Friday, August 30, 2019

കാരുണ്യത്തിന്‍റെ കരങ്ങളില്‍ (കഥ)



കാരുണ്യത്തിന്‍റെ കരങ്ങളില്‍..

ഞരമ്പുകളിലേക്കു വലിഞ്ഞു കയറുന്ന മരുന്നിന്‍റെ വേദനയില്‍ അയാള്‍ കണ്ണുകള്‍ മുറുകെയടച്ചു.മയങ്ങിയ കണ്ണുകളിലെ ചുവപ്പും കറുപ്പും നിറഞ്ഞ ഇരുട്ടിന്‍റെ മഞ്ഞപ്പില്‍ ഓര്‍മ്മകള്‍ മറഞ്ഞുനിന്നു.കത്തിക്കാളുന്ന വിശപ്പയാള്‍ക്കന്യമായിരിക്കുന്നു.
നാഡീവ്യൂഹങ്ങളിലേക്കു പടരുന്ന കനത്ത മര്‍ദ്ദത്തില്‍ ഒന്നു ഞരങ്ങി.
കൊടും വേദനയില്‍ ശരീരവും മനസ്സും വേദനിച്ച രാവുകള്‍,പകലുകള്‍..

അവ്യക്തമായ ഓര്‍മ്മയുടെ നിഴല്‍പ്പാടുകളില്‍ കനിവിന്‍റെ തണുത്ത സ്പര്‍ശനത്തില്‍ മയങ്ങി  ആ വെളുത്ത നീണ്ട കുപ്പായത്തിനോട് തല അടുപ്പിച്ചപ്പോള്‍ പാപബോധത്തിന്‍റെ തീക്കനലുകള്‍ നീറി.അച്ചന്‍റെ നേരിയ തണുപ്പുള്ള കരങ്ങള്‍ അയാളുടെ ശിരസ്സില്‍ തഴുകിയപ്പോള്‍ പണ്ടെങ്ങോ അനുഭവിച്ചിരുന്ന അമ്മയുടെ സാമിപ്യം വീണ്ടും  അറിഞ്ഞയാള്‍  കണ്ണുകളടച്ചു.കനിവിന്‍റെ സുഗന്ധത്തില്‍ മയങ്ങി.

അയാളുടെ കൈകള്‍ അറിയാതെ അച്ചന്‍റെ കഴുത്തിലെ കുരിശുമാലയില്‍ പരതി.  ആ കുരിശില്‍ മെല്ലെപിടിച്ച് മയക്കത്തിന്‍റെ ആഴങ്ങളലേക്കു വഴുതി വീണു.
അച്ചന്‍ അയാളോടു കൂടുതല്‍ ചേര്‍ന്ന് കട്ടിലില്‍ ഇരുന്നു.
                വെളിയില്‍  ഇപ്പോഴും ആ നായ  ചുരുണ്ടുകിടക്കുന്നുണ്ട് .ദിവസങ്ങളായി മുറിവു നിറഞ്ഞ കാല്പാദങ്ങളുമായി തെരുവിലെ
കടത്തിണ്ണയുടെ സൈഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കു സമീപം ഈ നായയുമുണ്ടായിരുന്നത്രേ.കഴിഞ്ഞദിവസം  നായ അയാളുടെ മുറിവില്‍ നക്കുന്നുണ്ടായിരുന്നു.ഇതുകണ്ട  കപ്യാര്‍ സക്കറിയ തന്നോടുവന്നു പറഞ്ഞപ്പോള്‍  കൂടുതല്‍ ആലോചിക്കാതെ നേരെയിങ്ങുപോന്നതു നന്നായി,.അച്ചനോര്‍ത്തു.
താനെത്തുമ്പോള്‍
അയാള്‍ ആരോ വലിച്ചെറിഞ്ഞ മണ്ണുപുരണ്ട പഴുത്തമാങ്ങയുടെ തൊലികടിച്ച് തിന്നുകയായിരുന്നു.
കുഴിയിലേക്കാണ്ടുപോയ കണ്ണുകളും ഒട്ടിയ വയറും വിശപ്പിന്‍റെ കഠിനത വിളിച്ചോതിയിരുന്നു.

സക്കറിയയുടെ സഹായത്താല്‍ അയാളെ കാറിലേക്കു കയറ്റുമ്പോള്‍ വാലാട്ടിക്കൊണ്ട് നായയും അയാളുടെ സമീപത്തേക്കു വന്നു.സക്കറിയ നായയെ ആട്ടിയകറ്റാന്‍ നോക്കി.പക്ഷേ അതിനേയും കൂട്ടിക്കോളാന്‍ താന്‍ ആംഗ്യം കാണിച്ചു.അയാളോടൊപ്പം നായയും കാറില്‍കയറി.
വിശപ്പിന്‍റെ ഭാണ്ഡം
പോലെ അഴുക്കു പുരണ്ട
ഒരു ഭാണ്ഡക്കെട്ട് അയാള്‍ നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു.
പുലരുവോളം അച്ചന്‍ അയാള്‍ക്കരുകില്‍ത്തന്നെയിരുന്നു.പ്രഭാതത്തിന്‍റെ നേര്‍ത്തകിരണങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയിരുന്നു.അച്ചന്‍ ഒന്നുമയങ്ങിയോ?

കാലുകള്‍ മെല്ലെ ചലിപ്പിച്ചപ്പോള്‍ അയാളറിഞ്ഞു,ആരോ കാലിനുസമീപം തലപൂഴ്ത്തിയിരിക്കുന്നു.അച്ചന്‍..അയാളുടെ ഹ്യദയംവല്ലാതെ മിടിച്ചു.തെരുവില്‍ വിശന്നു പുഴുവരിച്ചുകിടന്ന തന്നെ ഇവിടെ എത്തിയ്ക്കാന്‍  താന്‍ എന്തെങ്കിലും  പുണ്യം ചെയ്തിരുന്നുവോ?..ഇല്ല ഈ സ്നേഹത്തിനു താനര്‍ഹനല്ല
ഇവിടുന്നുപോകണം.അയാള്‍ കാല്‍ മെല്ലെ വലിയ്ക്കാന്‍ നോക്കി,കഴിഞ്ഞില്ല,അച്ചനുണരും.ആ നല്ല മനുഷ്യന്‍റെ ഉറക്കം നഷ്ടപ്പെടുത്താന്‍ ആവില്ല

  അയാള്‍ കട്ടിലില്‍ ചാരിയിരുന്നു .കണ്ണുകളടച്ചു..ഓര്‍മ്മകള്‍..കുത്തിനോവിക്കുന്ന ഓര്‍മ്മകള്‍ ..

യൗവനത്തിന്‍റെ തിളച്ചുമറിയലില്‍ എന്തിനോ ഒക്കെയുള്ള വിശപ്പായിരുന്നു.പുതിയ പുതിയ സൗഹൃദങ്ങള്‍ പകര്‍ന്നു നല്‍കിയ ആനന്ദം
പിന്നിട്ടവഴികളുടെ മാറാല പണിതു.
പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയപാതകളും
മതിലുകളില്ലാത്ത കൊച്ചുപറമ്പുകളും
മനസ്സിലേക്കൊന്നെത്തിനോക്കിയതു പോലുമില്ല.

‌കായലിന്‍റെ അങ്ങേക്കരയിലെ പള്ളിമണികള്‍ മുഴങ്ങുമ്പോള്‍ കുഞ്ഞിവിരലുകള്‍ മുറുകെപ്പിടിച്ചു നടന്നുനീങ്ങിയിരുന്ന അമ്മയുടെ രൂപവും ഓര്‍മ്മിച്ചില്ല.
‌ഓരോ പെരുന്നാളിനും ഇല്ലായ്മ മറച്ച് പുത്തന്‍ ട്രൗസര്‍ അണിയിച്ചിരുന്ന
‌ശുഷ്ക്കിച്ച കരങ്ങളുടെ ലാളനയില്‍ നിന്നൊരു ഒളിച്ചോട്ടം.
‌എങ്ങനെയോ അകപ്പെട്ടുപോയ  സൗഹൃദവലയങ്ങളില്‍ നിന്ന് മോചിതനാകുക എളുപ്പമായിരുന്നില്ല
‌ബിസിനസ്സില്‍ പച്ചപിടിച്ച് ധാരാളം പണം കൈയിലെത്തിയപ്പോള്‍ വിശപ്പ് വയറിനായിരുന്നില്ല.
‌ഉയര്‍ച്ചയുടെ കൊടുമുടിയില്‍ ആഗ്രഹത്തിന്‍റെ വിശപ്പിന്‍ ജ്വാലകള്‍ നാവു നീട്ടി പടര്‍ന്നു..
ആവേശത്തിമിര്‍പ്പില്‍ ,സമ്പന്നതയില്‍
‌കൂട്ടുകൂടാന്‍ ചുറ്റും കഴുകന്‍ കണ്ണുകള്‍ 
‌തക്കംപാര്‍ത്ത ദിനങ്ങള്‍.
‌പ്രലോഭനങ്ങളും ആനന്ദലഹരികളും അശ്വത്തിന്‍റെ വേഗതയില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവനാക്കി.പിന്നീട്  പിടിവള്ളിയില്ലാത്ത
‌അന്ധകാരത്തിന്‍റെ ചുഴിയിലേക്കു നീങ്ങിയപ്പോള്‍ ആരവങ്ങള്‍ ഒഴിഞ്ഞിരുന്നു.കൈവിട്ട പട്ടംപോലെ എങ്ങോ ഒക്കെ പറന്നുനടന്നു.

‌ദിവസങ്ങള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍,സൗഹൃദങ്ങളുടെ അകല്‍ച്ചയില്‍ ഒറ്റപ്പെട്ടപ്പോള്‍ എപ്പോഴോ ശൂനൃമായ ബാലന്‍സില്‍ താളം തെറ്റിയലഞ്ഞു.ബസ്സ്റ്റാന്‍ഡുകള്‍,കടത്തിണ്ണകള്‍,തെരുവോരങ്ങള്‍,മുറിവുകള്‍,വ്രണങ്ങള്‍,ഈച്ചകള്‍..
‌തെരുവിന്‍റെ ദ്രുതചലനങ്ങള്‍,കടിപിടികൂടുന്നനായ്ക്കൂട്ടങ്ങള്‍,വിശപ്പിന്‍റെവിളിയില്‍ മത്സരിച്ച് മാലിന്യക്കൂമ്പാരത്തില്‍ പരതുന്ന ബാല്യങ്ങള്‍..

‌ദിവസങ്ങായി  കാല്പാദങ്ങള്‍ നക്കിത്തുടച്ചുകൊണ്ട് കൂടെ ചുരുണ്ടുകിടന്ന നായയുടെചൂടോ തണുത്ത മൂക്കിന്‍റെ ശ്വാസമോ കാലില്‍ പതിക്കുന്നില്ല.

‌അയാള്‍ വീണ്ടും മയക്കത്തിലേക്ക്..

‌കുഞ്ഞിവിരലുകള്‍ മുറുകെപ്പിടിച്ചു നടന്നു നീങ്ങുന്ന രൂപം അയാളെത്തഴുകി..അമ്മ..അമ്മ..
‌സിസ്റ്റര്‍ അയാളുടെ നാവിന്നടിയിലേക്ക്
‌തെര്‍മോമീറ്റര്‍ മൃദുവായി തിരുകി, നെറ്റിയില്‍ മെല്ലെതടവി.അമ്മ അമ്മ
‌ആവെളുത്ത വസ്ത്രത്തിന്‍റെ  ഗന്ധത്തില്‍,സ്പര്‍ശനത്തില്‍ അയാള്‍ അമ്മയെ അറിഞ്ഞു.

‌ഇപ്പോള്‍ ഈ തണുപ്പില്‍ വെളുത്തകുപ്പായങ്ങളുടെ ഗന്ധത്തില്‍
‌ശാന്തിയുടെ നാവു നുണഞ്ഞുകൊണ്ട് അയാള്‍ മെല്ലെ ചുണ്ടനക്കി.നല്ല വിശപ്പുണ്ടായിരുന്നു.അമ്മയുടെ മടിയില്‍ തലചായ്ച്ചുകിടക്കുമ്പോള്‍..കഥകേള്‍ക്കുമ്പോള്‍
‌''മതിയമ്മേ''അയാള്‍ മെല്ലെപറഞ്ഞു,
‌''ഇതാമോനേ ഈ ഉരുളകൂടി''അമ്മപറഞ്ഞുവോ?
‌''മതിയമ്മേ'' വീണ്ടും പറയുന്നതിനുമുന്‍പേ അയാളുടെ നാവിന്നടിയില്‍ നിന്ന് സിസ്റ്റര്‍
‌തെര്‍മോമീറ്റര്‍ മാറ്റി.
‌അയാളുടെ കണ്ണുകള്‍ അമ്മയെകാണാന്‍ കൊതിച്ചു..
‌കാരുണ്യത്തിന്‍റെ കാവല്‍ക്കാരനായ അച്ചന്‍ അയാളെ തഴുകി,
‌''എന്തേ അമ്മയെകാണണമോ''
‌അയാള്‍ തലതാഴ്ത്തി കുറ്റവാളിയെപ്പോലെ..
‌പിന്നെ മെല്ലെപ്പറഞ്ഞു
‌''അമ്മയെകണ്ടെത്തണം''

‌''നമ്മള്‍കണ്ടെത്തും,ക്ഷീണം ഇത്തിരികൂടെമാറട്ടെ,മുറിവൊന്നു കരിയട്ടെ''

‌അച്ചന്‍ അയാളോടു ചേര്‍ന്നു നിന്നു,ആ നെറ്റിയില്‍ തഴുകി,ഒരു പ്രാര്‍ത്ഥനാഗീതംപോലെ...അപ്പോള്‍ അമ്മയെകണ്ടത്താനുള്ള വിശപ്പായിരുന്നു അയാള്‍ക്ക്....

                 സിന്ധു  സുരേഷ്


           

No comments:

Post a Comment