Friday, April 12, 2019

അഭിനന്ദനം (കവിത)


അഭിനന്ദനം

നന്ദിയോടൊന്നു ഞാന്‍ വന്ദിച്ചിടട്ടെയോ
മന്ദാര കുസുമസമം വെണ്‍മയേറുന്നൊരാ
വന്ദനീയനാമീയഭിനന്ദനെ നിത്യവും.
മന്ദഹാസ മൃദുവദനമെങ്കിലോ ഹൃദി
സ്പന്ദനത്തിലതി ദേശസ്നേഹവും
സ്കന്ദമെപ്പൊഴും ഭാരതത്തിനായ്
സന്ദേഹമേശാതെ തീറെഴുതിയോന്‍.
വന്ദിയായതിലൊട്ടുമേതരി കൂസലില്ലാ
സുന്ദര വിരിനെഞ്ചിനധിപനാമീ ധീരനും.
വന്ദ്യരാകുമീ ധീരസൈനികവൃന്ദമെന്നുമേ
നന്ദരാകിടും ഭാരതാംബതന്‍ ഹൃത്തിലും.
വന്ദനം അഭിനന്ദനം  അഭിനന്ദനാ തവ
മന്ദമല്ലാചിന്തയുള്ളധീരയോദ്ധാവൃന്ദത്തിനും
വന്ദനമഭിനന്ദനം വന്ദനമഭിനന്ദനം!!

സിന്ധുസുരേഷ്
3.3.2019

ബിഗ്സല്യൂട്ട്(കവിത)

               ബിഗ് സല്യൂട്ട്

പുല്‍നാമ്പുകളില്‍പറ്റിപ്പിടിച്ചിരിക്കും
മഞ്ഞിന്‍കണത്തിന്‍ നനവില്‍
ശ്വാസത്തിലേക്കുപോലുമരിച്ചെത്തും
തണുപ്പിന്‍റെ കാഠിന്യമേല്‍ക്കുന്നവരെ
നാമറിയാതിരിക്കരുത്..

അകലെയൊരുദിശയില്‍
വരണ്ടുണങ്ങിയ മൃത്തിന്‍പൊള്ളലില്‍
ഒരിറ്റുവെള്ളത്തിനും കാത്തുനില്‍ക്കാത്തവരിലേക്കും
നമ്മുടെ നനഞ്ഞമിഴികളാല്‍
നന്ദിചൊല്ലാതിരിക്കരുത്....

ഹൃദയം ഉടയോരിലിക്കുമ്പോഴും
രാജ്യത്തിനായ് ഉറക്കെമിടിക്കും
ഉറച്ചനെഞ്ചുമായ് മുന്നോട്ട്മുന്നോട്ട്
തലയുയര്‍ത്തിപ്പോകുവോരെ
ഒരുനിമിഷവും ഓര്‍ക്കാതിരിക്കരുത്...

ഒരിറ്റുകരുണയ്ക്കായ് അലിവിനായ്
ഒരുജവാനുമീമണ്ണില്‍ നമുക്കിടയില്‍
തകര്‍ന്നിരിക്കാതിരിക്കാന്‍
ജാഗരൂകരാകണം ചുറ്റുമവര്‍ക്കൊരു
കരുതലാകാന്‍ നാം മറക്കാതിരിക്കണം...

സിന്ധു സുരേഷ്
28.02.2019

Thursday, April 11, 2019

പ്രതീക്ഷ (കവിത)

ഭൂമിവരണ്ടിട്ടുമീ,യിലതന്‍
പച്ചപ്പൊരു പ്രതീക്ഷയല്ലേ?
കൊടുംവേനലില്‍ പൂത്തു
മണംപരത്തുമീ മുല്ലച്ചെടി
പുത്തന്‍സ്വപ്നം ബാക്കി
വയ്ക്കാതിരിക്കുന്നില്ലല്ലോ?
കേഴേണ്ടുലകമേ തോല്ക്കില്ല
ഞങ്ങളീ തരുവര്‍ഗ്ഗമെന്തെന്നോ
ആശ്രയിപ്പതുണ്ടൊരായിരം
ജീവിവര്‍ഗ്ഗം മനുഷ്യരും ഞങ്ങളെ.
മറക്കില്ല പൂര്‍വ്വമാനുജര്‍
ഞങ്ങള്‍ക്കേകിയ സംരക്ഷണം.
മറക്കാനാവുമീ,നരവംശര്‍ക്കെല്ലാം
ഞങ്ങള്‍ക്കതാവില്ലയീ ജീവന്‍റെ കണികയറ്റുപോകുവോളം.
ചെറുതണലുംമലരും ജീവവായുവു-
മെല്ലാമേകിടാം പിന്നെ..പിന്നെ
മറഞ്ഞോട്ടെയാരും കാണാതെ
മരിച്ചോട്ടെ ഞങ്ങളും...
കുഴിച്ചുമൂടാനൊട്ടും പൂഴിവേണ്ട
കരിഞ്ഞുണങ്ങിപ്പൊടിഞ്ഞോട്ടെ!
ഹരിതവര്‍ണ്ണംപൊയ്മറഞ്ഞിടട്ടെ!
ധവളവര്‍ണംകാണാക്കാഴ്ചയായിടട്ടെ!
വേരുകള്‍ദ്രവിച്ചുണങ്ങിശുഷ്ക്കമായിടട്ടെ!
പൂഴിയുമെടുത്തുകൊള്ളൂ നിങ്ങള്‍..
മതിയാകാത്തോര്‍  കലഹമരുതേ
മലയിടിക്കല്ലേ,പുഴതകര്‍ക്കല്ലേ
തരുപ്പടര്‍പ്പറുത്തു മാറ്റിടല്ലേ...
ഭാരമാവില്ല ഞങ്ങളീസസ്യവര്‍ഗ്ഗം
നിങ്ങള്‍ക്കൊരിക്കലും...
നന്ദി മാനവാ..നന്ദി..നന്ദി
പൊടിയുമീ കണ്ണീര്‍ത്തുള്ളിയൊരു
മഴയായ്പൊഴിഞ്ഞെങ്കില്‍...
സഫലമീജന്‍മമെന്നുചൊല്ലി
പൊഴിക്കാം കണ്ണുനീര്‍
നിങ്ങള്‍ക്കായ്..
നിങ്ങള്‍ക്കായ് ....
പുതുമഴയ്ക്കായ്....

കനവ്(കവിത)

ഉന്നംതെറ്റാതാരോവലിച്ചെറിഞ്ഞോരുകല്ലാല്‍
മുറിവേറ്റുവീണഴലുമൊരുചെറുകിളിതന്‍
നനഞ്ഞചെംചിറകില്‍മൃദുസ്പര്‍ശമായ്
ഏതോചെറുബാലനനാഥന്‍ തടവിമെല്ലെ
ഇറ്റിറ്റുതുള്ളിവെള്ളംതളിച്ചാകുഞ്ഞിച്ചുണ്ടിലായ്
പിഞ്ചിക്കീറിയോരുടുപ്പിന്നുള്ളില്‍
നെഞ്ചോടണച്ചാനവനാ കുഞ്ഞിക്കിളിയെ
വിശപ്പറിയാതവനിരുന്നേറെനേരംകൂട്ടിനായ്
ചൂടേകിയും തഴുകിയുമാ
പാവം
ചെറുകിളിയ്ക്കൊരുതുണയായ്..
അവന്‍മനവുമൊപ്പമാകിളിമനവും
തുടിച്ചുയര്‍ന്നുസ്നേഹാനന്ദാശ്രുക്കളാല്‍....

Wednesday, April 10, 2019

പ്രിയഗാനം(കവിത)

പ്രിയഗാനം

മനം കുളിരണു തനുകുളിരണു
മാമ്പൂവടരണു മുറ്റംനിറയണു.
മഴപൊഴിയും രാവിലൊന്നില്‍
പ്രിയനവനൊരു ഗീതംമൂളണു.
പ്രണയലോലം മൃദുലതാളം ചെറു-
നടനമവളുടെ കരളിലെങ്ങും.
കരചലനം അതിവിലോലം പ്രണയ-
ലോചനമാഴ്ന്നിറങ്ങി ഹൃദയതാളം
ദ്രുതഗതിയില്‍ ,മനംമയങ്ങി
കരളലിഞ്ഞു,നിറഞ്ഞൊഴുകും
മധുചഷകം പകര്‍ന്നവളും
മതിമറന്നു തനുമറന്നു.
പുലരിയെത്തി കണ്‍തുറന്നവള്‍
മഴയെവിടെ?പ്രിയനെവിടെ?
പൊഴിഞ്ഞുവീണ മാമ്പൂവെവിടെ?
പ്രണയലോലം മൃദുമന്ദഹാസം
തൂകിനിന്നൊരാ മിഴികളെവിടെ?
മൊഴിഞ്ഞുതീരാ നിറഞ്ഞവാക്കുമായ്
വിടര്‍ന്നുനിന്നയാ അധരമെവിടെ?
കൊടിയതാപച്ചുമടിലിടറി,യുറ്റു-
നോക്കിയവളകലെയെങ്ങോ..
മഴയിരമ്പലടുക്കണുണ്ടോ?
ആര്‍ത്തലച്ചുപെയ്തിടുമോ?
മിഴിമുറുകെയടച്ചുമെല്ലെ
കാതുകൂര്‍പ്പിച്ചവളിരിക്കവേ,
മധുചഷകം കാലിയാക്കി
പറന്നകലുമൊരു വണ്ടവളെ
പരിഹസിച്ചപോല്‍ പറന്നകലണു..

സിന്ധുസുരേഷ്
10.4.2019