അച്ഛന്‍കിളി
കരളിന്‍റെയുള്ളില്‍ ചിറകടിച്ചുയരുന്ന
കാശ്മീരിപ്പക്ഷിതന്‍ നേരിന്‍റെ നൊമ്പരം..
പറിച്ചെടുത്തെറിഞ്ഞയാ തൂവലിന്‍ വേദന,
പൊടിഞ്ഞരക്തത്തിന്‍ നിറമൊന്നു മറക്കുവാന്‍,
ഒഴുകിപ്പരന്നയാ നിണത്തുള്ളിതന്‍ഗന്ധ
ശ്വാസംതടുക്കുവാന്‍,
ഒരു കിളിക്കൊഞ്ചലിനായ് കാതോര്‍ത്തു മെല്ലെ ഞാന്‍,
തൊടിയിലേക്കിറങ്ങവേ,മിണ്ടാട്ടമില്ലയാ മരച്ചില്ലയിലൊന്നിലും...
മൂകമുറങ്ങുന്ന ഇലകളിലിന്നെന്തേ
തുഷാരബിന്ദുക്കളോ കണ്ണീര്‍ കണങ്ങളോ?
കിളിയില്ലയെങ്ങുമേ കിളിയൊച്ചയുമില്ല...
മരപ്പൊത്തിലുണ്ടോ കിളിയനക്കം?
ഒരുചെറുകിളിയെങ്ങാനും പറന്നിങ്ങണയുമോ?
മൂകമുറങ്ങുമാ കിളിക്കൂടിനുള്ളിലായ്
അച്ഛന്‍കിളിയതാ കാവല്‍നില്പൂ..
അമ്മക്കിളിതന്‍ നെഞ്ചോടമര്‍ത്തിയ
കുഞ്ഞിക്കിളിയുടെ നെറ്റിയില്‍ മുത്തിയും
ശബ്ദമില്ലാത്തൊരു താരാട്ടുപോലതാ
അകലേക്കു ഭീതിയാല്‍ കണ്‍നട്ടിരിക്കുന്നു
ഉള്ളംകത്തുന്ന നൊമ്പരക്കനലുമായ്
കൂടിന്‍റെയുമ്മറത്തച്ഛന്‍കിളി....
അച്ഛന്‍കിളിയുടെ നെഞ്ചിലെരിയുന്ന
ആധിതന്‍ കൂരിരുള്‍ മാറ്റുവാനേതൊരു
അര്‍ക്കനുദിക്കണം? പറഞ്ഞിടാമോ?
രാരീരംപാടിയുറക്കാമേയെന്നുംഞാന്‍
ഓരത്തുനിന്നെങ്ങുമകലല്ലേ മുത്തേ..
ചാരത്തിരുന്നോളൂ തോളില്‍ മയങ്ങിക്കോ
കിളിക്കൊഞ്ചല്‍ കേട്ടാരും വരരുതെന്‍റെ പൊന്നേ..
മിണ്ടല്ലേ മൊഴിയല്ലേ പെണ്‍മണിപ്പക്ഷീ നീ
കെട്ടകാലത്തില്‍ ജനിച്ചുനീയെങ്കിലും,
അച്ഛന്‍റെ മുത്താണു ജീവനാണ്...
ജീവന്‍റെകണികകളറ്റുപോവോളവും
കാവലായ് മിഴിനട്ടീ അച്ഛനിരുന്നീടും...
ഉയരുന്നുവോ ഒരു താരാട്ടിന്നീണമാ
അച്ഛന്‍കിളിയുടെ കണ്ഠത്തില്‍നിന്നും...
സിന്ധു സുരേഷ്