഴുന്ന
ശബ്ദംകേട്ട് കുറച്ചധികസമയം
കിടന്നതിനാലാകും നടുവിന് വേദനപോലെ.
നാളെരാവിലെ എന്തായാലും ഇത്രയധികംസമയം കിടക്കില്ല.
അധികമായാല്‍ അമൃതും വിഷമാണ്! ആരോ ഓര്‍മ്മിപ്പിക്കുന്നപോലെ...
ഇത്രയുംസമയം കാണാതെപോയ മഴയെക്കുറിച്ചോര്‍ത്തുവ്യസനിച്ചു.
നാളെ പക്ഷേ മഴയുണ്ടാകുമോ?
എന്തായാലും അധികസമയം ഉറങ്ങില്ലെന്നുതീരുമാനിച്ചു.
മുറ്റത്തു നല്ലമഴ! ഹാവൂ നല്ലരസം...കൊറോണച്ചിന്തകള്‍ക്കൊരിടവേളയാകട്ടെ..ഇത്തിരിനേരം മഴകാണാം.ജനലൊക്കെ നന്നായി തുറന്നിട്ടു.
പതിവായി ഗേറ്റിനുസമീപം കിടന്നുറങ്ങുന്ന നായയെവിടെ?നനഞ്ഞിട്ടുണ്ടാവുമോ? ചിലപ്പോള്‍ മുകളിലെ ഫ്ളാറ്റില്‍കയറുന്ന സ്റ്റെപ്പിലുണ്ടാവും.
പച്ചക്കറിക്കച്ചവടക്കാര്‍
പതിവുപോലുണ്ടല്ലോ
ഗലികളില്‍....ഭാഗ്യം അവരെല്ലാം
മാസ്ക്കും ഗ്ളൗസ്സും ധരിച്ചിട്ടുണ്ട്.
ചുവന്നപുള്ളിക്കുടചൂടി ബര്‍മൂഡയിട്ടു പച്ചക്കറിവാങ്ങാന്‍ നില്‍ക്കുന്ന മനുഷ്യനെ ഈ ഗലിയില്‍കണ്ടിട്ടില്ലല്ലോ?
മട്ടറിന് വിലപേശുകയാണയാള്‍.
ഒരുകിലോ മട്ടറിന് നാല്പതുരൂപ കച്ചവടക്കാരന്‍പറയുന്നു.
മുപ്പതുരൂപയ്ക്ക് അയാള്‍ക്കുവേണംപോലും!..
കഷ്ടം ! ബര്‍മൂഡക്കാരനോടും കച്ചവടക്കാരനോടും ഒരുപോലെ സഹതാപംതോന്നി...രണ്ടര്‍ത്ഥത്തില്‍..
കച്ചവടക്കാരന്‍റെ തലയില്‍ മഴനനയാതിരിക്കാന്‍ വെച്ചിരിക്കുന്ന പ്ളാസ്റ്റിക്ക്കൂടിനു പുറത്തുകൂടെ ഒഴുകുന്ന മഴത്തുള്ളികള്‍ക്ക് ആരും കാണാക്കണ്ണീരിന്‍റെ ഉപ്പുരസംകൂടിയുണ്ടാവും.
കഴിഞ്ഞ ആഴ്ച മാര്‍ക്കറ്റിലും ഒരുകിലോ മട്ടറിന്‍റെ വില നാല്പതുരൂപയായിരുന്നത് ഞാനോര്‍ത്തു.
പെട്ടെന്ന് എതിരെയുള്ള ഫ്ളാറ്റിലെ വിക്രംസിംഗ് ഒരുകുടനിവര്‍ത്തി കച്ചവടക്കാരന്‍റെ തോളിലേയ്ക്കു
ചായ്ച്ചുവയ്ക്കുന്നതും വിലപേശാതെ രണ്ടുകിലോമട്ടറും വാങ്ങിപ്പോകുന്നതും ഞാന്‍ അദ്ഭുതത്തോടെ ,സ്നേഹത്തോടെ നോക്കിനിന്നു.
കുട തോളോടു ചേര്‍ത്തുവെച്ചു ഇരുകൈയ്യും കൂപ്പിനിന്ന കച്ചവടക്കാരന്‍റെ ചിത്രം ഈ ജന്‍മം മറക്കാനാവില്ല.അതു നല്കിയ നന്‍മമനസ്സിനെയും.
ഇങ്ങനെ അവശ്യസാധനങ്ങളെത്തിക്കുന്ന
ഈ പാവംകച്ചവടക്കാരെ ദൈവം രക്ഷിക്കാതിരിക്കില്ലല്ലോ?
മഴ കുറയുന്നു.....
No comments:
Post a Comment