Wednesday, December 25, 2019

അയ്യപ്പന്‍

അയ്യപ്പന്‍

ശബരിമാമല വാസനേയെന്‍
ഹരിഹരസുതനയ്യനേ...(2)
മാമലകള്‍ക്കധിപനാം എന്‍
മകര ജ്യോതീ കാരണാ...(2)

സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ...(2)

(ശബരി...കാരണാ)

മലകയറി വരുന്ന ഭക്തന്
ഉടലിലാകെയും ആനന്ദം
ചപലമായ മനസ്സിനെ മൃദുതരളമാക്കും ദര്‍ശനം(2)

സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2)

(ശബരി..കാരണാ)

മണിയണിഞ്ഞൊരു ബാലകന്‍റെ
അരികിലായങ്ങെത്തിടാന്‍(2)
കദനമാര്‍ന്നമനസ്സുമായതി
കുതുകമോടങ്ങണയുന്നു(2)

സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2)

(ശബരി...കാരണാ)

പുലരിയെത്തും മുമ്പുതന്നെ
പുഴയില്‍മുങ്ങി സ്നാനവും(2)
കഠിനമായവ്രതങ്ങളും
അതികഠിനമായുള്ള നിഷ്ഠയും(2

സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2

പടിചവിട്ടാന്‍ കാത്തുകാത്തു ദിനവുമെണ്ണിക്കഴിയുന്നു(2)
നിദ്രപോലും മാറ്റിവച്ച്
മന്ത്രംചൊല്ലും നാളുകള്‍...(2)

സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2)
(മലകയറി...)

Wednesday, December 18, 2019

വിട





വിട

നീലമേഘം വിണ്ണിലലിയും നേരമെത്തുമ്പോള്‍
കാറ്റിലൂഞ്ഞാലാടിയെത്തും
കാലമാമശ്വം
ചാരെ കാലമാമശ്വം...(2)

കുഞ്ഞുകാലടി ഏറ്റുവാങ്ങിയ
മണ്ണുകേഴുമ്പോള്‍
പിന്നെയുമീ പാദനിസ്വനം
വന്നണയില്ലേ
ഇവിടെ വന്നണയില്ലേ?(2)
(നീല...)

വെണ്‍മയാകും പാല്‍നുരപോല്‍
പുഞ്ചിരിച്ചോരേ...നിങ്ങള്‍
സഞ്ചരിക്കും പാതയെങ്ങും മംഗളമാകും
എന്നും മംഗളമാകും...(2)
                               (നീല..)

വിശ്വമാകെ നിറഞ്ഞു നിങ്ങള്‍
പുകളേറുമ്പോള്‍
ക്യതാര്‍ത്ഥചിത്തരായ്
ഞങ്ങളേവരും
നന്‍മകള്‍നേരും.....എന്നും
നന്‍മകള്‍ നേരും (2)
                 (നീല..)


Monday, November 25, 2019

ഭജന

ഹനുമാന്‍

ശ്രീ ഹനുമാനേ എന്‍റെ ആഞ്ജനേയനേ..
ശ്രീരാമപ്രിയനാകും  ദേവാ ശ്രീഹനുമാനേ..ദേവാ ശ്രീ ഹനുമാനേ..

വെറ്റിലമാലയുമായ്ഞാനെത്തിടുന്നേരം
എന്‍റെഹനുമാന്‍സ്വാമീകടാക്ഷം
ഏറ്റുവാങ്ങുംഞാന്‍
നിത്യം  ഏറ്റുവാങ്ങും ഞാന്‍

രാമനാമംചൊല്ലിനടക്കും ശ്രീരാമദൂതാ
എന്‍റെശക്തീയായെന്‍മനസ്സില്‍ കുടിയിരിക്കില്ലേ
ഉള്ളില്‍  അധിവസിക്കില്ലേ(ശ്രീ

രാമപാദം നെഞ്ചിലേറ്റി മലകടന്നവനേ
സീതാ...ദേവിക്കായ്ലങ്ക
ചുട്ടെരിച്ചില്ലേ
കടലേഴും ചാടീല്ലേ(ശ്രീ

നിത്യവുംനിന്‍ നാമത്താല്‍ ഞാന്‍
മാലകോര്‍ത്തീടാം
തളിര്‍വെറ്റിലനുള്ളിയതും ഹാരമാക്കീടാം
നല്ലമാലയര്‍പ്പിക്കാം..

സിന്ധുസുരേഷ്

Thursday, November 14, 2019

ശിശുദിനം(കുട്ടിക്കഥ)

''

വീണ്ടുമൊരുശിശുദിനത്തിനായ്..(കുട്ടിക്കഥ)

നാളത്തെ പരിപാടി ഗംഭീരമാക്കണം.നമ്മുടെ അധ്യാപകര്‍ സ്റ്റേജിലെത്തുമ്പോള്‍ കൈയടികൊണ്ട് അന്തരീക്ഷം നിറയണം.'' നിതിന്‍ എല്ലാവരോടുമായി പറഞ്ഞു.

''അതേറ്റു''എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

''ഗോപൂ നീ ടീച്ചറുപറഞ്ഞ പങ്കായം ഉണ്ടാക്കാന്‍ മറക്കരുത്.''

''ടീച്ചര്‍ കഥപറഞ്ഞോ?എന്തിനാ പങ്കായമെന്നു പറഞ്ഞോ?''

''ഇല്ല, ചോദിച്ചില്ല,ഏതായാലും  അധ്യാപകര്‍ നമുക്കായി എന്ത് ചെയ്താലും അത് സന്തോഷമല്ലേ,നീ കുട്ടയും വലയും കൊണ്ടുവരാന്‍ മറക്കല്ലേ''

''മറക്കില്ല''

''അതെ...പങ്കായത്തിന്‍റെ പണി തുടങ്ങിക്കഴിഞ്ഞു,ഒാകെ ഡാ,നാളെ കാണാം.''

കൂട്ടുകാര്‍ പിരിഞ്ഞു,നിതിന്‍ സ്കൂള്‍ ബാഗിലിരുന്ന ചാവി എടുത്തു വീടുതുറന്നു.

കതകുതുറന്നപ്പോള്‍ എവിടുന്നോ അമ്മുപ്പൂച്ചയും ഓടിയെത്തി, നിതിനേക്കാള്‍ മുന്നേ അകത്തുകയറി.

കാറ്റുകയറാത്ത കുടുസുമുറിയിലെ മടുപ്പിക്കുന്ന ഗന്ധം അവനെ അസ്വസ്ഥനാക്കിയില്ല.

വക്കുപൊട്ടിയ കാസറോളില്‍ തണുത്തുമരവിച്ച റൊട്ടി അവനെ കാത്തിരുന്നിരുന്നു.

പരിഭവിക്കാതെതന്നെ കുക്കറിന്‍റെ അടിയില്‍ പറ്റിപ്പിടിച്ചിരുന്ന ദാലും കൂട്ടി അവനതു കഴിച്ചു.അതിന്‍റെ
പങ്ക്പറ്റാനെന്നോണം അമ്മുപ്പൂച്ച അവന്‍റെകാലില്‍ തൊട്ടുരുമ്മി വാലും പൊക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അവനിട്ടുകൊടുത്ത റൊട്ടിക്കഷണങ്ങള്‍ കഴിച്ചിട്ട് അമ്മു വാതിലിനടുത്തേക്കുപോയി.അമ്മുവിന്‍റെ മനസറിഞ്ഞ നിതിന്‍അമ്മുവിനെ എടുത്ത് ഒന്നോമനിച്ചിട്ട് കതകുതുറന്നുകൊടുത്തു.

അവന്‍ക്രിക്കറ്റ്ബാറ്റുകൊണ്ട് പങ്കായമുണ്ടാക്കല്‍ പൂര്‍ത്തിയാക്കി.നാളെയാകാന്‍ നിതിന് ധൃതിയായി .

കഴിഞ്ഞവര്‍ഷം അധ്യാപകര്‍ അവതരിപ്പിച്ച നാടകം അവനെ നന്നായി സ്വാധീനിച്ചു.വൃദ്ധരെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയായിരുന്നു പ്രമേയം.

പൈപ്പില്‍ വെള്ളംവരുന്നശബ്ദം.അടുക്കളയില്‍ പാത്രങ്ങള്‍ കൂടിക്കിടക്കുന്നു.അമ്മവരാന്‍ഇനിയും മണിക്കൂറുകളെടുക്കും. തനിക്കുവേണ്ടി അമ്മ രാപകല്‍ കഷ്ടപ്പെടുന്നു.എന്തോ നിതിന് വിഷമം തോന്നി.. നിതിന്‍ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി.

''വയസായവരെമാത്രമല്ല എല്ലാവരെയും സ്നേഹിക്കണം,സഹായിക്കണം,''ടീച്ചര്‍  പറഞ്ഞത് അവനോര്‍ത്തു.

ഇടയ്ക്കിടെ താനെല്ലാം മറക്കുന്നു.വീണ്ടുമൊരു ശിശുദിനമെത്തിയപ്പോള്‍ എല്ലാം ഓര്‍മ്മവരുന്നു.

നാളെയാകാന്‍ ധൃതിയായി.
പ്രിയപ്പെട്ട അധ്യാപകര്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന പരിപാടികള്‍ കാണാന്‍ കൊതിയായി.

മനസിന് വല്ലാത്ത സന്തോഷം  തോന്നി.നിതിന്‍ അടുപ്പില്‍ വെള്ളം
വെച്ചു അരിയിട്ടു.അമ്മവരുമ്പോള്‍ സന്തോഷമാകട്ടെ.

നാളത്തേക്കുള്ള ബാഗും തയാറാക്കി പങ്കായവും ഒരുക്കി അവന്‍ അമ്മയെ കാത്തിരുന്നു.

കതകില്‍ മുട്ടുകേട്ട് നിതിന്‍ ഡോര്‍തുറന്നു.മനുവാണ്.

''എന്താ,എന്തുപറ്റി?''
''നിതിന്‍,നീ വാര്‍ത്ത  കാണുന്നില്ലേ?''

'ഇല്ല,ടിവി കേടായി,ശരിയാക്കിയില്ല,
എന്തുപറ്റിയെടാ?''

''രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധിയാടാ,ഡെല്‍ഹിയിലെ വിഷമയമായ അന്തരീക്ഷമാണ് കാരണം''.

നിതിന്‍  കസേരയിലിരുന്നു,മനുവും.അമ്മുപ്പൂച്ച വെളിയില്‍ നിന്നും വന്ന് നിതിന്‍റെ മടിയിലേക്കു കയറിയിരുന്നു,നിതിന്‍റെ മുഖത്തേക്കുനോക്കി ''മ്യാവൂ''എന്നുകരഞ്ഞിട്ട് മടിയില്‍ ചുരുണ്ടുകൂടി.
നിതിന്‍ പുഞ്ചിരിച്ചു,

''സാരമില്ല മനൂ,പരിപാടി ഇനി മറ്റൊരു ദിവസം നടത്തിയാലോ?''

''നടത്തുമോ?''

''എന്തോ എന്‍റെ മനസ്സങ്ങനെ പറയുന്നു,നമ്മുടെ പ്രിയപ്പെട്ട  അധ്യാപകരല്ലേ,തീര്‍ച്ചയായും പ്രതീക്ഷിക്കാം''.
ഇരുവരും ചിരിച്ചു.

സിന്ധുസുരേഷ്
14.11.2019

Tuesday, November 12, 2019

മയൂരമേ...(ഗാനം..)


മയൂരമേ...(വെറുതെ ഒരു ഗാന രചന)

മയൂരമേ നീലമയൂരമേ
ഒാടിയകന്നിടല്ലേ....
വെറുതെ മോഹിതയാക്കിടല്ലേ
ഈ പഥികയാമെന്നെ..

വഴിയറിയാതുഴലും വേളയില്‍
കരളിലുടക്കിയ മയൂരമേ...
ഏകാന്തവീഥിയിലീതിരുദര്‍ശനം
വൃന്ദാവനമൊന്നോര്‍ത്തുപോയീ...

അമ്പാടിക്കണ്ണനുംഗോപികമാരുമീ
നീലപ്പീലിതന്‍ സുഖമറിഞ്ഞൂ
നിത്യംഏഴഴകേകുമീ പീലികണ്ടൂ
അതില്‍മൃദുലാംഗുലവുംതഴുകിനിന്നൂ.

അഗതിയാമീയെന്‍മനോമുകുരത്തിലും
പീലിക്കൊതിയെന്തേയാഗതമായ്..
എന്തിനായിന്നുനീയീവഴിയിലെത്തീ
ഒരു മാരീചനെപ്പോല്‍ മോഹിപ്പിച്ചൂ..

,തരുമോ ഒരുചെറുപീലിത്തുണ്ടെന്‍
മനസ്സിന്‍പേജിലൊളിപ്പിക്കാം
പെറ്റുപെരുകും പീലികളാല്‍ഞാന്‍
വര്‍ണാക്ഷരങ്ങള്‍പകര്‍ന്നിടാം..

നിന്‍റെവര്‍ണരാജികളില്‍ഞാന്‍
സ്വപ്നകവിതകള്‍ രചിച്ചിടാം
നിന്‍റെ നൃത്തവിലോലചിറകിലെന്‍
വാഞ്ഛിതഹാരവുമര്‍പ്പിക്കാം

ആരുംകാണാഹൃദയവനികളില്‍
നമുക്കുമാത്രമായ് കൂടൊരുക്കാം
അതില്‍നിനക്കുമാത്രമായ്ഞാന്‍
കവിതപാടാം നല്ല ഗാനംമൂളാം...

മയൂരമേ നീലമയൂരമേ
ഒാടിയകന്നിടല്ലേ....
വെറുതെ മോഹിതയാക്കിടല്ലേ
ഈ പഥികയാമെന്നെ..

സിന്ധുസുരേഷ്
12.11.19

ഭീരുത്വം (കവിത)

ഭീരുത്വം

കറുത്തകാടുകള്‍വെട്ടിഞാനൊരു
കൂടൊരുക്കിയില്ലേ?
കാട്ടുപൂക്കള്‍കോര്‍ത്തുഞാനൊരു
മാലതീര്‍ത്തില്ലേ?
കാട്ടുകനികളുംകായ്ക്കളുമായ്
കാത്തിരുന്നില്ലേ?
കാട്ടുചോലയില്‍നിന്നുംതെളിനീര്‍
കുമ്പിളേകിയില്ലേ?
കാട്ടുപക്ഷികള്‍കൂട്ടമായ്‌വന്നെ-ത്തി നോക്കിയില്ലേ?
ക്രൂരമൃഗങ്ങളുംവേട്ടനായ്ക്കളും
മണത്തടുക്കുമ്പോള്‍
ഭയന്നകലുമൊരു ഭീരുവെപ്പോല്‍
ഒളിച്ചിരിക്കരുതേ...
അണിഞ്ഞമാലയതകലെക്കളയാന്‍ നീ പറയരുതേ....
ഭീരുത്വമല്ലഭൂഷണം നല്‍ശൂരത്വമതേതാണിനും...

സിന്ധുസുരേഷ്
12.11.19

Wednesday, September 25, 2019

പാലാരിവട്ടം പാലംപോലൊരു(കവിത)


പാലാരിവട്ടം പാലം പോലൊരു പ്രണയം...


അവന്‍റെ പ്രണയം
ഈര്‍പ്പമുറഞ്ഞ്
നനുത്തതായിരുന്നു,പക്ഷേ അവളറിഞ്ഞിരുന്നില്ല...

കാരണം അവന്‍റെ സ്നേഹം
പാലംപോലെ ഉറച്ചതാണെന്ന്
അവളെ അവന്‍ വിശ്വസിപ്പിച്ചിരുന്നു...എന്നും...

പ്രകടനപരതയില്‍ സ്നേഹ-ത്തോടൊപ്പ,മലിയിച്ചു ചേര്‍ത്ത
മായത്തിന്‍റെയാധിക്യവും
അവളറിഞ്ഞിരുന്നില്ല....

കാരണം ഉറച്ചതൂണുപോലെ
ബലിഷ്ഠമാണാകരങ്ങളെന്നും
അവിടെയവള്‍ സുരക്ഷിതയെന്നും
അവനാവര്‍ത്തിച്ചിരുന്നല്ലോ?..എന്നും...

കാപട്യത്തിന്‍റെ ദൃഢതയാല്‍
ശിഥിലമായിരുന്നു
സ്നേഹക്കമ്പിയിഴകളെന്നും
അവളറിഞ്ഞിരുന്നില്ല....

കാരണം പ്രണയത്തംബുരു-
വിന്‍റെ ശ്രുതിയില്‍
ബലക്ഷയം അവനെപ്പോഴും
മറച്ചുവച്ചിരുന്നല്ലോ?തന്ത്രപൂര്‍വ്വം..

അതെ ,അവന്‍റെ പ്രണയം
പാലാരിവട്ടം പാലംപോലെ
ചതിനിറഞ്ഞതെന്നറിഞ്ഞ
പ്പോഴേക്കുംഅവള്‍ വൈകിയിരുന്നു...ഏറെ...

സിന്ധു സുരേഷ്
25.09.2019

Monday, September 23, 2019

ഉണര്‍വ്വ് (കവിത)


ഉണര്‍വ്വ്......

ഓണക്കാലവു,മകന്നുപോയെന്‍
രാപ്പകലുകള്‍ പിന്നെയുമിതാ,
നിശബ്ദമായതി,ശാന്തമായിട്ടേ-
കാന്തകമ്പളം മൂടിയുറങ്ങുന്നു.

വിരുന്നുകാരും വന്നുപോയി
വീടുനിറയെ ശൂന്യതയും..
വെറുതെയിത്തിരി നേരമീപ്പടി-
വക്കിലായൊന്നിരുന്നു ഞാനും.

ദൂരെദൂരെയകന്നുപോകുമാ
നിഴലുനോക്കവേ നൊമ്പരം.
ഓണവെയിലും മാഞ്ഞുവോ
തിരുവോണനിലാവുംമറഞ്ഞുവോ?

കൊടിയവേനലില്‍ വാടുംപൂപോലെ
തളര്‍ന്നുനില്‍ക്കരുതരുതു നീ,
കുതിച്ചുയരുക ശലഭംപോലെ
നിന്‍ മനവുമീ,വിഹായസ്സില്‍.

കാലചക്രം ചലിക്കുമിനിയും
ഋതുക്കളെത്തും പതിവുപോല്‍,
എന്നുമീ നിറപുഞ്ചിരി നിന്‍
വദനമാകെ നിറയണം

കൊച്ചുകൊച്ചു സ്വപ്നമോടെനീ
നിത്യവും നിദ്രപൂകണം,
കാലമെത്തും നേരമായാലോടി-
യണയും പൊന്നോണവും....

വീണ്ടുംവീണ്ടുമൊരോണമങ്ങനെ
നമുക്കുചുറ്റും കളിക്കവേ,
വേണ്ട വ്യസനമരുതരുതേ
കൂട്ടുകാരീ,യെഴുന്നേല്‍ക്കുക!!!

എങ്ങുനിന്നായെത്തിടുന്നീ
സ്നേഹസാന്ത്വന നിസ്വനം?
കരളിലൊരു ചെറുമഴപോലു-തിരുമീ വാക്കുകള്‍തന്‍ നാദവും..

പച്ചവെള്ളം തളിച്ചു നിത്യവും
ഓമനിക്കും ചെറുചെടികളോ?
വാരിവിതറിടും പയറുമണികളെ
കൊക്കിലാക്കും കിളികളോ?

ഒക്കെയെന്‍റെ മനസ്സിലിങ്ങനെ
നിത്യ വിസ്മയമാകവേ,
പുത്തനുന്‍മേഷ ധാരയാലെന്‍
മനമുണര്‍ന്നതി ചൊടിയോടെ..

പാറിപ്പറന്നിടാം നല്‍പറവപോല്‍
പോരുവിന്‍ പ്രിയകൂട്ടരേ,യിനി
ഉല്ലസിക്കാമൊത്തുചേരാം
ഓണമാക്കിടാം ദിനങ്ങളെന്നുമേ...

കുതിച്ചുചാടിയാപ്പടിവാതിലുംകട-
ന്നതിമോദമോടെയീ,തൊടിയിലായ്.തെന്നലിന്‍ മൃദുചുംബനങ്ങളേ-റ്റിവിടെ,സ്വൈര്യം വിഹരിക്കുന്നിതാ..

സിന്ധുസുരേഷ്

Friday, August 30, 2019

കാരുണ്യത്തിന്‍റെ കരങ്ങളില്‍ (കഥ)



കാരുണ്യത്തിന്‍റെ കരങ്ങളില്‍..

ഞരമ്പുകളിലേക്കു വലിഞ്ഞു കയറുന്ന മരുന്നിന്‍റെ വേദനയില്‍ അയാള്‍ കണ്ണുകള്‍ മുറുകെയടച്ചു.മയങ്ങിയ കണ്ണുകളിലെ ചുവപ്പും കറുപ്പും നിറഞ്ഞ ഇരുട്ടിന്‍റെ മഞ്ഞപ്പില്‍ ഓര്‍മ്മകള്‍ മറഞ്ഞുനിന്നു.കത്തിക്കാളുന്ന വിശപ്പയാള്‍ക്കന്യമായിരിക്കുന്നു.
നാഡീവ്യൂഹങ്ങളിലേക്കു പടരുന്ന കനത്ത മര്‍ദ്ദത്തില്‍ ഒന്നു ഞരങ്ങി.
കൊടും വേദനയില്‍ ശരീരവും മനസ്സും വേദനിച്ച രാവുകള്‍,പകലുകള്‍..

അവ്യക്തമായ ഓര്‍മ്മയുടെ നിഴല്‍പ്പാടുകളില്‍ കനിവിന്‍റെ തണുത്ത സ്പര്‍ശനത്തില്‍ മയങ്ങി  ആ വെളുത്ത നീണ്ട കുപ്പായത്തിനോട് തല അടുപ്പിച്ചപ്പോള്‍ പാപബോധത്തിന്‍റെ തീക്കനലുകള്‍ നീറി.അച്ചന്‍റെ നേരിയ തണുപ്പുള്ള കരങ്ങള്‍ അയാളുടെ ശിരസ്സില്‍ തഴുകിയപ്പോള്‍ പണ്ടെങ്ങോ അനുഭവിച്ചിരുന്ന അമ്മയുടെ സാമിപ്യം വീണ്ടും  അറിഞ്ഞയാള്‍  കണ്ണുകളടച്ചു.കനിവിന്‍റെ സുഗന്ധത്തില്‍ മയങ്ങി.

അയാളുടെ കൈകള്‍ അറിയാതെ അച്ചന്‍റെ കഴുത്തിലെ കുരിശുമാലയില്‍ പരതി.  ആ കുരിശില്‍ മെല്ലെപിടിച്ച് മയക്കത്തിന്‍റെ ആഴങ്ങളലേക്കു വഴുതി വീണു.
അച്ചന്‍ അയാളോടു കൂടുതല്‍ ചേര്‍ന്ന് കട്ടിലില്‍ ഇരുന്നു.
                വെളിയില്‍  ഇപ്പോഴും ആ നായ  ചുരുണ്ടുകിടക്കുന്നുണ്ട് .ദിവസങ്ങളായി മുറിവു നിറഞ്ഞ കാല്പാദങ്ങളുമായി തെരുവിലെ
കടത്തിണ്ണയുടെ സൈഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കു സമീപം ഈ നായയുമുണ്ടായിരുന്നത്രേ.കഴിഞ്ഞദിവസം  നായ അയാളുടെ മുറിവില്‍ നക്കുന്നുണ്ടായിരുന്നു.ഇതുകണ്ട  കപ്യാര്‍ സക്കറിയ തന്നോടുവന്നു പറഞ്ഞപ്പോള്‍  കൂടുതല്‍ ആലോചിക്കാതെ നേരെയിങ്ങുപോന്നതു നന്നായി,.അച്ചനോര്‍ത്തു.
താനെത്തുമ്പോള്‍
അയാള്‍ ആരോ വലിച്ചെറിഞ്ഞ മണ്ണുപുരണ്ട പഴുത്തമാങ്ങയുടെ തൊലികടിച്ച് തിന്നുകയായിരുന്നു.
കുഴിയിലേക്കാണ്ടുപോയ കണ്ണുകളും ഒട്ടിയ വയറും വിശപ്പിന്‍റെ കഠിനത വിളിച്ചോതിയിരുന്നു.

സക്കറിയയുടെ സഹായത്താല്‍ അയാളെ കാറിലേക്കു കയറ്റുമ്പോള്‍ വാലാട്ടിക്കൊണ്ട് നായയും അയാളുടെ സമീപത്തേക്കു വന്നു.സക്കറിയ നായയെ ആട്ടിയകറ്റാന്‍ നോക്കി.പക്ഷേ അതിനേയും കൂട്ടിക്കോളാന്‍ താന്‍ ആംഗ്യം കാണിച്ചു.അയാളോടൊപ്പം നായയും കാറില്‍കയറി.
വിശപ്പിന്‍റെ ഭാണ്ഡം
പോലെ അഴുക്കു പുരണ്ട
ഒരു ഭാണ്ഡക്കെട്ട് അയാള്‍ നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു.
പുലരുവോളം അച്ചന്‍ അയാള്‍ക്കരുകില്‍ത്തന്നെയിരുന്നു.പ്രഭാതത്തിന്‍റെ നേര്‍ത്തകിരണങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയിരുന്നു.അച്ചന്‍ ഒന്നുമയങ്ങിയോ?

കാലുകള്‍ മെല്ലെ ചലിപ്പിച്ചപ്പോള്‍ അയാളറിഞ്ഞു,ആരോ കാലിനുസമീപം തലപൂഴ്ത്തിയിരിക്കുന്നു.അച്ചന്‍..അയാളുടെ ഹ്യദയംവല്ലാതെ മിടിച്ചു.തെരുവില്‍ വിശന്നു പുഴുവരിച്ചുകിടന്ന തന്നെ ഇവിടെ എത്തിയ്ക്കാന്‍  താന്‍ എന്തെങ്കിലും  പുണ്യം ചെയ്തിരുന്നുവോ?..ഇല്ല ഈ സ്നേഹത്തിനു താനര്‍ഹനല്ല
ഇവിടുന്നുപോകണം.അയാള്‍ കാല്‍ മെല്ലെ വലിയ്ക്കാന്‍ നോക്കി,കഴിഞ്ഞില്ല,അച്ചനുണരും.ആ നല്ല മനുഷ്യന്‍റെ ഉറക്കം നഷ്ടപ്പെടുത്താന്‍ ആവില്ല

  അയാള്‍ കട്ടിലില്‍ ചാരിയിരുന്നു .കണ്ണുകളടച്ചു..ഓര്‍മ്മകള്‍..കുത്തിനോവിക്കുന്ന ഓര്‍മ്മകള്‍ ..

യൗവനത്തിന്‍റെ തിളച്ചുമറിയലില്‍ എന്തിനോ ഒക്കെയുള്ള വിശപ്പായിരുന്നു.പുതിയ പുതിയ സൗഹൃദങ്ങള്‍ പകര്‍ന്നു നല്‍കിയ ആനന്ദം
പിന്നിട്ടവഴികളുടെ മാറാല പണിതു.
പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയപാതകളും
മതിലുകളില്ലാത്ത കൊച്ചുപറമ്പുകളും
മനസ്സിലേക്കൊന്നെത്തിനോക്കിയതു പോലുമില്ല.

‌കായലിന്‍റെ അങ്ങേക്കരയിലെ പള്ളിമണികള്‍ മുഴങ്ങുമ്പോള്‍ കുഞ്ഞിവിരലുകള്‍ മുറുകെപ്പിടിച്ചു നടന്നുനീങ്ങിയിരുന്ന അമ്മയുടെ രൂപവും ഓര്‍മ്മിച്ചില്ല.
‌ഓരോ പെരുന്നാളിനും ഇല്ലായ്മ മറച്ച് പുത്തന്‍ ട്രൗസര്‍ അണിയിച്ചിരുന്ന
‌ശുഷ്ക്കിച്ച കരങ്ങളുടെ ലാളനയില്‍ നിന്നൊരു ഒളിച്ചോട്ടം.
‌എങ്ങനെയോ അകപ്പെട്ടുപോയ  സൗഹൃദവലയങ്ങളില്‍ നിന്ന് മോചിതനാകുക എളുപ്പമായിരുന്നില്ല
‌ബിസിനസ്സില്‍ പച്ചപിടിച്ച് ധാരാളം പണം കൈയിലെത്തിയപ്പോള്‍ വിശപ്പ് വയറിനായിരുന്നില്ല.
‌ഉയര്‍ച്ചയുടെ കൊടുമുടിയില്‍ ആഗ്രഹത്തിന്‍റെ വിശപ്പിന്‍ ജ്വാലകള്‍ നാവു നീട്ടി പടര്‍ന്നു..
ആവേശത്തിമിര്‍പ്പില്‍ ,സമ്പന്നതയില്‍
‌കൂട്ടുകൂടാന്‍ ചുറ്റും കഴുകന്‍ കണ്ണുകള്‍ 
‌തക്കംപാര്‍ത്ത ദിനങ്ങള്‍.
‌പ്രലോഭനങ്ങളും ആനന്ദലഹരികളും അശ്വത്തിന്‍റെ വേഗതയില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവനാക്കി.പിന്നീട്  പിടിവള്ളിയില്ലാത്ത
‌അന്ധകാരത്തിന്‍റെ ചുഴിയിലേക്കു നീങ്ങിയപ്പോള്‍ ആരവങ്ങള്‍ ഒഴിഞ്ഞിരുന്നു.കൈവിട്ട പട്ടംപോലെ എങ്ങോ ഒക്കെ പറന്നുനടന്നു.

‌ദിവസങ്ങള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍,സൗഹൃദങ്ങളുടെ അകല്‍ച്ചയില്‍ ഒറ്റപ്പെട്ടപ്പോള്‍ എപ്പോഴോ ശൂനൃമായ ബാലന്‍സില്‍ താളം തെറ്റിയലഞ്ഞു.ബസ്സ്റ്റാന്‍ഡുകള്‍,കടത്തിണ്ണകള്‍,തെരുവോരങ്ങള്‍,മുറിവുകള്‍,വ്രണങ്ങള്‍,ഈച്ചകള്‍..
‌തെരുവിന്‍റെ ദ്രുതചലനങ്ങള്‍,കടിപിടികൂടുന്നനായ്ക്കൂട്ടങ്ങള്‍,വിശപ്പിന്‍റെവിളിയില്‍ മത്സരിച്ച് മാലിന്യക്കൂമ്പാരത്തില്‍ പരതുന്ന ബാല്യങ്ങള്‍..

‌ദിവസങ്ങായി  കാല്പാദങ്ങള്‍ നക്കിത്തുടച്ചുകൊണ്ട് കൂടെ ചുരുണ്ടുകിടന്ന നായയുടെചൂടോ തണുത്ത മൂക്കിന്‍റെ ശ്വാസമോ കാലില്‍ പതിക്കുന്നില്ല.

‌അയാള്‍ വീണ്ടും മയക്കത്തിലേക്ക്..

‌കുഞ്ഞിവിരലുകള്‍ മുറുകെപ്പിടിച്ചു നടന്നു നീങ്ങുന്ന രൂപം അയാളെത്തഴുകി..അമ്മ..അമ്മ..
‌സിസ്റ്റര്‍ അയാളുടെ നാവിന്നടിയിലേക്ക്
‌തെര്‍മോമീറ്റര്‍ മൃദുവായി തിരുകി, നെറ്റിയില്‍ മെല്ലെതടവി.അമ്മ അമ്മ
‌ആവെളുത്ത വസ്ത്രത്തിന്‍റെ  ഗന്ധത്തില്‍,സ്പര്‍ശനത്തില്‍ അയാള്‍ അമ്മയെ അറിഞ്ഞു.

‌ഇപ്പോള്‍ ഈ തണുപ്പില്‍ വെളുത്തകുപ്പായങ്ങളുടെ ഗന്ധത്തില്‍
‌ശാന്തിയുടെ നാവു നുണഞ്ഞുകൊണ്ട് അയാള്‍ മെല്ലെ ചുണ്ടനക്കി.നല്ല വിശപ്പുണ്ടായിരുന്നു.അമ്മയുടെ മടിയില്‍ തലചായ്ച്ചുകിടക്കുമ്പോള്‍..കഥകേള്‍ക്കുമ്പോള്‍
‌''മതിയമ്മേ''അയാള്‍ മെല്ലെപറഞ്ഞു,
‌''ഇതാമോനേ ഈ ഉരുളകൂടി''അമ്മപറഞ്ഞുവോ?
‌''മതിയമ്മേ'' വീണ്ടും പറയുന്നതിനുമുന്‍പേ അയാളുടെ നാവിന്നടിയില്‍ നിന്ന് സിസ്റ്റര്‍
‌തെര്‍മോമീറ്റര്‍ മാറ്റി.
‌അയാളുടെ കണ്ണുകള്‍ അമ്മയെകാണാന്‍ കൊതിച്ചു..
‌കാരുണ്യത്തിന്‍റെ കാവല്‍ക്കാരനായ അച്ചന്‍ അയാളെ തഴുകി,
‌''എന്തേ അമ്മയെകാണണമോ''
‌അയാള്‍ തലതാഴ്ത്തി കുറ്റവാളിയെപ്പോലെ..
‌പിന്നെ മെല്ലെപ്പറഞ്ഞു
‌''അമ്മയെകണ്ടെത്തണം''

‌''നമ്മള്‍കണ്ടെത്തും,ക്ഷീണം ഇത്തിരികൂടെമാറട്ടെ,മുറിവൊന്നു കരിയട്ടെ''

‌അച്ചന്‍ അയാളോടു ചേര്‍ന്നു നിന്നു,ആ നെറ്റിയില്‍ തഴുകി,ഒരു പ്രാര്‍ത്ഥനാഗീതംപോലെ...അപ്പോള്‍ അമ്മയെകണ്ടത്താനുള്ള വിശപ്പായിരുന്നു അയാള്‍ക്ക്....

                 സിന്ധു  സുരേഷ്


           

ചക്രവ്യൂഹം (കഥ)

ചക്രവ്യൂഹം

മയങ്ങിയകണ്ണുകള്‍ മെല്ലെ തുറന്ന് മിഥുന്‍ ചുറ്റും നോക്കി. അവ്യക്തമായ
കാഴ്ചകളില്‍ വീണ്ടും കണ്ണടഞ്ഞു.ആരുടെയോ കരസ്പര്‍ശം അവനറിഞ്ഞു.മൃദുവല്ലാത്ത ആ കൈകള്‍ അത്...അവന്‍റെ ഹൃദയം നിലവിളിച്ചുകൊണ്ടേയിരുന്നു.
പുറത്തേക്കുവരാത്ത ശബ്ദത്തില്‍ അവന്‍ നിശബ്ദം കരഞ്ഞു.
അപ്പോള്‍  ആ മൃദുവല്ലാത്ത കൈകള്‍ അവനെ മുറുകെപ്പിടിക്കുന്നതും ഒരുകൈകൊണ്ട് അവന്‍റെ കണ്ണുനീര്‍തുടയ്ക്കുന്നതും ചുടുകണ്ണീര്‍ അവന്‍റെ കൈകളിലിറ്റുവീഴുന്നതും അവനറിഞ്ഞു.
''അച്ഛാ'' അവനുറക്കെവിളിച്ചു. ശബ്ദം പുറത്തേയ്ക്കു വന്നില്ലെങ്കിലും  മകന്‍റെ നിലവിളി അയാള്‍ കേട്ടു.
''മോനേ''എന്ന് ഉള്ളില്‍ത്തിങ്ങും  വേദനയാല്‍ വിളിച്ചുകൊണ്ട്  അയാള്‍  അവനെ തഴുകിക്കൊണ്ടിരുന്നു. നിറഞ്ഞകണ്ണുകളിലെ കൊഴുത്ത കണ്ണുനീരിന്  പറയാന്‍ ഏറെ കഥകള്‍..

മിഥുന്‍ മെല്ലെ ബോധത്തിലേക്ക്....
അവന്‍ അച്ഛനെ ഉറ്റുനോക്കി,ഒരിക്കലും  കരഞ്ഞുകണ്ടിട്ടില്ലാത്ത അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.അവന്‍റെ ഹൃദയംനൊന്തു,അവനുറക്കെവിളിച്ചു,
''അച്ഛാ''...ആ ശബ്ദം മെല്ലെ പുറത്തേയ്ക്കുവന്നു.
അയാള്‍ അവന്‍റെ കവിളില്‍ പകരം ഒരുമ്മ നല്‍കി.

''അച്ഛാ,എനിക്കു  തെറ്റുപറ്റി,ഞാന്‍ ഒരിക്കലും ചെയ്യരുതാത്തത് ചെയ്തു.  മയക്കുമരുന്നിന് അടിമയായി ,എന്‍റെ അച്ഛനെ ഉപേക്ഷിച്ചു...''
''മോനേ,മതി അച്ഛനൊന്നും കേള്‍ക്കേണ്ട...ഒന്നും ..നീ തിരിച്ചുവരുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നു...നീ വന്നല്ലോ ..തെറ്റുതിരിച്ചറിഞ്ഞല്ലോ..അതുമതി..അതുമാത്രം മതി..ഉറങ്ങിക്കോളൂ..കുറച്ചുകൂടി..''

അവന്‍ കണ്ണടച്ചു,എന്തൊക്കെയോ  ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.അമ്മ ഉപേക്ഷിച്ചുപോയിട്ടും സ്നേഹത്തോടെ തന്നെ വളര്‍ത്തിയ അച്ഛനും അച്ഛമ്മയും..അമ്മയ്ക്കെങ്ങനെതോന്നി എന്‍റച്ഛനെ ഉപേക്ഷിക്കാന്‍..കുടുംബപ്രശ്നങ്ങള്‍ എന്തെന്നറിയുന്ന പ്രായമായിരുന്നില്ല തനിക്ക്.
പക്ഷേ അമ്മയ്ക്ക് മറ്റാരോ ആയിട്ട് അടുപ്പമുണ്ടായിരുന്നതും അയാളോടൊപ്പം പോയതുമാണെന്ന് അച്ഛമ്മയുടേയും മറ്റും സംസാരത്തിലൂടെ അറിഞ്ഞ കുഞ്ഞുമനസ്സ് ഒത്തിരി  വേദനിച്ചു.ഒരുപാടുസംസാരിക്കുമായിരുന്ന അച്ഛന്‍ മൗനിയായതും മദ്യത്തിനടിമയായതും വളര്‍ന്നുവരവേ താനറിഞ്ഞു.
അച്ഛമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട താന്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു.
പിന്നീടെപ്പോഴോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.
വീട്ടുജോലിക്കാരിയില്‍നിന്നും മകന്‍റെ തെറ്റായപോക്ക് മനസ്സിലാക്കിയ അച്ഛന്‍ പലപ്പോഴും  തന്‍റെമുറിയില്‍ വന്നിരുന്നു..ആ ചുവന്ന കണ്ണുകളില്‍ മദ്യത്തിന്‍റെ ലഹരിയുണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നും സംസാരിച്ചില്ല.
പിന്നെ പിന്നെ എന്നുമുതല്‍ക്കാണാവോ വീട്ടിലേക്കുപോകാതെയായത്..ഒന്നും ഓര്‍മ്മയില്ല.
മയക്കത്തിലേക്കുവഴുതി വീഴവേ ചുണ്ടിലേക്കു കഞ്ഞി പകരുന്നത്  അവനറിഞ്ഞു . അച്ഛമ്മയുടെ കൈകളാണോ?...ഇല്ല അച്ഛമ്മ ഇനി ഇല്ലല്ലോ? അച്ഛമ്മയോട് സ്നേഹത്തില്‍ സംസാരിക്കാനും
താന്‍ മറന്നത് എന്നു മുതലാണ്?
അച്ഛമ്മാ...അച്ഛമ്മാ...അവന്‍ ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും
നേര്‍ത്ത ശബ്ദം മാത്രമേ പുറത്തേക്കുവന്നുള്ളൂ..

മകന്‍റെ മനസ്സറിഞ്ഞ അച്ഛന്‍ അവന്‍റെ ഇരുകൈകളും തന്‍റെ നെഞ്ചോടു ചേര്‍ത്തുവെച്ചു വിതുമ്പി.....
എന്‍റെ മകനെ എനിക്കു തിരിച്ചു കിട്ടി... തിരിച്ചുകിട്ടി....

ആ തിരിച്ചറിവില്‍ അച്ഛനും മകനും ആനന്ദക്കണ്ണീര്‍ പൊഴിച്ചപ്പോള്‍ ദൂരെ  എവിടെയോ ഒക്കെ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മ...അല്ല..ഒന്നിലധികം അമ്മമാര്‍...അച്ഛന്‍മാര്‍ ഒരുതുള്ളിക്കഞ്ഞിവെള്ളത്തിനോ അല്പം സ്നേഹത്തുള്ളിയ്ക്കോ വേണ്ടി കേഴുന്നുണ്ടായിരുന്നു....

സിന്ധുസുരേഷ്
30.1.19