Wednesday, April 10, 2019

പ്രിയഗാനം(കവിത)

പ്രിയഗാനം

മനം കുളിരണു തനുകുളിരണു
മാമ്പൂവടരണു മുറ്റംനിറയണു.
മഴപൊഴിയും രാവിലൊന്നില്‍
പ്രിയനവനൊരു ഗീതംമൂളണു.
പ്രണയലോലം മൃദുലതാളം ചെറു-
നടനമവളുടെ കരളിലെങ്ങും.
കരചലനം അതിവിലോലം പ്രണയ-
ലോചനമാഴ്ന്നിറങ്ങി ഹൃദയതാളം
ദ്രുതഗതിയില്‍ ,മനംമയങ്ങി
കരളലിഞ്ഞു,നിറഞ്ഞൊഴുകും
മധുചഷകം പകര്‍ന്നവളും
മതിമറന്നു തനുമറന്നു.
പുലരിയെത്തി കണ്‍തുറന്നവള്‍
മഴയെവിടെ?പ്രിയനെവിടെ?
പൊഴിഞ്ഞുവീണ മാമ്പൂവെവിടെ?
പ്രണയലോലം മൃദുമന്ദഹാസം
തൂകിനിന്നൊരാ മിഴികളെവിടെ?
മൊഴിഞ്ഞുതീരാ നിറഞ്ഞവാക്കുമായ്
വിടര്‍ന്നുനിന്നയാ അധരമെവിടെ?
കൊടിയതാപച്ചുമടിലിടറി,യുറ്റു-
നോക്കിയവളകലെയെങ്ങോ..
മഴയിരമ്പലടുക്കണുണ്ടോ?
ആര്‍ത്തലച്ചുപെയ്തിടുമോ?
മിഴിമുറുകെയടച്ചുമെല്ലെ
കാതുകൂര്‍പ്പിച്ചവളിരിക്കവേ,
മധുചഷകം കാലിയാക്കി
പറന്നകലുമൊരു വണ്ടവളെ
പരിഹസിച്ചപോല്‍ പറന്നകലണു..

സിന്ധുസുരേഷ്
10.4.2019

No comments:

Post a Comment