ഓര്‍മ്മകളില്‍ മധുരം ബാക്കിവെച്ചവര്‍...
മാര്‍ക്കറ്റില്‍ നിന്ന് പതിവില്ലാതെ മധുരക്കിഴങ്ങും വാങ്ങിവന്നിട്ടും
അത് പുഴുങ്ങാന്‍ തോന്നിയില്ല .
മനസ്സിനുള്ളിലെവിടെയോ ഒരസ്വസ്ഥത,നൊമ്പരം...
വല്ലാത്തക്ഷീണം,സോഫായിലേക്കു ചാരിയിരിക്കവേ ഓര്‍മകളുടെ കുത്തൊഴുക്കില്‍ ഞാന്‍ വിയര്‍ത്തു..
ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്
കര്‍ക്കടകത്തിലെ കോരിച്ചൊഴിയുന്ന മഴ ആസ്വദിച്ച് വീട്ടിലെ വരാന്തയിലിരിക്കുമ്പോള്‍ മതിലിനപ്പുറം നിന്നൊരുവിളിയും ഒപ്പം കുടനിവര്‍ത്തിയതും പൊങ്ങിവരുന്നതു കണ്ടു.
മതിലിനോടുചേര്‍ന്നു നില്‍ക്കുന്ന അശോകമരത്തിലെ ചുവന്നപൂക്കുലകളില്‍ മഴവെള്ളം വീണ് ചിതറിത്തെറിക്കുന്നു.
കൗസല്യച്ചേച്ചിയാണ്,അടുത്തവീട്ടിലെ..
''മോളേ. അമ്മയെവിടെ?''
''അമ്മ കടയിലാണ് ചേച്ചീ,ഞാന്‍ വിളിച്ചുപറഞ്ഞു''
''ആണോ.ഇത്തിരി മധുരക്കിഴങ്ങുപുഴുങ്ങി,
മോളിറങ്ങേണ്ട മഴയത്ത്,
ഞാന്‍ റോഡിലൂടെ വരാം''
''വേണ്ട ചേച്ചീ,ഞാന്‍ വരാം മതിലിനടുത്തേയ്ക്ക്, ഒരുമിനിട്ട്,കുടയെടുക്കട്ടെ...''
''വേണ്ടമോളേ, ഞാന്‍വരാം''
ഞാന്‍പറയുന്നതു കേള്‍ക്കാതെ ചേച്ചി റോഡുവഴിവന്ന് മധുരക്കിഴങ്ങു തന്ന് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.
''എന്താ തണുപ്പാ'' തോളിലിട്ടിരുന്ന തോര്‍ത്തുകൊണ്ടവര്‍ നന്നായി പുതച്ചു.
ഇത്തരം അയല്പക്കക്കാരാല്‍ സമ്പന്നമായിരുന്ന ആ നല്ല കാലം ഇനി ഓര്‍മ്മകളില്‍മാത്രമോ?
മഴമൂലം പലയിടത്തും മരം ഒടിഞ്ഞുവീണതും കറന്‍റുകമ്പി പൊട്ടിവീണതുമായ കഥകളൊക്കെപ്പറഞ്ഞ് ഞങ്ങളിരുന്നു.
ഡെല്‍ഹീവിശേഷങ്ങള്‍ കേള്‍ക്കാന്‍
ചേച്ചിയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു.
ഞാന്‍ വിവാഹശേഷം ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ പിന്നീടൊന്നും ഇവരുടെയൊക്കെ സ്നേഹം അനുഭവിക്കാന്‍ പറ്റിയിരുന്നില്ല.
അന്ന് ഒരു വെക്കേഷനു പോയിട്ട് കുറച്ചു ദിവസം കൂടി നിന്നപ്പോഴാണ് ഈ കര്‍ക്കടകത്തിന്‍റെ വരവ്.
''മോളിനിപ്പോയിട്ട്എന്നാ തിരിച്ചുവരുന്നത്?''
തോര്‍ത്തുമുണ്ട് കഴുത്തിലൂടെ പുതച്ചുകൊണ്ട് അവര്‍ ചോദിച്ചു.
''ഇനി ഡിസംബറില്‍ വരണമെന്നുണ്ട്'' ഞാന്‍ പറഞ്ഞു.
''ഇനിവരുമ്പോള്‍ കൗസല്യച്ചേച്ചിയ്ക്ക്
ഞാനൊരു ഷാളുകൊണ്ടുതരാം..
തണുക്കുമ്പോള്‍ അതു പുതച്ചാല്‍ മതി.''
ഞാന്‍ വെറുതെ ചിരിച്ചു.
''ഷാളോ...വേണ്ട മോളേ
അതൊക്കെ ഇവിടെന്തിനാ,ഞാനീ തോര്‍ത്തങ്ങു പുതയ്ക്കും'' ചെറുചിരിയോടെ അവര്‍ പറഞ്ഞു.
ഞാന്‍ മനസ്സില്‍പ്പറഞ്ഞു ''ഞാന്‍കൊണ്ടുവരും,ചേച്ചിയ്ക്കിഷ്ടമാണ്''.
''ഇപ്പോള്‍ ഇവിടെ പണ്ടത്തെപ്പോലെ ആരെയും വെളിയിലൊന്നും കാണാറില്ല,എല്ലാവരും ജോലിക്കാരായി,കര്‍ക്കടകം കഴിഞ്ഞാല്‍ ചിങ്ങമിങ്ങെത്തും, ഓണത്തിനൊന്നും പണ്ടത്തെപ്പോലെ ഒരുരസവുമില്ല മോളേ''അവര്‍ നെടുവീര്‍പ്പിട്ടു.
ഞാന്‍ കൊതിയോടെ മധുരക്കിഴങ്ങു കഴിക്കാന്‍ തുടങ്ങി.
''കൊള്ളാമോ മോളേ,ഇത്തിരി കാപ്പിയും കൂടി ഇട്ട് കുടിക്ക് ,നല്ലതാ''
''ചേച്ചിയ്ക്കുംകൂടി ഇടട്ടേ കാപ്പി,''അപ്പോഴേക്കും മഴയുടെ ശക്തി കൂടി.
''വേണ്ട,ഞാന്‍ ചായ കുടിച്ചിട്ടാണു വന്നത്,
മഴയും കൂടി,എന്നാലും ഞാനിറങ്ങുവാമോളേ,നാളെവൈകിട്ടല്ലേ മടക്കം,നോക്കട്ടെ ഇത്തിരി ചക്കയപ്പം ഉണ്ടാക്കിത്തരാം രാവിലെ''
''നിറയെ അശോകം പൂത്തു നില്‍ക്കുന്നു,പണ്ടൊക്കെ ഞാന്‍ ഈ പൂവും ശര്‍ക്കരയും അരിപ്പൊടിയുമൊക്കെയിട്ട് എന്തുമാത്രം കുറുക്കുണ്ടാക്കിയിട്ടുണ്ട്.മോള്‍ക്ക് വലിയ ഇഷ്ടമായിരുന്നു,
ഓര്‍ക്കുന്നുണ്ടോ?
ഇപ്പോള്‍ ഒന്നും ചെയ്യാന്‍വയ്യ മോളേ,വലതുകൈക്ക് വലിയ വേദനയാ''
''ഓര്‍മയുണ്ടോന്നോ,എന്‍റെ ചേച്ചീ ആ കുറുക്കിന്‍റെ രുചി ഇന്നും ഈ നാവിന്‍തുമ്പത്തുണ്ട്.ഒന്നും മറക്കില്ല..''
''മോളുകല്യാണം കഴിഞ്ഞ് പോയതില്‍പ്പിന്നെ ഒന്നാംതീയതിയിരുത്താന്‍ ഞാന്‍ ആരെയും വിളിക്കാറില്ല''എന്നുപറഞ്ഞ് ചേച്ചി എന്‍റെ കയ്യില്‍ത്തഴുകി.
ശരിയാണ് എല്ലാമലയാള മാസവും ഒന്നാം തീയതി വെളുപ്പിനെ അഞ്ചുമണിക്ക് കൗസല്യച്ചേച്ചിയുടെ പൂമുഖത്ത് ഞാന്‍ തന്നെ ചെന്നിരിക്കണം എന്നത് ചേച്ചിയുടെ നിര്‍ബ്ബന്ധമായിരുന്നു.അപ്പോള്‍ ചേച്ചിതരുമായിരുന്ന പത്തുരൂപയുടെ വില അമൂല്യമായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം അച്ഛന്‍റെ ഫോണ്‍വന്നത് മറക്കാനാവുന്നില്ല.
കര്‍ക്കടകത്തിലെ കാറ്റിലും മഴയിലും പൊട്ടിവീണ കറന്‍റു കമ്പിയില്‍ തട്ടി കൗസല്യച്ചേച്ചി എല്ലാവരേയും വിട്ടു പോയത്രേ....
വര്‍ഷങ്ങള്‍ എത്രകഴിഞ്ഞിട്ടും
മനസ്സില്‍ നിന്നു മായാത്ത ആ രൂപം...വാക്കുകള്‍...
നിറഞ്ഞ കണ്ണുകള്‍ തുടച്ച് ഞാന്‍ മധുരക്കിഴങ്ങ് വീണ്ടും പൊതിഞ്ഞുവച്ചു....ഒരുമധുര സ്നേഹത്തിന്‍റെ ഓര്‍മ്മയോടെ
സോഫയിലേക്ക് ചാരിയിരുന്നു....
സിന്ധു സുരേഷ്
No comments:
Post a Comment