നുള്ളാപ്പൂക്കള്‍
അരുമയാമരുണനെത്തി,
കാലത്തതിവേഗം ഞാനുമാത്തോപ്പിലെത്തി.
നിറയെത്തേനും പൂങ്കുലയുമായൊരു
തരുശിഖരമെന്‍ വസ്ത്രാഞ്ചലം
മെല്ലെക്കൊരുത്തുവലിച്ചീടവേ,
തിരിഞ്ഞുനോക്കിയയെന്‍-
വദനമാചോദ്യമറിഞ്ഞു,
തരളയാം പൂവിന്‍റെ...
നല്കൂ, നിന്‍പ്രിയന്നായി-
പ്പൂവുമല്പം തേനും പിന്നെ,
മധുവൂറും നിന്‍മൊഴികളും..
ഞാനോ,പരവശയായ്
ചിന്താകുലയായ്,
ആര്‍ക്കേകുമീ
മലര്‍ച്ചെണ്ടുകള്‍?
എന്‍മനതാരിലുള്ളവനിപ്പോഴു-മപ്രിയം തന്നെയെന്നോടെങ്കിലും
നല്കിടട്ടേ! ചെറുപുഷ്പങ്ങളൊന്നുകൂടെ?
കരുതിവച്ചീടാമവന്നായീ-മലരുമെന്നകതാരില്‍
നിനയ്ക്കവേ,
അരുതെന്നപോലെന്‍ കരമാ പൂവിന്‍ശിഖരത്തെപ്പതിയെ
കുരുക്കഴിച്ചകറ്റിവിട്ടു...
നോവിന്‍വിഷാദപ്പൂക്കളായവ-യെന്‍ മനസ്സില്‍
വാടാതെയിന്നും.
അവനോ, ഓര്‍ക്കാതെയൊട്ടുമേ,യെന്നെയെങ്കിലുമീ-
നുള്ളാപ്പൂക്കളവന്നായ്
കരുതിവച്ചിടട്ടേ...
സിന്ധു സുരേഷ്
21.2.2021