കരളുരുകുംവഴികൾ..
മിഴിനീർത്തുള്ളികളിറ്റിറ്റു തീർന്നൊരു
മിഴിയ്ക്കുടയോർ
വസിക്കുന്നിനിയുമിവിടെ,
ഒന്നുകരയാനുമാവാതെ....
വിളറിമങ്ങുംചിരിയലകളു മെവിടെയോ
മറന്നുവച്ചവർ വസിക്കുന്നിനിയുമിവിടെ ,
ഒന്നുമോർക്കാനുമാവാതെ...
കരളുരുകും നുണക്കഥകേട്ടു
ഒന്നുമറിയാതെ
ബധിരരായവർ വസിക്കുന്നിനിയുമിവിടെ ,
ഒന്നുംകേൾക്കാനുമാവാതെ...
എങ്ങുപോവതെന്തു ചെയ്യേണ്ടൂ
പ്രായശ്‌ച്ചിത്തമേതിനൊക്കെ? വംശംമുടിപ്പോർക്കായ്,
നാരികുലത്തിനായ്....
ബാലരോദനമൊരു നെരിപ്പോടായി
നെഞ്ചിലെരിഞ്ഞു കത്തുമ്പോൾ
ഭീതിതമാം കുഞ്ഞുമിഴികൾ
ഉറ്റുനോക്കുന്നുവോ?....
കുനിയുംശിരസ്സൊന്നുയർത്തുവാനാകാതെ ഹൃദയവ്യഥയോടെ,
നിൽക്കുമ്പോഴും മാപ്പെന്നുമാത്രം
മന്ത്രിച്ചോട്ടെ?....
അൻപുനിറയേണ്ടും മാറിലാകെ
കൊടുംനഞ്ചുമായി
കാമാർത്തർ വസിക്കുന്നിനിയുമിവിടെ,
പിഞ്ചുചോരമണമറിയാതെ....
ജാഗരൂകരായി കണ്ണുചിമ്മാതെ
ഉണർന്നിരുന്നാലോ?
ഉണർത്തിയാലോ? ഉദ്ബോധനമെങ്ങനെതുടങ്ങേണ്ടൂ
തൊണ്ടവരളുമ്പോൾ.....
സിന്ധുസുരേഷ്
20.02.2020
No comments:
Post a Comment