Saturday, May 19, 2018

കുറിമാനം (കവിത)

പലനാളായ്മോഹിക്കുന്നൊരുകുറിമാനം നിനക്കു നല്‍കീടുവാന്‍..
വെട്ടി...തിരുത്തി..പിന്നെയും എഴുതി നിനക്കെന്തുതോന്നും?
ഞാനുറക്കെ ചിരിച്ചു! എന്തുതോന്നിയാലെനിക്കെന്താ?

നീ ഒരുപാടുദൂരെയല്ലേ...
ഒരുപാടൊരുപാട്...
സന്ധ്യയ്‌ക്ക് നാമംജപിച്ചിട്ടും മനസ്സുറച്ചിരുന്നില്ല
അരുതെന്നാരോ വിലക്കുന്നു കുറിമാനത്തിന്‍റെ കാലം എന്നോ കടന്നുപോയത്രേ!

വലിച്ചെറിഞ്ഞാ കുറിമാനം
ചുവന്നാകാശം കറുത്തുതുടങ്ങുന്നു
ഇരുണ്ട മേഘപാളികളിലൊളിച്ചിരിക്കുന്നസന്ദേശം കാളിദാസകവിയുടേതെന്ന് മനസ്സ് പ്രോത്സാഹിപ്പിക്കുന്നുവോ?

വിദൂരതയിലൊരു മഴയിരമ്പലില്‍ നൃത്തച്ചുവടോ?അതാമയൂരമല്ലേ?
അതെ!സന്ദേശവാഹകനായ മയൂരം
ഏതോ തമ്പുരാന്‍റെ സന്ദേശവുമായുള്ള പുറപ്പാടായിരുന്നെന്ന് മനസ്സോര്‍മ്മിപ്പിച്ചു

എറിഞ്ഞു കളഞ്ഞ കുറിമാനം
ആരും കാണാതെടുത്തു പിന്നെയും ഇത്രനാള്‍ അതു സൂക്ഷിച്ചു!
നാളെ എന്തായാലും തരും
നീ വായിക്കുമോ?
പ്രണയം നിറച്ചെഴുതാന്‍ എനിക്കറിയില്ല.. എങ്കിലും ഈ കുറിമാനത്തില്‍ ഞാനുണ്ട്...
നീ കാണുമോ?

നാളെ അയച്ചിരിക്കും...
പണ്ട് തരാന്‍ കൊതിച്ചിട്ടും
തരാതെ പോയത്!!

No comments:

Post a Comment