''
വീണ്ടുമൊരുശിശുദിനത്തിനായ്..(കുട്ടിക്കഥ)
നാളത്തെ പരിപാടി ഗംഭീരമാക്കണം.നമ്മുടെ അധ്യാപകര്‍ സ്റ്റേജിലെത്തുമ്പോള്‍ കൈയടികൊണ്ട് അന്തരീക്ഷം നിറയണം.'' നിതിന്‍ എല്ലാവരോടുമായി പറഞ്ഞു.
''അതേറ്റു''എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
''ഗോപൂ നീ ടീച്ചറുപറഞ്ഞ പങ്കായം ഉണ്ടാക്കാന്‍ മറക്കരുത്.''
''ടീച്ചര്‍ കഥപറഞ്ഞോ?എന്തിനാ പങ്കായമെന്നു പറഞ്ഞോ?''
''ഇല്ല, ചോദിച്ചില്ല,ഏതായാലും അധ്യാപകര്‍ നമുക്കായി എന്ത് ചെയ്താലും അത് സന്തോഷമല്ലേ,നീ കുട്ടയും വലയും കൊണ്ടുവരാന്‍ മറക്കല്ലേ''
''മറക്കില്ല''
''അതെ...പങ്കായത്തിന്‍റെ പണി തുടങ്ങിക്കഴിഞ്ഞു,ഒാകെ ഡാ,നാളെ കാണാം.''
കൂട്ടുകാര്‍ പിരിഞ്ഞു,നിതിന്‍ സ്കൂള്‍ ബാഗിലിരുന്ന ചാവി എടുത്തു വീടുതുറന്നു.
കതകുതുറന്നപ്പോള്‍ എവിടുന്നോ അമ്മുപ്പൂച്ചയും ഓടിയെത്തി, നിതിനേക്കാള്‍ മുന്നേ അകത്തുകയറി.
കാറ്റുകയറാത്ത കുടുസുമുറിയിലെ മടുപ്പിക്കുന്ന ഗന്ധം അവനെ അസ്വസ്ഥനാക്കിയില്ല.
വക്കുപൊട്ടിയ കാസറോളില്‍ തണുത്തുമരവിച്ച റൊട്ടി അവനെ കാത്തിരുന്നിരുന്നു.
പരിഭവിക്കാതെതന്നെ കുക്കറിന്‍റെ അടിയില്‍ പറ്റിപ്പിടിച്ചിരുന്ന ദാലും കൂട്ടി അവനതു കഴിച്ചു.അതിന്‍റെ
പങ്ക്പറ്റാനെന്നോണം അമ്മുപ്പൂച്ച അവന്‍റെകാലില്‍ തൊട്ടുരുമ്മി വാലും പൊക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അവനിട്ടുകൊടുത്ത റൊട്ടിക്കഷണങ്ങള്‍ കഴിച്ചിട്ട് അമ്മു വാതിലിനടുത്തേക്കുപോയി.അമ്മുവിന്‍റെ മനസറിഞ്ഞ നിതിന്‍അമ്മുവിനെ എടുത്ത് ഒന്നോമനിച്ചിട്ട് കതകുതുറന്നുകൊടുത്തു.
അവന്‍ക്രിക്കറ്റ്ബാറ്റുകൊണ്ട് പങ്കായമുണ്ടാക്കല്‍ പൂര്‍ത്തിയാക്കി.നാളെയാകാന്‍ നിതിന് ധൃതിയായി .
കഴിഞ്ഞവര്‍ഷം അധ്യാപകര്‍ അവതരിപ്പിച്ച നാടകം അവനെ നന്നായി സ്വാധീനിച്ചു.വൃദ്ധരെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയായിരുന്നു പ്രമേയം.
പൈപ്പില്‍ വെള്ളംവരുന്നശബ്ദം.അടുക്കളയില്‍ പാത്രങ്ങള്‍ കൂടിക്കിടക്കുന്നു.അമ്മവരാന്‍ഇനിയും മണിക്കൂറുകളെടുക്കും. തനിക്കുവേണ്ടി അമ്മ രാപകല്‍ കഷ്ടപ്പെടുന്നു.എന്തോ നിതിന് വിഷമം തോന്നി.. നിതിന്‍ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി.
''വയസായവരെമാത്രമല്ല എല്ലാവരെയും സ്നേഹിക്കണം,സഹായിക്കണം,''ടീച്ചര്‍ പറഞ്ഞത് അവനോര്‍ത്തു.
ഇടയ്ക്കിടെ താനെല്ലാം മറക്കുന്നു.വീണ്ടുമൊരു ശിശുദിനമെത്തിയപ്പോള്‍ എല്ലാം ഓര്‍മ്മവരുന്നു.
നാളെയാകാന്‍ ധൃതിയായി.
പ്രിയപ്പെട്ട അധ്യാപകര്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന പരിപാടികള്‍ കാണാന്‍ കൊതിയായി.
മനസിന് വല്ലാത്ത സന്തോഷം തോന്നി.നിതിന്‍ അടുപ്പില്‍ വെള്ളം
വെച്ചു അരിയിട്ടു.അമ്മവരുമ്പോള്‍ സന്തോഷമാകട്ടെ.
നാളത്തേക്കുള്ള ബാഗും തയാറാക്കി പങ്കായവും ഒരുക്കി അവന്‍ അമ്മയെ കാത്തിരുന്നു.
കതകില്‍ മുട്ടുകേട്ട് നിതിന്‍ ഡോര്‍തുറന്നു.മനുവാണ്.
''എന്താ,എന്തുപറ്റി?''
''നിതിന്‍,നീ വാര്‍ത്ത കാണുന്നില്ലേ?''
'ഇല്ല,ടിവി കേടായി,ശരിയാക്കിയില്ല,
എന്തുപറ്റിയെടാ?''
''രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധിയാടാ,ഡെല്‍ഹിയിലെ വിഷമയമായ അന്തരീക്ഷമാണ് കാരണം''.
നിതിന്‍ കസേരയിലിരുന്നു,മനുവും.അമ്മുപ്പൂച്ച വെളിയില്‍ നിന്നും വന്ന് നിതിന്‍റെ മടിയിലേക്കു കയറിയിരുന്നു,നിതിന്‍റെ മുഖത്തേക്കുനോക്കി ''മ്യാവൂ''എന്നുകരഞ്ഞിട്ട് മടിയില്‍ ചുരുണ്ടുകൂടി.
നിതിന്‍ പുഞ്ചിരിച്ചു,
''സാരമില്ല മനൂ,പരിപാടി ഇനി മറ്റൊരു ദിവസം നടത്തിയാലോ?''
''നടത്തുമോ?''
''എന്തോ എന്‍റെ മനസ്സങ്ങനെ പറയുന്നു,നമ്മുടെ പ്രിയപ്പെട്ട അധ്യാപകരല്ലേ,തീര്‍ച്ചയായും പ്രതീക്ഷിക്കാം''.
ഇരുവരും ചിരിച്ചു.
സിന്ധുസുരേഷ്
14.11.2019
No comments:
Post a Comment