Thursday, February 7, 2019

ഓര്‍മക്കുറിപ്പ്

എന്‍റെ കുട്ടിക്കാലത്ത്  അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഞാനും എന്‍റെ ചേട്ടനും അയല്പക്കത്തുള്ള കുട്ടികളുമായി വീട്ടില്‍ നിന്നും വിളി വരുന്നതുവരെ ( സന്ധ്യയ്ക്ക് വിളക്കു കൊളുത്തുന്നതിനു മുമ്പ്)പറമ്പിലെല്ലാം പോയി കളിക്കുമായിരുന്നു.
മതിലുകളുടെ വേര്‍തിരിവില്ലാതിരുന്നതിനാല്‍ ഞങ്ങളുടെ കളിയ്ക്കും ദൂരങ്ങളുടെ നിബന്ധന ഇല്ലായിരുന്നു.
കളിക്കൂട്ടുകാരില്‍ ആണ്‍പെണ്‍ വ്യത്യാസവും ഇല്ലായിരുന്നു. എന്‍റെ കൂട്ടുകാരില്‍ ചിലരുടെ പേര് ഓര്‍ക്കാതിരിക്കാനാവില്ല.
ബിന്ദു,പാത്തുമ്മ,ശ്രീക്കുട്ടി,ബാബു,ബാലു,രവി...കോരിച്ചൊരിയുന്ന മഴക്കാലത്ത്  തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ശ്രീക്കുട്ടിയുടെ  വീട്ടിലെ വിറകുപുരയിലാണ് ഞങ്ങള്‍ കളിച്ചിരുന്നത്.
കര്‍ക്കടകപ്പകലുകളില്‍  ഒരു ദിവസം പുറത്തുപോകാന്‍പറ്റാത്തതിനാല്‍  മഴ ഒന്നു തോര്‍ന്ന അവസരത്തില്‍ എല്ലാവരും വിറകുപുരയില്‍ ഒത്തുകൂടി.
എന്‍റെചേട്ടന്‍റെ നിക്കറിന്‍റെ പോക്കറ്റു നിറയെ വിവിധ വര്‍ണങ്ങളിലുള്ളഗോലി
കളുണ്ടായിരുന്നു.കളിക്കുന്നതിലേറെ വിവിധ നിറങ്ങളിലുള്ള ഗോലികള്‍ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു.
പനി ആയതിനാല്‍ ബിന്ദു  ആ ദിവസം വന്നില്ല. ബിന്ദു നന്നായി ഗോലികളിക്കുമായിരുന്നു. മറ്റുരണ്ടുപേര്‍ക്കും ഗോലികളിയില്‍ താല്പര്യമില്ലായിരുന്നു.

ഗോലികുഴിയില്‍ വീഴ്ത്തുന്ന കളിയായിരുന്നു എന്നാണോര്‍മ്മ. പൊട്ടിപ്പൊളിഞ്ഞതെങ്കിലും സിമന്‍റുതറ തുളച്ച്  മൂന്നാല് കുഴി കുഴിക്കേണ്ടി വന്നു ആ കളി കളിയ്ക്കാന്‍. ഒരു പ്രത്യേക അകലത്തില്‍ വേണം കുഴി( ആ കളി കളിച്ചിട്ടുള്ളവര്‍ക്ക് അറിയാം) വലതുതള്ളവിരല്‍   നിലത്തമര്‍ത്തി
ഇടതുവിരലില്‍ ഗോലി വച്ചിട്ട്  തെറിപ്പിച്ച് അകലത്തിലുള്ള കുഴികളില്‍  ഇടണം. ഇപ്പോള്‍ കളി ശരിക്കും  ഓര്‍മ്മയില്ല .  കളിയില്‍ ചേട്ടനും ബാലുവിനും രവിയ്ക്കും ഒപ്പമെത്താന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.പക്ഷേ സിമന്‍റുതറ കുഴിക്കാന്‍ മുന്‍പന്തിയില്‍ ഞാനായിരുന്നു.

എന്തോ  തോറ്റാലുംതോറ്റാലും ആ കളി എനിക്കിഷ്ടമായിരുന്നു.
ഇതിനിടയില്‍ കുറച്ചു സമയത്തേക്ക് ശ്രീക്കുട്ടിയെ കണ്ടില്ല.അല്പസമയം കഴിഞ്ഞ് ശ്രീക്കുട്ടി വന്നെങ്കിലും അവരുടെ  വിറകുപുരയില്‍ കുഴി ഉണ്ടാക്കിയതിഷ്ടമായില്ല എന്നു തോന്നി.

ശ്രീക്കുട്ടിക്കു പിന്നാലെയെത്തിയ ചന്ദ്രാമ്മ(ശ്രീക്കുട്ടിയുടെ അമ്മ) ഞങ്ങളെ കുറെ വഴക്കുപറഞ്ഞു,കുഴിച്ചതിന്.ഞാനാണ് മൂന്നുകുഴികളില്‍ രണ്ട് കുഴി കുഴിച്ചത്,അതിനാല്‍ വഴക്കെനിക്കുമാത്രമുള്ളതാണെന്നു  തോന്നി.
ശ്രീക്കുട്ടിയാണ് കുഴിക്കാന്‍ വേണ്ട കമ്പിയും കത്തിയുമൊക്കെ തന്നത്.എന്നിട്ടും ചതിച്ചു.ശ്രീക്കുട്ടിയോടുള്ള
പ്രതികാരാഗ്നി ജ്വലിച്ചു എന്നുള്ളില്‍.

അന്നത്തെ ഗോലികളി അവിടെ


അവസാനിച്ചു.ചന്ദ്രാമ്മ  വിറകുപുര പൂട്ടി മടങ്ങിപ്പോയി.
മഴയില്ലാത്തതിനാല്‍  എല്ലാവരും മുറ്റത്തൊക്കെ നിന്നു കുറച്ചു നേരം.പക്ഷേ എന്തോ എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ഈ ശ്രീക്കുട്ടിയെ  ചന്ദ്രാമ്മ പ്രസവിച്ചതല്ലെന്നും എടുത്തു വളര്‍ത്തുന്നതാണെന്നുമൊക്കെ മുതിര്‍ന്നവരാരോ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു.
ആ അവസരത്തില്‍ ഞാനത്  ശ്രീക്കുട്ടിയോടു പറഞ്ഞു.

അവളുടെ മുഖം മങ്ങുന്നതും  കര്‍ക്കടകമാസം പോലാകുന്നതും കണ്ട് സംതൃപ്തയായി ഞാന്‍ ചേട്ടനേയും വിളിച്ച് വീട്ടിലേക്കുപോയി.

ചേട്ടന്‍ എന്നോടു ദേഷ്യപ്പെട്ടു ,അങ്ങനെ എന്തിനു പറഞ്ഞു എന്ന് അപ്പോഴാണ് എനിക്കും ബോധോദയം ഉണ്ടായതും കുറ്റബോധം തോന്നിയതും.പക്ഷേ വൈകിപ്പോയിരുന്നല്ലോ.

കിണറ്റുകരയില്‍ പോയി കൈയും കാലും മുഖവും കഴുകി പതിവില്ലാതെ പഠിക്കാനിരുന്നു.വിളക്കു കൊളുത്തുന്ന സമയം ആയില്ലല്ലോ?

പ്രതീക്ഷിച്ചപോലെ ആരുടെയോ ഒച്ച വെളിയില്‍ കേട്ടു.ചന്ദ്രാമ്മ....
നെഞ്ചു പടപടാ മിടിച്ചു.

ഞാനും ചേട്ടനും പഠിത്തത്തിലായി(എന്നു ഭാവിച്ചു). ഉറക്കെ വായിക്കാന്‍ നോക്കിയിട്ട് ശബ്ദം വരുന്നുമില്ല.
''പട്ടിണികൊണ്ടു മെലിഞ്ഞപണ്ഡിതനുകുശസ്ഥ....''
വെളിയില്‍ കമ്പൊടിക്കുന്ന ശബ്ദം..
പഠനം മുറിഞ്ഞു.

അടുത്ത നിമിഷം അമ്മ
മുന്നിലെത്തി... പിന്നെ പറയണമോ? അടിയുടെ പൂരം..

പിറ്റേ ദിവസം അമ്മ എല്ലാം പറഞ്ഞു മനസ്സിലാക്കിത്തന്നു.മറ്റുള്ളവരുടെ വസ്തുവകകള്‍ നശിപ്പിക്കരുതെന്നും കൂട്ടുകാരെ വേദനിപ്പിക്കരുതെന്നുമൊക്കെ..
പക്ഷേ കിട്ടിയ അടിയുടെ ചൂട് മാത്രം ഇപ്പോഴും മനസ്സിലുണ്ട്.
അങ്ങനെ ഞാനും നല്ല കുട്ടിയായി.എങ്കിലും  കര്‍ക്കടകം മറക്കാന്‍ പറ്റാത്തൊരു മാസം തന്നെ!

സിന്ധുസുരേഷ്

No comments:

Post a Comment