Tuesday, January 1, 2019

ഇത്തിള്‍ക്കണ്ണി(കവിത)

            ഇത്തിള്‍ക്കണ്ണിയായ്....

നിലാവുപരക്കും നീലരാവിലെപ്പൊഴോ
ഹിമബിന്ദുനിറയും പുലരിയിലെന്നോ
നിഴലുകുറുകുമൊരുച്ചമയക്കത്തിലെന്നോ
നീയൊരിത്തിള്‍ക്കണ്ണിയായതെന്നില്‍ ?

നിറഞ്ഞമൗനമെന്നിലൊരുവലയമായ്
വാക്കുകള്‍  ഉതിരാതെതങ്ങിനില്‍ക്കവേ
ചിരിമങ്ങിയൊരു സുഖനൊമ്പരത്തിന്‍
തുടിക്കുംഹൃദയതാളമടക്കി  നിശ്ശബ്ദയായ്,

മൂകാനുരാഗമൊരുവിഷാദഗാനമാലപിക്കവേ-
യൊന്നുപിന്‍തിരിഞ്ഞുനോക്കിയെങ്കിലും
അകലെദൃഷ്ടിയൂന്നി നീ ഗാനംശ്രവിക്കാതെ
മറഞ്ഞകലുമ്പോഴുരുകുന്നുവോ മാനസം?

നീകടന്നുപോകുംവഴികളിലെ കാല്പാടുകളെ-
ത്തലോടിയുമൊപ്പംമെല്ലെ പദമൂന്നിയും
ഒരുനിര്‍വൃതിയിലലിഞ്ഞു നടക്കവേ
അറിയാതെപോകുന്നുവോ ദിനരാത്രങ്ങളെ?

ഗദ്ഗദമൊരുവിങ്ങലായങ്ങടക്കുവാനും
നിറഞ്ഞമിഴിനീരുതിര്‍ത്താതിരിക്കുവാനും
പകലുമിരവുമിതുപോല്‍തുടരുവാന്‍
ശീലമാക്കിയതേതുഗുരുവിന്‍ പാഠം?

മിഥ്യയെപ്പുല്‍കിയുറങ്ങിയുണരുവാനുള്ളം
നിത്യമഭ്യസിച്ചാര്‍ക്കുമഴലേകിടാതെ,
പുഞ്ചിരിയൊരാവരണമാക്കിച്ചിരിച്ചു-
മിങ്ങനെയീയിത്തിള്‍ക്കണ്ണിയുമീഞാനും..

         
                                     സിന്ധു സുരേഷ്

No comments:

Post a Comment