കൊറോണക്കാലത്തെ ഒരു മെട്രോയാത്ര....
പ്രഭാതത്തിലെ കുളിയും കഴിഞ്ഞൊരുങ്ങി ഓടിച്ചാടി മെട്രോയില്‍ കയറിയിരുന്ന് ദീര്‍ഘനിശ്വാസം വിട്ടു..
ഹാവൂ, നോയിഡ മെട്രോ കിട്ടി.
ഇന്നേതായാലും മയൂര്‍വിഹാര്‍ ഫെയ്സ് ഒന്നിലെ ഗുരുവായൂരപ്പനെ കാണാം.
അമ്പലത്തിനുമുന്നിലൂടെ പോകുന്ന സ്കൂള്‍ബസ്സും കിട്ടും,തൊഴുതിറങ്ങുമ്പോള്‍...
മെട്രോയുടെ ചലനത്തിൽ ഇങ്ങനെ ചാരിയിരിക്കാൻ നല്ല രസം. ഗ്ളാസ്സിനിടയിലൂടെ അകലെ സൂര്യനെ കാണാം.നല്ല ചെമന്നനിറത്തില്‍ ശോഭിക്കുന്ന
സൂര്യന്‍... ചെമന്നസൂര്യന്‍റെ ഇളം കിരണങ്ങളേല്‍ക്കാന്‍ കൊതിയാകുന്നു.
മാര്‍ച്ചിലെ ഈ വെളുപ്പാന്‍ കാലത്തെ തണുപ്പിന് നല്ല സുഖം....കുറച്ചുനേരം സൂര്യപ്രഭ നോക്കിയിങ്ങനെ ചാരിയിരിക്കാം.
പക്ഷേ വേണ്ട ചാരരുത്..
ആരൊക്കെ ചാരിയിരിന്നിട്ടുണ്ടാവും..
അല്പം സൂക്ഷിക്കാം.. ല്ലേ.. നിവര്‍ന്നിരിക്കാം.
എതിർസൈഡിൽ ഇരിക്കുന്ന അമ്മയെ കാണാൻ നല്ല ഭംഗി.. ഇത്തിരി വെളുപ്പുകുറവായിരുന്നെങ്കിൽ എന്റെ അമ്മയെപ്പോലെ ഇരിക്കുമായിരുന്നു.
നീണ്ടമൂക്കും ചെറിയകണ്ണുകളും..അവരെയിങ്ങനെ നോക്കിയിരിക്കാന്‍ വല്ലാതിഷ്ടം തോന്നുന്നു.
ഹോ.. എനിക്ക് തൊണ്ടകുത്തുന്നപോലെ.. വേഗത്തില്‍ സ്റ്റെപ്പുകയറിയതുകൊണ്ടാവും.
ചെറുതായൊന്നു ചുമയ്ക്കാന്‍ ശ്രമിച്ചു,തൊണ്ടനേരെയാക്കാന്‍..
ആരും നോക്കുന്നില്ല.. .. അല്ല... അതാ എല്ലാവരും മൊബൈലിൽ നോക്കിയിരിക്കുന്നു എന്നു തെറ്റിദ്ധരിച്ച എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് കൂര്‍ത്തുമൂര്‍ച്ചയേറിയ കണ്ണുകള്‍ പലതും മൊബൈലില്‍നിന്നുയര്‍ന്ന് എന്നെ സംശയദൃഷ്ടിയോടെ നോക്കുന്നു.
കൊറോണയാണോ എന്നമട്ടിലുള്ള അവരുടെ നോട്ടത്തിനുമുന്നില്‍ ഞാനൊന്നു ചൂളി.
സത്യമായിട്ടും എനിക്കസുഖമില്ല, വേഗം ഓടിവന്നതുകൊണ്ടാണ്....പനിയില്ല.. ജലദോഷവുമില്ലെനിക്ക് എന്നുറക്കെ വിളിച്ചുപറയാന്‍ തോന്നി.
പക്ഷേ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട,ഇതാണല്ലോ ഏവരും ചെയ്യുന്നത്. അനിവാര്യമായ അകല്‍ച്ചയെക്കുറിച്ചും അവബോധത്തെക്കുറിച്ചും മനസ്സെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നെങ്കിലും ഉള്ളിലൊരുനൊമ്പരം നീറ്റലായെരിയുന്നു.
ഒരിക്കലും അവരെയൊന്നും കുറ്റംപറയാനാവില്ലല്ലോ.?
ദുരന്തമുഖത്തുകൂടെയാണല്ലോ നാമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്...മനസ്സെന്നോടുവീണ്ടും പറഞ്ഞു.
എങ്കിലും ...
ഞാന്‍ തൊണ്ടകുത്തലിനെ പിടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തൊണ്ടകാറല്‍ വരുന്നു.
ഞാന്‍ ശ്വാസം വിടാതെ ഉമിനീരിറക്കിക്കൊണ്ടിരുന്നു.ഇനി ഞാന്‍ ചുമയ്ക്കുകയേയില്ല...പിടിച്ചിരിക്കാം.
കണ്ണുകളില്‍ നിന്നും വെള്ളംചാടി...ഞാന്‍ ചുമയ്ക്കാതെ വീണ്ടുംവീണ്ടുംഅടക്കിപ്പിടിച്ചിരുന്നപ്പോള്‍ ശ്വാസംമുട്ടി മരിക്കുമെന്നു തോന്നി.
ഞാനിങ്ങനെ ശ്വാസംമുട്ടി മരിച്ചോട്ടെ ...എന്നാലുംവേറെ ആര്‍ക്കും അസ്വസ്ഥത വേണ്ട...ഞാന്‍ കണ്ണടച്ചിരുന്നു.
പെട്ടെന്ന് ഒരുമൃദു സ്പര്‍ശനം .ഉള്ളില്‍നിന്നുതിര്‍ന്നുവന്ന വാക്കുകള്‍ തേന്‍മഴപോലെ കാതിലെത്തി ,
''ബേട്ടീ,പാനീ പീലോ,പാനിഹേ ക്യാ? മേം ദേദൂം ''
ഞാന്‍ മറുപടി പറഞ്ഞു
''മേരീപാസ് പാനി ഹേ''
എതിര്‍സൈഡിലിരുന്ന അമ്മയാണ്. അവര്‍ അവിടുന്നെഴുന്നേറ്റ് എന്‍റടുത്തുവന്നിരുന്നത് ഞാനറിഞ്ഞില്ലല്ലോ?
അവരെന്‍റെ ശിരസ്സില്‍ തടവി.
ഞാന്‍ ബാഗുതുറന്ന് എന്‍റെ വെള്ളമെടുത്തുകുടിക്കുമ്പോഴും അവരെന്നെ തഴുകിക്കൊണ്ടിരുന്നു...
ഇതൊരിക്കലും സ്വപ്നമാകരുതേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ കണ്ണടച്ചിരുന്നു യാത്രതുടര്‍ന്നു.....
സിന്ധുസുരേഷ്
19.03.2020
No comments:
Post a Comment