Friday, August 18, 2023

നാടൻപാട്ട്

*നാടൻപാട്ട്*

*താതനൊമ്പരം*

അങ്ങേലെ നങ്ങേലിപ്പെണ്ണിനെക്കണ്ടോടാ
ചേലയുടുത്തേൻറെ ചന്തം കണ്ടോ?
ഓണച്ചേലയുടുത്തേൻറെ ചന്തം കണ്ടോ?(2)

ഏനുമുണ്ടെല്ലോടാ ക്ടാവൊരുത്തി
എന്തെടാ നീലാണ്ടാ കോടിയില്ലാ?
നിൻറെ കെട്ട്യോളല്ലേയവൾ നീലാണ്ടാ?
എൻറെ പൊന്നുംകുടമവൾ നീലാണ്ടാ...(അങ്ങേലെ..)

പെണ്ണിൻറെഴകു നീ കണ്ടു മയങ്ങീലേ
എന്തിനെൻ  'കണ്ണി'നെ കെട്ടി പിന്നെ
കെട്ടിയ പെണ്ണിന് കോടിവാങ്ങാത്തവൻ
ഊരിനുപോലുമേയധമനെടാ...(അങ്ങേലെ...)

ചിങ്ങമായല്ലോടാ നീലാണ്ടാ, യെൻറെ
'പൊന്നി'നുംവാങ്ങെടാ ചേലയൊന്ന്..
കണ്ണുകലങ്ങുന്നേ, ഉള്ളംപറിയുന്നേ അപ്പൻറെനെഞ്ചകം വിങ്ങുന്നെടാ...
ഈ അപ്പൻറെ നെഞ്ചകം വിങ്ങുന്നെടാ..(അങ്ങേലെ)

സിന്ധു സുരേഷ്
18.08.23
..

Thursday, August 17, 2023

കവിത(ആകാശത്തോളം)

ആകാശത്തോളം..

വിരിച്ചനീലചേലപോലെ കണ്ടിടുന്ന വാനവും
ഞൊറിഞ്ഞുടുത്ത പട്ടുപോലെയുള്ളൊരീസമുദ്രവും
നിറഞ്ഞചോലയാൽ സമൃദ്ധ മാകുമീപ്രദേശവും
പറന്നുയർന്നപക്ഷിജാലവൃന്ദവും തരുക്കളും,
ഉണർച്ചയോടെ പാടിടുന്നു ഭാരതത്തിൻ മേന്മകൾ,
"ജഗത്തിലെന്നുമെന്നുമേ
ഉയർന്നിടട്ടെ ഭാരതം."

സിന്ധു സുരേഷ്