Wednesday, September 25, 2019

പാലാരിവട്ടം പാലംപോലൊരു(കവിത)


പാലാരിവട്ടം പാലം പോലൊരു പ്രണയം...


അവന്‍റെ പ്രണയം
ഈര്‍പ്പമുറഞ്ഞ്
നനുത്തതായിരുന്നു,പക്ഷേ അവളറിഞ്ഞിരുന്നില്ല...

കാരണം അവന്‍റെ സ്നേഹം
പാലംപോലെ ഉറച്ചതാണെന്ന്
അവളെ അവന്‍ വിശ്വസിപ്പിച്ചിരുന്നു...എന്നും...

പ്രകടനപരതയില്‍ സ്നേഹ-ത്തോടൊപ്പ,മലിയിച്ചു ചേര്‍ത്ത
മായത്തിന്‍റെയാധിക്യവും
അവളറിഞ്ഞിരുന്നില്ല....

കാരണം ഉറച്ചതൂണുപോലെ
ബലിഷ്ഠമാണാകരങ്ങളെന്നും
അവിടെയവള്‍ സുരക്ഷിതയെന്നും
അവനാവര്‍ത്തിച്ചിരുന്നല്ലോ?..എന്നും...

കാപട്യത്തിന്‍റെ ദൃഢതയാല്‍
ശിഥിലമായിരുന്നു
സ്നേഹക്കമ്പിയിഴകളെന്നും
അവളറിഞ്ഞിരുന്നില്ല....

കാരണം പ്രണയത്തംബുരു-
വിന്‍റെ ശ്രുതിയില്‍
ബലക്ഷയം അവനെപ്പോഴും
മറച്ചുവച്ചിരുന്നല്ലോ?തന്ത്രപൂര്‍വ്വം..

അതെ ,അവന്‍റെ പ്രണയം
പാലാരിവട്ടം പാലംപോലെ
ചതിനിറഞ്ഞതെന്നറിഞ്ഞ
പ്പോഴേക്കുംഅവള്‍ വൈകിയിരുന്നു...ഏറെ...

സിന്ധു സുരേഷ്
25.09.2019

Monday, September 23, 2019

ഉണര്‍വ്വ് (കവിത)


ഉണര്‍വ്വ്......

ഓണക്കാലവു,മകന്നുപോയെന്‍
രാപ്പകലുകള്‍ പിന്നെയുമിതാ,
നിശബ്ദമായതി,ശാന്തമായിട്ടേ-
കാന്തകമ്പളം മൂടിയുറങ്ങുന്നു.

വിരുന്നുകാരും വന്നുപോയി
വീടുനിറയെ ശൂന്യതയും..
വെറുതെയിത്തിരി നേരമീപ്പടി-
വക്കിലായൊന്നിരുന്നു ഞാനും.

ദൂരെദൂരെയകന്നുപോകുമാ
നിഴലുനോക്കവേ നൊമ്പരം.
ഓണവെയിലും മാഞ്ഞുവോ
തിരുവോണനിലാവുംമറഞ്ഞുവോ?

കൊടിയവേനലില്‍ വാടുംപൂപോലെ
തളര്‍ന്നുനില്‍ക്കരുതരുതു നീ,
കുതിച്ചുയരുക ശലഭംപോലെ
നിന്‍ മനവുമീ,വിഹായസ്സില്‍.

കാലചക്രം ചലിക്കുമിനിയും
ഋതുക്കളെത്തും പതിവുപോല്‍,
എന്നുമീ നിറപുഞ്ചിരി നിന്‍
വദനമാകെ നിറയണം

കൊച്ചുകൊച്ചു സ്വപ്നമോടെനീ
നിത്യവും നിദ്രപൂകണം,
കാലമെത്തും നേരമായാലോടി-
യണയും പൊന്നോണവും....

വീണ്ടുംവീണ്ടുമൊരോണമങ്ങനെ
നമുക്കുചുറ്റും കളിക്കവേ,
വേണ്ട വ്യസനമരുതരുതേ
കൂട്ടുകാരീ,യെഴുന്നേല്‍ക്കുക!!!

എങ്ങുനിന്നായെത്തിടുന്നീ
സ്നേഹസാന്ത്വന നിസ്വനം?
കരളിലൊരു ചെറുമഴപോലു-തിരുമീ വാക്കുകള്‍തന്‍ നാദവും..

പച്ചവെള്ളം തളിച്ചു നിത്യവും
ഓമനിക്കും ചെറുചെടികളോ?
വാരിവിതറിടും പയറുമണികളെ
കൊക്കിലാക്കും കിളികളോ?

ഒക്കെയെന്‍റെ മനസ്സിലിങ്ങനെ
നിത്യ വിസ്മയമാകവേ,
പുത്തനുന്‍മേഷ ധാരയാലെന്‍
മനമുണര്‍ന്നതി ചൊടിയോടെ..

പാറിപ്പറന്നിടാം നല്‍പറവപോല്‍
പോരുവിന്‍ പ്രിയകൂട്ടരേ,യിനി
ഉല്ലസിക്കാമൊത്തുചേരാം
ഓണമാക്കിടാം ദിനങ്ങളെന്നുമേ...

കുതിച്ചുചാടിയാപ്പടിവാതിലുംകട-
ന്നതിമോദമോടെയീ,തൊടിയിലായ്.തെന്നലിന്‍ മൃദുചുംബനങ്ങളേ-റ്റിവിടെ,സ്വൈര്യം വിഹരിക്കുന്നിതാ..

സിന്ധുസുരേഷ്