ചക്രവ്യൂഹം
മയങ്ങിയകണ്ണുകള്‍ മെല്ലെ തുറന്ന് മിഥുന്‍ ചുറ്റും നോക്കി. അവ്യക്തമായ
കാഴ്ചകളില്‍ വീണ്ടും കണ്ണടഞ്ഞു.ആരുടെയോ കരസ്പര്‍ശം അവനറിഞ്ഞു.മൃദുവല്ലാത്ത ആ കൈകള്‍ അത്...അവന്‍റെ ഹൃദയം നിലവിളിച്ചുകൊണ്ടേയിരുന്നു.
പുറത്തേക്കുവരാത്ത ശബ്ദത്തില്‍ അവന്‍ നിശബ്ദം കരഞ്ഞു.
അപ്പോള്‍ ആ മൃദുവല്ലാത്ത കൈകള്‍ അവനെ മുറുകെപ്പിടിക്കുന്നതും ഒരുകൈകൊണ്ട് അവന്‍റെ കണ്ണുനീര്‍തുടയ്ക്കുന്നതും ചുടുകണ്ണീര്‍ അവന്‍റെ കൈകളിലിറ്റുവീഴുന്നതും അവനറിഞ്ഞു.
''അച്ഛാ'' അവനുറക്കെവിളിച്ചു. ശബ്ദം പുറത്തേയ്ക്കു വന്നില്ലെങ്കിലും മകന്‍റെ നിലവിളി അയാള്‍ കേട്ടു.
''മോനേ''എന്ന് ഉള്ളില്‍ത്തിങ്ങും വേദനയാല്‍ വിളിച്ചുകൊണ്ട് അയാള്‍ അവനെ തഴുകിക്കൊണ്ടിരുന്നു. നിറഞ്ഞകണ്ണുകളിലെ കൊഴുത്ത കണ്ണുനീരിന് പറയാന്‍ ഏറെ കഥകള്‍..
മിഥുന്‍ മെല്ലെ ബോധത്തിലേക്ക്....
അവന്‍ അച്ഛനെ ഉറ്റുനോക്കി,ഒരിക്കലും കരഞ്ഞുകണ്ടിട്ടില്ലാത്ത അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.അവന്‍റെ ഹൃദയംനൊന്തു,അവനുറക്കെവിളിച്ചു,
''അച്ഛാ''...ആ ശബ്ദം മെല്ലെ പുറത്തേയ്ക്കുവന്നു.
അയാള്‍ അവന്‍റെ കവിളില്‍ പകരം ഒരുമ്മ നല്‍കി.
''അച്ഛാ,എനിക്കു തെറ്റുപറ്റി,ഞാന്‍ ഒരിക്കലും ചെയ്യരുതാത്തത് ചെയ്തു. മയക്കുമരുന്നിന് അടിമയായി ,എന്‍റെ അച്ഛനെ ഉപേക്ഷിച്ചു...''
''മോനേ,മതി അച്ഛനൊന്നും കേള്‍ക്കേണ്ട...ഒന്നും ..നീ തിരിച്ചുവരുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നു...നീ വന്നല്ലോ ..തെറ്റുതിരിച്ചറിഞ്ഞല്ലോ..അതുമതി..അതുമാത്രം മതി..ഉറങ്ങിക്കോളൂ..കുറച്ചുകൂടി..''
അവന്‍ കണ്ണടച്ചു,എന്തൊക്കെയോ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.അമ്മ ഉപേക്ഷിച്ചുപോയിട്ടും സ്നേഹത്തോടെ തന്നെ വളര്‍ത്തിയ അച്ഛനും അച്ഛമ്മയും..അമ്മയ്ക്കെങ്ങനെതോന്നി എന്‍റച്ഛനെ ഉപേക്ഷിക്കാന്‍..കുടുംബപ്രശ്നങ്ങള്‍ എന്തെന്നറിയുന്ന പ്രായമായിരുന്നില്ല തനിക്ക്.
പക്ഷേ അമ്മയ്ക്ക് മറ്റാരോ ആയിട്ട് അടുപ്പമുണ്ടായിരുന്നതും അയാളോടൊപ്പം പോയതുമാണെന്ന് അച്ഛമ്മയുടേയും മറ്റും സംസാരത്തിലൂടെ അറിഞ്ഞ കുഞ്ഞുമനസ്സ് ഒത്തിരി വേദനിച്ചു.ഒരുപാടുസംസാരിക്കുമായിരുന്ന അച്ഛന്‍ മൗനിയായതും മദ്യത്തിനടിമയായതും വളര്‍ന്നുവരവേ താനറിഞ്ഞു.
അച്ഛമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട താന്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു.
പിന്നീടെപ്പോഴോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.
വീട്ടുജോലിക്കാരിയില്‍നിന്നും മകന്‍റെ തെറ്റായപോക്ക് മനസ്സിലാക്കിയ അച്ഛന്‍ പലപ്പോഴും തന്‍റെമുറിയില്‍ വന്നിരുന്നു..ആ ചുവന്ന കണ്ണുകളില്‍ മദ്യത്തിന്‍റെ ലഹരിയുണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നും സംസാരിച്ചില്ല.
പിന്നെ പിന്നെ എന്നുമുതല്‍ക്കാണാവോ വീട്ടിലേക്കുപോകാതെയായത്..ഒന്നും ഓര്‍മ്മയില്ല.
മയക്കത്തിലേക്കുവഴുതി വീഴവേ ചുണ്ടിലേക്കു കഞ്ഞി പകരുന്നത് അവനറിഞ്ഞു . അച്ഛമ്മയുടെ കൈകളാണോ?...ഇല്ല അച്ഛമ്മ ഇനി ഇല്ലല്ലോ? അച്ഛമ്മയോട് സ്നേഹത്തില്‍ സംസാരിക്കാനും
താന്‍ മറന്നത് എന്നു മുതലാണ്?
അച്ഛമ്മാ...അച്ഛമ്മാ...അവന്‍ ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും
നേര്‍ത്ത ശബ്ദം മാത്രമേ പുറത്തേക്കുവന്നുള്ളൂ..
മകന്‍റെ മനസ്സറിഞ്ഞ അച്ഛന്‍ അവന്‍റെ ഇരുകൈകളും തന്‍റെ നെഞ്ചോടു ചേര്‍ത്തുവെച്ചു വിതുമ്പി.....
എന്‍റെ മകനെ എനിക്കു തിരിച്ചു കിട്ടി... തിരിച്ചുകിട്ടി....
ആ തിരിച്ചറിവില്‍ അച്ഛനും മകനും ആനന്ദക്കണ്ണീര്‍ പൊഴിച്ചപ്പോള്‍ ദൂരെ എവിടെയോ ഒക്കെ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മ...അല്ല..ഒന്നിലധികം അമ്മമാര്‍...അച്ഛന്‍മാര്‍ ഒരുതുള്ളിക്കഞ്ഞിവെള്ളത്തിനോ അല്പം സ്നേഹത്തുള്ളിയ്ക്കോ വേണ്ടി കേഴുന്നുണ്ടായിരുന്നു....
സിന്ധുസുരേഷ്
30.1.19
No comments:
Post a Comment