ദേവു പറഞ്ഞത്. ...
തെറിച്ചുവീഴുന്ന മഴത്തുള്ളിയോടൊപ്പം മണ്ണുപറ്റിപ്പിടിച്ച് കാലുകള്‍ മൂടപ്പെടാറായിട്ടും അയാള്‍ അവിടെത്തന്നെ നിന്നു.ഹൃദയം വല്ലാതെ വേദനിയ്ക്കുന്നു,ഒരിയ്ക്കലും മഴ നനയാന്‍ ഇഷ്ടപ്പെടാത്തവള്‍,
മഴയെ നോക്കിയിരിക്കാനും മഴയുടെ ശബ്ദം കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നവള്‍.
ഇല്ല, ഈ മഴത്തുള്ളികള്‍ ഇവിടെ വീഴരുത്.
അയാള്‍ കിണറ്റുകരയ്ക്കു സമീപത്തേയ്ക്കോടി,അവിടെ ചാരിവച്ചിരുന്ന ഒാലകളില്‍ ഒന്നെടുത്തുകൊണ്ടുവന്ന് സരസുവിനെ ദഹിപ്പിച്ച മണ്ണിനുമുകളില്‍ വെള്ളം വീഴാത്തവിധം പിടിച്ചുനിന്നു.
പാതി മെടഞ്ഞ ഓലയില്‍നിന്നുതിര്‍ന്ന
മഴത്തുള്ളിയില്‍ അയാളുടെ കണ്ണുനീരലിഞ്ഞു ചേര്‍ന്നു.
കഴിഞ്ഞ ആഴ്ച പറമ്പിലെ പാഴ്ച്ചെടികള്‍ പറിച്ചു കളയുന്നതിനിടയില്‍ മണ്‍വെട്ടികൊണ്ട് ഒന്നു കിളച്ചു. അപ്പോള്‍ അവിചാരിതമായൊരു കാറ്റും മഴയുമുണ്ടായി.
കാറ്റിലും മഴയിലും താന്‍ നനയുന്നതു കണ്ടോടിവന്ന സരസു ശാസിച്ചതയാള്‍ ഓര്‍ത്തു.
'' നിങ്ങളെന്തു പ്രാന്തായീക്കാട്ടണേ ഗോവിന്ദേട്ടാ ,ഡോക്ടറെന്താ പറഞ്ഞിരിക്കണേ,പണിയെടുക്കാനാ പൂതീന്നുവച്ചാ ഞാനെന്താ ചെയ്ക..
കുറേക്കാലത്തേക്ക് പണിയൊന്നും ചെയ്യരുതെന്നു പറഞ്ഞാല്‍ കേള്‍ക്കില്ല,
എന്നേയും കൂടി നനയ്ക്കാനായിട്ട്''
കൃത്രിമമായ കോപത്തിന്‍റെ ആവരണമിട്ട്
''ഇങ്ങട് വാ''എന്നു പറഞ്ഞ് മെടഞ്ഞുകൊണ്ടിരുന്ന ഓല തന്‍റെ തലയ്ക്കു മുകളിലോട്ടു പിടിച്ചു തന്നോടു ചേര്‍ന്നു നിന്നു.
മെല്ലെ ഓല തന്നെക്കൊണ്ടു പിടിപ്പിച്ചിട്ട് തന്‍റെ ഇടുപ്പില്‍ വട്ടം പിടിച്ച് തിണ്ണയിലേയ്ക്കുകയറ്റി തലതുവര്‍ത്തി ത്തന്നതും ചൂടുകാപ്പി കുടിപ്പിച്ചതും...
''സരസൂ'' ഉള്ളിലെ നൊമ്പരം സഹിയ്ക്കാന്‍ കഴിയാതെ അയാള്‍ അവിടിരുന്നു പോയി.
പാതിമെടഞ്ഞ ആ ഓലയില്‍ സരസുവിന്‍റെ കൈകളൊന്നു തൊടാന്‍ കൊതിച്ച് ആ ഇരുട്ടില്‍ അയാള്‍ പരതി.
''അച്ചാച്ചാ''
അയാള്‍ ഞെട്ടി എഴുന്നേറ്റു.
ദേവു,അവള്‍ അയാളുടെ കൈയില്‍പിടിച്ചു,
അയാള്‍ ഓല മെല്ലെ മണ്ണില്‍ വച്ചിട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ അവളോടൊപ്പം കുടയില്‍ കയറി.
കട്ടിലില്‍ നിശബ്ദനായിരിക്കുന്ന അച്ചാച്ചന്‍റെ അടുത്തിരുന്നു ദേവു.
''ഗുളിക കഴിച്ചോ അച്ചാച്ചാ'' അയാള്‍ ഒന്നും മിണ്ടിയില്ല.
ദേവു കൊടുത്ത ഗുളികയും വെള്ളവും കഴിച്ച് അയാള്‍ കണ്ണടച്ചു കിടന്നു.
''ദേവു''അകത്തു നിന്നും ഇന്ദിരയുടെ വിളി.
''ദേവൂ,ഡ്രസ്സൊക്കെ നാളെ ഒതുക്കി വയ്ക്കണം,മറ്റന്നാള്‍ ചടങ്ങു കഴിഞ്ഞാല്‍ നമുക്ക് മടങ്ങണം,നിന്‍റെ ഇന്‍റര്‍വ്യു അടുത്ത തിങ്കളാഴ്ചയല്ലേ,?ഈ സ്കൂളില്‍ ഉറപ്പായും ജോലികിട്ടുമെന്ന് ഷീലാ മേഡം പറഞ്ഞിട്ടുണ്ട് .
അച്ഛന്‍ രണ്ടാഴ്ചകഴിഞ്ഞു വരും നമുക്ക് പോകാം''
കണ്ണടച്ചുകിടന്ന ഗോവിന്ദേട്ടന്‍റെ മനസ്സുനീറി..
ദേവു..എന്‍റെ കുഞ്ഞേ...ഉള്ളം വിതുമ്പി.
''അമ്മേ, ഉടനേ പോകാനോ? അച്ചാച്ചനിവിടെ തനിച്ച്..''
ഇന്ദിര രൂക്ഷമായി ദേവുവിനെ നോക്കി.
''എനിക്കിനി ലീവൊന്നും എടുക്കാന്‍ പറ്റില്ല, മറ്റന്നാള്‍ പോയേ പറ്റൂ''
''ഞാന്‍ അച്ചാച്ചനെ തനിയെ വിട്ട് എങ്ങോട്ടുമില്ല,പന്ത്രണ്ടുവരെ ഇവിടെ നിന്നല്ലേ പഠിച്ചത്''
''ദേവൂ, ഡിഗ്രിയും ബിയെഡ്ഡുമൊക്കെ കഴിഞ്ഞെന്നു കരുതി അഹങ്കരിക്കരുത്,പറയുന്നത് കേട്ടാല്‍മതി''
''ഇല്ലമ്മേ,ഞാന്‍ അച്ചാച്ചന്‍റെകൂടെ നില്‍ക്കുവാ,അച്ഛമ്മയില്ലാത്ത അവസ്ഥയില്‍ അച്ചാച്ചനെ ഞാന്‍ തനിച്ചാക്കില്ല, ഇവിടെ ജോലി കണ്ടുപിടിച്ചോളാം''
മുഖം കടുപ്പിച്ച് ഇന്ദിര അകത്തേ മുറിയിലേക്കുപോയി.
കണ്ണടച്ചു കിടന്ന അച്ചാച്ചന്‍ ദേവൂന്‍റെ കൈയില്‍ മുറുകെപ്പിടിച്ചു .
ആ കണ്ണുകള്‍ വാത്സല്യത്താല്‍ നിറഞ്ഞൊഴുകി.
ദേവുവിന്‍റെ തീരുമാനം ഉറച്ചതായിരുന്നു,
പുറത്തുപെയ്യുന്ന ശക്തമായ മഴപോലെ...
സിന്ധു സുരേഷ്
No comments:
Post a Comment