Tuesday, August 13, 2019

ഗംഗയുടെ തീരങ്ങളിലൂടെ..

ഗംഗയുടെ തീരങ്ങളിലൂടെ........

കല്‍ക്കാജി എക്സറ്റന്‍ഷനിലെ വൈശാലി അപ്പാര്‍ട്ടുമെന്‍റില്‍ ഗോപന്‍ എന്നെഴുതിയ  വീടിന്‍റെ മുറ്റത്ത് ഭാഗവതത്തിന്‍റെ ഈരടികള്‍ നിറഞ്ഞ ആ പ്രഭാതത്തില്‍ ഗോപന്‍ സാറിന്‍റെ ചിതാഭസ്മമിരുന്ന കുടത്തിനും ഫോട്ടോയ്ക്കും സമീപത്തേക്ക് ഒരുചിത്രശലഭം പലതവണ പറന്നടുക്കുന്നതും അകലുന്നതും ഞാന്‍വെറുതെ നോക്കിയിരുന്നു.

സാറുപകര്‍ന്ന സ്നേഹത്താല്‍ തഴച്ചുവളര്‍ന്ന...സാറിന്‍റെ കരലാളനകളേറ്റിട്ടുള്ള  ചെമ്പരത്തിയും തുളസിയും റോസുമെല്ലാം തലകുനിച്ച് നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നപോലെ...

  സാറിന്‍റെആയിരത്തില്‍പ്പരം  ഫോട്ടോകള്‍ മിന്നിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ പ്രിയമിത്രം  മുകേഷ്മേനോന്‍ , സാറിന്‍റെ പൂമാലയിട്ട ഫോട്ടോയുടെ ഫോട്ടോ എടുക്കുമ്പോള്‍
ആ കൈകള്‍ പതറുകയും കണ്ണുനിറയുകയും ചെയ്തതായി എനിക്കുതോന്നി.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ  ചിതാഭസ്മവും  നെഞ്ചോടുചേര്‍ത്തു പിടിച്ച്
പ്രമോദും രാധച്ചേച്ചിയും കയറിയ വാഹനത്തില്‍  ഞങ്ങളും ഉണ്ടായിരുന്നു . (ഹരിദാസേട്ടന്‍,വിനോദിനിച്ചേച്ചി, രേണുകച്ചേച്ചി,CRR Nair,ലത, വിജയന്‍ചേട്ടന്‍,ലത,സുരേഷ്,പൂജാരി...)

ആവാഹനം കണ്ണില്‍ നിന്നുമറയുന്നതുവരെ വിങ്ങുന്ന ഹൃദയവുമായി  നോക്കിനിന്ന ധാരാളംപേര്‍ .. .അയല്‍വാസികള്‍...സാറിന്‍റെ പ്രിയപ്പെട്ട  സന്തോഷ്...കാര്‍ട്ടൂണിസ്റ്റ് സുധീര്‍....

ക്യാമറയെല്ലാം മടക്കി ബാഗില്‍വെച്ചിട്ടും എന്തോ നഷ്ടപ്പെട്ടപോലെ ആ വാഹനത്തിനു സമീപമായി അങ്ങുമിങ്ങും നിന്ന മുകേഷ്മേനോനെയും സാറിന്‍റെ എല്ലാകാര്യത്തിനും എന്നും സഹായവുമായി നിന്ന സുനിലിനെയും മറ്റെല്ലാവരെയും കണ്ട് സാറിന്‍റെ ആത്മാവ് സംതൃപ്തിയോടെ പുഞ്ചിരിച്ചിട്ടുണ്ടാവാം.

വാഹനം മെല്ലെ നീങ്ങിയപ്പോള്‍ ഇനിയൊരിക്കലും ഈവഴികള്‍ സാര്‍ പിന്നിടില്ലല്ലോ എന്നോര്‍ത്തപ്പോള്‍.....

ഗംഗാനദിയുടെ തീരത്തെ തണുത്തകാറ്റിന്‍റെ സാന്നിധ്യത്തില്‍ ആരംഭിച്ച കര്‍മ്മത്തിന് സാക്ഷിയെന്നോണം ആകാശത്ത് കൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.

നിറഞ്ഞഹൃദയവുമായി നമ്മുടെ ഏവരുടെയും പ്രിയങ്കരനായ...അതിലുപരിയായ...ഗോപന്‍സാറിന്‍റെ ചിതാഭസ്മത്തില്‍ കര്‍മ്മങ്ങള്‍ക്കൊടുവില്‍ ഞങ്ങളേവരും
സ്നേഹത്തോടെ പൂവിട്ടു തൊഴുതു. മനസ്സിന് വല്ലാത്ത തൃപ്തിതോന്നി.

വിനോദിനിച്ചേച്ചിയുടെ കൈയില്‍  മുറുകെപ്പിടിച്ച് രാധച്ചേച്ചി പൂക്കള്‍ അര്‍പ്പിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം  ഞങ്ങളെ നോക്കി.
അപ്പോള്‍ ആ കണ്ണുകളില്‍  ഗോപന്‍സാറിനെ കാണാന്‍കഴിഞ്ഞത്  എനിക്കുമാത്രം ആയിരുന്നിരിക്കില്ല.

വാര്‍ത്തകളുടെ സാഗരം ലോകര്‍ക്കു പകര്‍ന്നുതന്ന  ആ ചുണ്ടുകളില്‍ അന്നം പകരാന്‍  പലപ്പോഴുംഭാഗ്യം സിദ്ധിച്ച എനിക്ക്
അദ്ദേഹം പിതൃസമനായിരുന്നു.

ആ സ്നേഹം മുഴുവന്‍ ഒരുമണ്‍കുടത്തിലേക്ക് പകരുന്ന പുണ്യനിമിഷങ്ങളില്‍ ഞങ്ങളേവരും
പ്രാര്‍ത്ഥനയില്‍ മുഴുകി...

ആ ചിതാഭസ്മം  പ്രമോദ് (മകന്‍)സ്നേഹത്തോടും അതിലുപരി ഭക്തിയോടും മണ്‍കുടത്തിലേക്കു പകര്‍ന്നപ്പോള്‍ ചിതാഭസ്മത്തിന് സ്നേഹത്തിന്‍റെ സുഗന്ധവും  കൂടി ഉണ്ടെന്ന് ആദ്യമായെനിക്കുതോന്നി.

ആ ഗന്ധം ഞാനാവോളം മനസ്സില്‍ സൂക്ഷിക്കും എന്നും...

കണ്ണുചിമ്മാതെ ആ നിമിഷങ്ങള്‍  ഹൃദയത്തിലേക്ക്  ചേര്‍ത്തുവച്ചു..കണ്‍നിറയെ കണ്ടു.

ഞങ്ങള്‍ക്കു ലഭിച്ച മഹാഭാഗ്യം!!

ജീവിതത്തില്‍ എനിക്കു പ്രിയപ്പെട്ട ഒരുപാടുപേര്‍ മരിച്ചിട്ടുണ്ടെങ്കിലും (അമ്മയുള്‍പ്പെടെ)ഗംഗയുടെ തീരത്ത് എല്ലാ ചടങ്ങിനും സാക്ഷിയാകാനും പങ്കാളിയാകാനും ഒടുവില്‍.. ഗംഗയില്‍ മുങ്ങിക്കുളിക്കാനും കഴിഞ്ഞത് നമ്മുടെ പ്രിയപ്പെട്ട  ഗോപന്‍സാറിനുവേണ്ടി.....

  ഹരിയേട്ടനോടും വിനോദിനിച്ചേച്ചിയ്ക്കും  ഒപ്പം ഞാനും ലതയും  ആ ചിതാഭസ്മമൊഴുക്കിയ നദിയില്‍ മുങ്ങിനിവരുമ്പോള്‍  സാറിന്‍റെ പ്രൗഢഗംഭീരമായ സ്വരം കുഞ്ഞോളങ്ങളില്‍ പ്രതിധ്വനിക്കുന്നുവോ എന്നുതോന്നി...

നദിയില്‍നിന്നും കരകയറി വാഹനത്തിലെത്തിയപ്പോള്‍
വിലപ്പെട്ടതെന്തോ കൈവിട്ടപോലെ....

ഇല്ല...ഒന്നും നഷ്ടപ്പെടില്ല..നമ്മുടെ ഗോപന്‍സാര്‍  എന്നും നിറഞ്ഞശബ്ദമായ്
രാധേച്ചിയോടൊപ്പം പ്രമോദിനോടൊപ്പം നമ്മോടൊപ്പം എങ്ങും എന്നും അദൃശ്യ സാന്നിധ്യമായി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടാവും.......

സിന്ധുസുരേഷ്
7.5.2019

No comments:

Post a Comment