പാദുകങ്ങള്‍ (ഭാഗം മൂന്ന്)
പരീക്ഷ തീരുന്ന ദിവസം അമ്മ എത്തും എന്നു പറഞ്ഞിരുന്നു.എന്നെ കൊണ്ടുപോകാന്‍
.,പറഞ്ഞതുപോലെ തന്നെ അമ്മയും എത്തി.
അമ്മയോടൊപ്പം പോകാന്‍ ഇന്നു മനസ്സുവരുന്നില്ലെനിക്ക്.പക്ഷേ അച്ഛമ്മയെ കാണാന്‍ കൊതിയാകുന്നുണ്ട്. കറ്റാര്‍വാഴയും കയ്യൂന്നിയും ഉള്ളിയുമൊക്കെയിട്ട് അച്ഛമ്മ എണ്ണ കാച്ചി വച്ചിട്ടുണ്ടാവും. പക്ഷേ ഇന്ന്?...
അമ്മയും അമ്മാമ്മയും സീനത്തുസാറിന്‍റെ വീട്ടില്‍ പോകാന്‍ തയ്യാറാകുന്നു. എനിക്കും കാണണം സീനത്തുസാറിനെ.ഇന്നു കഴിഞ്ഞാല്‍ ഇനിയൊരിയ്ക്കലും സീനത്തുസാറിനെ കാണാന്‍ കഴിയില്ലല്ലോ?മനസ്സില്‍
വല്ലാത്ത നൊമ്പരം .
കഴിഞ്ഞ ആഴ്ചയിലും അമ്മാമ്മയുടെ കിഴക്കേമുറ്റത്തുള്ള പ്ളാവിന്‍റെ ചുവട്ടില്‍ നിന്ന് നീളമുള്ള കൈക്കമ്പികൊണ്ട് സീനത്തു സാര്‍ പ്ളാവില കുത്തുന്നത് കണ്ടതാണ്.
സീനത്തുസാര്‍ അഞ്ചാറു പ്ളാവിലകള്‍ തുടരെത്തുടരെ കുത്തി ഇടതുകൈകൊണ്ട് മുകളിലേക്കു വലിച്ചടുപ്പിക്കുന്നതു കാണുമ്പോള്‍ കൊതി തോന്നുമായിരുന്നു.
പലപ്പോഴും വിചാരിക്കും സീനത്തുസാറിന്‍റെ
കൈയ്യില്‍ നിന്നും ആ കൈക്കമ്പി വാങ്ങി നിറയെ പ്ളാവില കുത്തിക്കൊടുക്കണമെന്ന്.
പക്ഷേ ബഹുമാനം കൊണ്ടോ ജാള്യം കൊണ്ടോ ഒരിക്കലും കഴിഞ്ഞിട്ടില്ല.
മൂന്നാല് വീടിനപ്പുറമാണ് സീനത്തുസാറിന്‍റെ വീട്.ഇവിടെ അടുത്തുള്ള ഗവണ്‍മെന്‍റു സ്കൂളിലെ ടീച്ചറായിരുന്നു.ഈ പ്രദേശത്തുള്ളവരെല്ലാം സീനത്തു സാറെന്നാണ് വിളിക്കുന്നത്.സ്കൂളിലും എല്ലാവരും അങ്ങനെ തന്നെയാണ് വിളിയ്ക്കുന്നത്.
സീനത്തുസാര്‍ കഴിഞ്ഞവര്‍ഷം റിട്ടേര്‍ഡായി.അതിനുശേഷം സമയം പോകാന്‍ രണ്ടാട്ടിന്‍കുട്ടികളെ വാങ്ങി. അവയ്ക്ക് കൊടുക്കാനാണ് പ്ളാവില കുത്തുന്നത്.
സാറിന്‍റെ മൂന്നാണ്‍മക്കളും വിവാഹമൊക്കെ കഴിഞ്ഞ് ആ പറമ്പില്‍ത്തന്നെ വെവ്വേറെ വീടുവച്ചുമാറി.അങ്ങനെ അവരുടെ പറമ്പില്‍ നിന്ന വൃക്ഷങ്ങളെല്ലാം മുറിക്കപ്പെട്ടു.
കഴിഞ്ഞദിവസം സീനത്തുസാര്‍ വന്നപ്പോള്‍ ഞാന്‍ അമ്മാമ്മയുടെ കാലില്‍ ധന്വന്തരം കുഴമ്പ് തേച്ചുപിടിപ്പിയ്ക്കുകയായിരുന്നു.
സാറിനെക്കണ്ട് എഴുന്നേല്‍ക്കാന്‍ തുനിഞ്ഞ എന്നോട് ഇടതുകൈ കൊണ്ട് ആംഗ്യംകാട്ടി അവിടിരിയ്ക്കാന്‍ പറഞ്ഞിട്ട് പ്ളാവിലകള്‍ വേഗത്തില്‍കുത്തിയെടുത്തു.പ്ളാവിലക്കമ്പിയില്‍ മുക്കാല്‍ ഭാഗത്തോളം പ്ളാവിലകള്‍.,
''ഇന്നെന്താ ലക്ഷ്മീ ട്യൂഷനില്ലേ, സാധാരണ ഈ സമയത്തിവിടെ കാണാറില്ലല്ലോ?'' എന്നു പറഞ്ഞുകൊണ്ട് തിണ്ണയില്‍ വന്നിരുന്നു.
''പെണ്‍മക്കളുള്ളവര്‍ ഭാഗ്യമുള്ളവരാ, അല്ലേ ശാരദയമ്മേ?''സാര്‍ അമ്മാമ്മയോടായി പറഞ്ഞു.പെണ്ണായി ജനിച്ചതില്‍ എനിക്കഭിമാനം തോന്നിയ നിമിഷം.
ഞാന്‍ കുഴമ്പു തേച്ചുപിടിപ്പിയ്ക്കുന്നതു കണ്ടിട്ടാവാം സാര്‍ അങ്ങനെ പറഞ്ഞത്,പെട്ടെന്ന് ഞാനോര്‍ത്തു സാറിന് മൂന്ന് ആണ്‍മക്കളാണല്ലോ?പെണ്‍കുട്ടികളില്ല.
സാറിന് കുഴമ്പു തേയ്ക്കണോ? ഞാന്‍ തേച്ചുതരാം .സാറിനെയെനിയ്ക്ക് അത്രയ്ക്കിഷ്ടമാ..എന്‍റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു.
''എനിക്ക് മക്കളേയില്ലല്ലോ?''എന്നുപറഞ്ഞ് അമ്മാമ്മ എന്നെനോക്കി ചിരിച്ചു.
''പക്ഷേ ശാരദയമ്മയ്ക്ക്ആ കുറവ് അനുഭവപ്പെട്ടതേയില്ലല്ലോ? ഇപ്പോഴും..'' സാറെന്നെ നോക്കി, ആ കണ്ണുകളില്‍ എന്തോ വിഷാദം ഞാനന്നുകണ്ടു.
സാറിന്‍റെ സ്വരത്തിന് ദുഃഖത്തിന്‍റെ ലാഞ്ഛന ഉള്ളതായിത്തോന്നി.അമ്മാമ്മ വെറുതെ ചിരിച്ചതേയുള്ളൂ.
സാര്‍ മെല്ലെ പ്ളാവിനടുത്തേയ്ക്കു നീങ്ങി.
പ്ളാവില്‍നിന്ന് ഒന്നുരണ്ട്അണ്ണാറക്കണ്ണന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി താഴോട്ടിറങ്ങി വരുന്നുണ്ടായിരുന്നു.
കാല്പെരുമാറ്റം കേട്ടിട്ടാവണം അവ വേഗത്തില്‍ മുകളിലേയ്ക്കു കയറിപ്പോയി.
''സ്കുളില്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഒരു വിഷമോം ഇല്ലായിരുന്നു. ഒന്നും ഓര്‍ക്കില്ലായിരുന്നു.മൂന്നുമക്കളും വിളിക്കും അവരുടെ വീടുകളില്‍ നില്ക്കാന്‍,പക്ഷേ തറവാടുവിട്ട് എങ്ങോട്ടുമില്ല.മക്കടെ ബാപ്പായുടെ സാന്നിധ്യം എനിയ്ക്കിപ്പോഴും തറവാട്ടില്‍അനുഭവപ്പെടാറുണ്ട്.ഏഴുവര്‍ഷ-മായി മയ്യത്തായിട്ട്..എന്നാലും..
വീട്ടിലിരുന്നു മടുത്തു. ഇവിടെ ഈ പ്ളാവുള്ളതുകൊണ്ട് ഇങ്ങോട്ടു വരുന്നു. ഈ പരിസരത്തിപ്പോള്‍ ശാരദയമ്മയുടെ വീട്ടില്‍ മാത്രമേ പ്ളാവുള്ളൂ. ഇനി ഇതും എത്രകാലമുണ്ടാകും?''
നെടുവീര്‍പ്പിട്ടുകൊണ്ട് അവര്‍ അമ്മാമ്മയുടെ പ്രതികരണത്തിനുകാത്തു നില്ക്കാതെ പ്ളാവിലക്കമ്പിയുമായി കനം കുറഞ്ഞ ചുണ്ടില്‍ പുഞ്ചിരി ഒളിപ്പിച്ചു നടന്നുനീങ്ങി.
സാറിന്‍റെ കാലുകളിലേയ്ക്കു നോക്കിയപ്പോള്‍ വല്ലാത്തൊരു നോവ് അനുഭവപ്പെട്ടിരുന്നു.
(തുടരും)
No comments:
Post a Comment