മനസ്സ് ചുവക്കുമ്പോള്‍
ട്രെയിനിറങ്ങി പാളത്തിനരുകിലൂടെ പതിവുപോലെ ഞാന്‍ നടന്നു.ഇന്നെന്തേ ആ ചുവന്ന ഷര്‍ട്ടുകാരനെ കാണുന്നില്ലല്ലോ?കണ്ണുകള്‍ വെറുതെ അയാള്‍ക്കുവേണ്ടി പരതി.സാധാരണ ആളൊഴിഞ്ഞ ഗോഡൗണിനടുത്ത് വലിയ ചാക്കുകെട്ടുകള്‍ ചുമന്നും വണ്ടിതള്ളിയുമൊക്കെ അയാളെ ഇവിടെത്തന്നെയാണല്ലോ കാണാറ്?
പാളംവഴി പോയാല്‍ ബാങ്കില്‍ അധികം നടക്കാതെ വേഗമെത്താം.അന്നൊരിക്കല്‍ ഇതുവഴി ധൃതിയില്‍ നടന്നപ്പോള്‍ രണ്ടുമൂന്നു നായ്ക്കള്‍ കടിപിടികൂടി തന്‍റരുകിലേക്കു
വന്നു. പേടിച്ച് നിലവിളിച്ചപ്പോള്‍ ഒരു ചുവന്ന ഷര്‍ട്ടുകാരന്‍ എവിടെനിന്നോ ഒാടിവന്ന് നായ്ക്കളെ ഓടിച്ച് രക്ഷപ്പെടുത്തി. ആ ദിവസമാണ് അയാളെ ആദൃമായി ശ്രദ്ധിച്ചത്.
ഭയം മാറിയെങ്കിലും നിലവിളിച്ചതോര്‍ത്ത്
ജാള്യം തോന്നിയതിനാല്‍ വിളറിയ ഒരു ചിരി
സമ്മാനിച്ചിട്ട് താന്‍ വേഗം നടന്നകന്നു.
പിന്നീടെന്നും ഇതുവഴി വരുമ്പോള്‍അയാള്‍ ഗോഡൗണിനടുത്തുണ്ടാകും എന്നത് ആരോടും പറയാനാകാത്ത ഏതോ ഒരു ആശ്വാസമായിരുന്നു. ഒരു നായയുടെയും ആക്രമണത്തിനിരയാകില്ലെന്ന കടുത്ത വിശ്വാസം. പക്ഷേ ഇന്ന് നായ്ക്കളൊന്ന് കടിപിടി കൂടിയിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നോ??ശൂന്യമായ മനസ്സുമായി നടന്നകലുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍.
ബാങ്കിലെ തിരക്കിട്ട ജോലിക്കിടയിലും ആരോഗ്യദൃഢഗാത്രനായ അയാളെ കാണാത്തതിലുള്ള വേവലാതി അസ്വസ്ഥമായ മനസ്സില്‍ നുരഞ്ഞു പൊന്തി.
ബാങ്കിലെ കണക്കെടുപ്പിലും അക്കൗണ്ട് നമ്പരിലുമൊക്കെയുള്ള ചുവന്ന സംഖ്യകള്‍ ആ ചുമട്ടുതൊഴിലാളിയെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ബാങ്കില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെ മടങ്ങി വരുന്നത് രേവതിയുടെ കാറില്‍ ആയതിനാല്‍ വൈകിട്ടും കാണാന്‍ പറ്റില്ല. നാളെയാകാന്‍ ധൃതിയായി.
ആരുടെയോ നിര്‍ത്താതെയുള്ള ചുമ കാതിനെ അസ്വസ്ഥമാക്കി.അയാള്‍ പതിവായി നില്‍ക്കുന്ന
സ്ഥലത്തിനടുത്തു
നിന്നുമാണല്ലോ?
അറിയാതെ എന്‍റെ കാലുകള്‍ അങ്ങോട്ടേക്കു നീങ്ങി.
രണ്ടുചുടുകട്ടകൊണ്ടുണ്ടാക്കിയ അടുപ്പില്‍ തിളച്ചുമറിയുന്ന കഞ്ഞി,തിണ്ണയില്‍ അവശനായിക്കിടക്കുന്ന വൃദ്ധനെതാങ്ങിയിരുത്താന്‍ ശ്രമിക്കുന്ന ചുവ
ന്ന ഷര്‍ട്ടുകാരന്‍,കൈയ്യില്‍ ചൂടു കാപ്പിയിണെന്നു തോന്നുന്നു.അയാളുടെ അച്ഛനാകുമോ? വേഗം അയാള്‍ക്കരുകിലെത്തി ഗ്ളാസ്സ് വാങ്ങി,ഇരുകൈകൊണ്ടും അയാള്‍ വ്യദ്ധനെ താങ്ങിയിരുത്തി എന്‍റെ കൈയ്യില്‍ നിന്നും കാപ്പി വാങ്ങി വൃദ്ധന്‍റെ ചുണ്ടിലേക്കു പകര്‍ന്നുകൊണ്ടു പറഞ്ഞു,''മാഡം പൊയ്ക്കോളൂ,സമയം വൈകുന്നു''
''മാഡം എന്നു വിളിക്കരുത് ,കൃഷ്ണ എന്നുവിളിക്കാം''എന്തിനാണാവോ അപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്.''സാരമില്ല,വൈകിക്കോട്ടെ ഇന്ന്''
അയാള്‍ ഒന്നു ചിരിച്ചു . ''ഞാന്‍ മിഥുന്‍, ഇതു കരുണേട്ടന്‍,പതിനാലു വര്‍ഷമായി ഇവിടെയാ ഊണും ഉറക്കവും ജോലിയുമെല്ലാം.വീട്ടുകാരോ ഉറ്റവരോ ഉണ്ടോയെന്നറിയില്ല,ചോദിച്ചാല്‍ വിദൂരതയില്‍ കണ്ണുംനട്ട് ബീഡി ആഞ്ഞുവലിച്ച് നടന്നു നീങ്ങും,അതിനാല്‍ ഞാനൊന്നും ചോദിക്കില്ല,ഞാന്‍ പരിചയപ്പെട്ടതില്‍ ആദ്യമായാണ് അസുഖബാധിതനായി കാണുന്നത്.ഇന്നലെ ഞാന്‍ കരുണേട്ടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി രക്തം പരിശോധിക്കാന്‍.കുഴപ്പമില്ല,പുകവലി നിര്‍ത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്,നടക്കുമോ എന്നറിയില്ല,അല്ലേ കരുണേട്ടാ?''
അയാള്‍ കരുണേട്ടന്‍റെതോളില്‍ത്തട്ടി,കരുണേട്ടന്‍ തലയാട്ടി,നിര്‍ത്തിയെന്നായിരിക്കണേ എന്നു താന്‍ ആഗ്രഹിക്കുന്നതെന്തേ?
മിഥുന്‍ നല്ലപേര്,മനസ്സില്‍ പറഞ്ഞുനോക്കി ,പക്ഷേ വിളിക്കാന്‍ മടിയാകുന്നു.അയാളുടെ നെറ്റിയിലെ ചന്ദനക്കുറി ചൂടിലും വിയര്‍പ്പിലും കുതിര്‍ന്നു വരുന്നതു നോക്കിനില്‍ക്കാന്‍ തോന്നി.''പത്തുമണിയാകാറായി'' മിഥുന്‍ ഓര്‍മ്മിപ്പിച്ചു.വേഗം നടന്നകലുമ്പോള്‍ ചുവന്നഷര്‍ട്ടിനോടുള്ള ആരാധന കൂടുന്നതായിത്തോന്നി.അയാളുടെ വീടിനെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ ഒന്നും താനന്വേഷിച്ചില്ല,ഒന്നും അറിയുകയുമില്ല,എന്നിട്ടും ആ ചുമട്ടുതൊഴിലാളിയോട് എന്താണിത്ര ഇഷ്ടം?
ഓരോ പുലരിയും വേഗം പിറക്കാന്‍ തനിക്കെന്താണിത്ര തിടുക്കം? ഊറിച്ചിരിക്കുമ്പോള്‍ മനസ്സിലുമൊരു കുളിര്‍മഴ.
വീട്ടിലെ മുറ്റത്തു വിടര്‍ന്നുനില്‍ക്കുന്ന ചുവന്ന പനിനീര്‍പ്പൂവ് ഒരിക്കലും ആരും നുള്ളാന്‍ താന്‍ സമ്മതിക്കില്ലായിരുന്നല്ലോ? ഇന്നെന്തേ ഇതു നുള്ളി ബാഗില്‍വച്ചു?
പാളത്തിനരുകിലൂടെ നടക്കുമ്പോള്‍ത്തന്നെ മിഥുനെക്കണ്ടു.പക്ഷേ ചുവന്ന ഷര്‍ട്ടായിരുന്നില്ല.ചന്ദനക്കളറില്‍ നേരിയ പിങ്കുവരയുള്ളഷര്‍ട്ടും മുണ്ടും ധരിച്ച അയാള്‍ക്ക് കൂടുതല്‍ ഭംഗിതോന്നി.''ഇന്നെന്തേ ചന്ദനക്കുറിയില്ല''എന്‍റെചോദ്യംകേട്ടയാള്‍ ചിരിച്ചു.''ഇന്നു ഞാന്‍ വീട്ടില്‍നിന്നല്ലവരുന്നത് ഇന്നലെ കരുണേട്ടന് വയ്യായിരുന്നു,അതുകൊണ്ട് ഇവിടെ കരുണേട്ടനെ നോക്കിയിരുന്നു,രാത്രിമുഴുവന്‍,വീട്ടില്‍ വിളിച്ചിട്ടു വന്നതുമില്ല.ഞാന്‍ ഉറക്കമൊഴിച്ചത് കരുണേട്ടനു വിഷമമായി,അതിനാല്‍ വീട്ടിലേക്കുവരാമെന്നു പറഞ്ഞു,ഞാന്‍ കൊണ്ടുപോവുകയാണ് രണ്ടുദിവസം പരിചരണം കിട്ടിയാല്‍ എല്ലാം ശരിയാകും''
ആകാശത്തോളം വളര്‍ന്ന അയാളുടെ മനസ്സ് എന്നെ അത്ഭുതപ്പെടുത്തുന്നു.നന്‍മയുടെ ഉറവ ഈ ഭൂമിയില്‍ ഇനിയും വറ്റാതെയുണ്ടെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി .''വീട്ടില്‍ ആരുണ്ട്?''അറിയാന്‍ തിടുക്കപ്പെട്ടു എന്‍റെ മനസ്സ്.''അച്ഛന്‍,അമ്മ ,ചേച്ചി..ചേച്ചിയുടെ വിവാഹം ഓണത്തിനുണ്ടാകും.ഞാന്‍ എംകോം കഴിഞ്ഞതാ.കുറച്ചുനാള്‍ ഓഫീസ് ജോലിതേടി അലഞ്ഞു.പക്ഷേ അങ്ങനെസമയംകളയാന്‍ എനിക്കുവയ്യ.എങ്ങനെയോ ഈ ഗോഡൗണില്‍ എത്തപ്പെട്ടു.ഇപ്പോള്‍ എന്‍റെവീട്ടില്‍ പട്ടിണിയില്ല.അച്ഛനും അമ്മയ്ക്കും കഷ്ടപ്പാടില്ല,ചേച്ചിയുടെ വിവാ
ഹവും ഉറച്ചു.അധ്വാനിക്കാനും ഏതുതൊഴില്‍ ചെയ്യാനും മനസ്സുമുണ്ടെങ്കില്‍ എവിടെയും നമുക്ക് സ്വര്‍ഗ്ഗമാക്കാം.''
അയാളുടെ ഉറച്ചവാക്കുകള്‍ എന്നെ ഏതോ ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോയതുപോലെ.ബാഗില്‍ നിന്നും ചുവന്ന പനിനീര്‍പുഷ്പമെടുത്ത് അയാള്‍ക്കു കൊടുക്കുമ്പോള്‍ ''നാളെ മെയ് ദിനം,തൊഴിലാളിദിനം,ഇത് മിഥുന് മാത്രമല്ല,അധ്വാനിക്കുന്ന ഒരു ജനവിഭാഗത്തിന് വേണ്ടി ഞാന്‍ തരുന്നു''നമ്മള്‍ ഇനിയും കാണും''ദൃഢനിശ്ചയത്തോടെ ഞാന്‍ നടന്നകന്നു.
സിന്ധു സുരേഷ
No comments:
Post a Comment