ചെറുകഥ
അച്ഛനെന്നഅക്ഷരങ്ങളിലൂടെ....
മയങ്ങിയകണ്ണുകള്‍ മെല്ലെ തുറന്ന് മിഥുന്‍ ചുറ്റുംനോക്കി.
അവ്യക്തമായ കാഴ്ചകളില്‍ വീണ്ടും കണ്ണടഞ്ഞു.
ആരുടെയോ കരസ്പര്‍ശം അവനറിഞ്ഞു.
മൃദുവല്ലാത്ത ആ കൈകള്‍ അത്.... അവന്‍ ആ വിരല്‍ത്തുമ്പില്‍ പിടിച്ചു
ഹരീഃ ശ്രീ ഗ ....
അവന്‍ മെല്ലെ ഉച്ചരിച്ചുകൊണ്ടിരുന്നു...''അച്ഛാ,എഴുതട്ടെ...''
അച്ഛന്‍ കാതോര്‍ത്തു...
''മിഥുന്‍'' അച്ഛന്‍ തേങ്ങി.
ബോധത്തിനും അബോധത്തിനുമിടയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ അവന്‍റെ ഹൃദയവും നിലവിളിച്ചുകൊണ്ടേയിരുന്നു.
''അച്ഛാ, എനിക്ക് പഠിക്കണം, ആദ്യാക്ഷരം മുതല്‍....''
ഇടറിയ ശബ്ദത്തില്‍ അവന്‍ മെല്ലെ കരഞ്ഞു.
അപ്പോള്‍ ആ മൃദുവല്ലാത്ത കൈകള്‍ അവനെ മുറുകെപ്പിടിക്കുന്നതും ഒരുകൈകൊണ്ട് അവന്‍റെ കണ്ണുനീര്‍തുടയ്ക്കുന്നതും ചുടുകണ്ണീര്‍ കൈകളിലിറ്റുവീഴുന്നതും അവനറിഞ്ഞു.
''അച്ഛാ'' അവനുറക്കെവിളിയ്ക്കാന്‍ ശ്രമിച്ചു. ശബ്ദം പുറത്തേയ്ക്കു വന്നില്ലെങ്കിലും ആ നിലവിളി അയാള്‍ കേട്ടു.
ഉള്ളില്‍ത്തിങ്ങും വേദനയിലും അയാളവനെ തഴുകിക്കൊണ്ടിരുന്നു. അവനോടുചേര്‍ന്നിരുന്ന് നെഞ്ചോട്ചേര്‍ത്തു പിടിച്ചു.
അവന്‍റെ നിറഞ്ഞകണ്ണുകളിലെ കൊഴുത്ത കണ്ണുനീരിന് പറയാന്‍ ഏറെ കഥകള്‍..
മിഥുന്‍ മെല്ലെ ബോധത്തിലേക്ക്....
അവന്‍ അച്ഛന്‍റെ മുഖത്തേയ്ക്കുറ്റു നോക്കി. ഒരിക്കലും കരഞ്ഞുകണ്ടിട്ടില്ലാത്ത അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.അവന്‍റെ ഹൃദയംനൊന്തു,
''അച്ഛാ''...ആ ശബ്ദം മെല്ലെ പുറത്തേയ്ക്കുവന്നു.
അയാള്‍ അവന്‍റെ കവിളോടു തന്‍റെ കവിള്‍ ചേര്‍ത്തുവെച്ചു.ആ തപ്തനിശ്വാസം അവനറിഞ്ഞു.
''അച്ഛാ,എനിക്കു തെറ്റുപറ്റി,ഞാന്‍ ഒരിക്കലും ചെയ്യരുതാത്തത് ചെയ്തു. മയക്കുമരുന്നിന് അടിമയായി ,എന്‍റെ അച്ഛനെ ഉപേക്ഷിച്ചു...''
''മോനേ,മതി അച്ഛനൊന്നും കേള്‍ക്കേണ്ട...ഒന്നും ഓര്‍ക്കേണ്ട...നീ തിരിച്ചുവരുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നു...നീ മടങ്ങിയെത്തുമെന്ന് അറിയാമായിരുന്നു.. .. നിന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് നീ ഇവിടെ അഡ്മിറ്റായ വിവരം എന്നെ അറിയിച്ചത്...എല്ലാവര്‍ക്കും കുറ്റബോധമുണ്ട്...വെളിയിലുണ്ട് അവരെല്ലാം''
മിഥുന്‍റെ മുഖം വിടര്‍ന്നു.
''എല്ലാവരും തെറ്റുതിരിച്ചറിഞ്ഞല്ലോ..അതുമതി..അതുമാത്രം മതി..ഉറങ്ങിക്കോളൂ..കുറച്ചുകൂടി..''
അവന്‍ കണ്ണടച്ചു,എന്തൊക്കെയോ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.അമ്മ ഉപേക്ഷിച്ചുപോയിട്ടും സ്നേഹത്തോടെ തന്നെ വളര്‍ത്തിയ അച്ഛനും അച്ഛമ്മയും..അമ്മയ്ക്കെങ്ങനെതോന്നി എന്‍റച്ഛനെ ഉപേക്ഷിക്കാന്‍..?
കുടുംബപ്രശ്നങ്ങള്‍ എന്തെന്നറിയുന്ന പ്രായമായിരുന്നില്ല തനിക്ക്.
പക്ഷേ അമ്മയ്ക്ക് മറ്റാരുമായോ അടുപ്പമുണ്ടായിരുന്നതും അയാളോടൊപ്പം പോയതുമാണെന്ന് അച്ഛമ്മയുടേയും മറ്റും സംസാരത്തിലൂടെ അറിഞ്ഞ കുഞ്ഞുമനസ്സ് ഒത്തിരി വേദനിച്ചു.
ഒരുപാടുസംസാരിക്കുമായിരുന്ന അച്ഛന്‍ മൗനിയായതും മദ്യത്തിനടിമയായതും വളര്‍ന്നുവരവേ താനറിഞ്ഞു.
അച്ഛമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട താന്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു.
പിന്നീടെപ്പോഴോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.
വീട്ടുജോലിക്കാരിയില്‍നിന്നും മകന്‍റെ തെറ്റായപോക്ക് മനസ്സിലാക്കിയ അച്ഛന്‍ പലപ്പോഴും തന്‍റെമുറിയില്‍ വന്നിരുന്നു.
ആ ചുവന്ന കണ്ണുകളില്‍ മദ്യത്തിന്‍റെ ലഹരിയുണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നും സംസാരിച്ചില്ല.
പിന്നെ പിന്നെ എന്നുമുതല്‍ക്കാണാവോ താന്‍ വീട്ടിലേക്കുപോകാതെയായത്..ഒന്നും ഓര്‍മ്മയില്ല.
വീണ്ടും മയക്കത്തിലേക്കു
വഴുതിവീഴവേ എപ്പോഴോചുണ്ടിലേക്കു ചൂടു കഞ്ഞി പകരുന്നത് അവനറിഞ്ഞു .
അച്ഛമ്മയുടെ കൈകളാണോ?...
ഇല്ല ,അച്ഛമ്മ ഇനി ഇല്ലല്ലോ?
അച്ഛമ്മയോട് സ്നേഹത്തില്‍ സംസാരിക്കാനും
താന്‍ മറന്നത് എന്നുമുതലാണ്?
അച്ഛമ്മാ...അച്ഛമ്മാ...അവന്‍ ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും
നേര്‍ത്ത ശബ്ദം മാത്രമേ പുറത്തേക്കുവന്നുള്ളൂ..
മകന്‍റെ മനസ്സറിഞ്ഞ അച്ഛന്‍ അവന്‍റെ ഇരുകൈകളും തന്‍റെ നെഞ്ചോടു ചേര്‍ത്തുവെച്ചു വിതുമ്പി.....
''അച്ഛമ്മയില്ലല്ലോ മോനേ....ഇതുകാണാന്‍,സന്തോഷിക്കാന്‍ ...എന്‍റെമകനെ എനിക്കു തിരിച്ചു കിട്ടി... തിരിച്ചുകിട്ടി....''
അയാള്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് മകനെ നെഞ്ചോടമര്‍ത്തവേ അക്ഷരങ്ങളുടെ പുതിയലോകത്തിലേക്ക് പിച്ചവെച്ചുകൊണ്ട് മിഥുന്‍ മനസ്സിലെഴുതി
''അച്ഛന്‍..''
സിന്ധു സുരേഷ്
No comments:
Post a Comment