നിരീക്ഷക
അറിവിന്നളവുകോല്‍ പകര്‍ത്തുമീ നിശ്ശബ്ദതയില്‍
നെഞ്ചിടിപ്പിന്‍റെ ദ്രുതചലനം നിറയുമീ മുറികളില്‍
നിലയ്ക്കാത്ത അക്ഷരക്കൂട്ടിലിവര്‍ സ്വയം മറന്നെഴുതവേ
ഉച്ചവെയിലിന്‍ കുറുകിയ നിഴലുകള്‍ ചുറ്റും
പരക്കവേ
അലസമായൊഴുകിയെത്തും ചെറുകാറ്റിന്‍
മൃദുതരളനാദം
ഇന്നുമെന്നോര്‍മ്മയില്‍ ചെറുകുളിരായ്
തരംഗമായ് ചിന്നിച്ചിതറവേ
മെല്ലെയാ ജനാലതന്നരുകിലെന്‍ ബാല്യമൊരു
മങ്ങിയചിത്രം
കാറ്റാടിച്ചില്ലതന്‍ നേര്‍ത്തനിഴലുകള്‍
ഒളിപ്പിച്ചുവച്ച കാലടിപ്പാടുകള്‍
തിരഞ്ഞും പിണങ്ങിയുമെങ്ങും പലവട്ടം
കാണാതെ മടങ്ങിയും
ഗദ്ഗദം നിറയ്ക്കും സ്മരണകള്‍ സുഖമുള്ളൊരു ചുമടായൊളിപ്പിച്ചും
ഇടവേളകളിലിടയ്ക്കിടെ ഓര്‍മ്മിച്ചും ഓമനിച്ചും
നരയ്ക്കാത്തയാ ഓര്‍മ്മച്ചിത്രങ്ങളീ
മധ്യാഹ്നത്തിലും പ്രഭാതംപോല്‍....
തെളിവാര്‍ന്നങ്ങനെ വിലസിടുമ്പോഴും
ഒരു കുസൃതിയിപ്പോഴും കാത്തു സൂക്ഷിച്ചിവരെ നോക്കി പുഞ്ചിരിച്ചു ഞാനെന്നെ തിരയുന്നെവിടെ ഞാന്‍??
എവിടെ ഞാന്‍??
സിന്ധു സുരേഷ്
No comments:
Post a Comment