Tuesday, February 19, 2019

വീണ്ടും അഗ്നിനാളങ്ങള്‍(കഥ)

വീണ്ടും അഗ്നിനാളങ്ങള്‍

പഴുത്തളിഞ്ഞുകിടക്കുന്ന പറങ്കിപ്പഴങ്ങള്‍ മെല്ലെ ചവിട്ടിമെതിച്ച് അയാള്‍ ആ ശ്മശാനത്തിലെ പറങ്കിമാവിനുപിന്നില്‍ പതുങ്ങിനിന്നു.ഇനിയും അരമണിക്കൂര്‍.നെഞ്ചിടിപ്പോടെ നിമിഷങ്ങളെണ്ണി നില്‍ക്കുമ്പോള്‍ ഒരു പറങ്കിപ്പഴത്തിന്‍റെ കുറച്ചു ഭാഗം അയാളുടെ തോളില്‍പ്പതിച്ച് കറപുരണ്ടു.

ആരൊക്കെയോ ശ്മശാനത്തിലേക്കു വരുന്നുണ്ട്. ചിതയൊരുക്കാനുള്ള തിരക്കിലാണ്.ഇനിയും ഏതാനും നിമിഷങ്ങള്‍മാത്രം.അയാളുടെ ഹൃദയം വല്ലാതെ മിടിച്ചു.ഇതേ നെഞ്ചിടിപ്പോടെ എത്രയോ രാത്രികളില്‍ പതുങ്ങി സുനിതയുടെ അടുക്കളവാതിലും തുറക്കുന്നതു കാത്തുനിന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ചന്ദനത്തിരിയുടെയും പൂക്കളുടെയും ഗന്ധം നിറഞ്ഞ അവളുടെ മൃതശരീരം ഒന്നു കാണാന്‍ കാത്തുനില്‍ക്കുമ്പോള്‍ ദേഹം വിറയ്ക്കുന്നു.

ഒന്നിച്ചുതെറ്റുകള്‍ചെയ്തിട്ട് പാപഭാരം ഒറ്റയ്ക്ക്  ചുമക്കാന്‍ വിധിക്കപ്പെട്ടവള്‍.അവളുടെ മുഖത്തെ കറുത്ത മറുകില്‍ തഴുകി പ്രലോഭിപ്പിച്ച എത്രയെത്രരാത്രികള്‍.
ഒരുകുറ്റവാളിയെപ്പോലെയല്ലാതെ അവളുടെ മുന്നില്‍ നില്‍ക്കാനാവില്ല. കാലം ഒരുപാടുവേഷം കെട്ടിച്ചെങ്കിലും മനസ്സില്‍ എന്നും ഒരു നീറ്റല്‍പോലെ സുനിതയുണ്ടായിരുന്നു.തുടിച്ചുനിന്ന യുവത്വത്തിന്‍റെ പ്രസരിപ്പില്‍ ഉത്തരവാദിത്വങ്ങള്‍ മറന്നുപോയ വെറും സാധാരണ  മനുഷ്യരായപ്പോള്‍ എവിടെയൊക്കെയോ പിഴച്ചു.

അവള്‍ക്കു വേണമെങ്കില്‍ ആദ്യമേ തടയാമായിരുന്നു.ഉത്തരവാദിത്വങ്ങള്‍ കൂടുതലും അവള്‍ക്കായിരുന്നല്ലോ? ഭാര്യ,മൂന്നു മക്കളുടെ അമ്മ.എന്നിട്ടും അവിവാഹിതനായ തന്‍റെ ഇഷ്ടത്തെ അവള്‍ അംഗീകരിച്ചു.മറ്റാരോടും തോന്നാത്തൊരിഷ്ടം തനിക്കും അവളോടു തോന്നാന്‍ കാരണമെന്തെന്നറിയില്ല.

തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കുറ്റബോധത്തിന്‍റെ കുഞ്ഞലകള്‍ അവളെ അലട്ടാന്‍തുടങ്ങി.ഇളയ കുട്ടിയെ സ്കൂളില്‍ വിടാന്‍പോകുമ്പോഴും വിളിക്കാന്‍പോകുമ്പോഴും മമ്മദിന്‍റെ കടയ്ക്കു സമീപം താനും ഉണ്ടാവും. ഇടയ്ക്ക്  ചിലപ്പോഴൊക്കെ  മമ്മദിന്‍റെ കടയില്‍  നിന്ന് ചോക്ളേറ്റ് വാങ്ങിക്കൊടുക്കുമ്പോഴൊക്കെ അവന്‍ നിഷ്ക്കളങ്കമായിച്ചിരിച്ചുകൊണ്ട് അമ്മയുടെ മുഖത്തൊന്നു നോക്കിയിട്ട് ചോക്ളേറ്റ് കൈനീട്ടി വാങ്ങുമായിരുന്നു.

ഒരിക്കലവള്‍പറഞ്ഞു,കുട്ടിയോടുപോലും നമ്മള്‍ തെറ്റു ചെയ്യുന്നുവെന്ന്...അന്നവളെ ആശ്വസിപ്പിച്ചു.
പിന്നെ എന്നുമുതല്ക്കാണ് അവളില്‍ കുറ്റബോധത്തിന്‍റെ കുഞ്ഞലകള്‍ വന്‍ തിരമാലകളായി  ഇരമ്പിയെത്തിയത്?
ഭര്‍ത്താവിന്‍റെകിടക്കയില്‍ വെറും ഒരുമരപ്പാവയെപ്പോലെയാണ് താനെന്നുപറഞ്ഞു അവള്‍വിതുമ്പിയപ്പോള്‍ ആശ്വസിപ്പിക്കാന്‍ തനിക്കുമായില്ല.

പിന്നീട് പലപ്പോഴും  ഇനിവരരുതെന്ന് അവള്‍ വിലക്കി.പക്ഷേ തനിക്കതിനാവുമായിരുന്നില്ല.

തുറക്കാത്ത അടുക്കളവാതിലിനുചുറ്റും ഏറെനേരംകാത്തുനിന്നു.വീണ്ടും വീണ്ടും മുട്ടിയപ്പോള്‍ ഒരിക്കല്‍ക്കൂടി വാതില്‍ തുറക്കപ്പെട്ടു.
പക്ഷേ കതകുതുറന്നത് സുനിതയുടെ ഭര്‍ത്താവായിരുന്നു.അയാള്‍ ഒന്നും പറയാതെ തന്‍റെ മുഖത്തേക്കൊന്നു നോക്കിയിട്ട് പുറത്തേക്കു നടന്നുപോയി.
പകച്ചുപോയ താന്‍ അയാള്‍ എന്തെങ്കിലുമൊന്നു ചോദിച്ചിരുന്നെങ്കില്‍
എന്നാശിച്ചു.

കട്ടപിടിച്ച കൊടും ഇരുട്ടില്‍  കനത്തമൂകത സമ്മാനിച്ചുകൊണ്ട് അയാള്‍ നടന്നുമറഞ്ഞു. അടുക്കളവാതില്‍ക്കലേക്കൊന്നു പിന്‍തിരിഞ്ഞുനോക്കാതെ താന്‍ വേഗംനടക്കുമ്പോള്‍ ദേഹമാകെ വല്ലാതെവിയര്‍ത്തുകിതച്ചു.
പിന്നീട് പുഴക്കരയില്‍ സുനിതയുടെ  ഭര്‍ത്താവിന്‍റശവമടിഞ്ഞു.മരണ കാരണംമാത്രം ആരും അറിഞ്ഞില്ല-താന്‍ ഒഴികെ-ഒരു പക്ഷേ സുനിതയ്ക്കും  അറിയാമായിരുന്നിരിക്കാം.അല്ലെങ്കില്‍  അവളിങ്ങനെ കുറ്റബോധത്തിന്‍റെ  ചുടലയില്‍ വെന്തുനീറുമായിരുന്നില്ലല്ലോ?

കാലംകടന്നുപോയപ്പോള്‍ പഴയ ഓര്‍മ്മകളെയൊക്കെ മഞ്ഞുകട്ടകളാക്കി താന്‍വിവാഹവും കഴിച്ച് ജീവിതവും തുടങ്ങി.

എങ്കിലും  എപ്പോഴും  മനസ്സില്‍,തുറന്നവാതിലിലൂടെ ഒന്നും മിണ്ടാതെ പുറത്തേക്കുപോയ നിസ്സംഗനായ ഒരുമനുഷ്യന്‍റെ ചിത്രം വേദനയായി കത്തിനിന്നിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം  സുനിതയെ അവരുടെ കുടുംബവീടിനടുത്തുവച്ചു കണ്ടപ്പോള്‍ കാലം അവളെ ഒരു കോമാളിയാക്കിയതുപോലെ തോന്നിച്ചു.
നരച്ചുതുടങ്ങിയ മുടിയിഴകളും
കരിവാളിച്ചുമെല്ലിച്ച കവിളുകളും നിര്‍ജ്ജീവങ്ങളായ കണ്ണുകളും കണ്ട് താനൊന്നു ഞെട്ടി.കവിളിലെ മനോഹരമായ കറുത്തമറുകുപോലും വിളറിമഞ്ഞിച്ചിരുന്നു.
തന്നെ കണ്ട സുനിതവേഗം നടന്നകന്നു,ഒരുകൊലയാളിയെക്കണ്ട് പേടിച്ചെന്നപോലെ.

അവളിപ്പോഴും എന്നോ ചെയ്തുപോയ തെറ്റുകളുടെ പാപഭാരവുംപേറി സ്വയം കത്തിത്തീരുകയാണെന്ന് അന്നാണു തനിക്കുമനസ്സിലായത്.അന്നുമുതല്‍ സ്വസ്ഥമായുറങ്ങാന്‍ തനിക്കും കഴിഞ്ഞിട്ടില്ല.അവളോടുള്ള സ്നേഹത്തിന് ഇന്നും ഒരുകുറവുമില്ല.എപ്പോഴൊക്കെയോ  ആ പരിചിതഗന്ധത്തിനായി താനും കൊതിച്ചിരുന്നു.

സുനിത മരിച്ചുവെന്നറിഞ്ഞപ്പോള്‍ വീട്ടില്‍പ്പോയികാണണമെന്നാണു കരുതിയത്.പക്ഷേ കഴിഞ്ഞില്ല.
എന്തിനെന്നറിയില്ല ഈ ശ്മശാനത്തില്‍
ഇങ്ങനെ വന്ന് ഒളിച്ചുനില്‍ക്കുമ്പോള്‍ ഇപ്പോഴും ആ പഴയ കാമുകന്‍റെ ഭയം വിട്ടുപോകുന്നില്ല.

അവസാനായി ആ മുഖമൊന്നുകണ്ടേ പറ്റൂ.മനസ്സുകൊണ്ടെങ്കിലും ആ കാല്പാദങ്ങളില്‍ത്തൊട്ട് യാത്രാമൊഴിനല്‍കണം.

ഏതോ വാഹനത്തിന്‍റെ ഇരമ്പല്‍കേട്ട് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.വണ്ടിയില്‍നിന്നും ശവശരീരം ആരൊക്കെയോപുറത്തേക്കിറക്കുന്നു.പറങ്കിമാവിന്‍റെ മറവില്‍നിന്നും ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്വയം പരിചിതനായിച്ചമഞ്ഞ് അവരില്‍ ഒരാളായി അഭിനയിച്ചു.

കുറച്ചുസമയത്തിനുശേഷം കര്‍മ്മിയുടെ സ്വരം കാതിലലച്ചു.
''ആരെങ്കിലുമുണ്ടോ അവസാനമായി കാണാന്‍?''

''ഉണ്ട്'' അയാള്‍ മാത്രം വിളിച്ചുപറഞ്ഞു.

എല്ലാരുടെയും കണ്ണുകള്‍ അയാളിലായി.
കര്‍മ്മി ആ ശവശരീരത്തിലെ മുഖത്തെ തുണിമാറ്റി. അയാള്‍ കണ്‍നിറയെ ആ വിളറിമഞ്ഞിച്ച തണുത്തമുഖവുംമറുകും കണ്ടു.
ആ കാല്പാദങ്ങളില്‍ ഒന്നുതൊടാനായി കൈനീട്ടിയപ്പോള്‍ രണ്ടുബലിഷ്ഠകരങ്ങള്‍ അയാളെ പുറകോട്ടുവലിച്ചു.
തീപാറുന്ന രണ്ടുകണ്ണുകളില്‍ അയാള്‍ ദഹിച്ചു.
തനിക്കുപരിചിതമായ കണ്ണുകള്‍ .താന്‍ചോക്ളേറ്റുവാങ്ങിക്കൊടുത്തിരുന്ന സുനിതയുടെമകന്‍!

''തൊടരുത്,എനിക്കെല്ലാമറിയാം.എന്‍റച്ഛന്‍റെ ആത്മാവുപോലും പൊറുക്കില്ല''
അവന്‍റെ പതിഞ്ഞുകൂര്‍ത്ത വാക്കുകളില്‍
അയാള്‍ ചിതയില്ലാതെ എരിയാന്‍തുടങ്ങി.
ഉള്ളില്‍ കത്തുന്ന അഗ്നിനാളങ്ങളുമായി അയാള്‍ മെല്ലെ പിറകോട്ടു നീങ്ങി.അപ്പോഴേക്കും  ചിത എരിയാന്‍ തുടങ്ങിയിരുന്നു.

സിന്ധുസുരേഷ്

No comments:

Post a Comment