Friday, August 21, 2020

കുട്ടികളില്ലാത്ത വിദ്യാലയം

കുട്ടികളില്ലാത്ത വിദ്യാലയം

ചാരത്താല്‍ മൂടിക്കിടക്കുമഹല്യ
പോല്‍
ഇലവന്നുമൂടിയെന്‍ മേനിയാകെ.

എത്രദിനങ്ങളായീമരക്കൊമ്പുകള്‍
പത്രംപൊഴിച്ചു വിലപിച്ചെന്നോ?

പത്രങ്ങള്‍ തിങ്ങുമാ,മാമരക്കൊമ്പു
കള്‍
തണല്‍വിരിച്ചെത്രനാള്‍ കാത്തുനിന്നൂ.

അമ്മമൈതാനമാം ഞാനിന്നു
മേകയാ-
യിരവിലും പകലിലുമൊന്നു
പോലെ.

ചുട്ടുപഴുത്തയീമണ്‍തരിയോ
രോന്നു-
മുള്‍ത്താപമോടെന്തോ ചൊല്ലീടുന്നു.

ഓടിക്കളിക്കുവാന്‍ ചാടിമറിയു
വാന്‍
പൈതങ്ങളേ നിങ്ങളെങ്ങുപോയി?

ഓമനപ്പാദങ്ങളോടിക്കളിക്കുമ്പോള്‍
നെഞ്ചില്‍ പതിയുമാകാല്പാടുകള്‍

ഭക്തയാമഹല്യയെപ്പോലെയീ ഞങ്ങള്‍ക്കു-
മാനന്ദനിര്‍വൃതിദായകങ്ങള്‍.

പാദപതനത്തിന്‍ നാളൊന്നടുക്കുവാന്‍
നാമമന്ത്രങ്ങളീനാവുമോതാം.

തിങ്ങും കിടാങ്ങളാല്‍ നിറയേണമിപ്പൂഴി-
യെങ്ങും മുഴങ്ങേണം കൊഞ്ചലുകള്‍.

ആരവമില്ലെങ്കിലാഹ്ളാദമില്ലെങ്കില്‍
വിദ്യാലയത്തിരുമുറ്റം ശൂന്യം.

കുട്ടികളെത്തുന്ന നാളിനായ്കാത്തുഞാ-നീയിലച്ചാര്‍ത്തില്‍ മറഞ്ഞിരിക്കാം.....

സിന്ധു സുരേഷ്
26.07.2020