Sunday, March 22, 2020

കവിത(കാത്തിരിപ്പ്)


കാത്തിരിപ്പ്

കുഞ്ഞിച്ചിരിയലയണഞ്ഞൊരീ
മുറ്റത്തെ 
പൂമരക്കൊമ്പിലിരുന്നു പാടും
നീലക്കുയിലേ നീലക്കുയിലേ
നീയുമറിഞ്ഞോയീ നൊമ്പരങ്ങൾ?

നിഴൽമാഞ്ഞു നീലനിലാവുമണ ഞ്ഞിട്ടും
നീലക്കുയിലേ,നീയെന്തേ പാടുന്നു?
ഒറ്റയ്‌ക്കു പാടുംനിൻ കണ്ഠത്തിലി ന്നെന്തേ
തപ്തമാമീണം മുഴങ്ങിനിൽപ്പൂ.

ശ്രുതിതാഴ്ത്തി രാഗംവിഷാദം കലർത്തിനീ
ഈരാവിലെന്തേ മിഴിനിറപ്പൂ
രാവേറെയായി,നിൻശോകം  മിഴിയെന്തേ
ആരെയോആരെയോ കാത്തിരിപ്പൂ.

കുഞ്ഞരിപ്പല്ലുകൾ കാണില്ല നീയിനി
കുഞ്ഞിച്ചിരിയൊച്ചകേൾക്കയില്ല
നീയൊന്നുകൂവുമ്പോൾ കൂടൊന്നു
കൂവുവാൻ
നീ കാത്തിരുന്നതും വ്യർത്ഥമായി..

മാമരക്കൊമ്പുകൾ തലതാഴ്ത്തിനിൽക്കുമീ
നിശ്ചലംഗേഹത്തിലവനുമില്ല
ഏതോനിഗൂഢ പ്രണയത്തിന്നി രയവൻ
പൊട്ടിച്ചിതറിയ ചോരയവൻ...

പുതുയുഗകംസന്റെഅവതാരമായൊരു
അമ്മയാംസ്ത്രീരൂപക്കുലടയാലേ
ജീവൻപൊലിഞ്ഞൊരാ  പൈതലു
കേൾക്കുവാൻ നീലക്കുയിലേനീ  പാടിടേണ്ട...

മേഘംകറുക്കുന്നു നേരവും  വൈകുന്നു
കാത്തിരിക്കേണ്ടിന്നു  പൂങ്കുയിലേ..
പാടാത്തപാട്ടുകൾ കരുതിവച്ചീടുനീ
പുനർജ്ജനിച്ചേക്കാമാമുണ്ണിവീണ്ടും...

.

No comments:

Post a Comment