(ഭാഗം രണ്ട്)
സീനത്തു സാറും ഞാനും
ഹോ ! പരീക്ഷ കഴിഞ്ഞു,സമാധാനമായി.
പരീക്ഷ കഴിഞ്ഞാല്‍ കുറച്ചു ദിവസംവീട്ടില്‍ ചെന്നു നില്ക്കണം എന്ന് അമ്മ പറഞ്ഞിട്ടുണ്ട് .ഇന്നലെ പരീക്ഷ കഴിഞ്ഞു.പക്ഷേ അടുത്തത് പത്താം ക്ളാസ്സാണ്.നന്നായി പഠിച്ചേ പറ്റൂ.
റിസല്‍ട്ടറിഞ്ഞാലുടന്‍ വന്ദനചേച്ചിയുടെ വീട്ടില്‍ ട്യൂഷന്‍ തുടങ്ങും.കണക്കും ഹിന്ദിയും പഠിപ്പിക്കാന്‍ രണ്ടു സാറന്‍മാരെ വിളിച്ചിട്ടുണ്ടത്രേ..പത്താം ക്ളാസ്സില്‍ വന്ദനചേച്ചിയ്ക്ക് എല്ലാ വിഷയവും എടുക്കാന്‍ പറ്റില്ല.
വന്ദന ചേച്ചിയുടെ വീട്ടില്‍ ട്യൂഷനു പോകാന്‍ നല്ലരസമാണ്.കായല്‍വാരത്തായതുകൊണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ഞാനും ഉഷയും താഹിറയും സന്തോഷും കായലിലെ വെള്ളത്തിലിറങ്ങും.മണികണ്ഠന് പേടിയാ.ഞങ്ങള്‍ ഇത്തിരി ആഴത്തിലിറങ്ങുമ്പോള്‍ത്തന്നെ അവന്‍ കരയ്ക്കുനിന്ന് ബഹളം വയ്ക്കും.എനിയ്ക്ക് വല്ലാണ്ട് ദേഷ്യംവരുമ്പോള്‍ ഞാനവനെ കരിമണ്ണ് വാരിയെറിയും.
പലപ്പോഴും അവന്‍റെ ബഹളംകേട്ട് അകത്തുനിന്നും വന്ദനചേച്ചിയുടെ അമ്മ വന്ന് വഴക്കു പറഞ്ഞ് ഞങ്ങളെ കരയ്ക്കുകയറ്റും.
മണികണ്ഠന്‍ ഇത്തവണ ട്യൂഷന് അവിടെ വരാതിരുന്നാല്‍ മതിയായിരുന്നു.
എനിക്കുവെള്ളത്തിലിറങ്ങണം.പേടിത്തൊണ്ടന്‍മാരെ എനിയ്ക്കു കണ്ടുകൂടാ..
അല്ലെങ്കിലും ഇത്തവണ വന്ദന ചേച്ചിയുടെ വീട്ടില്‍ എന്നെ ട്യൂഷനുവിടുമോ എന്നറിയില്ല.
പുതിയ സാറന്‍മാരെ വയ്ക്കുമ്പോള്‍ ഫീസ് കൂടുതലാവും.
ഏതായാലും രണ്ടുദിവസം വീട്ടില്‍ പോയിനിന്ന് അമ്മയെക്കൊണ്ട് അച്ഛനോട് പറഞ്ഞു ശരിയാക്കണം.എനിയ്ക്ക് ഏതായാലും കായല്‍വാരത്ത് ട്യൂഷനുപോയാല്‍മതി.
ഇന്ന് കുറച്ചുനേരം കിടന്നുറങ്ങണം.ഉച്ചകഴിഞ്ഞ് അധിക സമയം കിടക്കാന്‍ അമ്മാമ്മ സമ്മതിയ്ക്കില്ല.പെണ്‍ കുട്ടികള്‍ പകലുറങ്ങുന്നത് വീടിന് എെശ്വര്യക്കേടാണ് പോലും!
പരീക്ഷ കഴിഞ്ഞ ദിവസമായതുകൊണ്ട് ചിലപ്പോള്‍ ഒന്നും പറയില്ലായിരിയ്ക്കും.
ഷീജ ഡാന്‍സ് ക്ളാസ്സു കഴിഞ്ഞ് വരുമ്പോഴേയ്ക്കും ഉണരണം.അവളെത്ര മനോഹരമായിട്ടാണ് നൃത്തം ചെയ്യുന്നത്.
വെറുതെ നടക്കുമ്പോഴും കൈകൊണ്ട് മുദ്ര കാണിച്ചു നടക്കും.
ചിലപ്പോള്‍ അമ്മാമ്മയ്ക്ക് ദേഷ്യം വരും.''ഒന്നടങ്ങി നടക്ക്പെണ്ണേ''എന്നു പറയും. 'പെണ്ണേ' എന്നു വിളിയ്ക്കുന്നത് ഷീജയ്ക്കിഷ്ടമല്ല.അമ്മാമ്മ പോയിക്കഴിയുമ്പോള്‍ ചുണ്ട് കൂര്‍പ്പിച്ച് കണ്ണുചെറുതാക്കി ഒരു ഗോഷ്ടി കാണിയ്ക്കും അവള്‍.എന്നിട്ട് അമ്മാമ്മ കേള്‍ക്കാതെ ഞങ്ങള്‍ ചിരിയ്ക്കും.
എനിയ്ക്കെന്തോ നൃത്തത്തിനോട് ഒട്ടും താല്പര്യമില്ല,അല്ലെങ്കിലും അച്ഛന്‍ സമ്മതിയ്ക്കില്ല.അമ്മയ്ക്കിഷ്ടമാണ് ഞാന്‍ നൃത്തം പഠിയ്ക്കുന്നത്.
പുസ്തകം ഒതുക്കണോ അതോ ഉറങ്ങണോ?
ആരുടെയോ സംസാരം കേള്‍ക്കുന്നല്ലോ ഉമ്മറത്ത്.നാണിയമ്മയാണല്ലോ..സുമതിയമ്മയും ഉണ്ടല്ലോ.?അമ്മാമ്മ താടിയ്ക്ക് കെെയ്യുംകൊടുത്തിരിയ്ക്കുന്നു.
''എന്തു പറ്റി അമ്മാമ്മാ??''
''ലക്ഷ്മീ , നമ്മുടെ സീനത്തുസാര്‍ മരിച്ചുപോയി''
''എപ്പോള്‍ ?''
''ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്, നെഞ്ചു വേദനയായിരുന്നു.,രാവിലെ മുതല്‍ ഗ്യാസാണെന്നും പറഞ്ഞിരുന്നത്രേ.വീട്ടുകാര്‍ ഹോസ്പിറ്റലില്‍ പോകാന്‍ വിളിച്ചിട്ട് പോയില്ല,വൈകിട്ടാവട്ടെ ഗ്യാസാ അങ്ങുമാറിക്കോളും എന്നു പറഞ്ഞിരുന്നു. ഹാര്‍ട്ടറ്റാക്കായിരുന്നെന്ന്''.
നാണിയമ്മയാണ് മറുപടി പറഞ്ഞത്.
ഞാന്‍ തിണ്ണയില്‍പോയിരുന്നു.സീനത്തു സാര്‍ മരിച്ചെന്ന വാര്‍ത്ത വിശ്വസിയ്ക്കാനാവുന്നില്ല.
(തുടരും)
No comments:
Post a Comment