Friday, June 8, 2018

പിതൃക്കളുണരുമ്പോള്‍(കവിത)

പിതൃക്കളുണരുമ്പോള്‍..

രാവിന്‍റെയീക്കൊടും കറുപ്പും നിലാവിന്‍റെ
വിളറിയ ചിരിയും കടന്നും
മണിയൊച്ച കേള്‍ക്കും പറമ്പും ജപമാല- യെണ്ണും ചുവരും കടന്നും

ഇവിടെയീയര്‍ക്കന്‍ തപിക്കും ജ്വലിക്കും
മറയുമിടങ്ങളില്‍
ജനിച്ചും ജനിപ്പിച്ചും മറച്ചും ഒളിപ്പിച്ചും
മറയുന്നതും കണ്ടു

താതനും കാന്തനും ഒന്നെന്ന  സത്യം
അലയായ് ചുഴിയായ് തെളിയുന്നിവിടെ
സോദരന്‍തന്നെയാ ഘാതകനെന്നതും
നെഞ്ചിലെരിയ്ക്കുന്നിതഗ്നിയും

പിതാവില്‍ വിരല്‍ചൂണ്ടി പുലമ്പുന്നു മക്കള്‍
പിതൃത്വം പിതൃത്വം പിതൃത്വം
മാതാവില്‍വിരല്‍ചൂണ്ടിപ്പിടയുന്നിതാത്മാക്കള്‍
ഇതു ജനനിയല്ലായിതു ജനനിയല്ല

നഷ്ട ചാരിത്ര്യമിന്നൊന്നാംവയസ്സിലും
നീളെപ്പരക്കുന്നു ഒഴുകുന്നു ചോരയും
അസ്ഥിയില്ലാത്തയാപിഞ്ചുമാംസങ്ങളിന്ന-
ദൃശ്യ പ്രളയമായ്, ഹാനിയായ്...

മോക്ഷമില്ലാത്തയീ ശാപങ്ങളിവിടെ
ചുഴലിയായ് വീശും കൊടുങ്കാറ്റായ്...
ഉണരട്ടെ ഞങ്ങള്‍ ഉയരട്ടെ ഞങ്ങള്‍
ഉണരട്ടെ ഞങ്ങള്‍ ഉയരട്ടെ ഞങ്ങള്‍!!

മരിച്ചവര്‍ ഞങ്ങളോ ചാരമായൊഴുകി
ലയിച്ചലിഞ്ഞാവിയായുയരുന്നു മേഘമായ്..
മഴയായ് പതിച്ചും കുളിരണിയിച്ചും
നനച്ചുമീ ജന്‍മം തുടരുന്നനുസ്യൂതം

ജീവനുള്ളോരിന്നെതിര്‍ക്കാന്‍ മടിക്കുമീ
ജീവച്ഛവങ്ങളോടെതിര്‍ക്കട്ടെ ഞങ്ങള്‍
മരണമില്ലാത്തവര്‍ വീണ്ടും മരിക്കാത്തോര്‍
രൂപമില്ലാത്തോരെതിര്‍ക്കട്ടെ ഞങ്ങള്‍

കോടാനുകോടിയവതാരമൊന്നിച്ച്
ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ മണ്ണില്‍
പ്രപഞ്ചം മുഴങ്ങുമാ പാഞ്ചജന്യം
പോലുയര്‍ത്തട്ടെ കാഹളം ഞങ്ങള്‍
ഉണരട്ടെ ഞങ്ങള്‍ ഉയരട്ടെ ഞങ്ങള്‍!!

No comments:

Post a Comment