Wednesday, May 1, 2019

കവിത(മാധവന്‍സാര്‍)

പ്രണാമം

മാധവമാസംപോല്‍ സുന്ദരമായൊരു
മന്ദഹാസത്തിന്‍ പേരെന്ത്?
വെണ്‍മണിമുത്തുപോല്‍ വിടരുംചിരിയുമായ്
വന്നണഞ്ഞീടുന്നതെന്നുമാര്? ( മാധവമാസം..)

മഞ്ജുളവാക്കുകള്‍ മനസ്സില്‍പ്പതിപ്പിച്ച
മോഹനവദനമതാരുടെയോ? (2)
നിത്യവുമീപ്പൂഴി പതിയാന്‍ കൊതിച്ചൊരാ
പാദാരവിന്ദങ്ങളാരുടേതോ?  (മാധവമാസം....)

വീശുമീകാറ്റിലായ് ശ്വാസനിശ്വാസങ്ങള്‍
ദാനമായ് നല്‍കിയതാരിതാരോ? (2)
ഹൃദയത്തുടിപ്പിലീ വിദ്യാലയത്തിന്നു-യര്‍ച്ചയ്ക്കായെന്നും നിനച്ചതാര്?(മാധവമാസം)

മാധവസേവയും മാനവസേവയും
ഒന്നുപോലാക്കിയത്നിച്ചതാര്? (2) നിറയുന്നിതെങ്ങും അദൃശ്യസാന്നിധ്യമായ്
അരൂപമായ് അനുഗ്രഹപ്പൂമഴയായ്...(2)(മാധവ..)

നേരുന്നൊരായിരംനന്ദിയങ്ങയ്ക്കായ്
കിടാങ്ങളാം ഞങ്ങളീ ശിഷ്യരെന്നും..(2)
ഓര്‍ക്കുന്നു ചിന്തയില്‍ പ്രവൃത്തിയില്‍
ശാശ്വത സ്നേഹസ്വരൂപമേ ഞങ്ങളെന്നും.(2)
(മാധവമാസം )

അഞ്ജലികൂപ്പി നിറയും മിഴിയോടെ
നില്‍ക്കുന്നു ഞങ്ങളീയങ്കണത്തില്‍(2)
ഓര്‍മ്മതന്‍നൂലിലായ് സ്നേഹപ്പൂക്കളാല്‍ ഞങ്ങള്‍കൊരുത്തൊരു നന്‍മമാല(2)
(മാധവമാസം .)

അര്‍പ്പിച്ചിടട്ടെയീ ഓര്‍മ്മതന്‍ ദിനത്തിലായ്
ഞങ്ങളേകുന്നൊരീ നന്‍മമാല(2)
പ്രണാമം..സ്നേഹ പ്രണാമം...(.3)

സിന്ധു സുരേഷ്
25.4.2019

No comments:

Post a Comment