Sunday, January 20, 2019

മടക്കം(കവിത)

                         മടക്കം

നേരിന്‍വഴികളിലേക്കുള്ള സഞ്ചാരത്തിനാദ്യം
ഹൃദയകനലില്‍ തളിക്കണം ജലത്തുള്ളികള്‍
ഇനിയൊരിക്കലും ജ്വലിക്കാത്തവിധം പടരാത്തവിധം
ചാരത്താല്‍ മൂടണം നിറഞ്ഞ സ്വപ്നങ്ങളെ

കൊഴുത്തുകുറുകിയ കണ്ണീര്‍കണങ്ങളുരുണ്ടു
നിലത്തു ചിതറിത്തെറിച്ചു വീഴാതിരിക്കാന്‍
ഹൃദയവാതില്ക്കലൊരു കൊളുത്തു പണിയണം
ഗദ്ഗദം പുറത്തുകേള്‍ക്കാതിരിക്കാന്‍  ജനലിനും

കെട്ടടങ്ങട്ടെ! തന്നിലേക്കുമാത്രം ലയിപ്പിച്ച സ്വ പ്നങ്ങളെ
കാണാതിരിക്കാമല്ലോ വെറുതെയെങ്കിലും!
ഒന്നു പ്രാര്‍ത്ഥിച്ചു മിഴിപൂട്ടി കരയാതെ
പുഞ്ചിരി നിറച്ച് തിരിഞ്ഞു നടന്നിടട്ടെ!

‌     സിന്ധു  സുരേഷ്

ബന്ധങ്ങള്‍ (കവിത)

#മത്സരപ്പോസ്റ്റ്#

#ബന്ധങ്ങള്‍#

നനഞ്ഞകണ്‍പീലികളിലുരുണ്ടുകൂടും
കണ്ണീര്‍കണങ്ങളെ വീഴ്ത്താതെ,
നിറയുംഹൃദയനൊമ്പരം നല്‍സ്നേഹ-
ത്തൂവാലയാല്‍തുടച്ചും തഴുകിയും
നിത്യംവെണ്‍മയാര്‍ന്നയെന്‍കൂന്തല്‍
ഒതുക്കിയും എണ്ണയാല്‍മെഴുകിയും
ചുക്കിച്ചുളിഞ്ഞലങ്കോലമാമീതൊലിമൂടു-
മെന്നുടലില്‍ കുഴമ്പുംനറുചൂടുമേകുന്നുനീ
പെറ്റില്ലനിന്നെയെങ്കിലുമെന്‍പുത്രി നീ.
അകലെയെങ്ങോയെന്‍മക്കള്‍ സസുഖം വാഴവേ,യെന്നെയോര്‍ക്കാതെ...
പെറ്റമകളേക്കാള്‍പ്രിയനീയെനിക്കുംബന്ധം
നിനക്കുഞാനെന്തെന്നുചൊല്ലുവാ-
നെനിക്കുമതേനിനക്കുംകഴിവീലെന്നാരറിവൂ?
സ്വത്തുനിനക്കില്ലയെങ്കിലുമെന്‍സ്നേഹ
സത്തുനീയെന്നാരറിവൂ പെണ്‍കിടാവേ?
അനാഥയാംനിന്നാത്മരോദനത്തിലൊരു
താരാട്ടായെന്‍മനംനിത്യവുംപാടിടുന്നോമലേ
ഇവിടെയീശാന്തിതീരത്തുനിന്‍മതവുമെന്‍-
മതവും നമുക്കുവേണ്ടറിയേണ്ടൊരിക്കലും
നിന്‍തഴുകലില്‍ശുശ്രൂഷയിലെന്‍ചിത്ത-
മൊരുസ്വര്‍ഗ്ഗകവാടത്തിലെത്തിയോമലേ..
നീയും ഞാനുമിതേതുബന്ധത്തിന്നാത്മ-
സ്പര്‍ശമറിവീലൊട്ടുമയങ്ങട്ടെഞാന്‍
അരികിലുണ്ടല്ലോനീകണ്ണടയ്ക്കട്ടെ ഞാന്‍....

സിന്ധുസുരേഷ്

നിഴലുകള്‍(കവിത)

            നിഴലുകള്‍

മധ്യാഹ്നമായെന്‍റെ നിഴലുമൊഴിയുന്നു
കാലമിതേറെക്കടന്നുപോയോ?
ചെയ്യുവാനുണ്ടേറെ കര്‍മ്മങ്ങളിന്നെന്‍റെ
ചേതനയൊന്നൊന്നായോര്‍ത്തുവയ്ക്കേ,
എവിടെത്തുടങ്ങണമെന്തുതുടങ്ങണം
എങ്ങനെയെന്നുമുഴറിടാതെ
ഓരോന്നായങ്ങനെചെയ്തുതീര്‍ത്തീടവേ
നീളവും നിഴലിനങ്ങേറിവന്നു
അരുമയായന്നൊരുനാളില്‍ഞാന്‍നട്ടയാ-
മൂവാണ്ടന്‍മാവിന്‍റെ നിഴലിലിപ്പോള്‍
ഓടിക്കളിക്കുന്നു ചാടിക്കളിക്കുന്നു
ചാരിയിരിയ്ക്കുന്നു പഥികരെല്ലാം
കാലംകടക്കവേ കര്‍മംനിറയ്ക്കവേ
ചുളിവുകള്‍മൂടിയെന്‍തനുവതിന്‍മേല്‍
നിഴലിന്‍നിറമങ്ങിരുണ്ടതാണെങ്കിലും
ഇരുളിന്‍കറുപ്പിലും വെണ്‍മയുണ്ടേ,
കണ്ണിനുതാഴെയീകറുത്തനിഴലിലും
സന്തോഷവെണ്‍മുത്തുതിളങ്ങിനില്പൂ...

സിന്ധു സുരേഷ്

Wednesday, January 2, 2019

പിഴവ്(കഥ)

പിഴവ്

മകളുടെമടിയില്‍ തളര്‍ന്നുകിടന്ന അപ്പുവിനെ  തോളിലിട്ട് മാധവന്‍നായര്‍ ലക്ഷ്മിയുടെ ഫോട്ടോയ്ക്ക് മുന്നില്‍പ്പോയിതേങ്ങി.ഇരുപത്  വര്‍ഷംമുന്‍പ് ലക്ഷ്മിയെ വിധിവിളിച്ചപ്പോള്‍ മകള്‍ക്കുവേണ്ടിമാത്രമായിരുന്നു പിന്നീടുള്ള ജീവിതം.മകളെപഠിപ്പിച്ചു, ജോലിനേടി,വിവാ ഹവുംകഴിഞ്ഞു.അപ്രതീക്ഷിതമായുണ്ടായ  ബൈക്കാക്സിഡന്‍റില്‍ മകളുംവിധവയായി രിക്കുന്നു.അയാള്‍ കണ്ണീര്‍തുടച്ചു.ഒരാഴ്ചക്കു ശേഷംമകള്‍ ജോലിക്കു പോയിത്തുടങ്ങി. അയാള്‍ സന്തോഷിച്ചു ,മകള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയല്ലോ.ദി വസങ്ങള്‍കഴിയവെ മകള്‍ ഓഫീസില്‍നിന്നും വരാന്‍വൈകിത്തുടങ്ങി.ക്രമേണകൂടെജോലി ചെയ്യുന്ന ജോര്‍ജ്ജിനൊപ്പമായിവരവ്.''അച്ഛാ ഞാന്‍ ജോര്‍ജ്ജിനോടൊപ്പം പോവുകയാണ്, ഞങ്ങള്‍ രജിസ്റ്റര്‍മാര്യേജ് ചെയ്തു.'' മകളുടെ അപരിചിതത്വം അയാളെ വേദനിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് താനൊന്ന് തിരിഞ്ഞു ചിന്തിച്ചിരുന്നെങ്കില്‍..

Tuesday, January 1, 2019

കിളിക്കൂട് (കവിത)

കിളിക്കൂട്.

പച്ചില തിരയുന്ന പാവം പക്ഷികള്‍..
വറ്റിവരണ്ടചുണ്ടുകളാല്‍  ചിറകൊതുക്കി
കൊടും ഉഷ്ണമകലാന്‍ ചിറകിളക്കി തൂവല്‍ക്കുടഞ്ഞ്
ചേക്കേറിയൊന്നിരുന്നെങ്കിലും മെല്ലെ
കേഴുന്നയുള്ളമടക്കി,
താപമടക്കിക്കാത്തിരിപ്പൂ രാവേറെയും പുലരുവോളവും
കൂടുനഷ്ടമായയാചെറുകിളിക്കുടുംബവും
ഇനിയുംവരുമൊരായിരംതളിരിലയെന്നു നിനച്ചിരിപ്പൂപാവമപ്പറവകള്‍..
വരും വരാതിരിക്കാനാവില്ല ചില്ലയില്‍
തളിരിലയും   ചെറു പൂക്കളും..

ഇത്തിള്‍ക്കണ്ണി(കവിത)

            ഇത്തിള്‍ക്കണ്ണിയായ്....

നിലാവുപരക്കും നീലരാവിലെപ്പൊഴോ
ഹിമബിന്ദുനിറയും പുലരിയിലെന്നോ
നിഴലുകുറുകുമൊരുച്ചമയക്കത്തിലെന്നോ
നീയൊരിത്തിള്‍ക്കണ്ണിയായതെന്നില്‍ ?

നിറഞ്ഞമൗനമെന്നിലൊരുവലയമായ്
വാക്കുകള്‍  ഉതിരാതെതങ്ങിനില്‍ക്കവേ
ചിരിമങ്ങിയൊരു സുഖനൊമ്പരത്തിന്‍
തുടിക്കുംഹൃദയതാളമടക്കി  നിശ്ശബ്ദയായ്,

മൂകാനുരാഗമൊരുവിഷാദഗാനമാലപിക്കവേ-
യൊന്നുപിന്‍തിരിഞ്ഞുനോക്കിയെങ്കിലും
അകലെദൃഷ്ടിയൂന്നി നീ ഗാനംശ്രവിക്കാതെ
മറഞ്ഞകലുമ്പോഴുരുകുന്നുവോ മാനസം?

നീകടന്നുപോകുംവഴികളിലെ കാല്പാടുകളെ-
ത്തലോടിയുമൊപ്പംമെല്ലെ പദമൂന്നിയും
ഒരുനിര്‍വൃതിയിലലിഞ്ഞു നടക്കവേ
അറിയാതെപോകുന്നുവോ ദിനരാത്രങ്ങളെ?

ഗദ്ഗദമൊരുവിങ്ങലായങ്ങടക്കുവാനും
നിറഞ്ഞമിഴിനീരുതിര്‍ത്താതിരിക്കുവാനും
പകലുമിരവുമിതുപോല്‍തുടരുവാന്‍
ശീലമാക്കിയതേതുഗുരുവിന്‍ പാഠം?

മിഥ്യയെപ്പുല്‍കിയുറങ്ങിയുണരുവാനുള്ളം
നിത്യമഭ്യസിച്ചാര്‍ക്കുമഴലേകിടാതെ,
പുഞ്ചിരിയൊരാവരണമാക്കിച്ചിരിച്ചു-
മിങ്ങനെയീയിത്തിള്‍ക്കണ്ണിയുമീഞാനും..

         
                                     സിന്ധു സുരേഷ്

തിരുവാതിരപ്പാട്ട്(കവിത)

തിരുവാതിരപ്പാട്ട്

തുമ്പിക്കരമതുയര്‍ത്തിയീ-
ക്കന്യകമാര്‍ക്കുംമഹിളകള്‍ക്കും
ഏകീടുക സതതംവരം
ഏകദന്താ ഗണനായകനേ...

മഞ്ഞുമൂടുംകാലമിതെന്നാല്‍
മനസ്സിലാകെയാതിരമാത്രം
ആതിരാപ്പൊന്‍തിരുവാതിരയില്‍ ദശപുഷ്പംചൂടിടും.

ആടിപ്പാടിരസിച്ചീടുംഞാന്‍
ഊഞ്ഞാലാടിത്തിമര്‍ത്തീടും
വെറ്റിലയൊരുക്കിമുറുക്കി
കൂട്ടരൊത്തങ്ങാനന്ദിക്കും.

കുളിരുചൂടിയരാവിനെഞങ്ങള്‍ കൂട്ടമായിട്ടാടിപ്പാടി
തിരുവാതിരക്കളികേളിയുമാടി
താപമാക്കിയകഥയുമിതാണേ

മാനസത്തിന്‍താപമകറ്റി
മെയ്യുതന്നില്‍ താപമതേറ്റിയ
മങ്കമാരതേതാണെന്ന്
ചൊല്ലിടേണ്ടകാര്യമതുണ്ടോ....

സിന്ധുസുരേഷ്

നഷ്ടവസന്തം(കവിത)

നഷ്ടവസന്തം

സഖീ നിന്‍വിരല്‍ത്തുമ്പിന്‍
സ്പര്‍ശമെന്നനുരാഗതന്ത്രിയില്‍
മൃദുരാഗമുണര്‍ത്തവേയെന്നോര്‍മ്മ-യൊരുകുളിരലയായ് ഗീതമായ്
ചെറുകാറ്റായലയുന്നിതാ...
നാമൊന്നിച്ചാടിത്തിമര്‍ത്തയാ
മധുവൂറുംകാലമതെത്രരമ്യം!
ഹാ!കുളിരോലുമാസ്മരണ-
യൊരല്പംമതിയല്ലോ സഖീയീ
നരച്ചപകലിരവുകളെ
സഹര്‍ഷംമറികടന്നീടുവാന്‍...
വരികരികത്തിരിക്കുമോ
ഒരല്പംസ്വകാര്യം ബാക്കിയുള്ളതും
ചൊല്ലാന്‍ കൊതിയേറെയായ്.....

സിന്ധുസുരേഷ്

സൗഹൃദം (കവിത)

സൗഹൃദം(കവിത)

നിറമിഴിയോടെ പിന്തിരിയുമെന്‍
മനതാരിലിനിയീമുഖമൊരോര്‍മ്മയായ്..

ഒരുപിടിമണ്ണുമല്പംപൂക്കളുംമാത്രമെന്‍സമ്മാനംനിനക്കായ്

വെയിലേറ്റുവാടിത്തളര്‍ന്നുനീയീവഴിയിലെത്രയിരുന്നിട്ടുമൊട്ടുമിണ്ടീടാതെ

നിന്നെനോക്കാതെ ചിരിക്കാതെഗമയില്‍ ഞാനെങ്ങോ ദൂരെനടന്നുണ്ണീ...

എങ്കിലുമെന്നകമെന്നുമനാഥനാം
നിന്നെയെന്‍സൗഹൃദത്തിലാക്കിയിരുന്നുണ്ണീ...

ഇന്നീലോകരൊക്കെയും നിന്‍കുഴിമാടത്തില്‍ പൂക്കളര്‍ച്ചിക്കേയീഞാനും.....

സിന്ധുസുരേഷ്

നിലാവ്(കവിത)

നിലാവ്

അരുതേയെന്‍ ചക്രവാകപ്പക്ഷീ നീ
വിരഹമോടൊട്ടുംമൊഴിയരുതേയീരാവില്‍
എന്‍പ്രിയനവനീ നിലാവിലെനിക്കായ്
മൂളുമൊരുഗാനമനുരാഗമോടെ
എന്‍ഹൃദയമീനിലാവെളിച്ചത്തിലാനന്ദ-നൃത്തമാടാനൊരുങ്ങി നില്ക്കവേ
എന്‍പ്രണയമറിഞ്ഞവനിങ്ങെത്തവേ
എന്തുനല്‍കേണ്ടൂ പകരമവനായ്?
ഒരുകൈക്കുമ്പിള്‍നിലാവുംപിന്നെയൊരു
തുടംപാല്‍പ്പുഞ്ചിരിനിറയുമീയധരവും
നിഴലനങ്ങാവീഥിയിലീയന്ത്യയാമത്തിലി-
ങ്ങനെമൗനമായൊത്തിരിമിണ്ടിയീ-
നിലാവിന്‍നിഴലിലൊന്നായങ്ങനെയങ്ങനെ-
യീനിലാവൊരിക്കലുംമായാതിരുന്നെങ്കില്‍....

സിന്ധു സുരേഷ്