Sunday, March 22, 2020

ലേഖനം(അധ്യാപകരുടെ മനസ്സിലേക്ക്)

അധ്യാപകരുടെ മനസ്സിലേക്ക്...

ഹൃദയവേദനയോടെ  വിദ്യാലയങ്ങളിലെ ഓരോ സംഭവങ്ങളും ഞങ്ങളെ തളര്‍ത്തുമ്പോഴും പറ്റാന്‍ സാധ്യതയുള്ള ഓരോ പാകപ്പിഴകളും കൂടുതല്‍ കരുതലോടെ  ജാഗ്രതയോടെ കുറ്റബോധത്തോടെ നെഞ്ചില്‍ ഏറ്റുവാങ്ങുകയാണ്...

ശത്രുക്കളുടെ നീക്കത്തെ വീക്ഷിച്ചുകൊണ്ട് മാതൃരാജ്യത്തെ നെഞ്ചിലേറ്റുന്ന നിരീക്ഷണപാടവമുള്ള ഒരു സൈനികന്‍റെ ഹൃദയമിടിപ്പുപോലെ ഞങ്ങള്‍  പ്രിയപ്പെട്ട  കുട്ടികളെ സംരക്ഷിക്കുന്നത് ആരും കാണുന്നില്ലെങ്കിലും ഞങ്ങള്‍ക്ക് പരിഭവമില്ല.

എല്ലാ മേഖലകളിലും തെറ്റും ശരിയുമുണ്ട്.
ഇവിടെ കുറ്റം ഞങ്ങളുടേതുതന്നെ എന്ന് ഏറ്റുപറയാതെവയ്യ!!

പക്ഷേ അധ്യാപകരെ,വിദ്യാലയങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്ന പോസ്റ്റുകളും വര്‍ത്തമാനങ്ങളും കാണുമ്പോഴും കേള്‍ക്കുമ്പോഴും
ഞങ്ങളുടെ മനസ്സ്  ഉരുകുന്നത് ആരും കാണരുത്.

  ഒരു വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളാണല്ലോ ഞങ്ങളോരോരുത്തരും.അപ്പോള്‍  മാനസികശിക്ഷയ്ക്ക് ഞങ്ങള്‍ അര്‍ഹരാണ്.

ആ ശിക്ഷ പുതിയ ശരികളിലേക്ക് നയിക്കാന്‍ പ്രചോദനമാകട്ടെ...

തെറ്റുകള്‍  കണ്ടെത്തിയാല്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ പഠിപ്പിക്കുന്നതോടൊപ്പം പ്രാവര്‍ത്തികമാക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്..

മുതിര്‍ന്നവരുടെ വാക്കുകളിലൂടെ അധ്യാപകര്‍ക്കെതിരെ കൊടിയവിഷം കുട്ടികളില്‍ കുത്തിവയ്ക്കപ്പെടുമ്പോള്‍ പകയോടെയുള്ള കുഞ്ഞുങ്ങളുടെ നോട്ടത്തിനുമുന്നില്‍ ഞങ്ങളുടെ ശിരസ്സുകുനിയുന്നത് ആരും നോക്കരുത്...

തെറ്റുചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെവേണം..

കുട്ടികളില്‍ ചൂഷണം പലരീതിയില്‍ നടക്കുന്നത് ഞങ്ങളും അറിയുന്നു.
പക്ഷേ കുഞ്ഞുങ്ങളോടൊപ്പം അവരുടെ സംരക്ഷകരായി എപ്പോഴും  ഞങ്ങളുമുണ്ട് കൂടെ...

അതും ആരും കാണരുത്.

അധ്യാപകരാല്‍ പീഢിപ്പിപ്പിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും  മാനസികാവസ്ഥ,ദയനീയാവസ്ഥ ഞങ്ങളറിയുന്നു...

കുറ്റബോധത്തോടെ ഞങ്ങളുടെ മനസ്സുനീറുന്നതും നിങ്ങള്‍ കാണരുത്...

അധ്യാപകരില്‍ നിന്നും ഉണ്ടാകുന്ന ഓരോ വീഴ്ചകളിലും  ഉറക്കെ നിലവിളിക്കാതെ കണ്ണുനീര്‍ത്തുള്ളി നിലത്തു വീഴ്ത്താതെ ഞങ്ങളുടെ മനസ്സു മന്ത്രിക്കുന്നു
''ജാഗ്രത!തെറ്റുപറ്റരുത് .. പൂമ്പാറ്റകളുടെ ചിറകടര്‍ത്തുന്നവരാകരുത് നമ്മള്‍''..

ഈ മന്ത്രവും  നിങ്ങള്‍  കേള്‍ക്കരുത്..

എന്നിട്ടും ആര്‍ക്കൊക്കെയോ പിഴയ്ക്കുന്നു,..
ഓരോരുത്തരും പരസ്പരം പറയാതെ സ്വയം ബോധമുള്ളവരാകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

എങ്കിലും  ഓരോ ദിവസവും ഞങ്ങള്‍ക്കും വേദനകള്‍തന്നെയാണ് ഓരോ സംഭവവും സമ്മാനിക്കുന്നത്..

പക്ഷേ ഞങ്ങള്‍ക്കറിയാം പലരും കുറ്റപ്പെടുത്തുമ്പോഴും കുഞ്ഞുമനസ്സുകളില്‍ ഞങ്ങളുണ്ടെന്ന്...

തെളിച്ചമായി ..വെളിച്ചമായി...ജീവിതത്തിന്‍റെ  ഏതെങ്കിലും  ഘട്ടങ്ങളിലൊക്കെ ഞങ്ങളുടെയൊക്കെ പേരോര്‍ക്കാനെങ്കിലും പ്രിയപ്പെട്ട  കുഞ്ഞുങ്ങള്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

കാരണം വീടിനേക്കാള്‍ കൂടുതല്‍ സമയവും അവര്‍ വിദ്യാലയത്തില്‍ ഞങ്ങള്‍ക്കൊപ്പമാണല്ലോ....

ശാസിച്ചും ശിക്ഷിച്ചും നന്നാക്കുന്ന കാലം കഴിഞ്ഞെങ്കിലും സ്നേഹത്തോടെയുള്ള ശിക്ഷയും ശാസനയും  ഞങ്ങള്‍ എന്നും നല്‍കാറുണ്ട്. കാരണം ഞങ്ങള്‍  ഗുരുപരമ്പരയുടെ കണ്ണികളാണ്.കുഞ്ഞുങ്ങളുടെ നന്‍മയെ ആഗ്രഹിക്കുന്ന ഞങ്ങള്‍ക്കത് ചെയ്യാതിരിക്കാനാവില്ല...
മക്കളെപ്പോലെ സ്നേഹിക്കുമ്പോള്‍  ഈ ശാസനകള്‍പോലും കൊടിയ അപരാധമെങ്കില്‍....

ഇതൊന്നും  നിങ്ങള്‍  കാണരുത്...

ഓരോ ദിവസവും ദേവാലയത്തിലെത്തുന്ന പരിപാവനതയോടെ വിദ്യാലയത്തിലെത്തുന്ന ഞങ്ങളുടെ മനസ്സില്‍ നിറയെ കുഞ്ഞുങ്ങളാണ്..

വിദ്യാലയത്തിലെത്തിയാല്‍  ഞങ്ങളുടെ കുടുംബം ഇതാണ്... മക്കള്‍ ഈ കുഞ്ഞുങ്ങളാണ്...

ഞങ്ങള്‍ക്കറിയാം ഞങ്ങളെ വിശ്വസിച്ച് ഓരോ രക്ഷിതാക്കളും കുഞ്ഞുങ്ങളെ വിദ്യാലയത്തിലെത്തിച്ചു മടങ്ങുമ്പോഴുള്ള അവരുടെ  സംതൃപ്തി... ഞങ്ങളിലുള്ള പൂര്‍ണവിശ്വാസം .....

പ്രിയപ്പെട്ടവരേ  ഞങ്ങളെന്നും കുഞ്ഞുങ്ങളോടൊപ്പമുണ്ട്.....എന്നിട്ടും.......തെറ്റുകള്‍ക്കൊക്കെയും മാപ്പ്....

അറിയുക ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങളിലെപ്പോഴും കുഞ്ഞുങ്ങളാണ്...അവരുമാത്രം....

സിന്ധുസുരേഷ്

No comments:

Post a Comment