ഞാന്‍ വിശ്വസിക്കുന്നു..നിങ്ങളോ?
ജനലിലൂടെ ഞാന്‍ ഈ കാണുന്നത് സത്യമോ?
ഹായ് ...രണ്ടിലകള്‍,അല്ല നാല്.....
സന്തോഷംകൊണ്ട് തുള്ളിച്ചാടാന്‍തോന്നി.
അരുമയായി ഞാന്‍ നട്ടുവളര്‍ത്തിയ തുളസിച്ചെടികള്‍ ഡെല്‍ഹിയിലെ ഡിസംബര്‍ ജനുവരിമാസങ്ങളിലെ കൊടുംതണുപ്പില്‍ കരിഞ്ഞുണങ്ങിയിരുന്നു.
അതെനിക്കെന്നും വേദനയായിരുന്നു.
ഉണങ്ങിയ തുളസിച്ചെടികള്‍ പിഴുതെറിയാതെ,അതിനുമനസ്സുവരാതെ അവിടെത്തന്നെനിര്‍ത്തി.
ഒരു പ്രതീക്ഷ....
ഇടയ്ക്കെപ്പോഴോ പെയ്ത മഴയിലാവണം തളിരിലകള്‍ വന്നത്.
ഇതുതന്നെയാണ് ജീവിതവും....
അതിജീവനം..
ഏതുകൊടുംതണുപ്പും കൊടുംചൂടും കൊടുംമഞ്ഞും
നാം അതിജീവിക്കും.
പ്രകൃതിപ്രതിഭാസങ്ങള്‍ അതിന്‍റെവഴിക്കു നടക്കട്ടെ!
തടയരുത്!
ക്ഷമയോടെ പ്രകൃതിയെ അനുസരിച്ചാല്‍ അല്പം നഷ്ടമായാലും പലതും തിരികെപ്പിടിക്കാം.
ജീവിതത്തിന്‍റെ തിരക്കിനിടയില്‍ മുറ്റത്തേക്കൊന്നിറങ്ങി അല്പനേരം ശാന്തമായി നില്ക്കാന്‍ കഴിഞ്ഞിട്ടില്ല.
അഥവാ അതിനു തുനിഞ്ഞിട്ടില്ല എന്നുവേണം പറയാന്‍.
കുഞ്ഞനുറുമ്പുകള്‍ വരിവരിയായിപ്പോകുന്നതും അവയുടെ ഒത്തൊരുമയുമൊക്കെ ബാല്യത്തിലെങ്ങോ കണ്ട ഓര്‍മ്മകള്‍മാത്രം.
കതകടച്ചുമുറിയിലിരുന്നപ്പോള്‍ ശ്വാസംമുട്ടുന്നതുപോലെ...
വാതിലും ജനലും തുറന്നപ്പോള്‍ അകത്തേക്കുവന്ന കുളിര്‍കാറ്റിനെന്തു സുഖം!
ജനലുപോലും തുറക്കാന്‍സമയം കണ്ടെത്താതിരുന്ന എനിക്കെന്തേ ഇന്നിത് തുറക്കാന്‍ മോഹം?
അതെ...പാരതന്ത്രൃം ജുഗുപ്സാവഹം തന്നെ..പക്ഷേ ചിലസമയങ്ങളിലെങ്കിലും നമ്മള്‍
പാരതന്ത്രൃം സ്വയം സൃഷ്ടിച്ചേ മതിയാകൂ.
ഒരുതിരിഞ്ഞുനോട്ടം അത്യാവശ്യമാണെന്ന് ഞാന്‍തന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
കുറ്റപ്പെടുത്തലുകള്‍ ഓരോരുത്തരും സ്വയം ഏറ്റെടുത്താല്‍,
സ്വയം നന്നായാല്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂവെന്ന ഈ തിരിച്ചറിവാകട്ടെ എന്‍റെ ഇന്നത്തെ ഈ ദിനം(22.03.2020).
ഇതൊക്കെ എന്നുമുതല്‍ക്കാണ് ശ്രദ്ധിക്കാന്‍ സമയമില്ലാതെയായത്?
കുറ്റബോധം തോന്നുന്നു.
മുറ്റത്തെ മുരിങ്ങമരത്തിലിരുന്നു ചിലയ്ക്കുന്ന അണ്ണാറക്കണ്ണന്‍മാര്‍ ഇവിടെ എന്നുമുണ്ടായിരുന്നിരിക്കണം.
ഇന്നാണല്ലോ ഇവയോടു കിന്നാരം പറയാനെനിക്കുകഴിഞ്ഞത്.
ജനലിലൂടെ എറിഞ്ഞുകൊടുത്ത പഴക്കഷണം ഓടിവന്നെടുത്ത് ഇരുകൈകൊണ്ടും തിന്നുമ്പോഴും ഇണയ്ക്കുകഴിക്കാനായി തലചരിച്ചു പിടിക്കുന്ന ഈ അണ്ണാറക്കണ്ണനെയെന്തേ ഞാനിതുവരെ ശ്രദ്ധിച്ചില്ല.?
മൂന്നാലുകുഞ്ഞിക്കിളികളൊന്നിച്ച്
ഈവാഴക്കൂമ്പിനടുത്ത് പറന്നുവരുന്നതും കറിവേപ്പിനിടയിലൂടെ പറക്കുന്നതും കുഞ്ഞിബഹളങ്ങളുമൊക്കെ കാണാന്‍ ഞാനെന്തേ വൈകി?
ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴും അകത്ത് തിരക്കിട്ട് പണിയെടുക്കുമ്പോഴും മൊബൈലില്‍ നോക്കുമ്പോഴുമൊക്കെ ഈ കുഞ്ഞിക്കുരുവികളും ഇവിടുണ്ടായിരുന്നിരിക്കാം...
ഇന്ന് ഈ ജനലിലൂടെ ഇവയെക്കാണുമ്പോള്‍ മനസ്സിനെന്തൊരാനന്ദം.
പുറത്തിറങ്ങാന്‍ വല്ലാതെ കൊതി തോന്നുമ്പോഴും ഞാനറിയുന്നു,
ഞാന്‍ കാണാതെപോയ ഒരുപാടു നല്ല കാഴ്ചകള്‍ ഇനിയും കണ്ടേക്കാമെന്ന്...
ഊണും ഉറക്കവും പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് മഹാവിപത്തുകള്‍ക്കും മഹാരോഗങ്ങള്‍ക്കുമെതിരെ പോരാടുന്ന എത്രയെത്ര സഹോദരങ്ങള്‍...
ഏതൊക്കെമേഖലകളിലായി ശുശ്രൂഷകളിലും ശുചീകരണത്തിലും
മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോഴും ഞാനിവിടെയിരിക്കുന്നു.
ഞാന്‍
അവര്‍ക്കായിട്ടൊന്നു പ്രാര്‍ത്ഥിച്ചോട്ടെ!
നിങ്ങളും പ്രാര്‍ത്ഥിക്കില്ലേ?
ഞാന്‍ വിശ്വസിക്കുന്നു..
പ്രിയമുള്ളവരേ...നാം
നന്ദി എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്?
അറിയില്ല..
അനുസരിക്കാം.
നമ്മളെ ഏല്പിച്ചതു ചെയ്യാം
അല്ലേ?
ഞാന്‍ വിശ്വസിക്കുന്നു.
നമുക്കുവേണ്ടി ഉണര്‍ന്നിരിക്കുന്നവര്‍ക്കായി,നമുക്കുവേണ്ടി പ്രകൃതിയെ അണുവിമുക്തമാക്കുന്നവര്‍ക്കായി,കണ്ടെത്തലുകള്‍ നടത്തുന്നവര്‍ക്കായി
ആത്മാര്‍ത്ഥമായിട്ടൊന്നു കൈകൂപ്പിക്കോട്ടെ.....
നിങ്ങളോ?
ഞാന്‍ വിശ്വസിക്കുന്നു.
പ്രിയപ്പെട്ടവരേ
നമുക്കോരോരുത്തര്‍ക്കും തിരിച്ചറിവിന്‍റെ പുതിയപാതയിലൂടെ സഞ്ചരിക്കാം.നന്‍മയ്ക്കായി ഒത്തൊരുമയോടെ...
നന്ദിയോടെ....
സിന്ധുസുരേഷ്
22.03.2020
No comments:
Post a Comment