Saturday, March 28, 2020

കുറിപ്പ്(കണ്ണീര്‍മഴ)

കണ്ണീര്‍മഴ..

പ്രഭാതത്തിലെ ഇളംതണുപ്പുമാസ്വദിച്ച് മഴത്തുള്ളികള്‍വീഴുന്ന
ശബ്ദംകേട്ട് കുറച്ചധികസമയം
കിടന്നതിനാലാകും നടുവിന് വേദനപോലെ.
നാളെരാവിലെ എന്തായാലും  ഇത്രയധികംസമയം കിടക്കില്ല.

അധികമായാല്‍ അമൃതും വിഷമാണ്!  ആരോ ഓര്‍മ്മിപ്പിക്കുന്നപോലെ...

ഇത്രയുംസമയം കാണാതെപോയ മഴയെക്കുറിച്ചോര്‍ത്തുവ്യസനിച്ചു.
നാളെ പക്ഷേ മഴയുണ്ടാകുമോ?

എന്തായാലും  അധികസമയം ഉറങ്ങില്ലെന്നുതീരുമാനിച്ചു.

മുറ്റത്തു നല്ലമഴ! ഹാവൂ നല്ലരസം...കൊറോണച്ചിന്തകള്‍ക്കൊരിടവേളയാകട്ടെ..ഇത്തിരിനേരം മഴകാണാം.ജനലൊക്കെ നന്നായി  തുറന്നിട്ടു.

പതിവായി ഗേറ്റിനുസമീപം കിടന്നുറങ്ങുന്ന  നായയെവിടെ?നനഞ്ഞിട്ടുണ്ടാവുമോ? ചിലപ്പോള്‍  മുകളിലെ ഫ്ളാറ്റില്‍കയറുന്ന സ്റ്റെപ്പിലുണ്ടാവും.

പച്ചക്കറിക്കച്ചവടക്കാര്‍
പതിവുപോലുണ്ടല്ലോ
ഗലികളില്‍....ഭാഗ്യം അവരെല്ലാം
മാസ്ക്കും ഗ്ളൗസ്സും ധരിച്ചിട്ടുണ്ട്.

ചുവന്നപുള്ളിക്കുടചൂടി  ബര്‍മൂഡയിട്ടു പച്ചക്കറിവാങ്ങാന്‍ നില്‍ക്കുന്ന മനുഷ്യനെ ഈ ഗലിയില്‍കണ്ടിട്ടില്ലല്ലോ?

മട്ടറിന് വിലപേശുകയാണയാള്‍.
ഒരുകിലോ മട്ടറിന് നാല്പതുരൂപ കച്ചവടക്കാരന്‍പറയുന്നു.
മുപ്പതുരൂപയ്ക്ക് അയാള്‍ക്കുവേണംപോലും!..

കഷ്ടം ! ബര്‍മൂഡക്കാരനോടും കച്ചവടക്കാരനോടും ഒരുപോലെ സഹതാപംതോന്നി...രണ്ടര്‍ത്ഥത്തില്‍..

കച്ചവടക്കാരന്‍റെ തലയില്‍ മഴനനയാതിരിക്കാന്‍ വെച്ചിരിക്കുന്ന പ്ളാസ്റ്റിക്ക്കൂടിനു പുറത്തുകൂടെ ഒഴുകുന്ന മഴത്തുള്ളികള്‍ക്ക് ആരും കാണാക്കണ്ണീരിന്‍റെ ഉപ്പുരസംകൂടിയുണ്ടാവും.

കഴിഞ്ഞ ആഴ്ച മാര്‍ക്കറ്റിലും ഒരുകിലോ മട്ടറിന്‍റെ വില നാല്പതുരൂപയായിരുന്നത് ഞാനോര്‍ത്തു.

പെട്ടെന്ന് എതിരെയുള്ള ഫ്ളാറ്റിലെ വിക്രംസിംഗ്  ഒരുകുടനിവര്‍ത്തി കച്ചവടക്കാരന്‍റെ തോളിലേയ്ക്കു
ചായ്ച്ചുവയ്ക്കുന്നതും വിലപേശാതെ രണ്ടുകിലോമട്ടറും വാങ്ങിപ്പോകുന്നതും ഞാന്‍ അദ്ഭുതത്തോടെ ,സ്നേഹത്തോടെ നോക്കിനിന്നു.

കുട തോളോടു ചേര്‍ത്തുവെച്ചു ഇരുകൈയ്യും കൂപ്പിനിന്ന കച്ചവടക്കാരന്‍റെ  ചിത്രം ഈ ജന്‍മം മറക്കാനാവില്ല.അതു നല്കിയ നന്‍മമനസ്സിനെയും.

ഇങ്ങനെ അവശ്യസാധനങ്ങളെത്തിക്കുന്ന
ഈ പാവംകച്ചവടക്കാരെ ദൈവം രക്ഷിക്കാതിരിക്കില്ലല്ലോ?

മഴ കുറയുന്നു.....

Wednesday, March 25, 2020

ലേഖനം (കറ)

         
          ഓര്‍മ്മപ്പൂക്കാലം

''ലളിതേ,ലളിതേ''
ചന്ദ്രാമ്മയുടെ ഉച്ചത്തിലുള്ളവിളി!നെഞ്ചില്‍  തീയാളി...ഞാനുംഏട്ടനും  പുസ്തകം ഉറക്കെ വായിച്ചു കൊണ്ടിരുന്നു.
''ആദ്യം  കറതേച്ചത് നീയാണേ''
അമ്മ കതകിന്‍റെ സാക്ഷനീക്കുന്നതിനിടയില്‍ ചേട്ടന്‍ എന്നോടുസ്വകാര്യംപറഞ്ഞു.

''അല്ല,അല്ല ഏട്ടനാണ് '' ഞാനുംവിട്ടുകൊടുത്തില്ല.
ശരിക്കും ചന്ദ്രാമ്മ കഴുകിയിട്ടമുണ്ടില്‍ ആദ്യം മാങ്ങാക്കറതേച്ചത് ആരാണ്? ഞാനാണോ?ആവോ !ഓര്‍മ്മവരുന്നേയില്ല.

തുണികള്‍ അലക്കിത്തേച്ചുകൊടുക്കുന്ന ജോലിയായിരുന്നു ചന്ദ്രാമ്മയും കുടുംബവും ചെയ്തിരുന്നത്.
ശനിയാഴ്ചതോറും ചന്ദ്രാമ്മ വെള്ളമുണ്ടുകള്‍ പറമ്പിലെ അയയില്‍വിരിച്ചിടുന്നതുകാണാന്‍ നല്ലചന്തമാണ്.പക്ഷേ അന്ന് വെയിലു പോകുന്നതുവരെ  ആപറമ്പില്‍ കളിക്കാന്‍ സമ്മതിക്കില്ല. തുണിയില്‍ കാക്കവന്നിരിക്കാതിരിക്കാനും മറ്റുമായി ശ്രീക്കുട്ടിഅവിടെവിടെയെങ്കിലും ഉണ്ടാകും.
ശ്രീക്കുട്ടിയുമായി രണ്ടുദിവസം മുന്‍പ് ഞങ്ങളൊന്നു പിണങ്ങി.

ചന്ദ്രാമ്മ കുളത്തില്‍
തുണിയലക്കാന്‍പോയസമയത്ത് ശ്രീക്കുട്ടി മുറ്റം തൂക്കുകയായിരുന്നു.കാലിന്‍റെ അടയാളംവീഴാത്തവിധം കാലുകള്‍പിന്നിലേക്കാക്കി വളഞ്ഞ് ഒരുപ്രത്യേകരീതിയില്‍തൂക്കുന്നതുകാണാന്‍
നല്ലരസം.ഈര്‍ക്കില്‍ചൂലിന്‍റെ വളഞ്ഞവരകള്‍ക്കും ശ്രീക്കുട്ടിക്കും അപ്പോള്‍ ഒരേ ആകാരവടിവ്.
ഏട്ടനും ഞാനുംസംഘവും ശ്രീക്കുട്ടിയെകളിക്കാന്‍വിളിക്കാന്‍ ചെന്നപ്പോഴാണ് ഈ പുകില്!
എല്ലാവരും കൂടിഓടിശ്രീക്കുട്ടിയുടെ കലാവിരുത് വികൃതമാക്കി.
ഏട്ടനോട് അവള്‍കയര്‍ത്തു.ഏട്ടനും ദേഷ്യംവന്നു കാലുകൊണ്ടെല്ലാം മായിച്ചുകളഞ്ഞു.
ചൂലും വലിച്ചെറിഞ്ഞ് ശ്രീക്കുട്ടിഅകത്തുകയറിപ്പോയി.

അന്ന് ആരും പിന്നീട് കളിച്ചില്ല.വീടുകളിലേക്കുപോയി.ശനിയാഴ്ചയാണ് കളിക്കൂട്ടങ്ങള്‍ ഇറങ്ങുന്നത്.

രാവിലെ അമ്മാമ്മയുടെ വീട്ടില്‍പോകേണ്ടിവന്നതിനാല്‍ ഇറങ്ങാന്‍പറ്റിയില്ല.
തിരിച്ചുവരുന്നവഴി ശങ്കരപ്പിള്ളച്ചേട്ടന്‍റെപറമ്പുവഴിയാണെങ്കില്‍
വീട്ടില്‍വേഗമെത്താം.അപ്പോഴാണ് പറമ്പില്‍ നിന്നമാങ്ങ ഏട്ടന്‍ എറിഞ്ഞിട്ടത്.

ഞാനും എറിഞ്ഞെങ്കിലും മാങ്ങയുടെഞെട്ടിന്‍റെ ശക്തികൊണ്ട് ഒന്നും താഴെവീണില്ല.
മാങ്ങയുമായിനടന്നുകയറിയത് ചന്ദ്രാമ്മയുടെ പറമ്പില്‍.പിങ്കുനിറത്തിലുള്ളവെള്ളക്കുത്തുള്ള നല്ലപച്ചമാങ്ങ!
മാങ്ങയുടെ ചുനഭാഗം കടിച്ചപ്പോള്‍ അതാ കറ!വായിലായഭാഗംതുപ്പിയെറിഞ്ഞു.ബാക്കിഭാഗം
അയയിലിട്ടിരുന്നഒരുമുണ്ടില്‍ ഒന്നുരച്ചു.ഏട്ടനുംഉരച്ചു.പകര്‍ത്തുകോപ്പിയിലെപ്പോലെ രണ്ടുവര.
അത് ഇത്രവലിയപ്രക്ഷോഭത്തിലേക്കെത്തുമെന്ന് ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍ ഒരിക്കലും കരുതിയില്ല.അവിടെവിടെയോ ശ്രീക്കുട്ടിനിന്നിരുന്നതും നിഷ്കളങ്കരായ ഞങ്ങള്‍ കണ്ടില്ല!

അമ്മയുടേയും ചന്ദ്രാമ്മയുടേയും അനക്കമില്ല.അതാ വടിഒടിക്കുന്ന ശബ്ദം.അഭിമാനത്തിന് ക്ഷതം ഏല്ക്കുന്നസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കമ്പൊടിച്ച് അമ്മ തല്ലാറുള്ളൂ...
ക്ഷതമേറ്റിരിക്കുന്നു!!
അമ്മ അകത്തുകയറി കതകിന്‍റെസാക്ഷയിട്ടു.വീട്ടില്‍ അമ്മയും ഏട്ടനും ഞാനും മാത്രം..

അമ്മയുടെ കാലിന്‍റെ ശബ്ദം,ഒപ്പം തൊണ്ടമുരളുന്നതിന്‍റേയും..ഞാന്‍ കരയാന്‍തുടങ്ങി.പച്ചക്കമ്പിന്‍റെമണം..ഇലയുടെപാതികീറിയഭാഗം കമ്പിന്‍റെ അറ്റത്ത്.

എന്‍റെ നിലവിളിയുടെ ഒച്ചയാല്‍ അയല്‍വീടുകളിലെ ചെവികള്‍കൂര്‍പ്പിക്കപ്പെട്ടു.

''ഇവിടെവാ രണ്ടും,''പറച്ചിലും ഒരുകൈചേട്ടന്‍റെഷര്‍ട്ടിലുമായി അമ്മ കിതക്കുന്നു.അപ്പോള്‍  ആ മുഖത്തെഭാവം
സങ്കടമായിരുന്നോ ക്രോധമായിരുന്നോ?ഏതായാലും ഭയന്നഞാന്‍ ഒറ്റക്കുതിപ്പിന് കട്ടിലിന്‍റെ മറുവശത്തും അടിയിലുമായി ടോം ആന്‍ഡ് ജെറി കളിച്ചു.
കൂട്ടത്തില്‍ നിലവിളിക്കാനും മറന്നില്ല.
ഏട്ടന് കുറേക്കിട്ടിയപ്പോഴേക്കും പുറത്ത് ആരുടെയൊക്കെയോ തട്ടും ബഹളവും.
അമ്മകതകുതുറന്നതും അയലത്തെ എന്‍റെ പ്രിയപ്പെട്ട മോളിച്ചേച്ചി അകത്തേക്കുകയറി.വാണംവിട്ടപോലെ അവരോടൊട്ടിഞാനും.
അന്നേതായാലും എനിക്കടികിട്ടിയില്ല.പക്ഷേ അടികൊണ്ട് തിണര്‍ത്ത പാടുകളുമായി ഏട്ടന്‍ എന്നെയൊന്നുനോക്കി.ഞാന്‍ മോളിച്ചേച്ചിയുടെതോളിലോട്ടുമുഖംചായ് ച്ചുനിന്നു.എന്തായിരുന്നിരിക്കാം ആ നോട്ടത്തിന്‍റെ പൊരുള്‍??

ഏതായാലുംഅയല്ക്കാരെ ദ്രോഹിക്കില്ല എന്നൊരു ദൃഢപ്രതിജ്ഞ അന്നേ ഞാനെടുത്തു!!

           സിന്ധുസുരേഷ്

മെസഞ്ചര്‍(കഥ)

മെസഞ്ചര്‍

മെസഞ്ചറില്‍ സന്ദേശമെത്തിയ ശബ്ദം.
നെറ്റ് ഓണ്‍ചെയ്തു.വി.ഭാസ്ക്കര്‍.നേരെ പ്രൊഫൈലിലേക്ക്..

മരുഭൂമിയിലെ ഒട്ടകത്തിൻ്റെ ചിത്രം..
വി ഭാസ്ക്കർ
പ്രൊഫൈലിൽ പേരു കണ്ടപ്പോൾ തന്നെ നെഞ്ചിടിക്കാൻ തുടങ്ങി. ആ മുഖം ഒന്നു കാണാൻ കൊതിച്ചെങ്കിലും തിരയാൻ പേടിയാകുന്ന പോലെ.

മധുവേട്ടൻ ഇപ്പോൾ വിളിക്കുമായിരിക്കും. ധൃതിയിൽ പ്രൊഫൈൽഓപ്പൺ ചെയ്ത് ഓടിച്ചുനോക്കി, ആ മുഖത്തിന് ഒരു മാറ്റവുമില്ല.
അല്പം ഗൗരവം വന്നത് പോലെ.
മെസഞ്ചറിൽ നോട്ടിഫിക്കേഷൻ, പച്ച സിഗ്നൽ. ടൈപ്പിംഗ് ..

"ഹായ് റീനാ"
"ഹായ്" വിറയാർന്ന കൈകളാൽ അവൾ പ്രതികരിച്ചു.
" ഒരുപാടു തിരഞ്ഞിട്ടാടോ മുഖപുസ്തകത്തിൽ നിന്ന് തന്നെയൊന്നു കണ്ടെത്താൻ കഴിഞ്ഞത് "
പെട്ടെന്ന് ഫോണിൽ മധുവിൻ്റെ വിളി.
നെഞ്ചിൽ തീയാളി.
" എന്തെടുക്കുവാനീയവിടെ? ഗേറ്റൊക്കെ
കുറ്റിയിട്ടിട്ടില്ലേ? തുണി കഴുകാനുണ്ടെന്നു പറഞ്ഞിട്ട് ഫോണിലിരിക്കുകയാണോ?"

" കുറ്റിയിട്ടു, തുണി കഴുകാൻ പോകുവാ" മധു ഫോൺ കട്ടു ചെയ്തു.
" എന്താടോ ഒന്നും മിണ്ടാത്തത്?" വീണ്ടും സന്ദേശം.

റീനയുടെ വിരലുകൾ ദ്രുതഗതിയിൽ ചലിച്ചു'

" ഹസ്സിൻ്റെ ഫോൺ വന്നതാ, എപ്പോഴും വിളിച്ചുകൊണ്ടിരിക്കും, വലിയ സ്നേഹമാ,
ഭാസ്ക്കറുമായുള്ള പരിചയം പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷം. പക്ഷേ
ദയവായി ഇനി എനിക്ക് മെസേജ് അയയ്ക്കരുത്.ഞാനിവിടെ വളരെ സന്തോഷമായി കഴിയുകയാണ്. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ്.
ഓരോ അരമണിക്കൂറിലും വിളിക്കും. ഒരർത്ഥത്തിൽ പ്രണയത്തടവ് എന്നു പറയാം"

അടർന്നു വീഴുന്ന കണ്ണീർമണികൾ ഭാസ്ക്കർ ഒരിക്കലും കാണരുത്.
ഒരു സ്മൈലിയുടെ ചിത്രം കൂടി അയച്ച് അവൾ കണ്ണീർ തുടച്ചു.

ഭാസ്ക്കറിൻ്റെ മനസ്സിൽ വിരിഞ്ഞ അസൂയപ്പൂക്കൾ അവൾ അറിയാതിരിക്കാൻ അയാളും ഒരു സ്മൈലി അയച്ചു,

അവൾ എന്നും ഭാഗ്യവതി തന്നെ.എന്നിൽ നിന്നും പറന്നു പോയെങ്കിലും പ്രണയം തുടിക്കുന്ന ഹൃദയമുള്ള ഭർത്താവാനെ കിട്ടിയല്ലോ.. ഞാനെന്തിനാ വെറുതെ..

നിറഞ്ഞ കണ്ണുകൾ ആരും കാണില്ല .. ആണുങ്ങളുടെ കണ്ണുനീർ അധികം ഒഴുകാറില്ലല്ലോ? മനസ്സു മന്ത്രിച്ചു,
പ്രണയം കൊണ്ട് എൻ്റെ ഹൃദയ തടവറയിൽ നിന്നെ തളച്ചിടാൻ എനിക്കന്നു കഴിഞ്ഞില്ല. പലപ്പോഴും ഉള്ളിലെ പ്രണയം ഉള്ളിൽ തന്നെ വച്ചു.മൂന്നനിയത്തിമാരുടെ ഏട്ടന് പ്രണയം ഒരു സ്വപ്നമായിരുന്നു.
പക്ഷേ നിൻ്റെ മനസ്സ് ഞാൻ കണ്ടിരുന്നു. പറയാതെ പറഞ്ഞ പ്രണയം ഇരുവരും അറിഞ്ഞിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും.
റീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മനസ്സിൽ മാത്രം അവൾ പറഞ്ഞു" എനിക്കു നഷ്ടപ്പെട്ട എൻ്റെ പറയാൻ മറന്ന പ്രണയമേ, പ്രിയ ഭാസ്ക്കർ നീ എനിക്കെന്നും എൻ്റെ പ്രിയ സൂര്യൻ.. എന്നാൽ നിനക്കു വേണ്ടിയല്ലാതെ വിരിഞ്ഞ ഒരു താമര ഞാൻ. എന്നും പ്രഭാതമുണ്ടല്ലോ? സൂര്യനും... നിത്യവും നിന്നെ എനിക്കു കാണാം"

ഭാസ്ക്കർ ടൈപ്പിംഗ് ...
" നോ, നെവർ, ഇനി ഒരിക്കലും മെസേജ് അയയ്ക്കില്ല റീന, തൻ്റെ സുഖവിവരങ്ങൾ അറിയണമെന്നു തോന്നി, സന്തോഷം, അയാം സോ ഹാപ്പി നൗ .. താൻ തൻ്റെ ഹസ്സിൻ്റെ പ്രണയത്തടവറയിൽ സന്തോഷമായി കഴിയുക, എന്നും സ്നേഹം... സ്നേഹം മാത്രം... ബൈ"
ഇടതു കൈ കൊണ്ട് കണ്ണീർ തുടച്ച് അവൾ  നോക്കിയിരിക്കേ ഭാസ്ക്കർ ഓൺ ലൈനിൽ നിന്ന് പോയി.
സന്ദേശങ്ങൾ ഒന്നുകൂടി വായിച്ച് മനസ്സിലെഴുതി ഡിലീറ്റു ചെയ്തു.
വീണ്ടും മധുവിൻ്റെ ഫോൺ ',
" എന്തു ചെയ്യുവാനീയവിടെ? മൊബൈലിൽ കുത്തിക്കുത്തിയിരിക്കുകയാണോ? എപ്പോഴും ഓൺലൈനിലാണല്ലോ? തുണി അലക്കിയോ?"
" മധുവേട്ടാ ഞാൻ.." പൂർത്തിയാക്കുന്നതിനു മുൻപ് അയാൾ ഫോൺ കട്ടു ചെയ്തു ..

പതച്ചു വരുന്ന സോപ്പുപതയിൽ പൊങ്ങിപ്പൊട്ടുന്ന കുമിളകളിൽ മിഴിയൂന്നിയ അവളുടെ ഹൃദയം മന്ത്രിച്ചു

എൻ്റെ പ്രണയത്തടവിലെ ശിക്ഷകൾ നീ ഒരിക്കലും അറിയാതിരിക്കട്ടെ ഭാസ്ക്കർ!
എനിക്ക് സുഖമാണ്!പരമസുഖം!!

സിന്ധു സുരേഷ്
(14.02.2019)

Sunday, March 22, 2020

കവിത(മയൂരമേ....)


മയൂരമേ നീലമയൂരമേ
ഒാടിയകന്നിടല്ലേ....
വെറുതെ മോഹിതയാക്കിടല്ലേ
ഈ പഥികയാമെന്നെ..

വഴിയറിയാതുഴലും വേളയില്‍
കണ്ണിലുടക്കിയ മയൂരമേ...
ഏകാന്തവീഥിയിലീതിരുദര്‍ശനം
വൃന്ദാവനമൊന്നോര്‍ത്തുപോയീ...

അമ്പാടിക്കണ്ണനുംഗോപികമാരുമീ
നീലപ്പീലിതന്‍ സുഖമറിഞ്ഞൂ
നിത്യംഏഴഴകേകുമീ പീലികണ്ടൂ
അതില്‍മൃദുലാംഗുലവുംതഴുകിനിന്നൂ.

അഗതിയാമീയെന്‍മനോമുകുരത്തിലും
പീലിക്കൊതിയെന്തേയാഗതമായ്..
എന്തിനായിന്നുനീയീവഴിയിലെത്തീ
ഒരു മാരീചനെപ്പോല്‍ മോഹിപ്പിച്ചൂ..

,തരുമോ ഒരുചെറുപീലിത്തുണ്ടെന്‍
മനസ്സിന്‍പേജിലൊളിപ്പിക്കാം
പെറ്റുപെരുകും പീലികളാല്‍ഞാന്‍
വര്‍ണാക്ഷരങ്ങള്‍പകര്‍ന്നിടാം..

നിന്‍റെവര്‍ണരാജികളില്‍ഞാന്‍
സ്വപ്നകവിതകള്‍ രചിച്ചിടാം
നിന്‍റെ നൃത്തവിലോലചിറകിലെന്‍
വാഞ്ഛിതഹാരവുമര്‍പ്പിക്കാം

ആരുംകാണാഹൃദയവനികളില്‍
നമുക്കുമാത്രമായ് കൂടൊരുക്കാം
അതില്‍നിനക്കുമാത്രമായ്ഞാന്‍
കവിതപാടാം നല്ല ഗാനംമൂളാം

മയൂരമേ നീലമയൂരമേ
ഒാടിയകന്നിടല്ലേ....
വെറുതെ മോഹിതയാക്കിടല്ലേ
ഈ പഥികയാമെന്നെ..

കുട്ടിക്കഥ


വീണ്ടുമൊരു
ശിശുദിനത്തിനായ്..(കുട്ടിക്കഥ)

''നാളത്തെ പരിപാടി ഗംഭീരമാക്കണം.നമ്മുടെ അധ്യാപകര്‍ സ്റ്റേജിലെത്തുമ്പോള്‍ കൈയടികൊണ്ട് അന്തരീക്ഷം നിറയണം.'' നിതിന്‍ എല്ലാവരോടുമായി പറഞ്ഞു.

''അതേറ്റു''എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

''ഗോപൂ നീ ടീച്ചറുപറഞ്ഞ പങ്കായം ഉണ്ടാക്കാന്‍ മറക്കരുത്.''

''ടീച്ചര്‍ കഥപറഞ്ഞോ?എന്തിനാ പങ്കായമെന്നു പറഞ്ഞോ?''

''ഇല്ല, ചോദിച്ചില്ല,ഏതായാലും  അധ്യാപകര്‍ നമുക്കായി എന്ത് ചെയ്താലും അത് സന്തോഷമല്ലേ,നീ കുട്ടയും വലയും കൊണ്ടുവരാന്‍ മറക്കല്ലേ''

''മറക്കില്ല''

''അതെ...പങ്കായത്തിന്‍റെ പണി തുടങ്ങിക്കഴിഞ്ഞു,ഒാകെ ഡാ,നാളെ കാണാം.''

കൂട്ടുകാര്‍ പിരിഞ്ഞു,നിതിന്‍ സ്കൂള്‍ ബാഗിലിരുന്ന ചാവി എടുത്തു വീടുതുറന്നു.

കതകുതുറന്നപ്പോള്‍ എവിടുന്നോ അമ്മുപ്പൂച്ചയും ഓടിയെത്തി, നിതിനേക്കാള്‍ മുന്നേ അകത്തുകയറി.

കാറ്റുകയറാത്ത കുടുസ്സുമുറിയിലെ മടുപ്പിക്കുന്ന ഗന്ധം അവനെ അസ്വസ്ഥനാക്കിയില്ല.

വക്കുപൊട്ടിയ കാസറോളില്‍ തണുത്തുമരവിച്ച റൊട്ടി അവനെ കാത്തിരുന്നിരുന്നു.

പരിഭവിക്കാതെതന്നെ കുക്കറിന്‍റെ അടിയില്‍ പറ്റിപ്പിടിച്ചിരുന്ന ദാലും കൂട്ടി അവനതു കഴിച്ചു.അതിന്‍റെ
പങ്ക്പറ്റാനെന്നോണം അമ്മുപ്പൂച്ച അവന്‍റെകാലില്‍ തൊട്ടുരുമ്മി വാലും പൊക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അവനിട്ടുകൊടുത്ത റൊട്ടിക്കഷണങ്ങള്‍ കഴിച്ചിട്ട് അമ്മു വാതിലിനടുത്തേക്കുപോയി.അമ്മുവിന്‍റെ മനസറിഞ്ഞ നിതിന്‍അമ്മുവിനെ എടുത്ത് ഒന്നോമനിച്ചിട്ട് കതകുതുറന്നുകൊടുത്തു.

അവന്‍ക്രിക്കറ്റ്ബാറ്റുകൊണ്ട് പങ്കായമുണ്ടാക്കല്‍ പൂര്‍ത്തിയാക്കി.നാളെയാകാന്‍ നിതിന് ധൃതിയായി .

കഴിഞ്ഞവര്‍ഷം അധ്യാപകര്‍ അവതരിപ്പിച്ച നാടകം അവനെ നന്നായി സ്വാധീനിച്ചു.വൃദ്ധരെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയായിരുന്നു പ്രമേയം.

പൈപ്പില്‍ വെള്ളംവരുന്നശബ്ദം.അടുക്കളയില്‍ പാത്രങ്ങള്‍ കൂടിക്കിടക്കുന്നു.അമ്മവരാന്‍ഇനിയും മണിക്കൂറുകളെടുക്കും. തനിക്കുവേണ്ടി അമ്മ രാപകല്‍ കഷ്ടപ്പെടുന്നു.എന്തോ നിതിന് വിഷമം തോന്നി.. നിതിന്‍ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി.

''വയസായവരെമാത്രമല്ല എല്ലാവരെയും സ്നേഹിക്കണം,സഹായിക്കണം,''ടീച്ചര്‍  പറഞ്ഞത് അവനോര്‍ത്തു.

ഇടയ്ക്കിടെ താനെല്ലാം മറക്കുന്നു.വീണ്ടുമൊരു ശിശുദിനമെത്തിയപ്പോള്‍ എല്ലാം ഓര്‍മ്മവരുന്നു.

നാളെയാകാന്‍ തിടുക്കമായി.
പ്രിയപ്പെട്ട അധ്യാപകര്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന പരിപാടികള്‍ കാണാന്‍ തിടുക്കമായി.

മനസിന് വല്ലാത്ത സന്തോഷം  തോന്നി.നിതിന്‍ അടുപ്പില്‍ വെള്ളം
വെച്ചു അരിയിട്ടു.അമ്മവരുമ്പോള്‍ സന്തോഷമാകട്ടെ.

നാളത്തേക്കുള്ള ബാഗും തയാറാക്കി പങ്കായവും ഒരുക്കി അവന്‍ അമ്മയെ കാത്തിരുന്നു.

കതകില്‍ മുട്ടുകേട്ട് നിതിന്‍ ഡോര്‍തുറന്നു.മനുവാണ്.

''എന്താ,എന്തുപറ്റി?''
''നിതിന്‍,നീ വാര്‍ത്ത  കാണുന്നില്ലേ?''

'ഇല്ല,ടിവി കേടായി,ശരിയാക്കിയില്ല,
എന്തുപറ്റിയെടാ?''

''രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധിയാടാ,ഡെല്‍ഹിയിലെ വിഷമയമായ അന്തരീക്ഷമാണ് കാരണം''.

നിതിന്‍ നിരാശനായി കസേരയിലിരുന്നു,മനുവും.

അമ്മുപ്പൂച്ച വെളിയില്‍ നിന്നും വന്ന് നിതിന്‍റെ മടിയിലേക്കു കയറിയിരുന്നു,നിതിന്‍റെ മുഖത്തേക്കുനോക്കി ''മ്യാവൂ''എന്നുകരഞ്ഞിട്ട് മടിയില്‍ ചുരുണ്ടുകൂടി.

നിതിന്‍ പുഞ്ചിരിച്ചുകൊണ്ട് അമ്മുപ്പൂച്ചയെ തഴുകിക്കൊണ്ടിരുന്നു.

''സാരമില്ല മനൂ,പരിപാടി ഇനി മറ്റൊരു ദിവസം നടത്തിയാലോ?''

''നടത്തുമോ?''

''എന്തോ എന്‍റെ മനസ്സങ്ങനെ പറയുന്നു,നമ്മുടെ പ്രിയപ്പെട്ട  അധ്യാപകരല്ലേ,തീര്‍ച്ചയായും പ്രതീക്ഷിക്കാം''.
ഇരുവരും ചിരിച്ചു.

സിന്ധുസുരേഷ്
14.11.2019

ലേഖനം(അധ്യാപകരുടെ മനസ്സിലേക്ക്)

അധ്യാപകരുടെ മനസ്സിലേക്ക്...

ഹൃദയവേദനയോടെ  വിദ്യാലയങ്ങളിലെ ഓരോ സംഭവങ്ങളും ഞങ്ങളെ തളര്‍ത്തുമ്പോഴും പറ്റാന്‍ സാധ്യതയുള്ള ഓരോ പാകപ്പിഴകളും കൂടുതല്‍ കരുതലോടെ  ജാഗ്രതയോടെ കുറ്റബോധത്തോടെ നെഞ്ചില്‍ ഏറ്റുവാങ്ങുകയാണ്...

ശത്രുക്കളുടെ നീക്കത്തെ വീക്ഷിച്ചുകൊണ്ട് മാതൃരാജ്യത്തെ നെഞ്ചിലേറ്റുന്ന നിരീക്ഷണപാടവമുള്ള ഒരു സൈനികന്‍റെ ഹൃദയമിടിപ്പുപോലെ ഞങ്ങള്‍  പ്രിയപ്പെട്ട  കുട്ടികളെ സംരക്ഷിക്കുന്നത് ആരും കാണുന്നില്ലെങ്കിലും ഞങ്ങള്‍ക്ക് പരിഭവമില്ല.

എല്ലാ മേഖലകളിലും തെറ്റും ശരിയുമുണ്ട്.
ഇവിടെ കുറ്റം ഞങ്ങളുടേതുതന്നെ എന്ന് ഏറ്റുപറയാതെവയ്യ!!

പക്ഷേ അധ്യാപകരെ,വിദ്യാലയങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്ന പോസ്റ്റുകളും വര്‍ത്തമാനങ്ങളും കാണുമ്പോഴും കേള്‍ക്കുമ്പോഴും
ഞങ്ങളുടെ മനസ്സ്  ഉരുകുന്നത് ആരും കാണരുത്.

  ഒരു വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളാണല്ലോ ഞങ്ങളോരോരുത്തരും.അപ്പോള്‍  മാനസികശിക്ഷയ്ക്ക് ഞങ്ങള്‍ അര്‍ഹരാണ്.

ആ ശിക്ഷ പുതിയ ശരികളിലേക്ക് നയിക്കാന്‍ പ്രചോദനമാകട്ടെ...

തെറ്റുകള്‍  കണ്ടെത്തിയാല്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ പഠിപ്പിക്കുന്നതോടൊപ്പം പ്രാവര്‍ത്തികമാക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്..

മുതിര്‍ന്നവരുടെ വാക്കുകളിലൂടെ അധ്യാപകര്‍ക്കെതിരെ കൊടിയവിഷം കുട്ടികളില്‍ കുത്തിവയ്ക്കപ്പെടുമ്പോള്‍ പകയോടെയുള്ള കുഞ്ഞുങ്ങളുടെ നോട്ടത്തിനുമുന്നില്‍ ഞങ്ങളുടെ ശിരസ്സുകുനിയുന്നത് ആരും നോക്കരുത്...

തെറ്റുചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെവേണം..

കുട്ടികളില്‍ ചൂഷണം പലരീതിയില്‍ നടക്കുന്നത് ഞങ്ങളും അറിയുന്നു.
പക്ഷേ കുഞ്ഞുങ്ങളോടൊപ്പം അവരുടെ സംരക്ഷകരായി എപ്പോഴും  ഞങ്ങളുമുണ്ട് കൂടെ...

അതും ആരും കാണരുത്.

അധ്യാപകരാല്‍ പീഢിപ്പിപ്പിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും  മാനസികാവസ്ഥ,ദയനീയാവസ്ഥ ഞങ്ങളറിയുന്നു...

കുറ്റബോധത്തോടെ ഞങ്ങളുടെ മനസ്സുനീറുന്നതും നിങ്ങള്‍ കാണരുത്...

അധ്യാപകരില്‍ നിന്നും ഉണ്ടാകുന്ന ഓരോ വീഴ്ചകളിലും  ഉറക്കെ നിലവിളിക്കാതെ കണ്ണുനീര്‍ത്തുള്ളി നിലത്തു വീഴ്ത്താതെ ഞങ്ങളുടെ മനസ്സു മന്ത്രിക്കുന്നു
''ജാഗ്രത!തെറ്റുപറ്റരുത് .. പൂമ്പാറ്റകളുടെ ചിറകടര്‍ത്തുന്നവരാകരുത് നമ്മള്‍''..

ഈ മന്ത്രവും  നിങ്ങള്‍  കേള്‍ക്കരുത്..

എന്നിട്ടും ആര്‍ക്കൊക്കെയോ പിഴയ്ക്കുന്നു,..
ഓരോരുത്തരും പരസ്പരം പറയാതെ സ്വയം ബോധമുള്ളവരാകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

എങ്കിലും  ഓരോ ദിവസവും ഞങ്ങള്‍ക്കും വേദനകള്‍തന്നെയാണ് ഓരോ സംഭവവും സമ്മാനിക്കുന്നത്..

പക്ഷേ ഞങ്ങള്‍ക്കറിയാം പലരും കുറ്റപ്പെടുത്തുമ്പോഴും കുഞ്ഞുമനസ്സുകളില്‍ ഞങ്ങളുണ്ടെന്ന്...

തെളിച്ചമായി ..വെളിച്ചമായി...ജീവിതത്തിന്‍റെ  ഏതെങ്കിലും  ഘട്ടങ്ങളിലൊക്കെ ഞങ്ങളുടെയൊക്കെ പേരോര്‍ക്കാനെങ്കിലും പ്രിയപ്പെട്ട  കുഞ്ഞുങ്ങള്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

കാരണം വീടിനേക്കാള്‍ കൂടുതല്‍ സമയവും അവര്‍ വിദ്യാലയത്തില്‍ ഞങ്ങള്‍ക്കൊപ്പമാണല്ലോ....

ശാസിച്ചും ശിക്ഷിച്ചും നന്നാക്കുന്ന കാലം കഴിഞ്ഞെങ്കിലും സ്നേഹത്തോടെയുള്ള ശിക്ഷയും ശാസനയും  ഞങ്ങള്‍ എന്നും നല്‍കാറുണ്ട്. കാരണം ഞങ്ങള്‍  ഗുരുപരമ്പരയുടെ കണ്ണികളാണ്.കുഞ്ഞുങ്ങളുടെ നന്‍മയെ ആഗ്രഹിക്കുന്ന ഞങ്ങള്‍ക്കത് ചെയ്യാതിരിക്കാനാവില്ല...
മക്കളെപ്പോലെ സ്നേഹിക്കുമ്പോള്‍  ഈ ശാസനകള്‍പോലും കൊടിയ അപരാധമെങ്കില്‍....

ഇതൊന്നും  നിങ്ങള്‍  കാണരുത്...

ഓരോ ദിവസവും ദേവാലയത്തിലെത്തുന്ന പരിപാവനതയോടെ വിദ്യാലയത്തിലെത്തുന്ന ഞങ്ങളുടെ മനസ്സില്‍ നിറയെ കുഞ്ഞുങ്ങളാണ്..

വിദ്യാലയത്തിലെത്തിയാല്‍  ഞങ്ങളുടെ കുടുംബം ഇതാണ്... മക്കള്‍ ഈ കുഞ്ഞുങ്ങളാണ്...

ഞങ്ങള്‍ക്കറിയാം ഞങ്ങളെ വിശ്വസിച്ച് ഓരോ രക്ഷിതാക്കളും കുഞ്ഞുങ്ങളെ വിദ്യാലയത്തിലെത്തിച്ചു മടങ്ങുമ്പോഴുള്ള അവരുടെ  സംതൃപ്തി... ഞങ്ങളിലുള്ള പൂര്‍ണവിശ്വാസം .....

പ്രിയപ്പെട്ടവരേ  ഞങ്ങളെന്നും കുഞ്ഞുങ്ങളോടൊപ്പമുണ്ട്.....എന്നിട്ടും.......തെറ്റുകള്‍ക്കൊക്കെയും മാപ്പ്....

അറിയുക ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങളിലെപ്പോഴും കുഞ്ഞുങ്ങളാണ്...അവരുമാത്രം....

സിന്ധുസുരേഷ്

ചെറുകഥ(അച്ഛനെന്ന അക്ഷരങ്ങളിലൂടെ

                               ചെറുകഥ

അച്ഛനെന്നഅക്ഷരങ്ങളിലൂടെ....

മയങ്ങിയകണ്ണുകള്‍ മെല്ലെ തുറന്ന് മിഥുന്‍ ചുറ്റുംനോക്കി.

അവ്യക്തമായ കാഴ്ചകളില്‍ വീണ്ടും കണ്ണടഞ്ഞു.
ആരുടെയോ കരസ്പര്‍ശം അവനറിഞ്ഞു.

മൃദുവല്ലാത്ത ആ കൈകള്‍ അത്.... അവന്‍ ആ വിരല്‍ത്തുമ്പില്‍ പിടിച്ചു
ഹരീഃ ശ്രീ ഗ ....

അവന്‍ മെല്ലെ ഉച്ചരിച്ചുകൊണ്ടിരുന്നു...''അച്ഛാ,എഴുതട്ടെ...''

അച്ഛന്‍ കാതോര്‍ത്തു...

''മിഥുന്‍'' അച്ഛന്‍  തേങ്ങി.

ബോധത്തിനും അബോധത്തിനുമിടയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ അവന്‍റെ ഹൃദയവും നിലവിളിച്ചുകൊണ്ടേയിരുന്നു.
''അച്ഛാ, എനിക്ക് പഠിക്കണം, ആദ്യാക്ഷരം മുതല്‍....''
ഇടറിയ ശബ്ദത്തില്‍ അവന്‍ മെല്ലെ കരഞ്ഞു.

അപ്പോള്‍  ആ മൃദുവല്ലാത്ത കൈകള്‍ അവനെ മുറുകെപ്പിടിക്കുന്നതും ഒരുകൈകൊണ്ട് അവന്‍റെ കണ്ണുനീര്‍തുടയ്ക്കുന്നതും ചുടുകണ്ണീര്‍ കൈകളിലിറ്റുവീഴുന്നതും അവനറിഞ്ഞു.

''അച്ഛാ'' അവനുറക്കെവിളിയ്ക്കാന്‍ ശ്രമിച്ചു. ശബ്ദം പുറത്തേയ്ക്കു വന്നില്ലെങ്കിലും ആ നിലവിളി അയാള്‍ കേട്ടു.

ഉള്ളില്‍ത്തിങ്ങും  വേദനയിലും അയാളവനെ തഴുകിക്കൊണ്ടിരുന്നു. അവനോടുചേര്‍ന്നിരുന്ന് നെഞ്ചോട്ചേര്‍ത്തു പിടിച്ചു.

അവന്‍റെ നിറഞ്ഞകണ്ണുകളിലെ കൊഴുത്ത കണ്ണുനീരിന്  പറയാന്‍ ഏറെ കഥകള്‍..

മിഥുന്‍ മെല്ലെ ബോധത്തിലേക്ക്....

അവന്‍ അച്ഛന്‍റെ മുഖത്തേയ്ക്കുറ്റു നോക്കി. ഒരിക്കലും  കരഞ്ഞുകണ്ടിട്ടില്ലാത്ത അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.അവന്‍റെ ഹൃദയംനൊന്തു,
''അച്ഛാ''...ആ ശബ്ദം മെല്ലെ പുറത്തേയ്ക്കുവന്നു.

അയാള്‍ അവന്‍റെ കവിളോടു തന്‍റെ കവിള്‍ ചേര്‍ത്തുവെച്ചു.ആ തപ്തനിശ്വാസം അവനറിഞ്ഞു.

''അച്ഛാ,എനിക്കു  തെറ്റുപറ്റി,ഞാന്‍ ഒരിക്കലും ചെയ്യരുതാത്തത് ചെയ്തു.  മയക്കുമരുന്നിന് അടിമയായി ,എന്‍റെ അച്ഛനെ ഉപേക്ഷിച്ചു...''

''മോനേ,മതി അച്ഛനൊന്നും കേള്‍ക്കേണ്ട...ഒന്നും  ഓര്‍ക്കേണ്ട...നീ തിരിച്ചുവരുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നു...നീ മടങ്ങിയെത്തുമെന്ന് അറിയാമായിരുന്നു.. .. നിന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് നീ ഇവിടെ അഡ്മിറ്റായ വിവരം എന്നെ അറിയിച്ചത്...എല്ലാവര്‍ക്കും  കുറ്റബോധമുണ്ട്...വെളിയിലുണ്ട്  അവരെല്ലാം''

മിഥുന്‍റെ മുഖം വിടര്‍ന്നു.

  ''എല്ലാവരും തെറ്റുതിരിച്ചറിഞ്ഞല്ലോ..അതുമതി..അതുമാത്രം മതി..ഉറങ്ങിക്കോളൂ..കുറച്ചുകൂടി..''

അവന്‍ കണ്ണടച്ചു,എന്തൊക്കെയോ  ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.അമ്മ ഉപേക്ഷിച്ചുപോയിട്ടും സ്നേഹത്തോടെ തന്നെ വളര്‍ത്തിയ അച്ഛനും അച്ഛമ്മയും..അമ്മയ്ക്കെങ്ങനെതോന്നി എന്‍റച്ഛനെ ഉപേക്ഷിക്കാന്‍..?

കുടുംബപ്രശ്നങ്ങള്‍ എന്തെന്നറിയുന്ന പ്രായമായിരുന്നില്ല തനിക്ക്.

പക്ഷേ അമ്മയ്ക്ക് മറ്റാരുമായോ അടുപ്പമുണ്ടായിരുന്നതും അയാളോടൊപ്പം പോയതുമാണെന്ന് അച്ഛമ്മയുടേയും മറ്റും സംസാരത്തിലൂടെ അറിഞ്ഞ കുഞ്ഞുമനസ്സ് ഒത്തിരി  വേദനിച്ചു.

ഒരുപാടുസംസാരിക്കുമായിരുന്ന അച്ഛന്‍ മൗനിയായതും മദ്യത്തിനടിമയായതും വളര്‍ന്നുവരവേ താനറിഞ്ഞു.

അച്ഛമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട താന്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു.

പിന്നീടെപ്പോഴോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.
വീട്ടുജോലിക്കാരിയില്‍നിന്നും മകന്‍റെ തെറ്റായപോക്ക് മനസ്സിലാക്കിയ അച്ഛന്‍ പലപ്പോഴും  തന്‍റെമുറിയില്‍ വന്നിരുന്നു.

ആ ചുവന്ന കണ്ണുകളില്‍ മദ്യത്തിന്‍റെ ലഹരിയുണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നും സംസാരിച്ചില്ല.

പിന്നെ പിന്നെ എന്നുമുതല്‍ക്കാണാവോ താന്‍ വീട്ടിലേക്കുപോകാതെയായത്..ഒന്നും ഓര്‍മ്മയില്ല.

വീണ്ടും മയക്കത്തിലേക്കു
വഴുതിവീഴവേ  എപ്പോഴോചുണ്ടിലേക്കു ചൂടു കഞ്ഞി പകരുന്നത്  അവനറിഞ്ഞു .

അച്ഛമ്മയുടെ കൈകളാണോ?...

ഇല്ല ,അച്ഛമ്മ ഇനി ഇല്ലല്ലോ?
അച്ഛമ്മയോട് സ്നേഹത്തില്‍ സംസാരിക്കാനും
താന്‍ മറന്നത് എന്നുമുതലാണ്?

അച്ഛമ്മാ...അച്ഛമ്മാ...അവന്‍ ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും
നേര്‍ത്ത ശബ്ദം മാത്രമേ പുറത്തേക്കുവന്നുള്ളൂ..

മകന്‍റെ മനസ്സറിഞ്ഞ അച്ഛന്‍ അവന്‍റെ ഇരുകൈകളും തന്‍റെ നെഞ്ചോടു ചേര്‍ത്തുവെച്ചു വിതുമ്പി.....
''അച്ഛമ്മയില്ലല്ലോ മോനേ....ഇതുകാണാന്‍,സന്തോഷിക്കാന്‍ ...എന്‍റെമകനെ എനിക്കു തിരിച്ചു കിട്ടി... തിരിച്ചുകിട്ടി....''

അയാള്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് മകനെ നെഞ്ചോടമര്‍ത്തവേ അക്ഷരങ്ങളുടെ പുതിയലോകത്തിലേക്ക്  പിച്ചവെച്ചുകൊണ്ട് മിഥുന്‍ മനസ്സിലെഴുതി
''അച്ഛന്‍..''

സിന്ധു സുരേഷ്