Thursday, June 28, 2018

പാദുകം (ഭാഗം മൂന്ന്)

പാദുകങ്ങള്‍ (ഭാഗം മൂന്ന്)

പരീക്ഷ  തീരുന്ന ദിവസം അമ്മ എത്തും എന്നു പറഞ്ഞിരുന്നു.എന്നെ കൊണ്ടുപോകാന്‍
.,പറഞ്ഞതുപോലെ  തന്നെ അമ്മയും എത്തി.
അമ്മയോടൊപ്പം പോകാന്‍  ഇന്നു മനസ്സുവരുന്നില്ലെനിക്ക്.പക്ഷേ അച്ഛമ്മയെ കാണാന്‍ കൊതിയാകുന്നുണ്ട്. കറ്റാര്‍വാഴയും കയ്യൂന്നിയും ഉള്ളിയുമൊക്കെയിട്ട് അച്ഛമ്മ  എണ്ണ കാച്ചി വച്ചിട്ടുണ്ടാവും. പക്ഷേ ഇന്ന്?...

‌അമ്മയും അമ്മാമ്മയും സീനത്തുസാറിന്‍റെ വീട്ടില്‍  പോകാന്‍ തയ്യാറാകുന്നു. എനിക്കും കാണണം സീനത്തുസാറിനെ.ഇന്നു കഴിഞ്ഞാല്‍ ഇനിയൊരിയ്ക്കലും സീനത്തുസാറിനെ കാണാന്‍ കഴിയില്ലല്ലോ?മനസ്സില്‍
‌വല്ലാത്ത നൊമ്പരം .

‌കഴിഞ്ഞ ആഴ്ചയിലും അമ്മാമ്മയുടെ കിഴക്കേമുറ്റത്തുള്ള പ്ളാവിന്‍റെ ചുവട്ടില്‍ നിന്ന് നീളമുള്ള കൈക്കമ്പികൊണ്ട് സീനത്തു സാര്‍ പ്ളാവില കുത്തുന്നത് കണ്ടതാണ്.

സീനത്തുസാര്‍ അഞ്ചാറു പ്ളാവിലകള്‍ തുടരെത്തുടരെ കുത്തി ഇടതുകൈകൊണ്ട് മുകളിലേക്കു വലിച്ചടുപ്പിക്കുന്നതു കാണുമ്പോള്‍ കൊതി തോന്നുമായിരുന്നു.

പലപ്പോഴും  വിചാരിക്കും സീനത്തുസാറിന്‍റെ
കൈയ്യില്‍ നിന്നും ആ കൈക്കമ്പി വാങ്ങി നിറയെ പ്ളാവില കുത്തിക്കൊടുക്കണമെന്ന്.
പക്ഷേ ബഹുമാനം കൊണ്ടോ ജാള്യം കൊണ്ടോ ഒരിക്കലും കഴിഞ്ഞിട്ടില്ല.

മൂന്നാല് വീടിനപ്പുറമാണ് സീനത്തുസാറിന്‍റെ വീട്.ഇവിടെ  അടുത്തുള്ള ഗവണ്‍മെന്‍റു സ്കൂളിലെ ടീച്ചറായിരുന്നു.ഈ പ്രദേശത്തുള്ളവരെല്ലാം സീനത്തു സാറെന്നാണ് വിളിക്കുന്നത്.സ്കൂളിലും എല്ലാവരും അങ്ങനെ തന്നെയാണ് വിളിയ്ക്കുന്നത്.

സീനത്തുസാര്‍ കഴിഞ്ഞവര്‍ഷം റിട്ടേര്‍ഡായി.അതിനുശേഷം സമയം പോകാന്‍  രണ്ടാട്ടിന്‍കുട്ടികളെ വാങ്ങി. അവയ്ക്ക് കൊടുക്കാനാണ് പ്ളാവില കുത്തുന്നത്.

സാറിന്‍റെ മൂന്നാണ്‍മക്കളും വിവാഹമൊക്കെ കഴിഞ്ഞ് ആ പറമ്പില്‍ത്തന്നെ വെവ്വേറെ വീടുവച്ചുമാറി.അങ്ങനെ അവരുടെ പറമ്പില്‍ നിന്ന വൃക്ഷങ്ങളെല്ലാം മുറിക്കപ്പെട്ടു.

കഴിഞ്ഞദിവസം സീനത്തുസാര്‍  വന്നപ്പോള്‍ ഞാന്‍ അമ്മാമ്മയുടെ കാലില്‍ ധന്വന്തരം കുഴമ്പ് തേച്ചുപിടിപ്പിയ്ക്കുകയായിരുന്നു.

സാറിനെക്കണ്ട് എഴുന്നേല്‍ക്കാന്‍ തുനിഞ്ഞ എന്നോട് ഇടതുകൈ കൊണ്ട് ആംഗ്യംകാട്ടി അവിടിരിയ്ക്കാന്‍ പറഞ്ഞിട്ട്  പ്ളാവിലകള്‍ വേഗത്തില്‍കുത്തിയെടുത്തു.പ്ളാവിലക്കമ്പിയില്‍  മുക്കാല്‍ ഭാഗത്തോളം പ്ളാവിലകള്‍.,

''ഇന്നെന്താ ലക്ഷ്മീ ട്യൂഷനില്ലേ, സാധാരണ  ഈ സമയത്തിവിടെ കാണാറില്ലല്ലോ?'' എന്നു പറഞ്ഞുകൊണ്ട് തിണ്ണയില്‍  വന്നിരുന്നു.

''പെണ്‍മക്കളുള്ളവര്‍ ഭാഗ്യമുള്ളവരാ, അല്ലേ ശാരദയമ്മേ?''സാര്‍ അമ്മാമ്മയോടായി  പറഞ്ഞു.പെണ്ണായി ജനിച്ചതില്‍ എനിക്കഭിമാനം തോന്നിയ നിമിഷം.

ഞാന്‍ കുഴമ്പു തേച്ചുപിടിപ്പിയ്ക്കുന്നതു കണ്ടിട്ടാവാം സാര്‍ അങ്ങനെ പറഞ്ഞത്,പെട്ടെന്ന് ഞാനോര്‍ത്തു സാറിന് മൂന്ന് ആണ്‍മക്കളാണല്ലോ?പെണ്‍കുട്ടികളില്ല.

സാറിന്  കുഴമ്പു തേയ്ക്കണോ? ഞാന്‍ തേച്ചുതരാം .സാറിനെയെനിയ്ക്ക് അത്രയ്ക്കിഷ്ടമാ..എന്‍റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു.

''എനിക്ക്  മക്കളേയില്ലല്ലോ?''എന്നുപറഞ്ഞ് അമ്മാമ്മ എന്നെനോക്കി ചിരിച്ചു.

''പക്ഷേ ശാരദയമ്മയ്ക്ക്ആ കുറവ് അനുഭവപ്പെട്ടതേയില്ലല്ലോ? ഇപ്പോഴും..'' സാറെന്നെ നോക്കി, ആ കണ്ണുകളില്‍ എന്തോ വിഷാദം ഞാനന്നുകണ്ടു.

സാറിന്‍റെ സ്വരത്തിന് ദുഃഖത്തിന്‍റെ ലാഞ്ഛന ഉള്ളതായിത്തോന്നി.അമ്മാമ്മ വെറുതെ  ചിരിച്ചതേയുള്ളൂ.

സാര്‍ മെല്ലെ പ്ളാവിനടുത്തേയ്ക്കു നീങ്ങി.  

പ്ളാവില്‍നിന്ന് ഒന്നുരണ്ട്അണ്ണാറക്കണ്ണന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി താഴോട്ടിറങ്ങി വരുന്നുണ്ടായിരുന്നു.
കാല്പെരുമാറ്റം കേട്ടിട്ടാവണം അവ വേഗത്തില്‍ മുകളിലേയ്ക്കു കയറിപ്പോയി.

''സ്കുളില്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഒരു വിഷമോം  ഇല്ലായിരുന്നു. ഒന്നും ഓര്‍ക്കില്ലായിരുന്നു.മൂന്നുമക്കളും വിളിക്കും അവരുടെ വീടുകളില്‍ നില്ക്കാന്‍,പക്ഷേ തറവാടുവിട്ട് എങ്ങോട്ടുമില്ല.മക്കടെ ബാപ്പായുടെ സാന്നിധ്യം എനിയ്ക്കിപ്പോഴും തറവാട്ടില്‍അനുഭവപ്പെടാറുണ്ട്.ഏഴുവര്‍ഷ-മായി മയ്യത്തായിട്ട്..എന്നാലും..
വീട്ടിലിരുന്നു  മടുത്തു. ഇവിടെ  ഈ പ്ളാവുള്ളതുകൊണ്ട് ഇങ്ങോട്ടു വരുന്നു. ഈ പരിസരത്തിപ്പോള്‍ ശാരദയമ്മയുടെ വീട്ടില്‍ മാത്രമേ പ്ളാവുള്ളൂ. ഇനി ഇതും എത്രകാലമുണ്ടാകും?''

‌നെടുവീര്‍പ്പിട്ടുകൊണ്ട് അവര്‍ അമ്മാമ്മയുടെ  പ്രതികരണത്തിനുകാത്തു നില്ക്കാതെ പ്ളാവിലക്കമ്പിയുമായി കനം കുറഞ്ഞ ചുണ്ടില്‍ പുഞ്ചിരി  ഒളിപ്പിച്ചു നടന്നുനീങ്ങി.

സാറിന്‍റെ കാലുകളിലേയ്ക്കു നോക്കിയപ്പോള്‍ വല്ലാത്തൊരു  നോവ് അനുഭവപ്പെട്ടിരുന്നു.
(തുടരും)

പാദുകം(ഭാഗം നാല്)


കഥ

പാദുകം   (ഭാഗം നാല്)

സീനത്ത്സാറിനോട് തനിക്ക് തീര്‍ത്താലും തീരാത്ത കടപ്പാടുണ്ട്.ഞാന്‍ രണ്ടാം ക്ളാസ്സിലായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ .അന്നൊക്കെ ഉച്ചയ്‌ക്ക് സ്ക്കൂള്‍വിട്ടാല്‍ വീട്ടില്‍പ്പോയി  ഭക്ഷണം  കഴിച്ചിട്ടു വരുകയാണ് പതിവ്.ഏതാണ്ട് ഒന്നരകിലോമീറ്റര്‍ ദൂരമുണ്ടാകും സ്ക്കൂളും വീടും തമ്മില്‍. ഇതിനിടയില്‍ ഒരുപള്ളിയുടെയും ശ്മശാനത്തിന്‍റെയും മതിലിനുമുന്നിലൂടെ വേണമായിരുന്നു വീട്ടിലെത്താന്‍.പകുതിദൂരംവരെ കുറെ കടകളും ആളുകളുമൊക്കെയുണ്ടാവും.
പിന്നെ വിജനമാണ്.പള്ളിപ്പറമ്പിലെ വെള്ളമതിലിന്  ഉയരം കുറവായിരുന്നതിനാല്‍ അവിടുത്തെ ഖബറടക്കവും  മറ്റും ഞങ്ങള്‍ കുട്ടികള്‍ എത്തിനോക്കുമായിരുന്നു .പള്ളിമതില്‍ കഴിഞ്ഞാല്‍ ശ്മശാനത്തിന്‍റെ  മതില്‍ തുടങ്ങുകയായി .

ഒരുപാടുയരത്തിലുള്ള മതിലുകളുടെ നിറം നരച്ച ചുവപ്പായിരുന്നെങ്കിലും പായലുപിടിച്ച് പച്ചനിറവും ഇടവിട്ട് കാണാമായിരുന്നു.
ശ്മശാനത്തിന്‍റെ  വലിയഗേറ്റിനുള്ളിലൂടെ നോക്കിയാല്‍ വിശാലമായ പറമ്പ് കാണാമെങ്കിലും ദൂരെയായി മരങ്ങള്‍തിങ്ങി ഇരുട്ടുമൂടിക്കിടക്കുമായിരുന്നു.പറങ്കിമാവുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന   ആ ശ്മശാനം കുട്ടിക്കാലത്ത്  മനസ്സില്‍ എന്നും ഭീതി വിതച്ചിരുന്നു.ഗേറ്റിനടുത്തെത്തുമ്പോള്‍
അകത്തേക്ക് നോക്കരുതെന്നു കരുതും.പ
ക്ഷേ എത്രവിചാരിച്ചാലും കഴിയില്ല. ചിലപ്പോഴൊക്കെ ശവം ദഹിപ്പിക്കുന്ന ഗന്ധം സ്കൂളില്‍  ഇരിക്കുമ്പോഴും അനുഭവപ്പെടും.

വഴിയിലോട്ടു ചാഞ്ഞുനില്‍ക്കുന്ന കശുമാവില്‍ നിറയെ പഴങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ പറങ്കിപ്പഴം ഇന്നും പേടിപ്പെടുത്തുന്ന ഒരോര്‍മ്മയാണ്.
മുതിര്‍ന്ന കുട്ടികള്‍ പേടിപ്പിക്കാന്‍ ഓരോ നുണക്കഥകള്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഒറ്റയ്ക്ക് അതുവഴിവരാന്‍ ഭയമായിരുന്നു.

അന്നൊരുവെള്ളിയാഴ്ച ഉച്ചയ്ക്ക്  സ്ക്കൂള്‍വിട്ട് വീട്ടില്‍പ്പോയി  ഭക്ഷണവും കഴിച്ച് സ്‌ക്കൂളിലേക്ക് മടങ്ങുമ്പോള്‍  വഴി വിജനമായിരുന്നു.  പള്ളിമതില്‍  കഴിഞ്ഞപ്പോള്‍ ഭയം വര്‍ദ്ധിച്ചു.ഒറ്റ ഒാട്ടം.

ശ്മശാനത്തിന്‍റെ  ഗേറ്റും കഴിഞ്ഞ് കുറച്ചകലെയായി ഒരു വളവുണ്ട്. ആ വളവ് കഴിഞ്ഞാലേ സ്ക്കൂളിലേക്കുള്ള വഴിയാകൂ.ഏതായാലും ശ്മശാനത്തിന്‍റെ വളവ് കടന്നുകിട്ടി.പക്ഷേ അപ്പോ
ഴേക്കും തന്‍റെ പഴയ ചെരുപ്പിന്‍റെ വള്ളികളില്‍ ഒന്നു പൊട്ടിപ്പോയതിനാല്‍ അത് വഴിയില്‍ ഉപേക്ഷിക്കുകയേ
നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഒന്നുരണ്ടടി വച്ചപ്പോള്‍ കാലുകള്‍  ചുട്ടു പൊള്ളുന്നു. ഓരോ പാദവും പരസ്പരം  കാലുകളുടെ മുകളില്‍ വെച്ചുവെച്ചു കുറച്ചു നടന്നു.ചൂട്,രക്ഷയില്ല.വീണ്ടും  ഓടി. അപ്പോഴതാ കുടയും പിടിച്ചുകൊണ്ട് സാറുമുന്നേ നടക്കുന്നു.സാറിനെ മറികടന്നോടാന്‍ എന്‍റെ കുഞ്ഞുമനസ്സ് അനുവദിച്ചില്ല.പിന്നില്‍ ഓടുന്ന ശബ്ദം പെട്ടെന്നു കേള്‍ക്കാതായതിനാലാകും സാര്‍ തിരിഞ്ഞു നോക്കി. ഓരോ കാല്പാദവും മാറിമാറി ഇടയ്ക്കിടെ   ഉയര്‍ത്തിപ്പിടിക്കുന്ന ആ പൊരിവെയിലത്തുള്ള തന്‍റെ അവസ്ഥ കണ്ട് ചോദിച്ചു,

''എന്താ കുട്ടീ കാല് പൊള്ളുന്നോ?''

സാറിന്‍റെ അഞ്ച്കല്ല് പതിച്ച വലിയമൂക്കുത്തിയും കല്ലുകമ്മലുകളും ഉച്ചവെയിലത്തു വെട്ടിത്തിളങ്ങി.നിറയെ കരിമഷിയെഴുതിയ കണ്ണുകളില്‍ സ്നേഹത്തിന്‍റെ ഓളങ്ങള്‍.

''ചെരുപ്പ് പൊട്ടിപ്പോയി''

വിളറിയതും വേദനനിറഞ്ഞതുമായ മുഖത്തോടെ താന്‍ പറഞ്ഞു.

സ്നേഹത്തോടെ സാര്‍ ക്ഷണിച്ചു,

''വരൂ, ഈ കുടക്കീഴിലോട്ട് കയറൂ''

സാറിനൊപ്പം നടക്കാന്‍ ജാള്യം തോന്നി.
കുടയുടേയും സാറിന്‍റേയും കുറുകിയ നിഴലില്‍ ചൂടുകുറഞ്ഞതായി തോന്നിയെങ്കിലും  തൃപ്തിയാകാതെ കാലില്‍ക്കിടന്ന പ്ളാസ്റ്റിക് ചെരുപ്പൂരി തന്‍റെ മുന്നിലേക്ക് നീക്കി   ''ഇട്ടോളൂ'' എന്നു പറഞ്ഞു. സാറിന്‍റെ സ്നേഹത്തിനും അനുകമ്പയ്ക്കും മുന്നില്‍  തലകുനിച്ച് ആ പ്ളാസ്റ്റിക്ക് ചെരുപ്പിട്ടപ്പോള്‍ സാറിന്‍റെ കാലിലെ ഇളം ചൂട് തന്‍റെ കുഞ്ഞിക്കാലുകളില്‍ പടരുന്നതായിത്തോന്നി. സാറിനോട് വല്ലാത്ത സ്നേഹം  തോന്നി.തനിക്ക്  പാകമായിരുന്നില്ലെങ്കിലും സ്ക്കൂള്‍ വരാന്തവരെ അതിട്ടു.മടക്കി ചോദിച്ചില്ലെങ്കിലും എത്രയും വേഗം തിരികെ ഏല്പിക്കാന്‍ മനസ്സ് വെമ്പി.
''മതി ,ഇനി ചൂടില്ല'' എന്നു പറഞ്ഞു സ്ക്കൂള്‍ വരാന്തയിലേക്ക് കയറി സാറിന്‍റെ മുന്നിലേക്ക് ചെരുപ്പ് നീക്കിവച്ചു. സാറൊന്നും പറയാതെ പുഞ്ചിരിച്ചു. നന്ദി  എങ്ങനെ പറയണം എന്നുപോലും അന്ന്  അറിയില്ലായിരുന്നു.

ഇപ്പോള്‍ മരിച്ചെന്നറിഞ്ഞെങ്കിലും സാര്‍ തന്‍റെ മനസ്സില്‍ ഇപ്പോഴും  ഒരു കെടാവിളക്കുപോലെ കത്തിനില്‍ക്കുന്നുണ്ട്.പാഠപുസ്തകത്തിലില്ലാത്ത അറിവിന്‍റെ പ്രകാശവും പരത്തിക്കൊണ്ട്.

''ലക്ഷ്മീ '' അമ്മയും അമ്മാമ്മയും നടന്നുകഴിഞ്ഞു.അമ്മാമയ്ക്കിനി കൂട്ടുകാരിയില്ലല്ലോ?
''വേഗംവാ മോളേ'' പതിഞ്ഞ ശബ്ദത്തില്‍  അമ്മ വീണ്ടും വിളിച്ചു.അതെ വേഗം പോകണം, സാറിന്‍റെ  മയ്യത്തെടുക്കുന്നതിന് മുമ്പെത്തണം.ചലനമറ്റ ആ  ശരീരം കാണണം.ഉള്ളിലൊരു തേങ്ങല്‍.

നിറയെ ആള്‍ക്കൂട്ടം,സാറിന്‍റെ പേരക്കുട്ടികള്‍ ആണെന്നു തോന്നുന്നു.മുറ്റത്ത് ഓടിക്കളിക്കുന്നു.
പുഞ്ചിരി ഒളിപ്പിച്ചിരുന്ന നേര്‍ത്ത ചുണ്ടുകളും നിറയെ കണ്‍മഷിയെഴുതിയ കണ്ണുകളും കാണാന്‍ ധൃതിയായി.ആരുടെയെങ്കിലും നിലവിളിക്കായി കാതുകൂര്‍പ്പിച്ചെങ്കിലും ഒന്നും കേട്ടില്ല.കുറെആളുകള്‍ മൃതശരീരത്തിനു ചുറ്റും നില്‍ക്കുന്നുണ്ട്.താഴെയിരുന്ന് കരയുന്ന ഒറ്റ സ്ത്രീകളെയും കണ്ടില്ല.ഇപ്പോള്‍  ആരും അലമുറയിടാറില്ലല്ലോ? സാറിന്‍റെ മക്കളെവിടെ?കണ്ണുകള്‍ ചുറ്റും പരതി.
അല്ലെങ്കിലും  ആണ്‍മക്കള്‍ ഉറക്കെ കരയാറില്ലല്ലോ? സങ്കടം ഉള്ളിലൊതുക്കി അവര്‍.....

അമ്മയും അമ്മാമ്മയും ഒരൊഴിഞ്ഞകോണില്‍ ഇരുന്നു. ഞാന്‍ മെല്ലെ അടുക്കളഭാഗത്തെ വാതിലിനടുത്തേയ്ക്ക് വെറുതെ  നടന്നു.ആ അടുക്കളപ്പടിയില്‍ കുറച്ചുനേരംമുഖംതാഴ്ത്തിയിരുന്നു. കണ്ണുകള്‍ പടിക്കുതാഴെ കിടക്കുന്ന സാറിന്‍റെ ചെരുപ്പുകളിലുടക്കി.
കഴിഞ്ഞ ആഴ്ച സാറിനെക്കണ്ടപ്പോള്‍ ഇതുതന്നെയാണ് ധരിച്ചിരുന്നത്.ആ ചെരുപ്പുകളിലേക്ക് മെല്ലെ എന്‍റെ കാലുകള്‍ ചേര്‍ത്തുവെച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പനുഭവിച്ച അതേ ചൂട് കാലുകളിലേക്കു പടര്‍ന്നുകയറി,''സാര്‍''ഒന്നുറക്കെ കരയാനാകാതെ  മുഖം പൊത്തി.....

..

Thursday, June 14, 2018

സീനത്തുസാറും ഞാനും(ഭാഗം രണ്ട്)

(ഭാഗം രണ്ട്)
സീനത്തു സാറും ഞാനും

ഹോ ! പരീക്ഷ കഴിഞ്ഞു,സമാധാനമായി.
പരീക്ഷ കഴിഞ്ഞാല്‍ കുറച്ചു ദിവസംവീട്ടില്‍ ചെന്നു നില്ക്കണം എന്ന് അമ്മ പറഞ്ഞിട്ടുണ്ട് .ഇന്നലെ പരീക്ഷ കഴിഞ്ഞു.പക്ഷേ അടുത്തത് പത്താം ക്ളാസ്സാണ്.നന്നായി പഠിച്ചേ പറ്റൂ.

റിസല്‍ട്ടറിഞ്ഞാലുടന്‍  വന്ദനചേച്ചിയുടെ വീട്ടില്‍ ട്യൂഷന്‍ തുടങ്ങും.കണക്കും ഹിന്ദിയും പഠിപ്പിക്കാന്‍ രണ്ടു സാറന്‍മാരെ വിളിച്ചിട്ടുണ്ടത്രേ..പത്താം ക്ളാസ്സില്‍  വന്ദനചേച്ചിയ്ക്ക് എല്ലാ വിഷയവും എടുക്കാന്‍ പറ്റില്ല.

വന്ദന ചേച്ചിയുടെ  വീട്ടില്‍ ട്യൂഷനു പോകാന്‍ നല്ലരസമാണ്.കായല്‍വാരത്തായതുകൊണ്ട്   എനിക്ക് ഒത്തിരി ഇഷ്ടമാണ്.

ഞാനും ഉഷയും താഹിറയും സന്തോഷും കായലിലെ വെള്ളത്തിലിറങ്ങും.മണികണ്ഠന് പേടിയാ.ഞങ്ങള്‍ ഇത്തിരി ആഴത്തിലിറങ്ങുമ്പോള്‍ത്തന്നെ അവന്‍ കരയ്ക്കുനിന്ന് ബഹളം വയ്ക്കും.എനിയ്ക്ക്  വല്ലാണ്ട് ദേഷ്യംവരുമ്പോള്‍   ഞാനവനെ കരിമണ്ണ് വാരിയെറിയും.

പലപ്പോഴും അവന്‍റെ ബഹളംകേട്ട് അകത്തുനിന്നും വന്ദനചേച്ചിയുടെ അമ്മ വന്ന് വഴക്കു പറഞ്ഞ് ഞങ്ങളെ കരയ്ക്കുകയറ്റും.

മണികണ്ഠന്‍ ഇത്തവണ  ട്യൂഷന് അവിടെ വരാതിരുന്നാല്‍ മതിയായിരുന്നു.
എനിക്കുവെള്ളത്തിലിറങ്ങണം.പേടിത്തൊണ്ടന്‍മാരെ എനിയ്ക്കു കണ്ടുകൂടാ..

അല്ലെങ്കിലും ഇത്തവണ വന്ദന ചേച്ചിയുടെ  വീട്ടില്‍ എന്നെ ട്യൂഷനുവിടുമോ എന്നറിയില്ല.
പുതിയ സാറന്‍മാരെ വയ്ക്കുമ്പോള്‍ ഫീസ് കൂടുതലാവും.

ഏതായാലും  രണ്ടുദിവസം  വീട്ടില്‍  പോയിനിന്ന് അമ്മയെക്കൊണ്ട് അച്ഛനോട് പറഞ്ഞു ശരിയാക്കണം.എനിയ്ക്ക് ഏതായാലും  കായല്‍വാരത്ത് ട്യൂഷനുപോയാല്‍മതി.

ഇന്ന് കുറച്ചുനേരം കിടന്നുറങ്ങണം.ഉച്ചകഴിഞ്ഞ് അധിക സമയം കിടക്കാന്‍ അമ്മാമ്മ സമ്മതിയ്ക്കില്ല.പെണ്‍ കുട്ടികള്‍ പകലുറങ്ങുന്നത്  വീടിന് എെശ്വര്യക്കേടാണ് പോലും!

പരീക്ഷ  കഴിഞ്ഞ ദിവസമായതുകൊണ്ട് ചിലപ്പോള്‍  ഒന്നും പറയില്ലായിരിയ്ക്കും.

ഷീജ ഡാന്‍സ് ക്ളാസ്സു കഴിഞ്ഞ് വരുമ്പോഴേയ്ക്കും ഉണരണം.അവളെത്ര മനോഹരമായിട്ടാണ് നൃത്തം ചെയ്യുന്നത്.
വെറുതെ  നടക്കുമ്പോഴും കൈകൊണ്ട് മുദ്ര കാണിച്ചു നടക്കും.

ചിലപ്പോള്‍  അമ്മാമ്മയ്ക്ക് ദേഷ്യം വരും.''ഒന്നടങ്ങി നടക്ക്പെണ്ണേ''എന്നു പറയും. 'പെണ്ണേ' എന്നു വിളിയ്ക്കുന്നത്  ഷീജയ്ക്കിഷ്ടമല്ല.അമ്മാമ്മ പോയിക്കഴിയുമ്പോള്‍ ചുണ്ട് കൂര്‍പ്പിച്ച് കണ്ണുചെറുതാക്കി ഒരു ഗോഷ്ടി കാണിയ്ക്കും അവള്‍.എന്നിട്ട്  അമ്മാമ്മ കേള്‍ക്കാതെ ഞങ്ങള്‍ ചിരിയ്ക്കും.

എനിയ്ക്കെന്തോ നൃത്തത്തിനോട് ഒട്ടും താല്പര്യമില്ല,അല്ലെങ്കിലും  അച്ഛന്‍ സമ്മതിയ്ക്കില്ല.അമ്മയ്ക്കിഷ്ടമാണ് ഞാന്‍ നൃത്തം പഠിയ്ക്കുന്നത്.

പുസ്തകം ഒതുക്കണോ അതോ ഉറങ്ങണോ?
ആരുടെയോ സംസാരം കേള്‍ക്കുന്നല്ലോ ഉമ്മറത്ത്.നാണിയമ്മയാണല്ലോ..സുമതിയമ്മയും ഉണ്ടല്ലോ.?അമ്മാമ്മ താടിയ്ക്ക് കെെയ്യുംകൊടുത്തിരിയ്ക്കുന്നു.

''എന്തു പറ്റി അമ്മാമ്മാ??''

''ലക്ഷ്മീ , നമ്മുടെ  സീനത്തുസാര്‍ മരിച്ചുപോയി''

''എപ്പോള്‍ ?''

''ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്,  നെഞ്ചു വേദനയായിരുന്നു.,രാവിലെ മുതല്‍ ഗ്യാസാണെന്നും പറഞ്ഞിരുന്നത്രേ.വീട്ടുകാര്‍ ഹോസ്പിറ്റലില്‍ പോകാന്‍  വിളിച്ചിട്ട് പോയില്ല,വൈകിട്ടാവട്ടെ ഗ്യാസാ അങ്ങുമാറിക്കോളും എന്നു പറഞ്ഞിരുന്നു. ഹാര്‍ട്ടറ്റാക്കായിരുന്നെന്ന്''.

നാണിയമ്മയാണ് മറുപടി  പറഞ്ഞത്.

ഞാന്‍ തിണ്ണയില്‍പോയിരുന്നു.സീനത്തു സാര്‍ മരിച്ചെന്ന വാര്‍ത്ത വിശ്വസിയ്ക്കാനാവുന്നില്ല.
(തുടരും)

Friday, June 8, 2018

ഒരു കഥയുടെ മരണം(ഒന്നാം ഭാഗം)

ഒരു കഥയുടെ മരണം(കഥ)

ചീവീടുകളുടെ  ഇരമ്പലുകള്‍ കാതിലേയ്ക്ക് കയറുന്നുവോ? ഞാന്‍ കണ്ണുകള്‍  മുറുകെയടച്ചു കിടന്നു.മെല്ലെ കാലുകള്‍കൊണ്ടു പരതി.,ഉണ്ട് അവള്‍ അടുത്ത് കിടക്കുന്നുണ്ട്, ''ഷീജേ'' പതുക്കെ വിളിച്ചുനോക്കി..അനക്കമില്ല,നല്ലഉറക്കമാണ്.

ഞാന്‍ കാതോര്‍ത്തു. ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്.എന്‍റെ നെഞ്ച് പടപടായെന്നു മിടിച്ചു.അവള്‍ അനങ്ങുന്നേയില്ല.അതെ
നാണിയമ്മ പറഞ്ഞതു ശരിയാണ്.

മങ്കുഴിഅയ്യത്തുനിന്നും  ചിലങ്കയുടെ ശബ്ദം അടുത്തേയ്ക്കു വരുന്നു. എനിക്കു വയ്യാ!!

''അമ്മാമ്മാ'' ശബ്ദം പുറത്തേയ്ക്കു വരുന്നില്ല .ഒന്നുകൂടി  ഉറക്കെ വിളിച്ചു.

''അമ്മാമ്മാ''...ഇല്ല എന്‍റെ ശബ്ദം എനിയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

ഞാന്‍ പുതപ്പു തലയില്‍  മൂടി  പുതപ്പിന്‍റെ അറ്റം മുറുകെപ്പിടിച്ചു കിടന്നു.

പെട്ടെന്ന് എന്‍റെ കാലിനുമുകളിലേക്ക് എന്തോ പതിച്ചു.
ഞാന്‍  കാലുറക്കെ കുടഞ്ഞു.
''അയ്യോ എന്‍റെ കാല്'' ഷീജ കരഞ്ഞു കൊണ്ട് ചാടിയെണീറ്റു.
ഒച്ചകേട്ട് അകത്തെ മുറിയില്‍ ലൈറ്റുതെളിഞ്ഞു.
കോപത്തോടെ അമ്മാമ്മ എഴുന്നേറ്റു  വന്നു.

''കണ്ട പറമ്പിലും കാവിലുമൊന്നും കളിയ്ക്കാന്‍ പോകരുതെന്നു പറഞ്ഞാല്‍ കേള്‍ക്കില്ല,''

''എന്താടീ,എന്തിനാ പാതിരാത്രികിടന്നൊച്ചയിടുന്നേ?''
അമ്മാമ്മയുടെ  മാര്‍ദ്ദവമില്ലാത്ത ഒച്ച കേട്ട് കണ്ണടച്ച് അനങ്ങാതെ കിടന്നു .

ഷീജയുടെ ചിലമ്പിച്ച ശബ്ദം എന്നില്‍ ഭീതി പരത്തി,
''അമ്മാമാ ഞാന്‍ അമ്മാമയുടെ കൂടെ കിടക്കുവാ, എനിക്കു പേടിയാകുന്നു''

എന്ത്? ഷീജ പോകുന്നോ..ഇല്ല വിടില്ല ഞാന്‍,  ഞാനൊറ്റയ്ക്കിവിടെ കിടക്കാനോ??
പറ്റില്ല!

''വാ ഇങ്ങോട്ട്''  എന്നു പറഞ്ഞ അമ്മാമയോടൊപ്പം  അവള്‍ പോകാന്‍ തുനിഞ്ഞപ്പോള്‍
''അമ്മാമാ ,ഞാനും'' എന്നും പറഞ്ഞു ചാടി  എഴുന്നേറ്റു  പുതപ്പും വലിച്ചുവാരി  ഞാനും കൂടെപ്പോയി.

അമ്മാമയുടെ ഇരുവശങ്ങളിലുമായി ഞങ്ങള്‍ കിടന്നു.വളരെ വേഗംതന്നെ ഷീജയുടെ കൂര്‍ക്കംവലി കേട്ടു.

എനിയ്ക്കുറക്കം വന്നതേയില്ല.
നാണിയമ്മപറഞ്ഞ കാരൃങ്ങള്‍  ഓര്‍ത്ത് അങ്ങനെ കിടന്നു.

അയല്ക്കാരികളായ നാണിയമ്മയും പൊന്നമ്മയമ്മയും സുമതിയമ്മയുംഎന്നും സന്ധ്യയ്ക്ക് അമ്മാമയുടെ തിണ്ണയില്‍ ഒത്തുകൂടും.
അവരുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എനിക്കിഷ്ടമാ.
പക്ഷേ ആ പൊന്നമ്മയമ്മ എന്നെ അവിടിരുത്തില്ല.
''പോയേ,പോയിപ്പഠിച്ചേ,വലിയവരു സംസാരിക്കുന്നിടത്തു നിനക്കെന്താ കാര്യം'' എന്നു പറഞ്ഞ് എന്നെ ഓടിച്ചുവിടും.
എനിക്കതുകൊണ്ട് പൊന്നമ്മയമ്മയെ ഇഷ്ടമേയല്ല.

വര്‍ത്തമാനം പറഞ്ഞു ക്ഷീണിയ്ക്കുമ്പോള്‍ ''ലക്ഷ്മീ ഇത്തിരി വെള്ളമെടുക്കൂ'' എന്നു വിളിച്ചു പറയുമ്പോള്‍ പൊന്നമ്മയമ്മയ്ക്ക് മാത്രം വക്ക് പൊട്ടിയ ഗ്ളാസ്സിലേ ഞാന്‍ വെള്ളം കൊടുക്കൂ എന്നുള്ള കാര്യം അമ്മാമയ്ക്ക് പോലും അറിയില്ല.

അയലത്തുള്ളവരുടെ വീട്ടുവിശേഷമൊക്കെ കേള്‍ക്കാന്‍  നല്ല രസമാ.സുമതിയമ്മയുടെ മോള് ഒരു മുസ്ളീം സമുദായക്കാരനെ വിവാഹം ചെയ്തപ്പോള്‍  മതം മാറിയകാര്യമൊക്കെ അങ്ങനാ ഞാനറിഞ്ഞത്.

ഏതുമതക്കാരനെ വിവാഹം ചെയ്താലും ഞാന്‍  മതം മാറുകയേയില്ല..അതു ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്.

ഞാന്‍ പഠിയ്ക്കുന്ന മട്ടില്‍ തൂണും ചാരിയിരിയ്ക്കും.
സാമൂഹ്യപാഠം ഇടയ്ക്കിടെ ഉറക്കെ വായിക്കും.
അതവര്‍ക്കു മനസ്സിലാവില്ല.ഒരുദിവസം  മലയാളം വായിച്ചപ്പോള്‍  പൊന്നമ്മയമ്മ കുറെ സംശയം ചോദിച്ചു.
അതിനുശേഷം ഞാന്‍ മലയാളം വായിക്കില്ല അവരുടെ മുന്നില്‍.
എനിക്കിഷ്ടമല്ല അവര്‍ക്കു മറുപടി  പറയാന്‍.

പഠിക്കുന്നതൊന്നും എനിക്ക് ഓര്‍മ്മയില്‍ നില്‍ക്കില്ല. കാരണം ശ്രദ്ധ മുഴുവന്‍ അവരുടെ വര്‍ത്തമാനത്തിലായിരിയ്ക്കും.

അമ്മാമ്മയ്ക്കും അച്ചാച്ചനും മക്കളില്ലാത്തതിനാല്‍ അമ്മാമയുടെ സഹോദരന്‍റെ മക്കളെയെല്ലാം നോക്കി വളര്‍ത്തിയത് അവരിരുവരുമാണ്. അച്ചാച്ചന് ധാരാളം  സ്വത്തുള്ളതിനാല്‍ ഒന്നിനും ഒരു കുറവില്ലായിരുന്നു.

അമ്മാമയുടെ സഹോദരന്‍റെ മൂന്നുപെണ്‍മക്കളേയും വിവാഹം കഴിപ്പിച്ചു.അതില്‍ രണ്ടുപേരുടെ ഓരോ മക്കളാണ് ഞാനും ഷീജയും.

അച്ചാച്ചന്‍ മരിച്ചതോടെ തറവാട്ടിലൊറ്റയ്ക്കായ അമ്മാമയ്ക്ക് കൂട്ടിന് ഞങ്ങളിവിടെയാണ്.

അച്ചാച്ചന്‍റെ മരണത്തോടെ അയല്ക്കാരുടെ വരവ് നേരത്തേ ആയി.പോക്കു വൈകിയും.

എന്തോ നാണിയമ്മപറഞ്ഞത് മനസ്സില്‍ നിന്ന് പോകുന്നേയില്ല.യക്ഷിയുണ്ടാകുമോ? യക്ഷി വരുമ്പോള്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാമത്രേ...ഏയ് അല്ല...സത്യമായിരിക്കില്ല.

വൈകിട്ട്  ട്യൂഷന്‍ കഴിഞ്ഞു  വരുന്ന വഴിയ്ക്കാണ് മങ്കുഴിയിലെ കാവില്‍ കളിയ്ക്കാന്‍ കയറുന്നത്.

ഇന്നലെ പതിവിലധികം കളിച്ചു. കൂട്ടിന് അജിതേച്ചിയും കേശുവുമുണ്ടായിരുന്നതു
കൊണ്ടാണ് വൈകിയത്.

കേശുവിന്‍റെ അച്ഛനു കാലുകളില്ല.അതുകൊണ്ട് കേശു എപ്പോഴും അച്ഛന്‍റടുത്തുണ്ടാവും. ഒരപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതാണ്.

ഞാനും കേശുവും ഇപ്പോള്‍  ഒരേ ക്ളാസ്സിലാണ്.
കേശു ഇപ്പോള്‍ പത്താം
ക്ളാസ്സില്‍  ഇരിക്കേണ്ടതാണ്.അന്നത്തെ അപകടം കേശുവിന് ഒരു വര്‍ഷം നഷ്ടമാക്കി.

മങ്കുഴിയിലെ കാവില്‍ കളിയ്ക്കാന്‍  പോവാന്‍ എന്തോ എനിയ്ക്ക് വലിയ ഇഷ്ടമാണ്.
അവിടെ കേശുവും അജിതേച്ചിയും വരും.

അജിതേച്ചി പന്ത്രണ്ടാം ക്ളാസ്സില്‍  ആണ്.
ഇത്തിരി കുശുമ്പുള്ള പ്രകൃതമാണ് അജിതേച്ചിക്കെങ്കിലും  അജിതേച്ചിയെ എനിക്കിഷ്ടമാണ്.

കൂടെ ട്യൂഷനുവരുന്ന കിരണ്‍ചേട്ടന്‍ ഇഷ്ടമാണെന്നു പറഞ്ഞതും ഒരു ലോക്കറ്റു കൊടുത്തതുമൊക്കെ  കാവില്‍ വച്ചാണ് അജിതേച്ചി ഞങ്ങളോടു പറഞ്ഞത്.

അപ്പോള്‍ കേശുവിനെ നോക്കാന്‍ എനിക്കു നാണം തോന്നി,ആവോ അറിയില്ല ,എന്തിനെന്ന്. കേശുവുംദൂരേയ്ക്കു  മിഴിനട്ട് പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു.

ലീല ആന്‍റിയോടൊന്നും പറയരുതെന്ന് ഷീജയെ അജിതേച്ചി ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.

ഷീജയെ എനിക്കത്ര  വിശ്വാസമില്ല. വഴക്കിടുമ്പോഴെങ്ങാനും അവള്‍ അമ്മാമയോടു പറഞ്ഞാല്‍പ്പിന്നെ മങ്കുഴിയിലേക്കുള്ള പോക്കും നില്ക്കും.

അജിതേച്ചിയുടെ അച്ഛന്‍ പട്ടാളത്തിലാണ്.ലീലാന്‍റിയും അജിതേച്ചിയും അച്ഛമ്മയും മാത്രമേയുള്ളൂ വീട്ടില്‍.

കേശുവിന്‍റെ അച്ഛന്‍റെ തറവാടാണ് മങ്കുഴി.
അമ്മയ്ക്ക്  ജോലിയുള്ളതിനാല്‍ വൈകിട്ടുമാത്രമേ അമ്മ വീട്ടിലുണ്ടാവുകയുള്ളൂ.

മങ്കുഴിയിലെ  കാവുകടന്ന് അജിതേച്ചിയും കേശുവും ഇടയ്ക്കിടെ  ഇവിടെയും വരാറുണ്ട്.
അമ്മാമ്മ അമ്പലത്തില്‍  പോകുന്ന സമയത്താണ് വരുന്നത്.
ഒത്തിരി  ബഹളവും ചാട്ടവുമൊന്നും അമ്മാമയ്ക്കിഷ്ടമല്ലെന്ന് അവര്‍ക്കറിയാം.

മങ്കുഴിയിലെ  പറമ്പില്‍ നിറയെ മരങ്ങളാണ്. വലിയ വള്ളികളൊക്കെ പടര്‍ന്നു പന്തലിച്ചു നില്ക്കും.നിറയെ മഞ്ചാടിക്കുരുവും കുന്നിക്കുരുവും നിലത്തു കിടക്കുന്നുണ്ടാവും.
കുറേ ഞങ്ങള്‍ പെറുക്കി സൂക്ഷിച്ചിട്ടുണ്ട്.
സന്ധ്യയ്ക്ക് അമ്മാമയുടെ  തിണ്ണയിലിരുന്ന് നോക്കിയാല്‍ മങ്കുഴിയിലെ  പറമ്പ് ഇരുണ്ട് കറുത്തുകിടക്കും.
ഇടയ്ക്കിടെ  വവ്വാലുകള്‍ പറക്കുന്ന ചിറകൊച്ച തിണ്ണയിലിരുന്നാല്‍ കേള്‍ക്കാം.

വവ്വാലുകള്‍ വസിയ്ക്കുന്ന മരത്തിലാണത്രേ യക്ഷിയും താമസിക്കുന്നത്.
ഒക്കെ വെറുതെ  പറയുന്നതാവും.അതുകൊണ്ടല്ലേ സുമതിയമ്മ നാണിയമ്മയോട്,  ''വെറുതെ  വിഢ്ഢിത്തം പറഞ്ഞ് കുട്ടികളെ പേടിപ്പിക്കല്ലേ നാണീ''യെന്നു പറഞ്ഞ് അവരെ ശാസിച്ചത്.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നേയില്ല.ദാഹിക്കുകയും ചെയ്യുന്നു.അമ്മാമയും ഷീജയും നല്ലുറക്കം.
ഇനിയും അമ്മാമയെ വിളിക്കാന്‍ പേടിയാണ്.
ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു.

വിരലില്‍ക്കിടന്ന ഗുരുവായുരപ്പന്‍റെ മോതിരം ഊരി കൈയില്‍  മുറുകെപ്പിടിച്ചു ,  ''കൃഷ്ണാ,രക്ഷിക്കണേ ഭഗവാനേ''  എന്നു വിളിച്ച് തപ്പിത്തപ്പിപ്പോയി വരാന്തയിലെ ലൈറ്റിട്ടു. അല്പം ധൈര്യം തോന്നി.പതുക്കെ അടുത്ത മുറിയിലേയും ലൈറ്റിട്ട് അടുക്കളയിലെത്തി വെള്ളം കുടിച്ചു.

അടുക്കളയുടെ ജാളിയിലൂടെ വെറുതെ  പുറത്തേക്കു നോക്കി,മോതിരം മുറുകെപ്പിടിച്ചു .

പറമ്പിലെങ്ങും ഒരനക്കവുമില്ല.ഒക്കെ നുണയാണ്.വെറുതെയല്ല നാണിയമ്മയെ എല്ലാരും നുണയമ്മയെന്നു വിളിക്കുന്നത്.

ഇതെല്ലാം വച്ചൊരു കഥയെഴുതിയാലോ? ഇപ്പോള്‍  സമയം വെളുപ്പിന്   മൂന്നര. ഏതായാലും  ഒരുമണിക്കൂര്‍ കൂടിക്കഴിഞ്ഞാല്‍ അമ്മാമ എഴുന്നേല്ക്കും,മുറ്റമടിക്കാന്‍  ഞാനും എഴുന്നേല്ക്കണമല്ലോ?പിന്നെ നിലവിളക്കുകൊളുത്തലും നാമംചൊല്ലലിലും മുഴുകും അമ്മാമ.

എന്തൊക്കെയോ എഴുതാന്‍ മനസ്സ് കൊതിക്കുന്നു.കഥ.. നല്ല നിശ്ശബ്ദമായ അന്തരീക്ഷം.. അതെ..കഥ..എഴുതാം. ഒച്ചയുണ്ടാക്കാതെ പേനയും ബുക്കുമായി
എഴുതാനിരുന്നപ്പോള്‍  പിറകില്‍ ആരുടെയോ പാദപതന ശബ്ദം.
ഹൃദയം പെരുമ്പറകൊട്ടി,പേടികൊണ്ട് അനങ്ങാന്‍ കഴിഞ്ഞില്ല.

''പാതിരാത്രിയ്ക്കെന്തോന്നാടീ എഴുതുന്നത്''? ഒച്ചയും പേപ്പറുവലിച്ചതും  ഒരേ
സമയത്തായിരുന്നു.
അമ്മാമയായിരുന്നു.''പോയിക്കിടക്ക്''
എന്നു പറഞ്ഞ് ലൈറ്റും ഓഫ് ചെയ്തു.

അന്ന് എന്നിലെ കഥാകാരിയെ കൊന്നുകൊണ്ട് അമ്മാമയോടൊപ്പം പോയിക്കിടന്നുറങ്ങി ഞാന്‍.. ഇല്ല ഉറങ്ങിയില്ല .

സിന്ധു സുരേഷ്

..