ഒരു കഥയുടെ മരണം(കഥ)
ചീവീടുകളുടെ ഇരമ്പലുകള്‍ കാതിലേയ്ക്ക് കയറുന്നുവോ? ഞാന്‍ കണ്ണുകള്‍ മുറുകെയടച്ചു കിടന്നു.മെല്ലെ കാലുകള്‍കൊണ്ടു പരതി.,ഉണ്ട് അവള്‍ അടുത്ത് കിടക്കുന്നുണ്ട്, ''ഷീജേ'' പതുക്കെ വിളിച്ചുനോക്കി..അനക്കമില്ല,നല്ലഉറക്കമാണ്.
ഞാന്‍ കാതോര്‍ത്തു. ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്.എന്‍റെ നെഞ്ച് പടപടായെന്നു മിടിച്ചു.അവള്‍ അനങ്ങുന്നേയില്ല.അതെ
നാണിയമ്മ പറഞ്ഞതു ശരിയാണ്.
മങ്കുഴിഅയ്യത്തുനിന്നും ചിലങ്കയുടെ ശബ്ദം അടുത്തേയ്ക്കു വരുന്നു. എനിക്കു വയ്യാ!!
''അമ്മാമ്മാ'' ശബ്ദം പുറത്തേയ്ക്കു വരുന്നില്ല .ഒന്നുകൂടി ഉറക്കെ വിളിച്ചു.
''അമ്മാമ്മാ''...ഇല്ല എന്‍റെ ശബ്ദം എനിയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.
ഞാന്‍ പുതപ്പു തലയില്‍ മൂടി പുതപ്പിന്‍റെ അറ്റം മുറുകെപ്പിടിച്ചു കിടന്നു.
പെട്ടെന്ന് എന്‍റെ കാലിനുമുകളിലേക്ക് എന്തോ പതിച്ചു.
ഞാന്‍ കാലുറക്കെ കുടഞ്ഞു.
''അയ്യോ എന്‍റെ കാല്'' ഷീജ കരഞ്ഞു കൊണ്ട് ചാടിയെണീറ്റു.
ഒച്ചകേട്ട് അകത്തെ മുറിയില്‍ ലൈറ്റുതെളിഞ്ഞു.
കോപത്തോടെ അമ്മാമ്മ എഴുന്നേറ്റു വന്നു.
''കണ്ട പറമ്പിലും കാവിലുമൊന്നും കളിയ്ക്കാന്‍ പോകരുതെന്നു പറഞ്ഞാല്‍ കേള്‍ക്കില്ല,''
''എന്താടീ,എന്തിനാ പാതിരാത്രികിടന്നൊച്ചയിടുന്നേ?''
അമ്മാമ്മയുടെ മാര്‍ദ്ദവമില്ലാത്ത ഒച്ച കേട്ട് കണ്ണടച്ച് അനങ്ങാതെ കിടന്നു .
ഷീജയുടെ ചിലമ്പിച്ച ശബ്ദം എന്നില്‍ ഭീതി പരത്തി,
''അമ്മാമാ ഞാന്‍ അമ്മാമയുടെ കൂടെ കിടക്കുവാ, എനിക്കു പേടിയാകുന്നു''
എന്ത്? ഷീജ പോകുന്നോ..ഇല്ല വിടില്ല ഞാന്‍, ഞാനൊറ്റയ്ക്കിവിടെ കിടക്കാനോ??
പറ്റില്ല!
''വാ ഇങ്ങോട്ട്'' എന്നു പറഞ്ഞ അമ്മാമയോടൊപ്പം അവള്‍ പോകാന്‍ തുനിഞ്ഞപ്പോള്‍
''അമ്മാമാ ,ഞാനും'' എന്നും പറഞ്ഞു ചാടി എഴുന്നേറ്റു പുതപ്പും വലിച്ചുവാരി ഞാനും കൂടെപ്പോയി.
അമ്മാമയുടെ ഇരുവശങ്ങളിലുമായി ഞങ്ങള്‍ കിടന്നു.വളരെ വേഗംതന്നെ ഷീജയുടെ കൂര്‍ക്കംവലി കേട്ടു.
എനിയ്ക്കുറക്കം വന്നതേയില്ല.
നാണിയമ്മപറഞ്ഞ കാരൃങ്ങള്‍ ഓര്‍ത്ത് അങ്ങനെ കിടന്നു.
അയല്ക്കാരികളായ നാണിയമ്മയും പൊന്നമ്മയമ്മയും സുമതിയമ്മയുംഎന്നും സന്ധ്യയ്ക്ക് അമ്മാമയുടെ തിണ്ണയില്‍ ഒത്തുകൂടും.
അവരുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എനിക്കിഷ്ടമാ.
പക്ഷേ ആ പൊന്നമ്മയമ്മ എന്നെ അവിടിരുത്തില്ല.
''പോയേ,പോയിപ്പഠിച്ചേ,വലിയവരു സംസാരിക്കുന്നിടത്തു നിനക്കെന്താ കാര്യം'' എന്നു പറഞ്ഞ് എന്നെ ഓടിച്ചുവിടും.
എനിക്കതുകൊണ്ട് പൊന്നമ്മയമ്മയെ ഇഷ്ടമേയല്ല.
വര്‍ത്തമാനം പറഞ്ഞു ക്ഷീണിയ്ക്കുമ്പോള്‍ ''ലക്ഷ്മീ ഇത്തിരി വെള്ളമെടുക്കൂ'' എന്നു വിളിച്ചു പറയുമ്പോള്‍ പൊന്നമ്മയമ്മയ്ക്ക് മാത്രം വക്ക് പൊട്ടിയ ഗ്ളാസ്സിലേ ഞാന്‍ വെള്ളം കൊടുക്കൂ എന്നുള്ള കാര്യം അമ്മാമയ്ക്ക് പോലും അറിയില്ല.
അയലത്തുള്ളവരുടെ വീട്ടുവിശേഷമൊക്കെ കേള്‍ക്കാന്‍ നല്ല രസമാ.സുമതിയമ്മയുടെ മോള് ഒരു മുസ്ളീം സമുദായക്കാരനെ വിവാഹം ചെയ്തപ്പോള്‍ മതം മാറിയകാര്യമൊക്കെ അങ്ങനാ ഞാനറിഞ്ഞത്.
ഏതുമതക്കാരനെ വിവാഹം ചെയ്താലും ഞാന്‍ മതം മാറുകയേയില്ല..അതു ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്.
ഞാന്‍ പഠിയ്ക്കുന്ന മട്ടില്‍ തൂണും ചാരിയിരിയ്ക്കും.
സാമൂഹ്യപാഠം ഇടയ്ക്കിടെ ഉറക്കെ വായിക്കും.
അതവര്‍ക്കു മനസ്സിലാവില്ല.ഒരുദിവസം മലയാളം വായിച്ചപ്പോള്‍ പൊന്നമ്മയമ്മ കുറെ സംശയം ചോദിച്ചു.
അതിനുശേഷം ഞാന്‍ മലയാളം വായിക്കില്ല അവരുടെ മുന്നില്‍.
എനിക്കിഷ്ടമല്ല അവര്‍ക്കു മറുപടി പറയാന്‍.
പഠിക്കുന്നതൊന്നും എനിക്ക് ഓര്‍മ്മയില്‍ നില്‍ക്കില്ല. കാരണം ശ്രദ്ധ മുഴുവന്‍ അവരുടെ വര്‍ത്തമാനത്തിലായിരിയ്ക്കും.
അമ്മാമ്മയ്ക്കും അച്ചാച്ചനും മക്കളില്ലാത്തതിനാല്‍ അമ്മാമയുടെ സഹോദരന്‍റെ മക്കളെയെല്ലാം നോക്കി വളര്‍ത്തിയത് അവരിരുവരുമാണ്. അച്ചാച്ചന് ധാരാളം സ്വത്തുള്ളതിനാല്‍ ഒന്നിനും ഒരു കുറവില്ലായിരുന്നു.
അമ്മാമയുടെ സഹോദരന്‍റെ മൂന്നുപെണ്‍മക്കളേയും വിവാഹം കഴിപ്പിച്ചു.അതില്‍ രണ്ടുപേരുടെ ഓരോ മക്കളാണ് ഞാനും ഷീജയും.
അച്ചാച്ചന്‍ മരിച്ചതോടെ തറവാട്ടിലൊറ്റയ്ക്കായ അമ്മാമയ്ക്ക് കൂട്ടിന് ഞങ്ങളിവിടെയാണ്.
അച്ചാച്ചന്‍റെ മരണത്തോടെ അയല്ക്കാരുടെ വരവ് നേരത്തേ ആയി.പോക്കു വൈകിയും.
എന്തോ നാണിയമ്മപറഞ്ഞത് മനസ്സില്‍ നിന്ന് പോകുന്നേയില്ല.യക്ഷിയുണ്ടാകുമോ? യക്ഷി വരുമ്പോള്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാമത്രേ...ഏയ് അല്ല...സത്യമായിരിക്കില്ല.
വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴിയ്ക്കാണ് മങ്കുഴിയിലെ കാവില്‍ കളിയ്ക്കാന്‍ കയറുന്നത്.
ഇന്നലെ പതിവിലധികം കളിച്ചു. കൂട്ടിന് അജിതേച്ചിയും കേശുവുമുണ്ടായിരുന്നതു
കൊണ്ടാണ് വൈകിയത്.
കേശുവിന്‍റെ അച്ഛനു കാലുകളില്ല.അതുകൊണ്ട് കേശു എപ്പോഴും അച്ഛന്‍റടുത്തുണ്ടാവും. ഒരപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതാണ്.
ഞാനും കേശുവും ഇപ്പോള്‍ ഒരേ ക്ളാസ്സിലാണ്.
കേശു ഇപ്പോള്‍ പത്താം
ക്ളാസ്സില്‍ ഇരിക്കേണ്ടതാണ്.അന്നത്തെ അപകടം കേശുവിന് ഒരു വര്‍ഷം നഷ്ടമാക്കി.
മങ്കുഴിയിലെ കാവില്‍ കളിയ്ക്കാന്‍ പോവാന്‍ എന്തോ എനിയ്ക്ക് വലിയ ഇഷ്ടമാണ്.
അവിടെ കേശുവും അജിതേച്ചിയും വരും.
അജിതേച്ചി പന്ത്രണ്ടാം ക്ളാസ്സില്‍ ആണ്.
ഇത്തിരി കുശുമ്പുള്ള പ്രകൃതമാണ് അജിതേച്ചിക്കെങ്കിലും അജിതേച്ചിയെ എനിക്കിഷ്ടമാണ്.
കൂടെ ട്യൂഷനുവരുന്ന കിരണ്‍ചേട്ടന്‍ ഇഷ്ടമാണെന്നു പറഞ്ഞതും ഒരു ലോക്കറ്റു കൊടുത്തതുമൊക്കെ കാവില്‍ വച്ചാണ് അജിതേച്ചി ഞങ്ങളോടു പറഞ്ഞത്.
അപ്പോള്‍ കേശുവിനെ നോക്കാന്‍ എനിക്കു നാണം തോന്നി,ആവോ അറിയില്ല ,എന്തിനെന്ന്. കേശുവുംദൂരേയ്ക്കു മിഴിനട്ട് പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു.
ലീല ആന്‍റിയോടൊന്നും പറയരുതെന്ന് ഷീജയെ അജിതേച്ചി ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.
ഷീജയെ എനിക്കത്ര വിശ്വാസമില്ല. വഴക്കിടുമ്പോഴെങ്ങാനും അവള്‍ അമ്മാമയോടു പറഞ്ഞാല്‍പ്പിന്നെ മങ്കുഴിയിലേക്കുള്ള പോക്കും നില്ക്കും.
അജിതേച്ചിയുടെ അച്ഛന്‍ പട്ടാളത്തിലാണ്.ലീലാന്‍റിയും അജിതേച്ചിയും അച്ഛമ്മയും മാത്രമേയുള്ളൂ വീട്ടില്‍.
കേശുവിന്‍റെ അച്ഛന്‍റെ തറവാടാണ് മങ്കുഴി.
അമ്മയ്ക്ക് ജോലിയുള്ളതിനാല്‍ വൈകിട്ടുമാത്രമേ അമ്മ വീട്ടിലുണ്ടാവുകയുള്ളൂ.
മങ്കുഴിയിലെ കാവുകടന്ന് അജിതേച്ചിയും കേശുവും ഇടയ്ക്കിടെ ഇവിടെയും വരാറുണ്ട്.
അമ്മാമ്മ അമ്പലത്തില്‍ പോകുന്ന സമയത്താണ് വരുന്നത്.
ഒത്തിരി ബഹളവും ചാട്ടവുമൊന്നും അമ്മാമയ്ക്കിഷ്ടമല്ലെന്ന് അവര്‍ക്കറിയാം.
മങ്കുഴിയിലെ പറമ്പില്‍ നിറയെ മരങ്ങളാണ്. വലിയ വള്ളികളൊക്കെ പടര്‍ന്നു പന്തലിച്ചു നില്ക്കും.നിറയെ മഞ്ചാടിക്കുരുവും കുന്നിക്കുരുവും നിലത്തു കിടക്കുന്നുണ്ടാവും.
കുറേ ഞങ്ങള്‍ പെറുക്കി സൂക്ഷിച്ചിട്ടുണ്ട്.
സന്ധ്യയ്ക്ക് അമ്മാമയുടെ തിണ്ണയിലിരുന്ന് നോക്കിയാല്‍ മങ്കുഴിയിലെ പറമ്പ് ഇരുണ്ട് കറുത്തുകിടക്കും.
ഇടയ്ക്കിടെ വവ്വാലുകള്‍ പറക്കുന്ന ചിറകൊച്ച തിണ്ണയിലിരുന്നാല്‍ കേള്‍ക്കാം.
വവ്വാലുകള്‍ വസിയ്ക്കുന്ന മരത്തിലാണത്രേ യക്ഷിയും താമസിക്കുന്നത്.
ഒക്കെ വെറുതെ പറയുന്നതാവും.അതുകൊണ്ടല്ലേ സുമതിയമ്മ നാണിയമ്മയോട്, ''വെറുതെ വിഢ്ഢിത്തം പറഞ്ഞ് കുട്ടികളെ പേടിപ്പിക്കല്ലേ നാണീ''യെന്നു പറഞ്ഞ് അവരെ ശാസിച്ചത്.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നേയില്ല.ദാഹിക്കുകയും ചെയ്യുന്നു.അമ്മാമയും ഷീജയും നല്ലുറക്കം.
ഇനിയും അമ്മാമയെ വിളിക്കാന്‍ പേടിയാണ്.
ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു.
വിരലില്‍ക്കിടന്ന ഗുരുവായുരപ്പന്‍റെ മോതിരം ഊരി കൈയില്‍ മുറുകെപ്പിടിച്ചു , ''കൃഷ്ണാ,രക്ഷിക്കണേ ഭഗവാനേ'' എന്നു വിളിച്ച് തപ്പിത്തപ്പിപ്പോയി വരാന്തയിലെ ലൈറ്റിട്ടു. അല്പം ധൈര്യം തോന്നി.പതുക്കെ അടുത്ത മുറിയിലേയും ലൈറ്റിട്ട് അടുക്കളയിലെത്തി വെള്ളം കുടിച്ചു.
അടുക്കളയുടെ ജാളിയിലൂടെ വെറുതെ പുറത്തേക്കു നോക്കി,മോതിരം മുറുകെപ്പിടിച്ചു .
പറമ്പിലെങ്ങും ഒരനക്കവുമില്ല.ഒക്കെ നുണയാണ്.വെറുതെയല്ല നാണിയമ്മയെ എല്ലാരും നുണയമ്മയെന്നു വിളിക്കുന്നത്.
ഇതെല്ലാം വച്ചൊരു കഥയെഴുതിയാലോ? ഇപ്പോള്‍ സമയം വെളുപ്പിന് മൂന്നര. ഏതായാലും ഒരുമണിക്കൂര്‍ കൂടിക്കഴിഞ്ഞാല്‍ അമ്മാമ എഴുന്നേല്ക്കും,മുറ്റമടിക്കാന്‍ ഞാനും എഴുന്നേല്ക്കണമല്ലോ?പിന്നെ നിലവിളക്കുകൊളുത്തലും നാമംചൊല്ലലിലും മുഴുകും അമ്മാമ.
എന്തൊക്കെയോ എഴുതാന്‍ മനസ്സ് കൊതിക്കുന്നു.കഥ.. നല്ല നിശ്ശബ്ദമായ അന്തരീക്ഷം.. അതെ..കഥ..എഴുതാം. ഒച്ചയുണ്ടാക്കാതെ പേനയും ബുക്കുമായി
എഴുതാനിരുന്നപ്പോള്‍ പിറകില്‍ ആരുടെയോ പാദപതന ശബ്ദം.
ഹൃദയം പെരുമ്പറകൊട്ടി,പേടികൊണ്ട് അനങ്ങാന്‍ കഴിഞ്ഞില്ല.
''പാതിരാത്രിയ്ക്കെന്തോന്നാടീ എഴുതുന്നത്''? ഒച്ചയും പേപ്പറുവലിച്ചതും ഒരേ
സമയത്തായിരുന്നു.
അമ്മാമയായിരുന്നു.''പോയിക്കിടക്ക്''
എന്നു പറഞ്ഞ് ലൈറ്റും ഓഫ് ചെയ്തു.
അന്ന് എന്നിലെ കഥാകാരിയെ കൊന്നുകൊണ്ട് അമ്മാമയോടൊപ്പം പോയിക്കിടന്നുറങ്ങി ഞാന്‍.. ഇല്ല ഉറങ്ങിയില്ല .
സിന്ധു സുരേഷ്
..
No comments:
Post a Comment